പകരം പ്രിയങ്കയോ?, മാപ്പില്ല, പോരാട്ടമെന്ന് രാഹുൽ, പരീക്ഷയിലും മെസിയെ എഴുതാത്ത നെയ്മര്‍ ആരാധിക -10 വാര്‍ത്ത

1- വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും ? അന്തിമ തീരുമാനം കോടതി നടപടികൾക്ക് ശേഷം

രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ കോടതി നടപടി നിരീക്ഷിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.

2- 'മാപ്പ് പറയാൻ ഞാൻ സ‍വര്‍ക്കറല്ല, പോരാട്ടം അവസാനിക്കില്ല, മോദി-അദാനി ബന്ധമെന്ത്'? രാഹുൽ ഗാന്ധി

രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താൻ പോരാടുന്നതെന്നും രാഹുൽ ആവ‍ര്‍ത്തിച്ചു.

3- 'ഒരു ശബ്ദം ഇല്ലാതാക്കാൻ അവർ ശ്രമിച്ചു; ഇപ്പോൾ ലോകത്തെല്ലായിടത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു'; ശശി തരൂര്‍

രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയുടെ വിദേശ മാധ്യമ റിപ്പോർട്ടുകൾ പങ്കുവെച്ച് ശശി തരൂർ. 'ഒരു ശബ്ദം ഇല്ലാതാക്കാൻ അവര്‍ ശ്രമിച്ചു. എന്നാൽ ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു' വെന്ന് തരൂർ ട്വീറ്റ് ചെയ്തു.

4- സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കോർപ്പറേഷൻ അറിയാതെ; ഉടൻ നടപടി സാധ്യമല്ലെന്ന് കൊച്ചി മേയർ; പ്രതിപക്ഷം ബഹളം

ബ്രഹ്മപുരം ബയോമൈനിംഗിൽ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ അറിയാതെയാണെന്നും, എന്നാൽ ഇതിൽ ഉടൻ നടപടിയെടുക്കാൻ കഴിയില്ലെന്നും മേയർ എം.അനിൽകുമാർ. ബയോമൈനിംഗിൽ ഉപകരാർ എടുത്ത കൊച്ചി സ്വദേശി വെങ്കിട്ട് ഒരു ബിൽ പാസാകാനായി തന്നെ വന്ന് കണ്ടുവെന്നും മേയർ സമ്മതിച്ചു.

5- 'ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രം, രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാട്': സതീശൻ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി.

6- 'ജനാധിപത്യത്തെ അട്ടിമറിക്കുന്നു, 2024 ന് മുൻപ് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമം': യെച്ചൂരി

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയെന്നാണ് രാഹുലിന്റെ അയോഗ്യതയോട് യെച്ചൂരിയുടെ പ്രതികരണം.

7- രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം; ചണ്ഡി​ഗഡിൽ ട്രെയിൻ തടഞ്ഞ് യൂത്ത് കോൺ​ഗ്രസ്

രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിയിൽ ചണ്ഡി​ഗഡിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധം. യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ന്യൂഡൽഹി ചണ്ഡി​ഗഡ് ശതാബ്ദി ട്രെയിനാണ് തടഞ്ഞത്.

8- രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലെ പ്രതിഷേധം: 340 -ലേറെ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ക്കെതിരെ കേസ്

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് 40 പേർക്കും കോഴിക്കോട് 300 പേർക്കുമെതിരെയാണ് കേസെടുത്തത്.

9- 'മെസ്സിയെക്കുറിച്ച് എഴുതൂല, എന്തായാലും അഭിമാനം വിട്ട് ഒരു കളിയുമില്ല'; നെയ്മറിന്റെ കുഞ്ഞ് ആരാധിക ഇവിടെയുണ്ട്

'ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻസ് ആണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസിയെ ഇഷ്ടമല്ല,'. മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്‌കൂളിലെ ചോദ്യപേപ്പറാണ് പ്രചരിക്കുന്നത്.റിസ ഫാത്തിമ പി.വിയാണ് ഇങ്ങനെയൊരു ഉത്തരം നൽകിയിരിക്കുന്നത്. പരീക്ഷയായയാലും അർജൻറീനയിലെ മെസ്സിയെ കുറച്ച് എഴുതാൻ പറഞ്ഞപ്പോൾ അൽപ്പം ദേഷ്യം വന്നാൽ കുറ്റം പറയാൻ പറ്റില്ലല്ലോ. സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു

10- 'തിരുമ്പി വന്തിട്ടേന്ന് സൊല്ല്..'; ബിബി 5ന് ഇനി ഒരുനാൾ കൂടി, കാത്തുവച്ച സസ്പെൻസുകൾ എന്തൊക്കെ ?

മലയാളം ബിഗ് ബോസ് അഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ കേരളക്കരയിൽ. എന്തൊക്കെ ർപ്രൈസുകളായിരിക്കും ആരാധകർക്കായി ഇത്തവണ ബിബി ഹൗസ് കാത്തുവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.ഇനി ഒരു ദിവസം മാത്രമാണ് ബിഗ് ബോസ് സീസൺ 5 തുടങ്ങാൻ ബാക്കിയുള്ളത്. ആരൊക്കെയാകും മത്സാർത്ഥികൾ എന്ന അവസാനവട്ട ചർച്ചകൾ സോഷ്യൽ മീഡിയകളിൽ തകൃതിയായി തന്നെ നടക്കുന്നുണ്ട്.