Agnipath Protest: അഗ്നിപഥ്; പ്രതിഷേധം തുടരുന്നു, ഇന്നലെ എട്ട് ട്രെയിനുകള്‍ക്ക് തീയിട്ടു, രണ്ട് മരണം
രാജ്യത്തെ ഹസ്വകാല സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് പദ്ധതിക്കെതിരെ (Agnipath Scheme) ഉത്തരേന്ത്യയില്‍ ആരംഭിച്ച പ്രതിഷേധം പത്തോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. തെക്കെയിന്ത്യയിലും പ്രതിഷേധങ്ങള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ബിഹാറിലും തെലുങ്കാനയിലുമായി എട്ടോളം ട്രെയിനുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ഒരു പൊലീസ് സ്റ്റേഷനും അഗ്നിക്കിരയാക്കി. പ്രതിഷേധം 340 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ അറിയിച്ചു. ഇതോടെ സിഎഎ, കര്‍ഷക സമരം തുടങ്ങി കേന്ദ്രസര്‍ക്കാറിനെതിരെ ഒരു പ്രതിപക്ഷേ പാര്‍ട്ടികളുടെയും പിന്തുണ അവകാശപ്പെടാനില്ലാതെ മറ്റൊരു സമരമുഖം കൂടി തുറന്നു. എന്നാല്‍, മുന്‍ പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസം മുമ്പ് ബിഹാറില്‍ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായാണ് മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത്. പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ ഒരു ആത്മഹത്യ അടക്കം മൂന്ന് മരണങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ ധനാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍.
ബിഹാറില്‍ ഇന്നും ബന്ദിന് ആഹ്വാനമുണ്ട്. പദ്ധതിക്കെതിരെ രാജ്യത്ത് ഏറ്റവും ആദ്യവും ശക്തവുമായ പ്രതിഷേധമുയർന്നത് ബിഹാറിലായിരുന്നു. പ്രതിഷേധത്തിന്‍റെ മൂന്നാം നാളായ ഇന്നലെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുന്ന സാഹചര്യമായിരുന്നു. സംസ്ഥാനത്ത് മാത്രം അഞ്ച് ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ബിഹാറില്‍ ഇന്നും പ്രതിഷേധക്കാര്‍ രംഗത്തുണ്ട്. ഇന്ന് അനിഷ്ടസംഭവങ്ങള്‍ കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിഹാറിലെ മഥേപുരിയല്‍ ബിജെപി ഓഫീസിന് അഗ്നിപഥ് പ്രതിഷേധക്കാർ തീയിട്ടു. ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെയും വീടിന് നേരെയും ആക്രമണം ഉണ്ടായി. നിരവധി സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി. ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. അതിനിടെ ഒഡീഷയിൽ റിക്രൂട്ട്മെൻറ് പ്രതീക്ഷിച്ചിരുന്ന ഒരു ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു.
തെലുങ്കാനയിലെ സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യുവാക്കളുടെ പ്രതിഷേധം അനിഷ്ട സംഭവങ്ങൾക്കും വെടിവെപ്പിനും ഇടയാക്കി. പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. മരിച്ച ഡി രാകേഷ്, സേനയിലേക്കുള്ള പരീക്ഷയെഴുതി മത്സരപരീക്ഷയ്ക്കായി കാത്തിരിക്കുകയാണെന്ന് പൊലീസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സെക്കന്തരാബാദ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ട്രെയിനുകള്‍ക്കും പ്രതിഷേധക്കാര്‍ തീവച്ചു.
ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, രാജ്കോട്ട് എക്സ്പ്രസ്, അജന്ത എക്സ്പ്രസിനുമാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. രാജ്കോട്ട് എക്സപ്രസിന്‍റെ A1 കോച്ചിലുണ്ടായിരുന്ന 40 യാത്രക്കാര്‍ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഹൈദരാബാദ് റെയില്‍വേസ്റ്റേഷന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. ബസുകള്‍ക്കും ട്രെയിനുകള്‍ക്കും നേരെയും കല്ലേറുണ്ടായി. സെക്കന്തരാബാദ് പ്രതിഷേധം ആസൂത്രിതമെന്ന് ഇതിനിടെ റെയില്‍വേ റിപ്പോര്‍ട്ട് പുറത്ത് വന്നു. 20 കോടിയുടെ നഷ്ടമാണ് സെക്കന്തരാബാദിലുണ്ടായതെന്ന് റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടികയുടേയോ സംഘടനകളുടെയോ പിന്‍ബലമില്ലാതെ യുവാക്കള്‍ സ്വയം സംഘടിച്ച് എത്തിയാണ് പ്രതിഷേധിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് സേനാ റിക്രൂട്ട്മെന്‍റുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിലച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് പ്രായപരിധി കുറച്ചും ഹസ്വകാലത്തേക്കുമായി പുതിയ റിക്രൂട്ട്മെന്‍റ് പദ്ധതി സൈന്യം പ്രഖ്യാപിച്ചത്. ഇതോടെ തങ്ങളുടെ അവസരം നഷ്ടമാകുമെന്ന തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കയില്‍ നിന്നാണ് പ്രക്ഷോഭങ്ങളുടെ തുടക്കം.
