Asianet News MalayalamAsianet News Malayalam

സെല്‍ഫിക്കാലത്തിനു മുമ്പുള്ള ഒരു ഹോസ്റ്റല്‍!

hostel days Shruthi Rajesh
Author
Thiruvananthapuram, First Published Nov 18, 2017, 5:37 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

hostel days Shruthi Rajesh

എങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്നൊന്നു രക്ഷപെട്ടാല്‍ മതിയെന്നാണ് ആദ്യമായി ഞാന്‍ ഹോസ്റ്റലില്‍ വന്നു കയറിയ ദിവസം പ്രാര്‍ഥിച്ചത്. ബ്രോയിലര്‍ കോഴികളുടെ ഈ കൂടാണോ ഈശ്വരാ, ഈ സിനിമയിലും സീരിയലിലും ഒക്കെ പാട്ടും ഡാന്‍സും നടക്കുന്ന അടിപൊളി സ്ഥലമായിട്ടു കാണിക്കുന്നേ...എത്ര ആലോചിട്ടും എനിക്ക് മനസിലായില്ല..

ഒന്ന് തിരിഞ്ഞു കിടന്നാല്‍ മറിഞ്ഞു താഴെ വീഴാന്‍ തക്ക 'വലിപ്പ'മുള്ള കട്ടില്‍, വായില്‍ വെയ്ക്കാന്‍ കൊള്ളാത്ത ഭക്ഷണം, വെള്ളം റേഷന്‍പോലെ, എങ്ങോട്ട് തിരിഞ്ഞാലും നിയമങ്ങള്‍. ഹോ ഇവിടുന്നു ഒന്ന് ഓടി രക്ഷപെടാന്‍ പറ്റിയിരുന്നേല്‍. എന്റെ ആദ്യ ഹോസ്റ്റല്‍ രാത്രിയില്‍ ഞാന്‍ ആലോചിച്ചത് മുഴുവന്‍ ഇതായിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ പറഞ്ഞു കേട്ട ആ സംഭവം (അതെ ഹോസ്റ്റല്‍ തന്നെ) ഞാന്‍ ആദ്യമായി കാണുന്നത് ബിരുദാനന്തരപഠനത്തിനു തിരുവനന്തപുരത്തു എത്തിയ കാലത്താണ്. ഹോസ്റ്റല്‍ ജീവിതത്തെ കുറിച്ചു അതുവരെ യക്ഷിക്കഥകള്‍ കേള്‍ക്കുന്നതു പോലെ പറഞ്ഞു കേട്ട അനുഭവം മാത്രം. വിമന്‍സ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയ സന്തോഷത്തിലാണ് നാട്ടില്‍ നിന്നും പെട്ടിയും കിടക്കയുമായി വീട്ടുകാരോട് നിര്‍ബന്ധം പിടിച്ചു തിരുവനന്തപുരത്തേക്ക് പോന്നത്. ഞാന്‍ പഠിച്ച സ്‌കൂളും, ഡിഗ്രിയ്ക്ക് പഠിച്ച കോളേജുമെല്ലാം വീട്ടില്‍ നിന്നും പോയി വരാവുന്ന ദൂരത്തായിരുന്നു. അന്നേ മനസ്സില്‍ കരുതിയതാണ് ഇനി പഠിക്കുന്നെങ്കില്‍ ഹോസ്റ്റലില്‍ നിന്ന് മതിയെന്ന്. അത് ഹോസ്റ്റല്‍ ജീവിതത്തെ കുറിച്ചു കേട്ട സംഭവബഹുലമായ കഥകളില്‍ നിന്നുണ്ടായ തെറ്റിദ്ധാരണ ആണെന്ന് വന്ന ആദ്യ ദിവസം എനിക്ക് ശരിക്കും ബോധ്യമായി.

