മീററ്റിൽ സൊമാറ്റോ വഴി ഓർഡർ ചെയ്ത ചിക്കൻ കറിയിൽ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. ഭക്ഷണം പാതി കഴിച്ച യുവാവ് അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലായതോടെ, സംഭവം സമൂഹ മാധ്യമങ്ങളിൽ ഭക്ഷണശാലകളിലെ ശുചിത്വത്തെയും ഭക്ഷ്യ സുരക്ഷയെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.
മീററ്റ് സ്വദേശിയായ വിജയ് പതിവ് പോലെ സൊമാറ്റോയിൽ നിന്നും നഗരത്തിലെ പ്രശസ്തമായ ഭക്ഷണശാലയിൽ നിന്നും ചിക്കൻ ഓർഡർ ചെയ്തു. വിശപ്പുകാരണം ഭക്ഷണം എത്തിയ പാടെ അദ്ദേഹം കഴിക്കാൻ ആരംഭിച്ചു. എന്നാല്‍ പകുതി മാത്രമേ അദ്ദേഹത്തിന് കഴിക്കാൻ കഴിഞ്ഞൊള്ളൂ. പാതി കഴിച്ചപ്പോഴാണ് തന്‍റെ ഭക്ഷണ പാത്രത്തിൽ അസാധാരണമായ ഒന്ന്. ഒരു ചത്ത പല്ലിയെ അദ്ദേഹം കണ്ടത്. പിന്നാലെ വിജയ് ഛർദ്ദി തുടങ്ങി. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ചിക്കൻ കറിയിലെ ചത്ത പല്ലി
വിജയ്‍യുടെ സുഹൃത്തായ നരേന്ദ്ര പ്രതാപ് തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിലെ ഭക്ഷണ ശാലകളെ കുറിച്ചു അവയുടെ ശുചിത്വത്തെ കുറിച്ചുമുള്ള ചർച്ച സജീവമായി. മീററ്റിലെ വിജയ് കാകെ ദാ ഹോട്ടലിൽ നിന്നും ചിക്കൻ ഓർഡർ ചെയ്തു. സൊമാറ്റോ വഴിയാണ് ഈ കോഴിക്കറി വിജയ്‍യുടെ വീട്ടിലെത്തിയത്. ചിക്കൻ കറി പാതി കഴിച്ചപ്പോഴാണ് അതിൽ ഒരു ചത്ത പല്ലിയെ കണ്ടത്. പിന്നാലെ വിജയ് ഛർദ്ദിക്കുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് നരേന്ദ്ര പ്രതാപ് എഴുതി. കുറിപ്പിനൊപ്പം പങ്കുവച്ച വീഡിയോയിൽ കറിപാത്രത്തിന് സമീപം മേശപ്പുറത്ത് കറിയിൽ നിന്നും എടുത്തിട്ട ചത്ത പല്ലിയെ കാണാം.
കർശന നടപടി വേണമെന്ന് ആവശ്യം
നരേന്ദ്ര പ്രതാപിന്‍റെ എക്സ് കുറിപ്പ് നേരം ഇരുട്ടി വെളുക്കും മുന്നേ കണ്ടത് ഒരുലക്ഷത്തിന് മേലെ കാഴ്ചക്കാർ. നിരവധി പേര്‍ ഹോട്ടലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് ചിലര്‍ ഹോട്ടലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അതേസമയം മറ്റ് ചിലർ സൊമാറ്റോയെയാണ് കുറ്റപ്പെടുത്തിയത്. 'അതൊരു വിവേചനമാണ്. ആളുകൾക്ക് കോഴി, ബീഫ്, താറാവ്, മാൻ, ആട്ടിറച്ചി, മത്സ്യം, നീരാളി എന്നിവ പോലും കഴിക്കാമെങ്കിൽ എന്തുകൊണ്ട് പല്ലികളെ തിന്നാൻ പാടില്ല? അവർ ന്യൂനപക്ഷമായത് കൊണ്ടാണോ? പിന്നാക്ക സമുദായത്തിൽ നിന്നുള്ളവരാണോ?' എന്നായിരുന്നു ഒരു കാഴ്ചക്കാരൻ തമാശയായി ചോദിച്ചത്.
അതേസമയം കുറപ്പ്, ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ, ശുചിത്വ മാനദണ്ഡങ്ങൾ, ഡെലിവറി മേൽനോട്ടം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഒരു ജനപ്രിയ ഭക്ഷണശാലയിലും സൊമാറ്റോ പോലുള്ള വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോമിലും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിക്കുമെന്ന് ഉപയോക്താക്കൾ ചോദിച്ചു. വീഡിയോയും കുറിപ്പും വൈറലായെങ്കിലും മീററ്റിലെ ഭക്ഷ്യസുരക്ഷാ അധികാരികൾ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.


