Asianet News MalayalamAsianet News Malayalam

തറവാടി നായരും സുകുമാരൻ നായരും, പഴയിടം പിന്മാറുന്നു, വിണ്ടുകീറുന്ന ജോഷിമഠ്, ഭക്ഷ്യവിഷബാധ -ഇന്നത്തെ 10 വാർത്ത

കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞും ശശി തരൂരിനെ പുകഴ്ത്തിയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ് പത്രത്തിന് നല്‍കിയ അഭിമുഖം ഏറെ ചർച്ചയായി. ശശി തരൂർ തറവാടി നായരാണെന്നും പ്രധാനമന്ത്രി ആകാന്‍ യോഗ്യതയുള്ളയാളാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Sunday top ten news in Kerala
Author
First Published Jan 8, 2023, 7:46 PM IST

സുകുമാരന്‍ നായരുടെ തറവാടി നായര്‍ പ്രയോഗം; വിവാദം, ചര്‍ച്ച

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ശശി തരൂരിനെ തറവാടി നായർ എന്ന് വിശേഷിപ്പിച്ചതാണ് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത സംഭവം. കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞും ശശി തരൂരിനെ പുകഴ്ത്തിയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ് പത്രത്തിന് നല്‍കിയ അഭിമുഖം ഏറെ ചർച്ചയായി. ശശി തരൂർ തറവാടി നായരാണെന്നും പ്രധാനമന്ത്രി ആകാന്‍ യോഗ്യതയുള്ളയാളാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഡൽഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചത്. തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ട്. തരൂര്‍ ഉള്ളത് കൊണ്ട് ചിലര്‍ക്ക് പെരുന്നയില്‍ വരാന്‍ ആഗ്രഹം ഇല്ലായിരിന്നു. അത് അവരുടെ അല്‍പ്പത്തരം ആണ്. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ട് കൂടാ എന്നത് മന്നത്തിന്‍റെ കാലം മുതല്‍ കേട്ടിട്ടുണ്ട്ട- സുകുമാരന്‍ നായര്‍ പറഞ്ഞു. 

കലോത്സവ ഊട്ടുപുരയില്‍ ഇനിയുണ്ടാകില്ലെന്ന് പഴയിടം

സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ  ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്നും  കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

വിണ്ടുകീറി ജോഷിമഠ്, സ്ഥിതിഗതികള്‍ വിലയിരുത്തി മോദി

ഭൂമി ഇടിഞ്ഞു താഴുന്നത് വ്യാപകമായ ഉത്തരാഖണ്ഡിലെ ജോഷിമഠാണ് ഇന്ന് ദേശീയമാധ്യമങ്ങളിലെ പ്രധാന തലക്കെട്ട്. പ്രദേശത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പ്രശ്ന പരിഹാരത്തിന് അടിയന്തര നിർദ്ദേശം നൽകി. പ്രദേശത്തെ കുടുംബങ്ങളുടെ  പുനരധിവാസ ക്രമീകരണങ്ങളും സുരക്ഷാ നടപടിക്രമങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. 
ഭൂമി ഇടിഞ്ഞു താഴുന്നത് വ്യാപകമായ പശ്ചാത്തലത്തിൽ വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ച് ചേ‍ര്‍ത്തു.  ജോഷിമഠിൽ കെട്ടിടങ്ങൾ തകർന്നു വീഴുകയും, ഭൂമിക്കടിയിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിർമഠിലും കെട്ടിടങ്ങളിൽ വിള്ളൽ കണ്ടു തുടങ്ങി. ജ്യോതിർമഠിൽ ശങ്കരാചാര്യ മഠത്തിൽ ചുവരിൽ വിള്ളൽ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിടട്ട് പ്രശ്നത്തിൽ ഇടപെടുന്നത്. ഇന്ന് വൈകീട്ട് പരിസ്ഥിതി വിദഗ്ധരും, ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി പ്രധാനമന്ത്രി യോഗം ചേരും. ജനരോഷം ശക്തമായത് തിരിച്ചറിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ തന്നെ സമിതിയെ നിയോഗിച്ചിരുന്നു.  

അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധ തന്നെയോ, സംശയമുണര്‍ത്തി പരിശോധനാഫലം

കഴിഞ്ഞ ദിവസങ്ങളിലായി ഭക്ഷ്യവിഷബാധയാണ് കേരളത്തിലെ പ്രധാന വാർത്തകളിലൊന്ന്. ഇന്ന് പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച വിദ്യാർഥികളും അധ്യാപികയും ആശുപത്രിയിലായി. ഇടുക്കിയിൽ വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ മദ്യം കഴിച്ച മൂന്ന് പേരും ചികിത്സയിലായി. അതേസമയം, കാസർകോട് ഭക്ഷ്യവിഷ ബാധയേറ്റ് പത്തൊൻപതുകാരിയായ പെൺകുട്ടി മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. പെൺകുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തു വന്നു. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. 

യൂത്ത് കോൺഗ്രസ് യോഗത്തിൽ ഷാഫി പറമ്പിലിനെതിരെ നിർത്തിപ്പൊരിച്ച് അം​ഗങ്ങൾ 

ഏറെ നാളുകൾക്ക് ശേഷം ചേ‍ര്‍ന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം. സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചര്‍ച്ചകളിലാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. കേന്ദ്ര, സംസ്ഥാന സ‍ര്‍ക്കാരുകൾക്കെതിരെ പ്രധാന ആരോപണങ്ങളുയര്‍ന്ന ഘട്ടത്തിൽ പോലും സംഘടന നിർജീവമാണെന്നും വിമർശനമുയർന്നു. എ, ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായാണ് ഷാഫിക്കെതിരെ രം​ഗത്തെത്തിയ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായ മാറ്റങ്ങൾ യൂത്ത് കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെസുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫി പറമ്പിലും യോഗത്തിലുന്നയിച്ചു. എന്നാലിതിനെ സുധാകരൻ അനുകൂലികൾ പ്രതിരോധിച്ചു. യൂത്ത് കോൺഗ്രസിന്റെ നിലവിലെ  നേതൃത്വത്തിന്റെ  പോരായ്മ കൊണ്ടാണ് പാർട്ടിക്ക്‌ ഇടപെടേണ്ടി വരുന്നതെന്ന് ഷാഫിക്ക് റിജിൽ മാക്കുറ്റി മറുപടി നൽകി. എന്നാൽ, കമ്മിറ്റിയിൽ തനിക്കെതിരെ വിമർശനമുണ്ടായില്ലെന്ന് ഷാഫി വ്യക്തമാക്കി. 


തണുത്ത് വിറച്ച് ദില്ലി, ഇന്നത്തെ താപനില1.9 ഡിഗ്രി സെൽഷ്യസ്

ഉത്തരേന്ത്യയിൽ കൊടും ശൈത്യം തുടരുകയാണ്. പല സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തു. ഗതാഗത സംവിധാനങ്ങൾ താളം തെറ്റി. വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. ദില്ലിയിലെ തെരുവിൽ കഴിയുന്നവരെ താല‍്‍കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി. രണ്ട് ദിവസം കൂടി ശൈത്യ തരംഗം തുടരും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. ശൈത്യം തുടരുമ്പോൾ ജീവിതം മുന്നോട്ട്കൊണ്ടുപോകാൻ പാടുപെടുന്ന സാധാരണക്കാരെയാണ് എല്ലായിടത്തും കാണുന്നത്. കാഴ്ചാ പരിധി 25 മീറ്റർ വരെയായി ഇന്നും ചുരുങ്ങി. ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ്. മൂന്ന് ഡിഗ്രിക്കും താഴെയാണ് പല മേഖലകളിലും കൂടിയ താപനില. 

