റഷ്യൻ സ്പോർട്സ് പ്രേമി സെർജി ബോയ്‌റ്റ്‌സോവും സംഘവും 5,900 അടി ഉയരത്തിൽ ഹോട്ട് എയർ ബലൂണിൽ തൂങ്ങിക്കിടക്കുന്ന പ്ലാറ്റ്‌ഫോമിൽ ഫുട്ബോൾ കളിച്ച് ലോക റെക്കോർഡ് സ്ഥാപിച്ചു. മേഘങ്ങൾക്ക് മുകളിൽ നടന്ന ഈ അവിശ്വസനീയമായ സാഹസിക പ്രകടനം ആളുകളെ അമ്പരപ്പിച്ചു.

സാഹസിക പ്രകടനങ്ങൾ ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്. എന്നാൽ, അത്തരത്തിൽ അവിശ്വസനീയമായ ഒരു പ്രകടനം ആകാശത്ത് നടത്തി ലോക റെക്കോർഡ് കുറിച്ചിരിക്കുകയാണ് റഷ്യൻ സ്പോർട്സ് പ്രേമി സെർജി ബോയ്‌റ്റ്‌സോവും സംഘവും. ഏകദേശം 5,900 അടി ഉയരത്തിൽ വെച്ച് ഒരു ഫുട്ബോൾ മത്സരം കളിച്ചിരിക്കുകയാണ് ഇവർ. ചൂടു വായു നിറച്ച ബലൂണുകൾക്ക് താഴെ ആകാശത്ത് താൽക്കാലികമായി സജ്ജമാക്കിയ താത്കാലിക ഫുഡ്ബോൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം.

ദൃശ്യം പകർത്തി ചെറുവിമാനം

ജേഴ്സികൾ അണിഞ്ഞ കളിക്കാർ പാരച്യൂട്ട് ബാക്ക്പാക്കുകൾ ധരിച്ച് കൂറ്റന്‍ ബലൂണിന് താഴെ തൂങ്ങിക്കിടക്കുന്ന പ്ലാറ്റ്ഫോമിൽ നിന്ന് പന്ത് ശ്രദ്ധയോടെ തട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. മേഘങ്ങൾക്ക് മുകളിലായി ആടിക്കളിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ നിന്ന് പന്ത് പാസ് ചെയ്യുന്നതും കിക്ക് ചെയ്യുന്നതും ഫുട്ബോൾ ആരാധകരെ തികച്ചും ആവേശത്തിലാഴ്ത്തി. ഈ ദൃശ്യവിസ്മയം ചിത്രീകരിക്കാനായി ഒരു ചെറിയ വിമാനം ബലൂണിന് മുകളിലൂടെ വട്ടമിട്ട് പറക്കുന്നതും കാണാം. തുറന്ന ആകാശത്തിന്‍റെ പശ്ചാത്തലത്തിൽ ആടിക്കളിക്കുന്ന ചെറിയ കളിക്കളത്തിന്‍റെ നാടകീയമായ ആകാശ ഷോട്ടുകൾ പകർത്തി പറക്കുകയാണ് ഈ വിമാനം.

View post on Instagram

അമ്പരന്ന് കഴ്ചക്കാർ

ഈ സാഹസിക പ്രകടനം കായിക പ്രേമം വ്യക്തമാക്കുന്ന ഒരു സമർപ്പണമായിരുന്നു എന്നാണ് ബോയ്‌റ്റ്‌സോവിന്‍റെ അഭിപ്രായം. കൂടാതെ ഫുട്ബോൾ എവിടെയും കളിക്കാൻ കഴിയുമെന്ന് അതായത് മേഘങ്ങൾക്ക് മുകളിൽ പോലും കളിക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്ന ധീരമായ ഒരു പ്രകടനം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാഹസിക മത്സരം ദശലക്ഷക്കണക്കിന് ആളുകളാണ് സമൂഹ മാധ്യമങ്ങൾ വഴി കണ്ടത്. പലരും ഈ ടീമിനെ യഥാർത്ഥ സാഹസികരെന്ന് വിശേഷിപ്പിച്ചു. ജനങ്ങളുടെ കുറിപ്പുകളിൽ അത്ഭുതത്തോടൊപ്പം തന്നെ ഭയവും കാണാൻ സാധിക്കുമായിരുന്നു. എന്തായാലും സെർജി ബോയ്‌റ്റ്‌സോവും സംഘവും നടത്തിയ ഈ സാഹസിക പ്രകടനം ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ്സിനെ അൽപ്പനേരത്തേക്ക് പിടിച്ചിരുത്തുക തന്നെ ചെയ്തു.