മാവേലിക്കരയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റതിലുള്ള വൈരാഗ്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപി മുൻ അംഗത്തെ വീടുകയറി ആക്രമിച്ചതായി പരാതി. സ്ഥാനാർത്ഥിയായിരുന്ന ശ്രീനാഥ്, മുൻ മെമ്പർ രമണി ഉണ്ണികൃഷ്ണനെയും ബന്ധുവിനെയും മർദിക്കുകയായിരുന്നു.

മാവേലിക്കര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യത്തിൽ ബിജെപി മുന്‍ അംഗത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീടുകയറി ആക്രമിച്ചതായി പരാതി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പുത്തന്‍കുളങ്ങര ഡിവിഷനില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ വൈരാഗ്യത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ശ്രീനാഥ് ആണ് ആക്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. തെക്കേക്കര 18–ാം വാര്‍ഡ് മുന്‍ മെമ്പര്‍ ലക്ഷ്മിപുരം വീട്ടില്‍ രമണി ഉണ്ണിക്കൃഷ്ണനെയും ബന്ധു അനില്‍കുമാറിനെയുമാണ് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.

മദ്യപിച്ചെത്തിയ ശ്രീനാഥ് വീടിന്റെ ജനാല ചില്ലുകള്‍ അടിച്ചു തകര്‍ത്തശേഷം രമണിയെ മര്‍ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ അനില്‍ കുമാറിനെയും മര്‍ദിച്ചു. പരിക്കേറ്റ ഇരുവരും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. പരാതിയെത്തുടര്‍ന്ന് പൊലീസ് ശ്രീനാഥിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കല്‍നിന്ന് എയര്‍ഗണ്‍ പിടിച്ചെടുത്തതായി മാവേലിക്കര എസ്എച്ച്ഒ ശ്രീജിത്ത് പറഞ്ഞു. നേരത്തെ സിപിഐ(എം) നേതാവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ശ്രീനാഥ് പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. രമണി ഉണ്ണികൃഷ്ണനെയും അനിൽകുമാറിനെയും ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആശുപത്രിയിലെത്തി സന്ദർശിച്ചു.