പന്തളത്ത് അഞ്ചാം ക്ലാസുകാരന്‍റെ വിരലിൽ കുടുങ്ങിയ മോതിരം ഫയർഫോഴ്സ് മുറിച്ചുമാറ്റി. കൂട്ടുകാരന്‍റെ മോതിരം കൈയിൽ കിട്ടിയ കുട്ടിക്ക് പിന്നീട് അത് ഊരാൻ കഴിയാതെ വരികയായിരുന്നു.
പന്തളം: അഞ്ചാം ക്ലാസുകാരന്‍റെ വിരലിൽ കുടുങ്ങിപ്പോയ കൂട്ടുകാരന്‍റെ മോതിരം മുറിച്ച് മാറ്റി ഫയര്‍ഫോഴ്സ്. പത്തനംതിട്ട പന്തളത്താണ് സംഭവം. പന്തളം കുരമ്പാല ശ്രീനിലയത്തിൽ ശരണ്യയുടെയും സന്തോഷ് നിലയ്ക്കലിന്‍റെയും മകൻ നിഖാൽ വെള്ളിയാഴ്ച സ്കൂളിലെത്തിയപ്പോൾ ഏഴാം ക്ലാസുകാരനായ കൂട്ടുകാരൻ ചേട്ടൻ അക്കു എന്ന് വിളിക്കുന്ന ഗൗതം തന്‍റെ കൈയിൽ കിടന്ന മോതിരം ഇട്ട് നൽകി. പിന്നീട് അത് വിരലിൽ നിന്ന് ഊരാൻ കഴിയാതെ വരികയായിരുന്നു.
സ്കൂൾ വിട്ട് വന്നയുടൻ അമ്മ ശരണ്യയെ നിഖാൽ കൈ കാണിച്ചു. എണ്ണയും സോപ്പും ഉപയോഗിച്ച് ഊരാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഇതോടെയാണ് സന്തോഷ് മകനെയും കൂട്ടി നേരെ അടൂർ ഫയർഫോഴ്സ് ഓഫീസിലേക്ക് പോയത്. ആകെ പേടിച്ച അവസ്ഥയിലായിരുന്ന കുട്ടിയെ മകനെയും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ചേർത്ത് നിർത്തി. മോതിരത്തിന്‍റെ അവസ്ഥ മനസിലാക്കി എന്താണ് ചെയ്യാൻ പറ്റുക എന്ന് ആദ്യ നോക്കി.
വേഗം തന്നെ ഉപകരണങ്ങൾ സജ്ജമാക്കി വിരലിൽ നിന്ന് ഏകദേശം 15 മിനിട്ട് കൊണ്ട് മോതിരം മുറിച്ച് മാറ്റാൻ ഫയര്‍ഫോഴ്സിന് കഴിഞ്ഞു. വേദനയും ഒപ്പം ഫയർഫോഴ്സിന്‍റെ ഉപകരണങ്ങളും കണ്ടപ്പോൾ കുട്ടി കരഞ്ഞെങ്കിലും മോതിരം കൈയിൽ നിന്ന് മാറിയതോടെ നിഖാലും ചിരിച്ചു. വീഡിയോ പകർത്തിയത് ഫോട്ടോഗ്രാഫർ കൂടിയായ കുട്ടിയുടെ പിതാവ് സന്തോഷ് നിലയ്ക്കലാണ്.
ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ സ്വന്തമായി എന്തെങ്കിലും ചെയ്ത് കൂടുതല്‍ പ്രശ്നനത്തിലാകാതെ ഉത്തരവാദിത്തോടെ ഇടപെടണം എന്ന ഉദ്ദേശത്തോടെയാണ് റീൽ തയ്യാറാക്കി കുടുംബം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചേട്ടന്‍റെ കൈയ്യിൽ മോതിരം കുടുങ്ങിയത് അനിയത്തിയായ കുഞ്ഞ് നിഹാരയെ സങ്കടത്തിലാക്കിയിരുന്നു. പിന്നീട് തിരികെ വീട്ടിലെത്തിയപ്പോൾ അനിയത്തിയും ഹാപ്പിയായി.