ആ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒരു ഓഗസ്റ്റ് മാസത്തിലെ ഞയറാഴ്ച. പുതിയ ബെഡ്ഷീറ്റ്, ബക്കറ്റ്, കപ്പ്, പെട്ടി, പാട്ട ഇത്യാതി സാധനങ്ങളുമായി ഞാന്‍ എന്റെ ഹോസ്റ്റലിലേക്ക് ക്ലാസ്സ് തുടങ്ങുന്നതിന്റെ തലേന്ന് വൈകുന്നേരം വലിയ തലക്കനത്തില്‍ വന്നു കയറി. തിരുവനന്തപുരത്തു വഴുതക്കാട്ടെ യൂണിവേഴ്‌സിറ്റി വിമന്‍സ് ഹോസ്റ്റല്‍. പക്ഷെ സിനിമയില്‍ കാണുന്ന പോലെ ഭംഗിയൊന്നും ജീവിതത്തിലെ ഹോസ്റ്റലിന് ഇല്ലെന്നു ആദ്യ കാഴ്ചയില്‍ തന്നെ മനസ്സിലായി. ഹാ എന്തായാലും വന്നു. ഇനി ഇവിടെ നില്‍ക്കാന്‍ വയ്യെന്ന് എങ്ങാനും പറഞ്ഞാല്‍ അച്ഛന്‍ എന്നെ തിരിച്ചു നാട്ടിലെ കോളേജില്‍ കൊണ്ട് പോയി ചേര്‍ക്കുമെന്ന ഭയത്തില്‍ ഞാന്‍ ഉള്ളിലെ ഞെട്ടല്‍ പുറത്തു കാണിച്ചില്ല. നാട്ടില്‍ വീടിനു തൊട്ടടുത്ത കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ടാണ് അവിടെങ്ങും പോകാന്‍ വയ്യെന്നും പറഞ്ഞു തിരുവനന്തപുരത്തേക്ക് വെച്ചു പിടിച്ചിരിക്കുന്നത്.

അഡ്മിഷന്‍ സംഭവങ്ങള്‍ ഒക്കെ റെഡി ആയതോടെ അച്ഛനും അമ്മയും എനിക്ക് ടാറ്റാ പറഞ്ഞു പോയി. ആ വലിയ ഹോസ്റ്റല്‍ വരാന്തയില്‍ ഞാന്‍ പെട്ടെന്ന് ഒറ്റപ്പെട്ടതു പോലെ നിന്നു.വന്നു കയറിയപ്പോള്‍ വലിയ തലക്കനം ഒക്കെ കാണിച്ചെങ്കിലും പെട്ടെന്ന് ഒറ്റപ്പെട്ടു പോയ വിഷമത്തോടെയാണ് ഞാന്‍ വാര്‍ഡന്റെ കൂടെ മൂന്നാമത്തെ നിലയിലെ എനിക്ക് അനുവദിച്ചിരിക്കുന്ന മുറിയിലേക്ക് കയറിയത്. റൂം നമ്പര്‍ 202. പുറത്തു ഈ വിഐപി മുറികളുടെ വാതിലില്‍ ഒട്ടിക്കുന്ന പോലെ 'ഡോണ്ട് ഡിസ്റ്റര്‍ബ്' എന്നൊരു പേപ്പര്‍ ഒട്ടിച്ചിട്ടുണ്ട്. അകത്തുള്ളത് ചില്ലറക്കാരല്ലെന്നു ഞാന്‍ ഓര്‍ത്തു..

കുറച്ചു നേരം വാതിലില്‍ കൊട്ടിയപ്പോള്‍ ഒരാള്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വന്ന പോലെ വന്നു കതകു തുറന്നു. സൗമ്യ.വാര്‍ഡനെ കണ്ടതോടെ അവള്‍ സ്‌കൂള്‍ അസംബ്‌ളിയില്‍ നില്‍ക്കുന്ന പോലെ അറ്റന്‍ഷനില്‍ നിന്നത് കണ്ടപ്പോള്‍ എനിക്ക് ചിരിപൊട്ടി. അകത്തൊരു ചാട്ടവും ഓട്ടവും. ഈ പാറ്റകള്‍ പെട്ടന്ന് മുറിയില്‍ ലൈറ്റ് വീഴുമ്പോള്‍ ഓടില്ലേ അത് പോലെ..

ഹോസ്റ്റല്‍ ഒഴിയേണ്ടതിന്റെ തലേരാത്രി എല്ലാവരും കരഞ്ഞുകൊണ്ടാണ് അവരോരുടെ സാധനങ്ങള്‍ എടുത്തു വെച്ചത്

ഞാന്‍ അകത്തോട്ടു എത്തിനോക്കി. വേറെ രണ്ടു പേര്‍ കൂടിയുണ്ട്. അപ്രതീക്ഷിതമായിവാര്‍ഡന്‍ എത്തിയപ്പോള്‍ ഉണ്ടായ പരാക്രമങ്ങളാണ്. റൂമുകള്‍ വൃത്തിയായി സൂക്ഷിക്കണം എന്ന് വന്നു കയറിയപ്പോള്‍ തന്നെ ഉത്തരവ് കിട്ടിയിരുന്നു. അപ്പോള്‍ പെട്ടന്ന് റൂമില്‍വാര്‍ഡന്‍ കയറി വന്നപ്പോള്‍ കൈയ്യില്‍ കിട്ടിയതെല്ലാം എടുത്തു അടുക്കിവെയ്ക്കുകയാണ് ഷാരോണും ശാലുവും. പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ എന്നെ അവിടെ വിട്ടിട്ട്വാര്‍ഡന്‍ സ്ഥലം വിട്ടു. അന്ന് വലതുകാല്‍ വെച്ചു കയറിയതാണ്. പിന്നെ അതായിരുന്നു ഞങ്ങളുടെ ലോകം.

