ജപ്പാന്‍ പോലീസിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച നിരപരാധിയുടെ ശവകുടീരത്തിലെത്തി തല കുനിച്ച് ക്ഷമാപണം നടത്തി.
നൂറ് കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നിയമ വ്യവസ്ഥ അവകാശപ്പെടുന്നത്. എന്നാല്‍, നമ്മുക്ക് മുന്നിലുള്ള യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. രാഷ്ട്രീയവും അധികാരവും ഉപയോഗിച്ച് സ്വാധീന ശക്തിയുള്ളവര്‍ നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ശിക്ഷ വാങ്ങിക്കൊടുത്തതിന്‍റെ നിരവധി ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. ഇത്തരത്തില്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ലഭിച്ചവര്‍ കാലങ്ങൾക്ക് ശേഷം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടാലും പൊതു സമൂഹം അവരെ കുറ്റവാളികളെന്ന കണ്ണിലൂടെയാണ് കാണുക. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്ത ജപ്പാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ദ്രാവകങ്ങളെ പൊടിയാക്കി മാറ്റാൻ കഴിയുന്നതും സൈന്യത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു ഉപകരണത്തിന്‍റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ജപ്പാനില്‍ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു, പിന്നാലെ 2020 മാർച്ചിൽ നിയമവിരുദ്ധ കയറ്റുമതിക്ക്, ഷിസുവോ ഐഷിമയെയും അദ്ദേഹത്തിന്‍റെ കമ്പനിയിലെ മറ്റ് മൂന്ന് എക്സിക്യൂട്ടീവുകളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒടുവില്‍ കുറ്റപത്രം പിൻവലിക്കുന്നതിന് അഞ്ച് മാസം മുമ്പ്, 2021 ഫെബ്രുവരിയിൽ അദ്ദേഹം വയറ്റിലെ കാൻസർ ബാധിച്ച് മരിച്ചു.
മരിക്കുന്നതിന് മുമ്പ് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഐഷിമ എട്ടോളം ജാമ്യാപേക്ഷകൾ കോടതിയിൽ സമർപ്പിച്ചിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആ ജാമ്യാപേക്ഷകളെല്ലാം തള്ളപ്പെട്ടു. തങ്ങളുടെ ബിസിനസ്സിന് കയറ്റുമതി നിയന്ത്രണങ്ങൾക്ക് ബാധകമല്ലെന്ന് കമ്പനി ഇതിനിടെ കോടതിയില്‍ അറിയിച്ചു. ഒടുവില്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം കുറ്റക്കാരനല്ലെന്നും കോടതി കണ്ടെത്തി. പക്ഷേ, അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. 2021 ജൂലൈയിൽ പ്രോസിക്യൂട്ടർമാർ കുറ്റപത്രം തന്നെ പിൻവലിച്ചു.
ഇതോടെ കുറ്റം ആരോപിക്കപ്പെട്ട ഷിസുവോ ഐഷിമയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. 166 ദശലക്ഷം യെൻ (ഏതാണ്ട് 9 കോടി 86 ലക്ഷം രൂപ) ആണ് കോടതി നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. കോടതി വിധിക്കെതിരെ ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്‍റും ടോക്കിയോ ഡിസ്ട്രിക്റ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസും അപ്പീൽ നൽകിയില്ല. നിയമവിരുദ്ധമായി അദ്ദേഹത്തെ തടങ്കലിൽ വയ്ക്കാൻ അഭ്യർത്ഥിക്കുകയും പ്രോസിക്യൂഷൻ ഫയൽ ചെയ്യുകയും ചെയ്തതിലൂടെ ഉണ്ടായ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനും, ജാമ്യാപേക്ഷ നിരസിച്ച് ഐഷിമയ്ക്ക് വൈദ്യ ചികിത്സയ്ക്കുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് പ്രോസിക്യൂട്ടർ ഹിരോഷി ഇച്ചിക്കാവ കോടതിയില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ജപ്പാന്‍ പോലീസിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഷിസുവോ ഐഷിമയുടെ ശവകുടീരത്തിലെത്തി അദ്ദേഹത്തോടും കുടുംബത്തോടും തല കുനിച്ച് ക്ഷമ ചോദിച്ചത്.


