കോഴിക്കോട് കുട്ടിക്ക് നേരെ കുറുനരിയുടെ ആക്രമണം. ചെറുവാടിയിലാണ് സംഭവം. നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ ഒന്നിലധികം തവണ കുറുനരി ആക്രമിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: കുറുനരിയുടെ കടിയേറ്റ് പന്ത്രണ്ടുകാരന് സാരമായി പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകന്‍ ജസ്മല്‍ (12) ആണ് ആക്രമണത്തിന് ഇരയായത്. ചെറുവാടിയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ജസ്മല്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചയോടെ ചെറുവാടിയിലെ പള്ളിയില്‍നിന്ന് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജസ്മലിനെ ഓടിയെത്തിയ കുറുനരി കടിക്കുകയായിരുന്നു. കാലിനാണ് കടിയേറ്റത്. ഒന്നിലധികം തവണ കടിയേറ്റതായാണ് ലഭിക്കുന്ന വിവരം.

ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പുകളും വിദഗ്ധ ചികിത്സയും നല്‍കിയിട്ടുണ്ട്.

ജനവാസ മേഖലയില്‍ പകല്‍സമയത്ത് കുറുനരിയുടെ സാനിധ്യമുണ്ടായതും വിദ്യാര്‍ത്ഥിയെ ആക്രമിച്ചതും നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജസ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.