വീയപുരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഫോറൻസിക്ക് വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി

ഹരിപ്പാട്: ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. വീയപുരം ചെറുതന ആയാപറമ്പ് പുളിവേലിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. കാണിക്ക മണ്ഡപത്തിന്റ പൂട്ട് തകർത്ത് ഉള്ളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പിന്റെ കാണിക്കവഞ്ചി ക്ഷേത്ര പാചകപ്പുരയിൽ എത്തിച്ച് കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. ചുറ്റുമതിലുള്ള ക്ഷേത്രത്തിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ജീവനക്കാർ ക്ഷേത്രത്തിലെത്തി പതിവ് ജോലികൾക്ക് ശേഷം പാചകപ്പുരയിൽ ചെന്നപ്പോഴാണ് അവിടെ കാണിക്കവഞ്ചി കിടക്കുന്നത് കണ്ടതും മോഷണം വിവരം അറിയുന്നതും.

പിന്നീട് വീയപുരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഫോറൻസിക്ക് വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് അംഗം മായാദേവി, സബ് ഗ്രൂപ്പ് ഓഫിസർ അനുദീപ് ഉപദേശക സമിതി പ്രസിഡന്റ് കെ മോഹനകുമാർ, സെക്രട്ടറി ടി കെ അനിരുദ്ധൻ, കമ്മിറ്റി അംഗങ്ങളായ കെ വാമദേവൻ, കാർത്തികേയൻ നായർ, പി കെ പുഷ്ക്കരൻ എന്നിവർ സംഭവസ്ഥലത്ത് എത്തി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃശൂര്‍ പുതുക്കാട് തലോരില്‍ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റിലായി എന്നതാണ്. അന്നമനട കല്ലൂര്‍ ഊളക്കല്‍ വീട്ടില്‍ സെയ്ത് മൊഹസീന്‍, സഹോദരന്‍ മൊഹത്ത് അസീം എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 31 ന് അതിരാവിലെ സംസ്ഥാന പാതയോരത്തെ അഫാത്ത് മൊബൈല്‍ ഷോപ്പിന്റെ ഷട്ടറിന്റെ താഴ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് സംഘം മോഷണം നടത്തിയത്. 10 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. കടയുടെ ഉള്ളില്‍ കയറി 2 പേര്‍ ചേര്‍ന്ന് ഫോണുകള്‍ ചാക്കുകളില്‍ നിറച്ച് കാറില്‍ രക്ഷപ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷണം പോയ ഫോണുകളുടെ ഐ എം ഇ ഐ നമ്പറുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. ഇവര്‍ ഇത്തരത്തിലുള്ള മോഷണങ്ങള്‍ മുന്‍പ് നടത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്.