ഇടിയുടെ ആഘാതത്തില്‍ മീറ്ററുകള്‍ അകലേക്ക് ഇരുവരും തെറിച്ചുവീണു. തൊട്ടടുത്ത തട്ടുകടയില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ബാലകൃഷ്ണ പിളളയുടെ ജീവന്‍ രക്ഷിക്കാനായില്ല

കോഴിക്കോട്: മുണ്ടിക്കല്‍താഴം ബൈപ്പാസ് റോഡില്‍ അമിതവേഗതയിലെത്തിയ കാര്‍ (Car) ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിക്കുകയും (Death) ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് (Police Case) എടുത്തു . കാര്‍ ഡ്രൈവര്‍ക്കായി ചേവായൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്. റിട്ടയേര്‍ഡ് അധ്യാപകനും ചെലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ടുമായ ബാലകൃഷ്ണ പിളളയാണ് അപകടത്തില്‍ മരിച്ചത്.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പതിവുപോലെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു 85 കാരനായ ബാലകൃഷ്ണപിളളയും സുഹൃത്തും റിട്ടയേര്‍ഡ് റവന്യൂ ഉദ്യോഗസ്ഥനായ രാഘവന്‍ നായരും. പാലക്കോട്ട് വയല്‍ ഭാഗത്തു നിന്ന് മുണ്ടിക്കാല്‍താഴെ ബൈപ്പാസ് റോഡരുകിലൂടെ നടന്നു പോകുമ്പോഴാണ് അമിതവേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ മീറ്ററുകള്‍ അകലേക്ക് ഇരുവരും തെറിച്ചുവീണു. തൊട്ടടുത്ത തട്ടുകടയില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ബാലകൃഷ്ണ പിളളയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായിപരിക്കേറ്റ രാഘവന്‍ നായര്‍ കോഴിക്കോട്ടെ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തൊട്ടടുത്തുളള സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി ചേവായൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് കോവൂര്‍ സ്വദേശി ഓടിച്ച കാറാണ് അപകടം സൃഷ്ടിച്ചത്. വാഹനം സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഉടമയ്ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായി വാഹനം ഓടിച്ചതിനും കേസ് എടുത്തിട്ടുണ്ട്. 

കെഎസ്ആ‍ർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു, തെളിവെടുപ്പ് നടത്തി

പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആ‍ർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ തെളിവെടുപ്പ് നടത്തി. അപകടത്തിൽ മരിച്ച ആദർശിന്റെ വീട്ടിലെത്തി കുടുംബാഗംങ്ങളുടെ മൊഴിയെടുത്തു. ഡ്രൈവർക്ക് വീഴ്ച്ച പറ്റിയതായാണ് ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ പ്രാഥമികമായി മനസിലാക്കുന്നതെന്ന് കമ്മീഷൻ അംഗം അഡ്വ. ടി മഹേഷ് പറഞ്ഞു.

കുഴൽമന്ദം വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ, സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് യുവജന കമ്മീഷൻ തെളിവെടുപ്പിനെത്തിയത്. കമ്മീഷൻ അംഗം അഡ്വ. ടി മഹേഷ് മരിച്ച കാവശ്ശേരി സ്വദേശി ആദർശിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്തെ വീഴ്ച പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയതായും ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഡ്രൈവർക്ക് വീഴ്ച പറ്റിയെന്നാണ് പ്രഥമികമായി മനസിലാക്കുന്നതെന്നും ടി മഹേഷ് പറഞ്ഞു.

തുടക്കത്തിൽ കേസന്വേഷണത്തിൽ വീഴ്ചയുണ്ടായി. എന്നാലിപ്പോൾ നീതി ലഭിക്കും എന്ന പ്രതീക്ഷയുണ്ടെന്നും മരിച്ച ആദർശിന്റെ അച്ഛൻ പറഞ്ഞു. അതേസമയം അപകടം നേരിൽ കണ്ട കൂടുതൽ ദൃക്സാക്ഷികളുടെ മൊഴിയെടുക്കാനള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഫെബ്രുവരി ഏഴിനാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ച് അപകടമുണ്ടായത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് , കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്.

ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് ഇരു കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.

കെഎസ് ആർടിസി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സി.എൽ ഔസേപ്പിനെ സസ്പെന്റ് ചെയ്തിരുന്നു. കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്ത ഇദേഹത്തെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 304 എ വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. കെഎസ് ആർടിസി ബസ് ഡ്രൈവർക്കെതിരെ യാത്രക്കാർ ചിലർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് പൊലീസ്.

സംഭവത്തിൽ അന്വേഷണ സംഘത്തിന് വീഴ്ച്ചയുണ്ടായെന്നാരോപിച്ച് സിപിഐ കുഴൽമന്ദം മണ്ഡലം കമ്മറ്റി, പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കേസിൽ ദുര്‍ബല വകുപ്പുകൾ ചുമത്തിയത് പ്രതികളെ രക്ഷപെടാൻ സഹായിക്കാനാണെന്നാണ് സിപിഐയുടെ ആരോപണം. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു.