Asianet News MalayalamAsianet News Malayalam

അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

  • സ്ത്രീകള്‍, രാത്രികള്‍
  • എസ് ഉഷ എഴുതുന്നു
Nights Women S Usha

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Nights Women S Usha

ഓര്‍മ്മകളില്‍ വന്നുനിറയുന്ന രാത്രിയുടെ സുഗന്ധം!

നിഴലും നിലാവും കെട്ടുപിണഞ്ഞ രാത്രികള്‍ അന്യമല്ലാതിരുന്ന ബാല്യം. 'ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി'. ആകാശത്ത് നിരനിരയായി കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി കടങ്കഥയും കഥകളും പറഞ്ഞ് മണലില്‍ വിരിച്ച ചിക്കു പായയില്‍ കിടന്ന വേനല്‍ക്കാല രാത്രികള്‍.

കൊയ്ത്തിന് ദൂരെനിന്നു വന്നു താമസിക്കുന്ന പെണ്ണുങ്ങള്‍ ആറ്റില്‍ കളിക്കുന്നതും സൊറ പറയുന്നതും നോക്കിയിരുന്ന ഒരു കുട്ടനാടന്‍ അവധിക്കാലം. എഴുപതുകളിലെ ക്ലബ്ബുകളുടേയും വായനശാലകളുടേയും നാടകങ്ങളും പാട്ടുകളും കൊണ്ട് മേളക്കൊഴുപ്പാര്‍ന്ന ഓണാഘോഷരാത്രികള്‍.
          
ക്ഷേത്രങ്ങളിലെ ബാലേയും ഗാനമേളയും കഥാപ്രസംഗവും കഥകളിയുമൊക്കെ നിറം പിടിപ്പിച്ച ഉത്സവ രാവുകള്‍. റോഡുകളും വഴിവിളക്കുകളും അപൂര്‍വ്വമായിരുന്ന അക്കാലത്ത് കിലോമീറ്ററോളം നടന്ന് അമ്പലങ്ങളിലേയ്ക്കുളള യാത്ര. പായും പുതപ്പും ചൂട്ടുകറ്റയുമായുളള യാത്രയും ഓര്‍മ്മയിലുണ്ട്. ചൂട്ടുകറ്റ പിന്നെ ടോര്‍ച്ചിന് വഴിമാറി. അര്‍ദ്ധ രാത്രിയില്‍ ഗരുഡന്‍ തൂക്കത്തിന്റെ ചാട് നോക്കിയുള്ള നില്പ്. കഥകളിവേഷങ്ങളുടെ ചുട്ടികുത്ത് കണ്ട് നില്‍ക്കുന്നത്. കുപ്പിവളകളുടേയും ക്യൂട്ടക്‌സുകളുടേയും ചാന്തുപൊട്ടിന്റേയും നിറച്ചാര്‍ത്ത്.! 

കൈയില്‍ മൈലാഞ്ചിയിട്ട് പീച്ചിലിന്റെ ഇലകൊണ്ട് കെട്ടി പേരമ്മയുടെയോ ചേച്ചിമാരുടെയോ കൂടെ ഉത്രാടരാവില്‍ അയല്‍വീടുകളിലേയ്ക്കുളള രാത്രിസഞ്ചാരം. നിലാവില്‍ കുളിച്ച് ഊഞ്ഞാലാട്ടം. നിലാവത്ത് പൂത്തു നില്‍ക്കുന്ന പാരിജാതപൂക്കളുടെ വെണ്‍മയും സുഗന്ധവും. രാത്രി മുഴുവന്‍ സ്വന്തമായ ആട്ടവും പാട്ടുമായി തിരുവാതിര രാവ്. പാതിരാപ്പൂ ചൂടലും ആര്‍പ്പും കുരവയും തുടികുളിയുമായി രാത്രി മുഴുവന്‍ സ്ത്രീകള്‍ക്ക് മാത്രം സ്വന്തം! പിന്നെ കളമെഴുത്തു പാട്ടും കുടംകൊട്ടിപാട്ടുമായി പരദേവതാക്ഷേത്രത്തിലെ നാഗങ്ങള്‍ ഉറഞ്ഞുതുളളുന്ന രാവുകള്‍.

അമ്മുമ്മയുടെ കാലത്ത് പെണ്‍സംഘങ്ങള്‍ വളരെ ദൂരത്തു പോലും ഉത്സവം കാണാന്‍ പോകുമായിരുന്നത്രേ. ഒരിക്കല്‍ മൂന്നുമണിയോടെ ഉത്സവം കണ്ടു മടങ്ങിയ സംഘത്തെ രണ്ടാള്‍ക്കാര്‍ അനുഗമിച്ചത്രേ. തന്‍േറടിയായ അമ്മുമ്മ രണ്ടാംമുണ്ടെടുത്ത് തലയില്‍ കെട്ടി മുണ്ടും മടക്കിക്കുത്തി ചൂളം വിളിച്ചു നടന്നത്! ഏതായാലും പിന്നെ പിന്തുടര്‍ന്നവര്‍ മടങ്ങിപ്പോയി.