അഗ്നിപഥ് പ്രതിഷേധം 340 ട്രെയിൻ സർവീസുകളെ ബാധിച്ചതായി ഇന്ത്യന്‍ റെയിൽവേ അറിയിച്ചു. 94 മെയിൽ എക്സ്പ്രസും 140 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 65 മെയിൽ എക്സ്പ്രസും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി. 11 മെയിൽ എക്സ്പ്രസുകൾ വഴി തിരിച്ചു വിട്ടു. ബിഹാറില്‍ അഞ്ചും സെക്കന്തരാബാദില്‍ മൂന്നും ട്രെയിനുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്.
ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണ ഇയാൾ ചികിത്സയിലിരിക്കവേയാണ് മരിച്ചത്. ബിഹാറില്‍ മാത്രം അഞ്ച് ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. പലയിടങ്ങളിലും റെയില്‍വേ സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. ടയറുകള്‍ കത്തിച്ച് പാളത്തില്‍ ഇട്ടതോടെ പലയിടത്തും നിരവധി ഇടങ്ങളില്‍ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ജട്ടാരിയ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ബിഹാറിനും യുപിക്കും പുറമെ മധ്യപ്രദേശിലും ഹരിയാനയിലും പശ്ചിമബംഗാളിലെ വിവിധയിടങ്ങളിലും ഇന്നലെ പ്രതിഷേധം ശക്തമായിരുന്നു.
സംഘര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ബിഹാര്‍, ഹരിയാന, യുപി, സംസ്ഥാനങ്ങളില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയുട്ടുണ്ട്. യുപി, ബിഹാര്‍, തെലുങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ്, മെസേജ് സേവനങ്ങള്‍ റദ്ദാക്കി. വലിയ പ്രതിഷേധങ്ങൾ മുന്നിൽ കണ്ട് കൂടുതൽ പൊലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.
ബിഹാറിൽ ഇതുവരെ 507 പേർ അറസ്റ്റിലായെന്ന് പൊലീസ് പറഞ്ഞു. ഏഴുപതിലേറെ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്നലെ പ്രതിപക്ഷ പാർട്ടികൾ ബിഹാർ ബന്ദ് നടത്തി. പാറ്റ്ന ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകൾക്ക് സുരക്ഷ കൂട്ടി. തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു.
അഗ്നിപഥിനെതിരായ പ്രതിഷേധം രൂക്ഷമായ ഹരിയാനയിലെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി. പൽവാളിലും , ഗുഡ്ഗാവിലും, ഫരീദാബാദിലും നിരോധനാജ്ഞ നിലനിൽക്കുന്നത്.
രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലേക്ക് അഗ്നിപഥ് പ്രതിഷേധാഗ്നി കത്തുമ്പോഴും പദ്ധതിയുമായി മുന്നോട്ടെന്ന പ്രഖ്യാപനമാണ് കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് ദിവസത്തിനുള്ളിൽ അഗ്നിപഥ് പദ്ധതിയിൽ റിക്രൂട്ട്മെന്‍റിനുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്ന് കരസേന മേധാവി ജനറൽ പാണ്ഡെ വ്യക്തമാക്കി. ഈ വർഷം ഡിസംബറോടെ പരിശീലനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
2023 പകുതിയോടെ ഇവർ സേനയിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതി ഇന്ത്യയിലെ യുവാക്കൾക്ക് വലിയ അവസരമാണെന്നായിരുന്നു വിദേശകാര്യ മന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി അഗ്നിവീർ അംഗങ്ങളുടെ പ്രായപരിധി ഉയർത്തിയതോടെ കൊവിഡ് മഹാമാരിയിൽ ഇനി ഈ സ്വപ്നം യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ പലർക്കും സൈന്യത്തിന്‍റെ ഭാഗമാകാമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. മന്ത്രി രാജ്‍നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍, സേനയിലേക്കുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് പ്രഖ്യാപിച്ചു. പുതിയ റിക്രൂട്ട്മെന്‍റുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 21 ആയിരുന്നു. രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്‍റില്ലാതിരുന്നു എന്ന കാരണത്താല്‍ പ്രായപരിധി 23 ആക്കി ഉയര്‍ത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം മാത്രമാണ് ഈ ഇളവ് ഉണ്ടായിരിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.
അഗ്നിപഥ് പ്രതിഷേധം ബിഹാർ വിദ്യാർത്ഥി പ്രക്ഷോഭത്തിന്‍റെ തന്നിയാവർത്തനമെന്ന് സി പി എം എൽ ലിബറേഷൻ സംസ്ഥാന സെക്രട്ടറി കുണാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രം യുവാക്കളെ വഞ്ചിക്കുകയാണെന്നും അവരുടെ ആത്മരോക്ഷമാണ് തെരുവിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ സമരത്തിന് ബിഹാറിലെ പ്രതിപക്ഷത്തിന്‍റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.