പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

 


രാവിലത്തെ പത്രവായനയ്‌ക്കൊപ്പമുള്ള ചായകുടി തോമാച്ചന് ഒഴിവാക്കാനാകാത്തൊരു ശീലമാണ്. അതുകൊണ്ടു തന്നെ തോമാച്ചന്‍ പത്രം വായന തുടങ്ങുമ്പോഴേ അന്നാമ്മ ചായയുമായി പൂമുഖത്തെത്താറാണ് പതിവ്. പക്ഷേ ആ പതിവു തെറ്റിച്ച് അന്നാമ്മയെ കാണാതായപ്പോള്‍ തോമാച്ചന്‍ അക്ഷമനായി.

'ഇവളിതെവിടെപ്പോയതാണോ ആവോ.'

മനസ്സില്‍ പിറുപിറുത്തുകൊണ്ട് അന്നാമ്മയെ അന്വേഷിച്ച് തോമാച്ചന്‍ അടുക്കളയിലെത്തി.

'അന്നാമ്മോ... പിള്ളേരെണീറ്റില്ലേടീ?... ഇവിടെ ആരുമില്ലേ? അനക്കമൊന്നുമില്ലല്ലോ.'

അടുത്തവീട്ടിലെ സാവിത്രിക്കുട്ടിയോട് അടുക്കളമുറ്റത്തു നിന്ന് സംസാരിച്ചു നില്‍ക്കുകയായിരുന്നു അന്നാമ്മ. തോമാച്ചന്റെ വിളികേട്ട് 'പോയിട്ട് വരാമെന്ന്' സാവിത്രിക്കുട്ടിയോട് ആംഗ്യം കാണിച്ചുകൊണ്ട് അന്നാമ്മ അടുക്കള മുറ്റത്തു നിന്നും വരാന്തയിലേക്ക് വേഗത്തില്‍ നടന്നു.

'അന്നാമ്മേ... നീ ഇതെവിടെയായിരുന്നു? ഞാനെത്ര വിളിച്ചു?'

'ഞാന്‍ നമ്മുടെ സാവിത്രിക്കുട്ടിയോട് സംസാരിക്കുവായിരുന്നു. പാവം... രാജൂട്ടന്റെ കാര്യം പറഞ്ഞതിന് സങ്കടമാ.'

'എന്തേ?'

'രാജൂട്ടന്റെ ഉറക്കത്തിലെണീറ്റുള്ള നടപ്പ് ഇപ്പഴുമുണ്ടന്നേ. ഇന്നലെ രാത്രിയിലും വാതില്‍ തുറന്ന് പുറത്തിറങ്ങിപ്പോയത്രേ. ഭാഗ്യത്തിന് എന്തോ ശബ്ദം കേട്ടെഴുന്നേറ്റതാ സാവിത്രിക്കുട്ടി. അപ്പോഴാണ് കതകുതുറന്ന് പുറത്തിറങ്ങിയ രാജൂട്ടനെ കണ്ടത്. അല്ലായിരുന്നെങ്കില്‍ അന്ന് ഇറങ്ങിപ്പോയി പൊട്ടക്കിണറ്റില്‍ വീണതുപോലെ വല്ല അപകടവും വരുത്തിവെച്ചേനെ.'

'ഉറക്കത്തിലെണീറ്റു നടക്കുകയോ? അതെങ്ങനെയാ വല്യപ്പച്ചാ?'

'ആഹാ കുട്ടനെണീറ്റോ? ഇവിടെ പമ്മി നിന്ന് ഒക്കെ കേള്‍ക്കുകയായിരുന്നോ?'

തോമാച്ചന്‍ ജോക്കുട്ടനെ കെട്ടിപ്പിടിച്ചു.

'വല്യപ്പച്ചാ രാജൂട്ടനങ്കിളിന് എന്താ പറ്റിയത്? എന്തിനാ ഉറക്കത്തിലെണീറ്റു നടക്കുന്നത്?'

ജോക്കുട്ടന്‍ ആകാംക്ഷയോടെ ചോദിച്ചു.

'വല്യപ്പച്ചന് അറിയില്ല പൊന്നേ. കുട്ടന്‍ ചേട്ടായിയോട് ചോദിക്കൂ.'

'ഉം...'

ജോക്കുട്ടന്‍ തലയാട്ടി. എന്നിട്ട് ഒറ്റയോട്ടത്തിന് പൂമുഖത്തെി.

'ചേട്ടായിയേ...'

പത്രം വായിക്കുകയായിരുന്ന കണ്ണന്‍ തലയുയര്‍ത്തി ചോദ്യഭാവത്തില്‍ നോക്കി.

'ചേട്ടായീ... അപ്പുറത്തെ രാജൂട്ടന്‍ അങ്കിള്‍ ഉറക്കത്തിലെണീറ്റു നടക്കുന്നതെന്താ? നമ്മളെല്ലാവരും അങ്ങനെ ഉറക്കത്തിലെണീറ്റു നടക്കുമോ?'

ജോക്കുട്ടന്റെ ശ്വാസം വിടാതെയുള്ള ചോദ്യം കേട്ടപ്പോള്‍ കണ്ണന് ചിരി വന്നു.

കണ്ണന്‍ പറയുന്നതു കേള്‍ക്കുവാനുള്ള ആകാംക്ഷയോടെ ജോക്കുട്ടന്‍ അരികിലുള്ള സ്റ്റൂളില്‍ ഇരുന്നു.

'എല്ലാവരും ഉറക്കത്തില്‍ എഴുന്നേറ്റു നടക്കില്ല കുട്ടാ.'

'ചിലര്‍ മാത്രം?'

'അതെ. നിദ്രാടനരോഗം (സോമ്‌നാബുലിസം) എന്നാണ് ഇതിനെ പറയുന്നത്.'

'സോമ്‌നാബുലിസം?'

'ഗാഢമായ ഉറക്കത്തിനിടയില്‍ ബോധപൂര്‍വ്വമല്ലാതെ തനിയെ എഴുന്നേറ്റ് നടക്കുകയോ പലതരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന അവസ്ഥയ്ക്കാണ് സോമ്‌നാബുലിസം അഥവാ നിദ്രാടനം എന്നു പറയുന്നത്.'

'സോമ്‌നാബുലിസത്തിലുള്‍പ്പെട്ട മറ്റു പ്രവൃത്തികള്‍ എന്തൊക്കെയാ ചേട്ടായീ?'

'പറയാം. ഉറക്കത്തിനിടയില്‍ ഉണ്ടാകുന്ന സ്വഭാവ വൈകല്യമാണ് നിദ്രാടനം. മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. ഉറങ്ങുന്നതിനിടെ പെട്ടെന്ന് എണീറ്റിരുന്ന് അബോധാവസ്ഥയില്‍ തന്നെ ചുറ്റും നോക്കുക, മുറിക്കുള്ളില്‍ നടക്കുക, വാതില്‍ തുറന്ന് പുറത്തേക്ക് നടക്കുക ഇവയൊക്കെയാണ് സോമ്‌നാബുലിസത്തില്‍പ്പെട്ട പ്രവൃത്തികള്‍. ചിലര്‍ എവിടേക്കാണെന്ന് നിശ്ചയമില്ലാതെ ഡ്രൈവ് ചെയ്ത് പോകാറുമുണ്ട്. ഇതും  സോമ്‌നാബുലിസത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടും'

'നിദ്രാടനത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ് ചേട്ടായീ?'

'ഉറക്കത്തിലുണ്ടാവുന്ന അസ്വസ്ഥകള്‍, ഉറക്കത്തിനിടെയുണ്ടാകാവുന്ന മറ്റു തടസ്സങ്ങള്‍, മരുന്നുകളുടെ സ്വാധീനം, ലഹരി മരുന്നുകളുടെ ഉപയോഗം ഇവയൊക്കെ നിദ്രാടനത്തിന് കാരണമാകുന്നു. എന്നാല്‍ ഇതിന് മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ല.

'ഗാഢമായ ഉറക്കത്തിനിടെയാണോ നിദ്രാടനം സംഭവിക്കുന്നത്?'

