ഉത്തർപ്രദേശിലെ ഒരു എസ്ബിഐ എടിഎമ്മിനുള്ളിൽ ഒരാൾ സുഖമായി ഉറങ്ങുന്ന വീഡിയോ വൈറലായി. കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാനാകാം ഇതെന്ന് ചിലർ പറയുമ്പോൾ, ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ബാങ്കിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ശ്രദ്ധ വേണമെന്നും മറ്റുചിലർ വാദിക്കുന്നു.
ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നലെ വൈറലായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) എടിഎം കൗണ്ടറിനുള്ളിൽ ഒരാൾ സുഖമായി ഉറങ്ങിക്കിടക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. പുറത്തുള്ള കനത്ത ചൂടിൽ നിന്ന് രക്ഷപ്പെടാൻ എടിഎമ്മിലെ എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷം ഇയാൾ താൽക്കാലിക വിശ്രമകേന്ദ്രമാക്കിയതാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും എഴുതിയത്.
സുരക്ഷാ വീഴ്ചയോ ?
വീഡിയോയിൽ നിലത്ത് കിടന്ന് ഗാഢനിദ്രയിലായിരിക്കുന്ന വ്യക്തിയെ കാണാം. എടിഎമ്മിൽ എത്തുന്നവർ ഇയാളെ കണ്ട് അതിശയിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. ചിലർ ഇത് കടുത്ത ചൂടും സാധാരണക്കാരുടെ ജീവിത സാഹചര്യവും പ്രതിഫലിപ്പിക്കുന്ന ദൃശ്യമായി വിശേഷിപ്പിച്ചപ്പോൾ, മറ്റുചിലർ ബാങ്കുകളുടെ സുരക്ഷാ സംവിധാനത്തെ ചോദ്യം ചെയ്തു. എടിഎം പോലുള്ള സാമ്പത്തിക ഇടങ്ങളിൽ ഇത്തരത്തിൽ അനധികൃതമായി ആളുകൾക്ക് മണിക്കൂറുകളോളം കഴിയാൻ സാധിക്കുന്നത് സുരക്ഷാ വീഴ്ചയാണെന്ന വിമർശനവും ഉയരുന്നു. സ്ത്രീകൾ എങ്ങനെയാണ് ഇത്തരമൊരു അവസ്ഥയിൽ വിശ്വസിച്ച് എടിഎമ്മിൽ കയറുമെന്നായിരുന്നു ചിലരുടെ ചോദ്യം.
ബാങ്കിനെ വിവരം അറിയിക്കുക
ഉപഭോക്താക്കളുടെ സുരക്ഷയും എടിഎമ്മിലെ പണത്തിന്‍റെ സംരക്ഷണവും ഉറപ്പാക്കേണ്ട സ്ഥലങ്ങളിൽ കൂടുതൽ നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണെന്നാണ് പലരും അഭിപ്രായപ്പെട്ടു. അതേസമയം, ഇത്തരമൊരു സാഹചര്യം നേരിൽ കണ്ടാൽ സ്വമേധയാ ആളെ പുറത്താക്കാൻ ശ്രമിക്കുന്നതിനേക്കാൾ ബന്ധപ്പെട്ട ബാങ്ക് അധികൃതരെ അറിയിക്കുകയാണ് ഉചിതമെന്ന് മറ്റ് ചിലർ നിർദ്ദേശിച്ചു. കാരണം, എടിഎമ്മിനുള്ളിൽ അപരിചിതരുടെ സാന്നിധ്യമുള്ള സാഹചര്യത്തിൽ പണം പിൻവലിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാം. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ വിവിധ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു.
ബാങ്കിംഗ് നിയമം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എടിഎം ബൂത്തുകൾ ബാങ്കിംഗ് ഇടപാടുകൾക്കായി മാത്രമുള്ളതാണ്, അവയ്ക്കുള്ളിൽ ഉറങ്ങുകയോ താമസിക്കുകയോ ചെയ്യുന്നത് അനധികൃത പ്രവേശനമായി കണക്കാക്കപ്പെടും. എല്ലാ ഓഫ്-സൈറ്റ് എടിഎമ്മുകളിലും ബാങ്കുകൾ 24 മണിക്കൂറും സുരക്ഷാ ഗാർഡുകളെ വിന്യസിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് നിർബന്ധമാക്കുന്നില്ല. എന്നാൽ, സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കാൻ മതിയായ ഡിജിറ്റൽ സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ഉണ്ടായിരിക്കേണ്ടതുണ്ട്.