ഞങ്ങള്‍ നാല് പേരും പിജി ആദ്യ വര്‍ഷക്കാര്‍. വന്ന ദിവസം ഞാന്‍ മനസ്സില്‍ പ്രാകിയ ഹോസ്റ്റലിനെ ഞാന്‍ ദിവസങ്ങള്‍ കൊണ്ട് അഗാധമായി സ്‌നേഹിച്ചു തുടങ്ങി. കഴിക്കാന്‍ എന്ത് കിട്ടിയാലും അതിനെയും കുറ്റംപറഞ്ഞു മണിക്കൂറുകള്‍ കൂട്ടുകാര്‍ക്കൊപ്പം വാചകമടിച്ചിരിക്കുന്ന മെസ് ഹാളും, തെളിഞ്ഞ സൗഹൃദത്തിന്റെ ആ ഇടനാഴികളെയും,സദാ കലപില സംസാരങ്ങള്‍ നിറഞ്ഞ ആ ഇടനാഴികളെയും ഞാന്‍ സ്‌നേഹിച്ചു തുടങ്ങി. സത്യത്തില്‍ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഹോസ്റ്റലില്‍ ജീവിച്ചവരോട് ചോദിച്ചാല്‍ പറയാനുണ്ടാകുക ഇതേ ഓര്‍മ്മകളാകും.

ഒരുപാട് കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ആയിരുന്നു യൂണിവേഴ്‌സിറ്റി വിമന്‍സ് ഹോസ്റ്റല്‍. ഉണരാനും ഉറങ്ങാനും നില്‍ക്കാനും നടക്കാനും എന്തിനു കിടക്കാനും നിയമങ്ങള്‍. (എല്ലാം തെറ്റിക്കാന്‍ വേണ്ടി മാത്രം ആരോ ഉണ്ടാക്കിയത്). എല്ലാ നിയമങ്ങളും ഒരു പരിധി വരെ സഹിക്കാന്‍ പറ്റുന്നതായിരുന്നെങ്കിലും, എനിക്കും എന്റെ റൂമിലെ അന്തേവാസികള്‍ക്കും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യം ഈ കുളിക്കാന്‍ ക്യൂ നില്‍ക്കുന്നതായിരുന്നു. ആകെ വെള്ളം വരുന്നത് രാവിലെ രണ്ടു മണിക്കൂര്‍, പിന്നെ വൈകിട്ടും. കിട്ടുമ്പോള്‍ കിട്ടുമ്പോ ഉറുമ്പ് അരിമണി പെറുക്കി വെയ്ക്കുന്ന പോലെ ഞങ്ങള്‍ കിട്ടാവുന്ന ബക്കറ്റൂകളില്‍ വെള്ളം ശേഖരിച്ചു വെയ്ക്കും. ചിലപ്പോള്‍ വല്ലോരുടെയും വെള്ളം അടിച്ചു മാറ്റും. (അത്ര ഗതികേട് കൊണ്ടാണ്).

കണ്ണൂരിലെ തറവാട്ടുവീട്ടിലെ കുളത്തില്‍ ആവോളം മുങ്ങി കുളിച്ച സൗമ്യയ്ക്ക് ഒരു ബക്കറ്റ് വെള്ളത്തിലെ ആ 'ഇത്തിരി കുളി' സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഷാരോണ്‍ പിന്നെ പുസ്തകപ്പുഴു ആയിരുന്നു. വെള്ളം ഇല്ലേലും സാരമില്ല എനിക്ക് വായിക്കണം അതായിരുന്നു ലൈന്‍.(റാങ്ക് ഹോള്‍ഡര്‍ ആയിരുന്നു കക്ഷി , ഇപ്പോള്‍ കോളേജ് അധ്യാപിക). ഇനി ഞാനും ശാലുവും. തിരുവനന്തപുരം നാട്ടില്‍ എവിടുന്നു വെള്ളം കൊണ്ട് വന്നിട്ടായാലും ഞങ്ങള്‍ കുളിക്കാതെ കോളേജില്‍ പോകുന്നില്ല എന്നങ്ങു തീരുമാനിക്കും. ചിലപ്പോള്‍ ആ തീരുമാനത്തിന്റെ ശക്തിയില്‍ കോളേജില്‍ പോയില്ലെന്നുമിരിക്കും.