എന്റെ കോളേജില്‍ നിന്നും താമസിച്ചെത്തുന്ന അവസരങ്ങള്‍. മങ്ങിയ വെട്ടത്തില്‍ അമ്മയുടെ ചീത്ത പേടിച്ച് ഇടവഴിയിലൂടെ പായുമ്പോള്‍ വഴിയരികിലുളള ഏതെങ്കിലും വീട്ടിലെ അമ്മമാരുടെ നിര്‍ദ്ദേശപ്രകാരം ആണ്‍മക്കളാരെങ്കിലും എന്റെ വീടുവരെ പുറകെയെത്തി മടങ്ങും.

കുറെക്കൂടി സ്വതന്ത്രവും മനോഹരവുമായ രാവുകള്‍ മഹാരാജാസ് കാലത്താണ് സ്വന്തമായത്. അതിരുകളില്ലാത്തതാണ് സ്വാതന്ത്ര്യം എന്നു തിരിച്ചറിഞ്ഞ കാലം. ഹോസ്റ്റല്‍ഡേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കുടി വിപുലമായ രീതിയിലാണ് ഘോഷിച്ചിരുന്നത്. കലാപരിപാടികളും ഭക്ഷണവുമെല്ലാം കഴിഞ്ഞ് കുറുപ്പച്ചന്റെ വിളക്കിനു പുറകേ ഹോസ്റ്റലിലേയ്ക്ക് നീങ്ങുന്ന ഞങ്ങള്‍ പെണ്‍പട. നെഞ്ചുപൊട്ടുമാറ് ഉള്ളില്‍ തിങ്ങിനിറയുന്ന ആഹ്ലാദം എനിക്കിപ്പോഴും കാണാം. തൃപ്പൂണിത്തുറ ഉത്സവം കാണാന്‍ പോയ ഞങ്ങള്‍ പെണ്‍കുട്ടികളുടെ സംഘം. ഉത്സവ സ്ഥലത്ത് അലഞ്ഞു നടന്നതും കഥകളി കണ്ടതും രാവിലെ ഹോസ്റ്റലില്‍ മടങ്ങിയെത്തിയതും ഓര്‍ക്കുമ്പോഴേ മനസ്സില്‍ പൂത്തിരി കത്തുന്നു. ഉറക്കെ വര്‍ത്തമാനം പറഞ്ഞ് ചിരിച്ചുല്ലസിച്ച് എറണാകുളം അമ്പലത്തിലെ കഥകളിരാവ്.

പക്ഷേ എണ്‍പതുകളായപ്പോഴേയ്ക്കും അവസ്ഥ മാറിമറിഞ്ഞു. എല്ലാവരും സ്വന്തം വീടുകളുടെ ഇട്ടാവട്ടത്തിലൊതുങ്ങി. അയല്‍പക്കബന്ധങ്ങള്‍ നഷ്ടപ്പെട്ടു. ഗ്രാമങ്ങള്‍ നഗരവല്ക്കരിക്കപ്പെട്ടു. ഉത്സവരാവുകളും തിരുവാതിര രാവുകളുമൊക്കെ പലര്‍ക്കും അപ്രാപ്യമായി.

രാത്രികളോടുളള ഭയം ഇരുട്ടിനോടുളള ഭയം തന്നെ. അതാണല്ലോ യക്ഷിഭൂതപ്രേതകഥകളുടെ ഉത്ഭവം രാത്രി പശ്ചാത്തലത്തിലായത്. ഒറ്റയ്ക്ക് പോകാതെ കൂട്ടത്തോടെ സഞ്ചരിച്ചിരുന്നത് ഇരുട്ടിനെ ഭയന്നാണ്. പണ്ട് ബാധ കൂടുന്നത് കൂടുതലും പെണ്ണിനാണ്. അതായത് അപകടങ്ങള്‍ എപ്പോഴും പെണ്ണിനാണ് എന്ന് അവളെ കാലാകാലങ്ങളായി പഠിപ്പിച്ച് രൂപപ്പെടുത്തിയിരിക്കുകയാണ്. വീടും പരിചയക്കാരും മാത്രം സുരക്ഷിതം എന്ന് അവളുടെ മനസ്സില്‍ ഊട്ടിയുറപ്പിച്ച വിചാരം. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നത്  സ്വന്തം വീട്ടകങ്ങളിലും പരിചിതയിടങ്ങളിലുമാണ്. പീഡിപ്പിക്കുന്നതാകട്ടെ ബന്ധുക്കളും പരിചയക്കാരും തന്നെ. പക്ഷേ ആ സത്യം ഇന്നും നാം ഉള്‍ക്കൊള്ളുന്നില്ല.

