മകൾക്കും കൊച്ചുമകനും ഒപ്പം ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് അപകടത്തിൽപ്പെട്ട് വനിതയ്ക്ക് പരിക്കേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്നതിന് പിന്നാലെ ആദ്യം കൊച്ചുമകനും മകളും ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങി.
ഹൈദരാബാദ്: അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ സ്ത്രീ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ വനിത(50)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാസം ജില്ലയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തിൽ വനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
മകൾക്കും കൊച്ചുമകനും ഒപ്പം ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ലിഫ്റ്റ് അപകടത്തിൽപ്പെട്ട് വനിതയ്ക്ക് പരിക്കേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്നതിന് പിന്നാലെ ആദ്യം കൊച്ചുമകനും മകളും ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങി. തൊട്ടുപിന്നാലെ വനിതയും ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ വാതിൽ തുറന്നനിലയിൽ ലിഫ്റ്റ് അപ്രതീക്ഷിതമായി താഴേക്ക് പോവുകയും പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്ന വനിത കെട്ടിടത്തിനും ലിഫ്റ്റിനും ഇടയിൽ കുടുങ്ങിപ്പോവുകയുമായിരുന്നു. അമ്മയെ രക്ഷിക്കാനായി മകൾ ഉറക്കെ കരയുന്നതും പിന്നീട് കെട്ടിടത്തിലെ മറ്റുള്ളവർ ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പിന്നീട് വനിതയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റിന്റെ അറ്റകുറ്റപണിയും സുരക്ഷാപരിശോധനകളും കൃത്യമായി നടത്തിയിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.