ഇനി മെസ് ഹാള്‍. അതായിരുന്നു താരം. ഒരേസമയം 400 കുട്ടികള്‍ക്ക് വരെ ഭക്ഷണം തയ്യാറാക്കുന്ന മെസ്. അതിഗംഭീരമായിരുന്നു. ഐസ് കട്ടയേക്കാള്‍ തണുത്ത കറികള്‍. എന്നോ തിളപ്പിച്ചു വെച്ച കുടിവെള്ളം( നല്ല ക്ലോറിന്‍ ചേര്‍ത്തത്), മീന്‍ ഒക്കെ ഉണ്ടോന്നു അറിയാന്‍ മീന്‍ കറിയില്‍ ഇറങ്ങി തപ്പേണ്ട ഗതി, വൈകിട്ട് പാലില്ലാത്ത തണുത്ത ചായ, ചായേടെ കൂടെ കിട്ടുന്ന ഏതേലും ബേക്കറി പലഹാരത്തിനായി കൈനീട്ടിയുള്ള ആ നില്‍പ്പ്. ഹോ പെറ്റമ്മ സഹിക്കില്ല. പക്ഷെ അതായിരുന്നു ഞങ്ങളുടെ ചര്‍ച്ചാവേദി. എത്ര മണിക്കൂര്‍ വേണേലും ഭക്ഷണവും കൊണ്ടിരുന്നു ഞങ്ങള്‍ കഥ പറയും. മെസ് അടയ്ക്കാന്‍ സമയമാകുമ്പോള്‍ കിട്ടിയ കറികളെ മൊത്തം കുറ്റം പറഞ്ഞു എഴുന്നേറ്റു പോകും. ഒഴിവുദിവസങ്ങളിലെ സിനിമ കാണല്‍, ആഴ്ചയില്‍ ഒരിക്കല്‍ കാത്തിരുന്നു കാത്തിരുന്നു പുറത്തുപോയുള്ള ഭക്ഷണംകഴിക്കല്‍, ഹോസ്റ്റല്‍ ഭക്ഷണം നന്നാക്കാന്‍ സമരം ചെയ്തത്, വാര്‍ഡനെ മുറിയില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍.റൂമില്‍ ഞങ്ങള്‍ നാല് പേര്‍ ആയിരുന്നെങ്കിലും സമീപത്തെ സകലമാന മുറികളിലെ അന്തേവാസികളും പാതിരാത്രി വരെ ഞങ്ങളുടെ മുറിയിലുണ്ടാകും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ ഒരു കോട്ടയായിരുന്നു സത്യത്തില്‍ ആ മുറി.

പരീക്ഷാക്കാലമായാല്‍ പിന്നെ എല്ലാവരും പാതിരാത്രി വരെ പഠനമാണ്. എന്നിട്ട് ആ ക്ഷീണത്തില്‍ രാവിലെ കിടന്നുറങ്ങി പോകും. എന്നിട്ട് അഞ്ചു മിനിറ്റ് നടക്കാന്‍ മാത്രം ദൂരമുള്ള കോളേജിലേക്ക് ഓട്ടോ പിടിച്ചു വരെ പോകും. സത്യത്തില്‍ എല്ലാ പെണ്‍കുട്ടികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹോസ്റ്റലില്‍ നില്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. ജീവിതത്തില്‍ ഒരുപാട് അഡ്ജസറ്റ് ചെയ്യാനും ഇതു സാഹചര്യത്തിലും പൊരുത്തപെടാനും ഹോസ്റ്റല്‍ ജീവിതം നമ്മളെ ഒരുപാട് സഹായിക്കും. ഇന്നിപ്പോള്‍ ലോകത്തിന്റെ ഏതു ഭാഗത്ത് പോയാലും കിട്ടുന്നതെന്തും ഞാന്‍ കഴിക്കും, ഒരു കുറ്റവും പറയില്ല. കാരണം ഹോസ്റ്റലില്‍ അത്രയ്ക്ക് കേമത്തില്‍ ആയിരുന്നു ഭക്ഷണമൊക്കെ. പിന്നെ പലതരത്തിലെ കുട്ടികള്‍ ആണ് വരുന്നത്. എല്ലാവരോടും എങ്ങനെ നന്നായി പെരുമാറണം എന്നും എങ്ങനെ ആളുകളെ മനസ്സിലാക്കണം എന്നൊക്കെ നമ്മള്‍ പോലുമറിയാതെ ആ ജീവിതം നമ്മളെ ചിലത് പഠിപ്പിക്കും. തീര്‍ച്ച..

അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ ഒന്നും ഹോസ്റ്റലില്‍ അധികം ഉപയോഗിക്കില്ല. ഫോണ്‍ ഉള്ളത് തന്നെ മിക്കവാറും വാര്‍ഡന്റെ റൂമിലാകും. അന്നൊന്നും മൊബൈല്‍ സ്‌ക്രീനുകളില്‍ മുഖം ഒളിപ്പിച്ചു ഇരിക്കുന്നവര്‍ ഇല്ലായിരുന്നു. ഫേസ്ബുക്ക് നോട്ടം ഒക്കെ ഇടക്ക് വീട്ടിലോ കഫെയിലോ പോകുമ്പോള്‍ മാത്രം. ക്യാമറ ഫോണുകള്‍ എന്നൊരു സംഭവം അന്ന് ഞങ്ങള്‍ കേട്ട് തുടങ്ങിയിട്ടേയുള്ളൂ. ഞങ്ങള്‍ക്ക് ആവശ്യം പോലെ സമയം ഉണ്ടായിരുന്നു. സെല്‍ഫിക്കാലത്തിനു മുന്‍പുള്ള ആ ഹോസ്റ്റല്‍ ജീവിതം ഇനിയൊരിക്കലും തിരികെകിട്ടില്ലെന്ന് ഓര്‍ക്കുമ്പോള്‍ എവിടെയോ ഒരു നൊമ്പരമാണ് ഇന്നും.

സമയം വേഗം കടന്നു പോയി. ഹോസ്റ്റല്‍ ഒഴിയേണ്ടതിന്റെ തലേരാത്രി എല്ലാവരും കരഞ്ഞുകൊണ്ടാണ് അവരോരുടെ സാധനങ്ങള്‍ എടുത്തു വെച്ചത്. അതുവരെ അതെല്ലാം ഞങ്ങളുടെ പൊതുസ്വത്തുക്കള്‍ ആയിരുന്നു. ഓരോരുത്തരും ഹോസ്റ്റലിന്റെ പടയിറങ്ങിയപ്പോള്‍ ഓര്‍ത്തത് അവിടേയ്ക്ക് ആദ്യമായി വന്ന ആ ദിവസം ഒന്ന് തിരികെ കിട്ടിയിരുന്നെങ്കില്‍ എന്നാകുമെന്നു തീര്‍ച്ചയായിരുന്നു. പിജിയ്ക്ക് ശേഷം പ്രസ് ക്ലബ്ബില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ മറ്റൊരു ഹോസ്റ്റലില്‍ ആയിരുന്നു. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വന്നത് കൊണ്ട് കുറച്ചു കുട്ടികള്‍ മാത്രമുള്ള ആ ഹോസ്റ്റല്‍ എനിക്കാദ്യം അത്രയിഷ്ടമായില്ല.പക്ഷെ പിന്നെ പിന്നെ ആ ഹോസ്റ്റലും അവിടുത്തെ കൂട്ടുകാരും എനിക്ക് പ്രിയപ്പെട്ടവരായി. ദിവ്യ ലക്ഷ്മി, സല്‍മ പിന്നെ കുറെ ചേച്ചിമാര്‍ അങ്ങനെ എല്ലാവരും എന്റെ അടുത്തകൂട്ടുകാരായി. ആദ്യത്തെ ഹോസ്റ്റല്‍ ജീവിതം വെച്ചു നോക്കുമ്പോള്‍ അവിടം സ്വര്‍ഗ്ഗമായിരുന്നു. വെള്ളത്തിനു വെള്ളം, നല്ല ആഹാരം. പക്ഷെ ആദ്യപ്രണയം പോലെ തന്നെ മനോഹരമല്ലേ ആദ്യ ഹോസറ്റല്‍ ജീവിതവും.ഒരിക്കലും മറക്കില്ല. തിരികെകിട്ടില്ലെന്നു അറിയാമെങ്കിലും നമ്മള്‍ വെറുതെ ഓര്‍ത്തുകൊണ്ടിരിക്കും അതിന്റെ മാധുര്യം.

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്

ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍... ​

റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച്  നടക്കുന്നത് കേള്‍ക്കാന്‍!'

സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!

വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!​

മിഷാല്‍: ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!

 പ്രസാദ് പൂന്താനം: തല്ലിയതും പോരാ, ഗുണ്ടകള്‍  കുപ്പികളും കൊണ്ടുപോയി!​

Follow Us:
Download App:
  • android
  • ios