രാത്രിസഞ്ചാരികളായ സ്ത്രീ മോശമാണെന്ന സമൂഹത്തിന്റെ ധാരണയാണ് അടുത്ത പ്രശ്നം. രാത്രി കാലങ്ങളില്‍ ബസ്സില്‍ ഒറ്റയ്ക്ക് സഞ്ചരിച്ചാല്‍ തുറിച്ചുനോട്ടം കൂടുതലാണ്. എന്നാല്‍ പഠനവും ജോലിയുമായി ദൂരയാത്ര നടത്തുന്നവരെ ശല്യം ചെയ്യാറുണ്ടെങ്കിലും മോശമാണെന്ന രീതിയിലുള്ള നോട്ടമുണ്ടാവില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ നേരം തെറ്റിയ നേരത്ത് സഞ്ചരിക്കുന്നത് ശരിയല്ല എന്ന വിശ്വാസം കാലങ്ങളായി രൂപപ്പെട്ടിരിക്കുകയാണ്. എന്തിന് സ്വന്തം മുറിയില്‍ പന്ത്രണ്ടുമണി കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നവര്‍ക്ക് സ്വസ്ഥത കിട്ടുന്നുണ്ടോ?

അങ്ങനെ പാതി ആകാശവും പാതി ഭൂമിയും സ്വന്തമായ നേര്‍പകുതികള്‍ ഞങ്ങള്‍!

സദാചാരപോലീസിങ്ങാണ് ഇന്ന് പകലും രാത്രിയുമെല്ലാം സ്ത്രീകള്‍ക്ക് അന്യമാക്കുന്നത്.ഒന്നിച്ചു യാത്ര ചെയ്യുന്ന സ്ത്രീയും പുരുഷനും ഇന്നും സമൂഹത്തിന്റെ സംശയദൃഷ്ടിയിലാണ്. രാത്രി വാക്കുകളില്‍ പോലും സ്ത്രീയ്ക്ക് അസമയമാണ്. എന്നാല്‍ ശല്യം ചെയ്യുന്ന സദാചാരപോലീസുകാര്‍ ആക്രമിക്കപ്പെടുന്ന ഒരു പെണ്‍കുട്ടിയേയും രക്ഷിച്ച ചരിത്രമില്ല.

അപകടങ്ങളും ജീവഹാനിയും കൂടുതലും പുരുഷന്മാര്‍ക്ക്. വിലക്കുകള്‍ കൂടുതല്‍ സ്ത്രീകള്‍ക്കും. സ്ത്രീയ്ക്കു മാത്രം കല്പിച്ചിരിക്കുന്ന മാനഹാനിയാണ് പ്രധാന പ്രശ്‌നം. ശരീരം മാത്രമല്ല ഞാന്‍ എന്നുറച്ചു പ്രഖ്യാപിക്കുന്ന സ്ത്രീകള്‍ ഉയര്‍ന്നു വരുന്നതോടെ.,ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ പോലും ചങ്കൂറ്റത്തോടെ സമൂഹത്തിനു മുമ്പില്‍ മുന്നേറിയാല്‍, പുതുതലമുറയില്‍ ഈ വിശ്വാസം പടര്‍ന്നാല്‍ സമൂഹവും സ്ത്രീ ശരീരം മാത്രമല്ല എന്ന തിരിച്ചറിവിലെത്തും. അവിടെ മാനവും മാനക്കേടും ചാരിത്ര്യവുമൊക്കെ അപ്രത്യക്ഷമാകും.

ഭരണഘടന അനുശാസിക്കുന്ന സഞ്ചാരസ്വാതന്ത്ര്യം പാതി ജനതയായ സ്ത്രീകള്‍ക്ക് മാത്രം അപ്രാപ്യമാകുന്നതെങ്ങനെ? ഈവനിങ് ക്‌ളാസ്സുകള്‍, വായനശാലകള്‍, സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ മീറ്റിംഗുകള്‍, ബീച്ചുകള്‍, അങ്ങനെയെന്തെല്ലാം ഇവിടെ പെണ്‍കൂട്ടത്തിന് നഷ്ടം.

