Kerala Legislative Assembly Results



LEAD + WON
- Home
- News
- Goa News
- വൺ8 മുതൽ ബാസ്റ്റ്യൻ വരെ; ഗോവയിലെ ഈ 6 സെലിബ്രിറ്റി റെസ്റ്റോറന്റുകൾ ഭക്ഷണപ്രേമികളുടെ പറുദീസയാണ്
വൺ8 മുതൽ ബാസ്റ്റ്യൻ വരെ; ഗോവയിലെ ഈ 6 സെലിബ്രിറ്റി റെസ്റ്റോറന്റുകൾ ഭക്ഷണപ്രേമികളുടെ പറുദീസയാണ്
ഗോവയിലെത്തുന്ന സഞ്ചാരികൾക്ക് ഭക്ഷണത്തിന്റെ പുതിയ ലോകം തുറന്നു കൊടുക്കുകയാണ് പ്രമുഖ താരങ്ങളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകൾ. വിരാട് കോലിയുടെ വൺ8 മുതൽ ശിൽപ ഷെട്ടിയുടെ ബാസ്റ്റ്യൻ വരെയുള്ള ഭക്ഷണശാലകളുടെ വിശേഷങ്ങൾ അറിയാം.

ഗോവയിലെ സെലിബ്രിറ്റി റെസ്റ്റോറന്റുകൾ
ഗോവയ്ക്ക് ഒരു പ്രത്യേക ആകർഷണമുണ്ട്. സാധാരണ ദിവസങ്ങളെ പോലും ആഘോഷമാക്കുന്ന ഒരിടം. അറബിക്കടലിന്റെ സൗന്ദര്യവും ഓരോ വൈകുന്നേരവും സമ്മാനിക്കുന്ന പുതിയ അനുഭവങ്ങളും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. സിനിമാ താരങ്ങളും കായിക താരങ്ങളും അടക്കമുള്ള സെലിബ്രിറ്റികളും ഇതിൽപ്പെടും. അവരിൽ പലരും ഗോവയുടെ വളരുന്ന ഭക്ഷണ സംസ്കാരത്തിൽ മുതൽമുടക്കാനും തീരുമാനിച്ചു. അടുത്ത ഗോവ യാത്രയിൽ നിങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില സെലിബ്രിറ്റി റെസ്റ്റോറന്റുകൾ പരിചയപ്പെടാം.
കോലിയുടെ വൺ8 കമ്യൂൺ
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഫിറ്റ്നസ്, ഫാഷൻ, ഹോട്ടൽ രംഗങ്ങളിലും കോലി ഒരു ബ്രാൻഡാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ റെസ്റ്റോറന്റ് ശൃംഖലയായ വൺ8 കമ്യൂണിന്റെ ഒരു ശാഖ നോർത്ത് ഗോവയിലെ അസഗോവിൽ പ്രവർത്തിക്കുന്നു. പുഴയുടെ മനോഹരമായ കാഴ്ച, മെഡിറ്ററേനിയൻ ശൈലിയിലുള്ള ഇന്റീരിയർ, ഗോവൻ ടച്ചുള്ള അന്താരാഷ്ട്ര വിഭവങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രത്യേകത. ഗ്വാവ പിക്കാന്റെ ഡ്രിങ്ക്, മഷ്റൂം ഗൂഗ്ലി ഡിം സം എന്നിവ ഇവിടുത്തെ സിഗ്നേച്ചർ വിഭവങ്ങളാണ്.
ശിൽപ ഷെട്ടിയുടെ ബാസ്റ്റ്യൻ റിവിയേര
ബോളിവുഡ് താരം ശിൽപ ഷെട്ടി, ഭർത്താവ് രാജ് കുന്ദ്രയുമായി ചേർന്ന് നടത്തുന്ന പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയാണ് ബാസ്റ്റ്യൻ. ഇതിന്റെ ഗോവയിലെ ശാഖയാണ് നോർത്ത് ഗോവയിലെ മോർജിമിലുള്ള ബാസ്റ്റ്യൻ റിവിയേര. കായലോരത്ത് സ്ഥിതി ചെയ്യുന്ന ഈ ലക്ഷ്വറി റെസ്റ്റോറന്റ് ഒരു പ്രീമിയം ബീച്ച് ക്ലബ്ബ് കൂടിയാണ്. ദുബായ്, മൈക്കോനോസ് ശൈലിയിലുള്ള ഇന്റീരിയറും സൂര്യാസ്തമയ കാഴ്ചകളും മികച്ച സീഫുഡും കോക്ക്ടെയിലുകളും ഇവിടുത്തെ ആകർഷണമാണ്.
