ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽപ്പെട്ട സിനാൻ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു.
മലപ്പുറം: എറണാകുളത്ത് ലോറി ബൈക്കിൽ ഇടിച്ചുകയറി മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. മലപ്പുറം വാഴയൂർ സ്വദേശി ഹാദി സിനാൻ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 1.30 തോടെ എറണാകുളം കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ് സ്‌കൂളിനു മുന്നിലാണ് അപകടമുണ്ടായത്. കച്ചേരിപ്പടിയിൽ നിന്ന് ഹൈക്കോടതി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി അമിത വേഗത്തിൽ ബൈക്കിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽപ്പെട്ട സിനാൻ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. മലപ്പുറത്തുനിന്നും എറണാകുളത്ത് എത്തിയ സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിയ ശേഷം താമസസ്ഥലത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. വേങ്ങര സ്വദേശിയായ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി നിഷാകാന്തിനെ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ഹോട്ടൽ മാനേജ്‌മെന്‍റ് വിദ്യാർത്ഥിയായിരുന്നു സിനാന്‍. ആബിദ്, റസീന ദമ്പതികളുടെ മകനാണ്. വിദ്യാർഥികളായ ആയിഷ മിൻഹാ, ഹാദിയ നൂറ, അൽ ജിതിൻ മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.