ഇപ്പോള്‍ പെണ്‍സംഘങ്ങള്‍ പലയിടത്തും യാത്ര പോകാന്‍ തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ ആലപ്പുഴയില്‍ ' മോചിത'യുടെ നേതൃത്തില്‍ 2001ലും 03ലും സ്ത്രീസംഗമം ആഘോഷിച്ചത് മൂന്നു പകലും രാത്രിയും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച് കലാപരിപാടികളില്‍ പങ്കെടുത്തും ആസ്വദിച്ചുമാണ്. അതുപോലെ 2002 മുതല്‍ മൂന്നു വര്‍ഷങ്ങളില്‍ ആലപ്പുഴ എസ്സ്. എല്‍. പുരം ഗാന്ധി സ്മാരക കേന്ദ്രത്തില്‍ നടന്ന 'രാത്രി സ്വന്തമാക്കല്‍'എന്ന മോചിതയുടെ നവവത്സരാഘോഷപരിപാടി. പതിനെട്ടു വയസ്സു മുതല്‍ എഴുതും എഴുപത്തഞ്ചു വയസ്സു വരെയുള്ള സ്ത്രീകള്‍ രാത്രി കൈനിറയെ കണ്ടു. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ചിരാതു കൊളുത്തിയും പുതുവത്സരത്തെ വരവേറ്റു. കലാപരിപാടികളും നാടന്‍ കളികളുമായി കുട്ടികളെപ്പോലെ മണലിലുരുണ്ടും സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ബാല്യകാലം തിരിച്ചു കിട്ടിയ സന്തോഷത്തില്‍....

ഞങ്ങള്‍ നാല്പതോളം പേരടങ്ങിയ സ്വയംസഹായസംഘത്തിന്റെ കന്യാകുമാരിട്രിപ്പ്. ഭക്തിഗാനങ്ങള്‍ വച്ച ക്ലീനറോട് വഴക്കിട്ട് അടിപൊളി പാട്ടു വെച്ച് ഡാന്‍സ് ചെയ്ത് അടിച്ചു തിമിര്‍ത്ത രാത്രി യാത്ര. ഉദയം കണ്ട് കടല്‍ത്തീരത്തും വിവേകാനന്ദപ്പാറയിലുമൊക്കെയലഞ്ഞ് കുട്ടികളെപ്പോലെ ഐസ്‌ക്രീമും മാങ്ങാപുളുമൊക്കെ വഴിനീളെ നടന്നു കഴിച്ച്...

അപ്പോള്‍ ആരുടെയോ കമന്റ്. നമുക്കീവഴി രാമേശ്വരവും മധുരയ്ക്കുമൊക്കെ പോയാലോ? അതെ. പെണ്‍സംഘത്തിന്റെ കൂടിച്ചേരലില്‍ വല്ലാത്തൊരാനന്ദമുണ്ട്. എപ്പോഴും ഉടമസ്ഥന്റെ മുമ്പില്‍ നില്‍ക്കുന്ന അധമബോധം അറിയാതെ ഓരോ സ്ത്രീയുടെയും ഉളളിലുണ്ട്. സ്വന്തം പുരുഷന്റെ മുമ്പില്‍ അവളുടെ നാവിന് ചെയ്തികള്‍ക്ക് കെട്ടുകളുണ്ട്. അവയുടെ സാന്നിദ്ധ്യമില്ലാതെ ആ കെട്ടുകള്‍ പൊട്ടിയുളള ഉന്മാദം ഒന്നു വേറെ തന്നെ.

എന്റെ സ്വപ്നത്തിലെ രാത്രികള്‍ പുരുഷനൊപ്പം പെണ്ണിനും സ്വന്തം. ബീച്ചിലും പാര്‍ക്കിലും സിനിമാശാലകളിലും ഉത്സവങ്ങളിലും പെരുന്നാള്‍ ഇടങ്ങളിലും ഉല്ലാസമായി നടക്കുന്ന സ്ത്രീകള്‍. തട്ടുകടയിലും ഹോട്ടലിലും തെരുവുകളിലുമൊക്കെ സ്വതന്ത്രമായ സ്ത്രീ സാന്നിദ്ധ്യം. കലുങ്കുകളിലും കവലകളിലും വായനശാലകളിലും ആണിനൊപ്പമിരുന്ന് കൂട്ടംകൂടുന്ന പെണ്‍സംഘങ്ങള്‍. ആകാശവും നക്ഷത്രങ്ങളും ഭൂമിയും നിലാവുമൊക്കെ തങ്ങള്‍ക്കു കൂടിയാണെന്നു തിരിച്ചറിയുന്ന സ്ത്രീകളും സമുഹം. അങ്ങനെ പാതി ആകാശവും പാതി ഭൂമിയും സ്വന്തമായ നേര്‍പകുതികള്‍ ഞങ്ങള്‍!

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍
 

Follow Us:
Download App:
  • android
  • ios