ഭൂമി പഡ്നേക്കറിന് നിക്ഷേപമുള്ള കിയ
ബോളിവുഡ് താരം എന്നതിലുപരി, സാമൂഹിക-പാരിസ്ഥിതിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ഭൂമി പഡ്നേക്കർ. നോർത്ത് ഗോവയിലെ മോർജിമിലുള്ള കിയ എന്ന മനോഹരമായ റിസോർട്ടിൽ ഭൂമിക്ക് നിക്ഷേപമുണ്ട്. 'സ്ലോ ലിവിങ്' എന്ന ആശയത്തിൽ ഒരുക്കിയ ഇവിടെ വിറകടുപ്പിൽ പാകം ചെയ്ത വിഭവങ്ങളും കടൽവിഭവങ്ങളുമാണ് പ്രധാനം. വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ വിഭവങ്ങൾക്ക് തുല്യ പ്രാധാന്യം നൽകുന്ന മെനുവാണ് ഇവിടെയുള്ളത്.
അമൃത അറോറയുടെ 'ജോളിൻ ബൈ ദ സീ'
ബോളിവുഡ്, ഫാഷൻ ലോകത്തെ പ്രമുഖ സാന്നിധ്യമാണ് അമൃത അറോറ. ഭർത്താവ് ഷക്കീൽ ലഡാക്കിനൊപ്പം ബിസിനസ് രംഗത്തും സജീവമായ അമൃതയുടെ സംരംഭമാണ് നോർത്ത് ഗോവയിലെ അഞ്ജുനയിലുള്ള 'ജോളിൻ ബൈ ദ സീ'. ബൊഹീമിയൻ ശൈലിയിൽ ഒരുക്കിയ ഈ റെസ്റ്റോറന്റിൽ ഫ്രഷ് വെജിറ്റേറിയൻ വിഭവങ്ങൾ മുതൽ സീഫുഡ്, പിസ, പാസ്ത വരെ ലഭ്യമാണ്. സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ പറ്റിയ ഒരിടം കൂടിയാണിത്.
'ദ സാങ്ച്വറി ബാർ & കിച്ചൺ'
ഓസ്‌ട്രേലിയൻ സെലിബ്രിറ്റി ഷെഫായ സാറാ ടോഡ് ആണ് 'ദ സാങ്ച്വറി ബാർ & കിച്ചൺ' എന്ന ഈ റെസ്റ്റോറന്റ് നടത്തുന്നത്. ഗോവയിലെ വഗേറ്ററിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 250 വർഷം പഴക്കമുള്ള കെട്ടിടത്തിൽ, മരങ്ങൾ തണൽ വിരിക്കുന്ന ഒരിടത്താണ് ഈ റെസ്റ്റോറന്റ്. തനി ഗോവൻ വിഭവങ്ങൾ സാറയുടെ തനതായ ശൈലിയിൽ ഇവിടെ ആസ്വദിക്കാം.
ശ്വേതയുടെ ബർഗർ ഫാക്ടറി
ടെലിവിഷൻ-നാടക രംഗത്ത് പ്രശസ്തയായ ശ്വേത സാൽവെ ഒരു സംരംഭക കൂടിയാണ്. നോർത്ത് ഗോവയിലെ അഞ്ജുനയിലുള്ള പ്രശസ്തമായ ബർഗർ ഫാക്ടറിയുടെ സഹ-ഉടമയാണ് ശ്വേത. ഗൂർമെ ബർഗറുകൾക്ക് പേരുകേട്ട ഒരിടമാണിത്. വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ബർഗറുകൾക്കൊപ്പം മിൽക്ക് ഷെയ്ക്കുകളും സാൻഗ്രിയകളും ഇവിടെ ലഭിക്കും. വളരെ ലളിതവും ആകർഷകവുമായ അന്തരീക്ഷമാണ് ഇവിടുത്തേത്.

