കുഴിയിൽ വീഴാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്കിട്ടതോടെ ബൈപാസ് മേൽപാലത്തിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചു
ആലപ്പുഴ: കുഴിയിൽ വീഴാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്കിട്ടതോടെ ബൈപാസ് മേൽപാലത്തിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 9.45ന് മാളികമുക്ക് ഭാഗത്തായിരുന്നു അപകടം. മൂന്നുകാറും ടെംപോ ട്രാവറലറുമാണ് കൂട്ടിയിടിച്ചത്. എറണാകുളത്തുനിന്നും കളർകോട് ഭാഗത്തേക്ക് ഒരേദിശയിൽ സഞ്ചരിച്ച വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.
ബൈപാസ് മേൽപാലത്തിൽ ഗർഡറുകൾ ബന്ധിപ്പിച്ച ഭാഗത്തെ വിടവുകളിലെ കോൺക്രീറ്റ് ഇളകി മാറി കുഴിരൂപപ്പെട്ടതാണ് അപകടത്തിന് കാരണം. അപ്രതീക്ഷമായി മുന്നിലെ കുഴി കണ്ട് ആദ്യമെത്തിയ കാർ ബ്രേക്കിട്ടതാണ് പ്രശ്നം. ഇതിന് പിന്നാലെയെത്തിയ മറ്റ് രണ്ട് കാറുകളും ടെംപോ വാനും ഇടിക്കുകയായിരുന്നു. അൽപനേരം വാഹന ഗതാഗത തടസ്സമുണ്ടായി. സൗത്ത് പൊലീസും സ്ഥലത്തെത്തിയിരുന്നു. മറ്റ് വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകുന്ന ട്രാഫിക്ക് അടയാളം സ്ഥാപിച്ചാണ് വാഹനം പിന്നീട് കടത്തിവിട്ടത്.
Read more: പ്രണയവിവാഹം അപമാനമായി; 17-കാരിയെ അച്ഛനും അമ്മാവനും ചേർന്ന് തൂക്കിക്കൊന്നു, മൃതദേഹം കത്തിച്ചുകളഞ്ഞു
അതേസമയം, ഇന്നലെ അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രികനും മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റു. ബൈക്ക് ഓടിച്ച പത്തനംതിട്ട നരിയാപുരം വയല വടക്ക് മഠത്തിലയ്യത്ത് സുബിൻ എസ് (30) നാണ് ഗുരുതര പരിക്കേറ്റത്.
ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നും രണ്ട് പൊതികളിലായുള്ള 105 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. കൊച്ചാലുംമൂടിന് സമീപം മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷമാണ് ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. സിഡ്കോ ജീവനക്കാരനായ കല്ലിന്മേൽ ബാലസദനത്തിൽ പ്രകാശ് (34) ന് പരിക്കേറ്റു. ഇയാളെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ഓടെ തഴക്കര പഞ്ചായത്ത് ഓഫീസിന് സമീപം ആയിരുന്നു അപകടം.