ബഫര്‍ സോണ്‍; പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കേണ്ടെന്ന്  മന്ത്രി എ കെ ശശീന്ദ്രന്‍

ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുളള സമയം നീട്ടി നല്‍കേണ്ട ആവശ്യമില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പരാതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനായി കേരളം ശ്രമം തുടരുകയാണെന്നും എ കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറ‍ഞ്ഞു. 

ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുളള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ സര്‍ക്കാരിന് മുന്നിലെത്തിയത് 63500 പരാതികളാണ്. ഇതില്‍ 24528 പരാതികള്‍ തീര്‍പ്പാക്കി. മറ്റുളളവ പരിശോധിച്ച് തീര്‍പ്പാക്കുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല. നാളെ ചേരുന്ന വിദഗ്ധ സമിതി ഇതുവരെയുളള നടപടികളുടെ പുരോഗതി വിലയിരുത്തും. ഒരു വട്ടം സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഇനിയും പരാതി നല്‍കുന്നതിന് സമയം നല്‍കേണ്ടതില്ല. ഇതുവരെ കിട്ടിയ പരാതികള്‍ പലതും അനാവശ്യ പരാതികളെന്നും പരിശോധനയില്‍ ബോധ്യമായി. സമയപരിധി നീട്ടി നല്‍കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും എ കെ ശശീന്ദ്രന്‍ പറ‍ഞ്ഞു. 

സ്കൂള്‍ കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി റിയാസ്

വിവാദത്തിലായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണമെന്നും സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും  മന്ത്രി പറഞ്ഞു. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ  മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.   

നാല് വർഷ ബിരുദ കോഴ്‌സുകൾ തുടങ്ങുന്നതിന് മുമ്പ് പാഠ്യപദ്ധതിക്ക് അടിമുടി മാറ്റം

സംസ്ഥാനത്ത് പാഠ്യപദ്ധതി പുന:സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസാണ് അധ്യക്ഷൻ. ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര പരിഷ്‌കരണങ്ങൾക്കു ശുപാർശ ചെയ്യുന്ന പ്രൊഫ. ശ്യാം ബി മേനോൻ കമ്മീഷന്റെ നിർദേശങ്ങൾക്കനുസൃതമായാണ് പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് കമ്മിറ്റി രൂപീകരിച്ചത്. നാലു വർഷ ബിരുദ കോഴ്‌സുകൾ തുടങ്ങാൻ സർക്കാർ തലത്തിൽ തീരുമാനമായ സാഹചര്യത്തിലാണ് മോഡൽ കരിക്കുലം രൂപീകരണ കമ്മിറ്റി പ്രവർത്തനമാരംഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കമ്മിറ്റി തയ്യാറാക്കുന്ന മാതൃകാ കരിക്കുലം സർവ്വകലാശാലതലത്തിൽ സമഗ്ര ചർച്ചകൾ നടത്തി നടപ്പിലാക്കും. തുടർന്ന് സിലബസ് പരിഷ്‌കരണവും നടക്കും. ആവശ്യമെങ്കിൽ ഭേദഗതികളോടെ അഫിലിയേറ്റഡ് സർവകലാശാലകളിൽ കരിക്കുലം പുനസംഘടന നടപ്പിലാക്കാനാണ് തീരുമാനം.

കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു, എയർ ഇന്ത്യയിലെ മദ്യപൻ്റെ അതിക്രമത്തിൽ ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാൻ

എയർഇന്ത്യ വിമാനത്തിൽ മദ്യപിച്ചയാൾ വൃദ്ധയ്ക്ക് നേരെ നടത്തിയ അതിക്രമത്തിൽ ഖേദം പ്രകടിപ്പിച്ച് കമ്പനി ഉടമകളായ ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനാണ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ടാറ്റാ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. സംഭവം വ്യക്തിപരമായി ഏറെ വേദനിപ്പിച്ചെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായില്ലെന്നും ചന്ദ്രശേഖരൻ സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ടാറ്റാ ഗ്രൂപ്പ് മേധാവി പ്രസ്താവനയിലൂടെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios