പാരമ്പര്യമായി സ്ട്രോക്ക് സാധ്യതയുള്ള ഒരാൾക്ക് കൃത്യമായ ജീവിതശൈലീ നിയന്ത്രണങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും രോഗത്തെ അകറ്റിനിർത്താൻ സാധിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു. ജീനുകൾ അപകടസാധ്യതക്ക് വഴിവെക്കുമെങ്കിലും നമ്മൾ തിരഞ്ഞെടുക്കുന്ന ജീവിതശൈലിയാണ് അന്തിമ ഫലം നിർണ്ണയിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.
കുടുംബത്തിൽ മാതാപിതാക്കൾക്കോ രക്തബന്ധമുള്ള ബന്ധുക്കൾക്കോ സ്ട്രോക്ക് (പക്ഷാഘാതം) വന്ന ചരിത്രമുണ്ടെങ്കിൽ "എനിക്കും ഭാവിയിൽ സ്ട്രോക്ക് വരാൻ സാധ്യതയുണ്ടോ?" എന്ന ഭയം പലരിലും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യതയിൽ പങ്കുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ കുടുംബപശ്ചാത്തലം കൊണ്ട് ഒരാൾക്ക് തീർച്ചയായും രോഗം വരണമെന്നില്ല, കൃത്യമായ മുൻകരുതലുകളിലൂടെ ആ സാധ്യതയെ ചെറുക്കാൻ സാധിക്കും.
പാരമ്പര്യമായി സ്ട്രോക്ക് സാധ്യതയുള്ള ഒരാൾക്ക് കൃത്യമായ ജീവിതശൈലീ നിയന്ത്രണങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും രോഗത്തെ അകറ്റിനിർത്താൻ സാധിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു. ജീനുകൾ അപകടസാധ്യതക്ക് വഴിവെക്കുമെങ്കിലും നമ്മൾ തിരഞ്ഞെടുക്കുന്ന ജീവിതശൈലിയാണ് അന്തിമ ഫലം നിർണ്ണയിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.
പാരമ്പര്യവും സ്ട്രോക്കും തമ്മിലുള്ള ബന്ധമെന്ത്?
കുടുംബപശ്ചാത്തലം രണ്ട് രീതിയിലാണ് സ്ട്രോക്ക് സാധ്യത ഒരാളിലേക്ക് നയിക്കുന്നത്:
> നേരിട്ടുള്ള ജനിതക രോഗങ്ങൾ: രക്തം എളുപ്പത്തിൽ കട്ടപിടിക്കുന്ന അപൂർവ്വ രോഗങ്ങൾ, നാഡീവ്യൂഹങ്ങളെയും രക്തധമനികളെയും ബാധിക്കുന്ന സി.എ.ഡി.എ.എസ്.ഐ.ൽ പോലുള്ള അപൂർവ്വ ജനിതക അവസ്ഥകൾ. ഇവ സാധാരണയായി വളരെ കുറഞ്ഞ ശതമാനം ആളുകളിലാണ് കാണപ്പെടുന്നത്.
> പാരമ്പര്യമായി ലഭിക്കുന്ന സാധ്യതാരോഗങ്ങൾ: ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഹൃദയ രോഗങ്ങൾ എന്നിവ കുടുംബങ്ങളിൽ തലമുറകളായി കണ്ടുവരാറുണ്ട്. ഈ രോഗങ്ങളാണ് യഥാർത്ഥത്തിൽ സ്ട്രോക്കിലേക്ക് നയിക്കുന്നത്.
ജനിതക സാധ്യതകളെ മറികടക്കാൻ 5 പ്രധാന വഴികൾ
കുടുംബത്തിൽ സ്ട്രോക്ക് പശ്ചാത്തലമുള്ളവർ താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്:
> രക്തസമ്മർദ്ദം കൃത്യമായി നിയന്ത്രിക്കുക: സ്ട്രോക്കിന്റെ ഏറ്റവും വലിയ ശത്രുവാണ് ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ). കുടുംബചരിത്രമുള്ളവർ 20-25 വയസ്സ് മുതൽ കൃത്യമായ ഇടവേളകളിൽ ബി.പി പരിശോധിക്കണം. ബി.പി ഉയർന്നതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായി മരുന്ന് കഴിച്ച് അത് നിയന്ത്രണവിധേയമാക്കുക.
> ഹൃദയാരോഗ്യവും പ്രമേഹവും നിരീക്ഷിക്കുക: പ്രമേഹവും കൊളസ്ട്രോളും രക്തധമനികളിൽ തടസ്സമുണ്ടാക്കാൻ ഇടയാക്കുന്നു. ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, എച്ച്.ബി.എ1സി (HbA1c), ലിപ്പിഡ് പ്രൊഫൈൽ എന്നിവ കൃത്യമായി പരിശോധിക്കുക.
> പുകവലിയും മദ്യപാനവും പൂർണ്ണമായി ഉപേക്ഷിക്കുക: ജനിതകമായി സ്ട്രോക്ക് സാധ്യതയുള്ള ഒരാൾ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുമ്പോൾ രോഗസാധ്യത അഞ്ചിരട്ടിയായി വർദ്ധിക്കുന്നു. പുകവലി രക്തധമനികളെ ദൃഢമാക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
> ഭക്ഷണരീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തുക: ഉപ്പ്, എണ്ണ, മൈദ, കൃത്രിമ മധുരം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ധാരാളം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, നാരുകൾ അടങ്ങിയ ധാന്യങ്ങൾ, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
> വ്യായാമവും ശരിയായ ഉറക്കവും: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും നടക്കാനോ വ്യായാമം ചെയ്യാനോ സമയം കണ്ടെത്തുക. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുന്നത് രക്തസമ്മർദ്ദം സന്തുലിതമായി നിർത്താൻ സഹായിക്കും.
അപായസൂചനകൾ തിരിച്ചറിയുക
പാരമ്പര്യമായി സാധ്യതയുള്ളവർ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ ഓർക്കുക:
> (B - Balance) തുലനാവസ്ഥ നഷ്ടപ്പെടുക : പെട്ടെന്നുണ്ടാകുന്ന ശാരീരിക തുലനാവസ്ഥ നഷ്ടപ്പെടൽ.
> (E - Eyes) കാഴ്ചയിലെ വ്യതിയാനം: കാഴ്ച മങ്ങുകയോ രണ്ടായി കാണപ്പെടുകയോ ചെയ്യുക.
> (F - Face) മുഖം കോടുന്ന അവസ്ഥ: മുഖം ഒരുവശത്തേക്ക് കോടിപ്പോകുക.
> (A - Arms) കൈകൾക്ക് തളർച്ച അനുഭവപ്പെടുക: കൈ ഉയർത്താൻ സാധിക്കാതെ തളർന്നു വീഴുക.
> (S - Speech) സംസാരശേഷി: സംസാരിക്കുമ്പോൾ വാക്കുകൾ കുഴഞ്ഞുപോവുകയോ വിക്കുകയോ ചെയ്യുക.
> (T - Time) സമയം പ്രധാനം: മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ കണ്ടാൽ അല്പം പോലും സമയം പാഴാക്കാതെ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുക.
ശ്രദ്ധിക്കുക: ലക്ഷണങ്ങൾ കണ്ട് 3 മുതൽ 4.5 മണിക്കൂറിനുള്ളിൽ രോഗിയെ സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലെത്തിച്ചാൽ വലിയ വൈകല്യങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കാൻ സാധിക്കും.
നിങ്ങളുടെ കുടുംബപശ്ചാത്തലം ഒരു മുന്നറിയിപ്പ് മാത്രമാണ് അല്ലാതെ മാറ്റാനാവാത്ത വിധിയല്ല. സ്ട്രോക്ക് സാധ്യതയുണ്ടെന്ന് അറിയുന്നത് ഒരു അനുഗ്രഹമായി കാണുക. കാരണം, ജാഗ്രത പുലർത്താനും ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാനും നിങ്ങൾക്ക് സാധിക്കും. ശരിയായ ജീവിതശൈലിയും ആനുകാലിക വൈദ്യപരിശോധനകളും മുഖേന പാരമ്പര്യത്തെ മറികടന്ന് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ നിങ്ങൾക്ക് സാധിക്കും.
ലേഖനം തയ്യാറാക്കിയത്:
ഡോ. ശ്രീജിത്ത് പീഡിയക്കൽ
സീനിയർ കൺസൾട്ടന്റ് & ന്യൂറോളജി വിഭാഗം എച്.ഒ.ഡി
ആസ്റ്റർ മിംസ് കണ്ണൂർ






