ചൈനയിലെ ഗ്വാങ്‌ഷൂവിൽ, അയൽവാസിയോടുള്ള തർക്കത്തെ തുടർന്ന് ഒരാൾ മണിക്കൂറുകളോളം ഉച്ചത്തിൽ പ്രേതകഥകൾ കേൾപ്പിച്ച് പകരം വീട്ടി. ഈ ശബ്ദശല്യം നിയമപരമായ പരിധിക്ക് താഴെയായിരുന്നെങ്കിലും, മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതോടെ വിഷയം കോടതിയിലെത്തി. ഒടുവിൽ, കോടതി ഇടപെട്ട് ശബ്ദം കേൾപ്പിക്കുന്നത് നിർത്തിവെക്കാൻ ഉത്തരവിടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ചൈനയിൽ അയൽവാസികൾ തമ്മിലുള്ള തർക്കം തികച്ചും അസാധാരണമായ ഒരു വഴിത്തിരിവിലെത്തി. അയൽക്കാരനോട് പകരം വീട്ടാനായി ഒരു വ്യക്തി ദിവസവും മണിക്കൂറോളം ഉച്ചത്തിൽ പ്രേതകഥകൾ കേൾപ്പിച്ച സംഭവമാണ് ഇപ്പോൾ ചൈനയിൽ ചർച്ചയാകുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ സംഭവം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്

ഭയപ്പെടുത്താൻ പ്രേതകഥകൾ

ഗ്വാങ്‌ഷൂ നഗരത്തിൽ താമസിക്കുന്ന ലുവും അദ്ദേഹത്തിന്‍റെ റൂംമേറ്റ് ലിസും തങ്ങളുടെ അയൽവാസിയായ ഷീ എന്നയാളുമായി തർക്കത്തിലായിരുന്നു. തർക്കത്തിന്‍റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, പകരം വീട്ടാനായി ലുവും ലിയും ചേർന്ന് തങ്ങളുടെ വീടിന്‍റെ ചുവരിനോട് ചേർന്ന് ഒരു ഉച്ചഭാഷിണി സ്ഥാപിച്ചു. ഇതിലൂടെ ഭയപ്പെടുത്തുന്ന പ്രേതകഥകൾ ഇവർ നിരന്തരമായി കേൾപ്പിക്കാൻ തുടങ്ങി.

രാവിലെ 8:45 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, പിന്നീട് ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 10 മണി വരെയും തുടർച്ചയായി 10 മണിക്കൂറിലധികം നേരം ഈ ഭയാനകമായ ശബ്ദങ്ങൾ അയൽവാസിയുടെ വീട്ടിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഈ ശല്യപ്പെടുത്തൽ ബന്ധപ്പെട്ട അയൽക്കാരനെ മാത്രമല്ല, കെട്ടിടത്തിലെ മറ്റ് താമസക്കാരെയും ബാധിച്ചു. രണ്ട് നിലകൾക്ക് മുകളിൽ താമസിക്കുന്ന ക്യൂ എന്ന വ്യക്തിയെയാണ് ഇത് കാര്യമായി ബാധിച്ചത്. ക്യൂവിന്‍റെ മകൻ ഒരു മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമായതിനാൽ സമാധാനമായി പഠിക്കാൻ കഴിയാത്ത അവസ്ഥയിലായി.

അസാധാരണമായ കേസ്

തുടക്കത്തിൽ ഈ കേസിൽ നടപടിയെടുക്കാൻ അധികൃതർക്ക് സാധിച്ചില്ല. കാരണം, ശബ്ദത്തിന്‍റെ അളവ് നിയമപരമായ പരിധിക്ക് താഴെയായിരുന്നു. പകൽ 60 ഡെസിബെല്ലും രാത്രി 50 ഡെസിബെല്ലുമാണ് അനുവദനീയമായ പരിധിയെങ്കിൽ, ക്യൂവിന്‍റെ വീട്ടിലെ ശബ്ദം 36 ഡെസിബെൽ മാത്രമായിരുന്നു. എന്നാൽ, ഇത് മനഃപൂർവം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ചെയ്യുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ ക്യൂ കോടതിയെ സമീപിച്ചു.

ഗ്വാങ്‌ഷൂ ഹൈഷു ഡിസ്ട്രിക്ട് പീപ്പിൾസ് കോടതിയിൽ ക്യൂ ഒരു 'പ്രീ-ലിറ്റിഗേഷൻ ഇൻജംഗ്ഷന്' അപേക്ഷ നൽകി. ഹർജി പരിഗണിച്ച കോടതി ക്യൂവിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ഉടൻ തന്നെ ശബ്ദം കേൾപ്പിക്കുന്നത് നിർത്താൻ ഉത്തരവിടുകയും ചെയ്തു. കോടതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലു തന്‍റെ വീട്ടിലെ ഓഡിയോ ഉപകരണങ്ങൾ നീക്കം ചെയ്യുകയും, റെക്കോർഡിംഗുകൾ നശിപ്പിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം ശല്യങ്ങൾ ഉണ്ടാക്കില്ലെന്ന് ഇയാൾ കോടതിയിൽ ഉറപ്പുനൽകുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.