'സാധാരണ അങ്ങനെയാണ് സംഭവിക്കുന്നത്. എന്നാല്‍ അപൂര്‍വ്വമായി ഉറക്കത്തിലേയ്ക്ക് വഴുതി വീണതിന് പിന്നാലെയും നിദ്രാടനം സംഭവിക്കാറുണ്ട്.'

'ഇതിനു ചികിത്സയൊന്നുമില്ലേ ചേട്ടായീ?'

'സ്വപ്നാടത്തിന് പ്രത്യേക ചികിത്സയൊന്നുമില്ല. എന്നാല്‍ സ്ലീപ് ഹൈജീന്‍ പാലിച്ചാല്‍ ഇതിനെ നിയന്ത്രിക്കാം.'

'സ്ലീപ് ഹൈജീനോ?'

കുട്ടികളുടെ വര്‍ത്തമാനം കേട്ട് നില്‍ക്കുകയായിരുന്ന അന്നാമ്മ ചോദിച്ചു.

'അതെ വല്യമ്മച്ചീ. നമ്മുടെ ഉറക്കത്തെ ആരോഗ്യപരമായി ക്രമീകരിക്കുന്നതാണ് സ്ലീപ് ഹൈജീന്‍.'

അന്നാമ്മ മനസ്സിലാകാത്തതുപോലെ കണ്ണനെ നോക്കി.

'അതായത്, രാത്രി നന്നായുറങ്ങുവാന്‍ പകലുറക്കം നിയന്ത്രിക്കുക, മറ്റുകാരണങ്ങളാല്‍ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കുക, ഉറങ്ങുന്നതിന് മുമ്പ് കോഫി, മദ്യം എന്നിവ കുടിക്കാതിരിക്കുക ഇതൊക്കെയാണ് സ്ലീപ് ഹൈജീന്‍ പാലിക്കാന്‍ ഡോക്‌ടേഴ്‌സ് നിര്‍ദ്ദേശിക്കുന്നത്.'

'അങ്ങനെയെങ്കില്‍ രാജൂട്ടന്റെ നിദ്രാടനപ്രശ്‌നത്തിനും സ്ലീപ് ഹൈജീന്‍ പാലിച്ചാല്‍ മതിയല്ലോ മോനേ?'

'രാജൂട്ടനങ്കിളിന്റെ കാര്യത്തില്‍ അതുമാത്രം പോരാ വല്യമ്മച്ചീ. മറ്റ് ചികിത്സകള്‍ വേണ്ടിവരും.'

'ചേട്ടായിയേ...'

'എന്താടാ കുട്ടാ?'

'വല്യമ്മച്ചി ഉറക്കത്തില്‍ സംസാരിക്കുന്നത് നിദ്രാടനത്തിന്റെ ലക്ഷണമല്ലേന്നൊരു സംശയം. ഹ്ഹാ... ഹ്ഹാ...'

'എടാ... കുട്ടാ... വേണ്ടാ... വല്യമ്മച്ചിയോട് കളി വേണ്ട. ങ്ഹാ.. ഹ്ഹാഹ്ഹാ...'

അന്നാമ്മ ചിരിച്ചുകൊണ്ട് ജോക്കുട്ടന്റെ കാതില്‍ സ്‌നേഹത്തോടൊന്ന് പിച്ചി.

'യ്യോ... വല്യമ്മച്ചീ... എന്റെ കാതേ...'

 

കഥ പറയും കാലം

ഭാഗം ഒന്ന്: ''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''

രണ്ടാം ഭാഗം. കുയിലിന് കാക്കക്കൂട്ടില്‍ എന്താണ് കാര്യം?

ഭാഗം മൂന്ന്: മയില്‍പ്പീലിക്ക് എവിടുന്നാണ് ഇത്രയും നിറങ്ങള്‍?

ഭാഗം നാല്: വല്യമ്മച്ചി കരയുന്നു...!

ഭാഗം അഞ്ച്: നീന്തല്‍താരം ഐസൂട്ടന്‍

ഭാഗം ആറ്: പാലും മുട്ടയും കഴിക്കുന്ന ചിലന്തി, ഉരുക്കിനേക്കാള്‍ ബലമുള്ള ചിലന്തിവല

ഏഴാം ഭാഗം: നെല്ലിക്ക ആദ്യം കയ്ച്ച് പിന്നെ  മധുരിക്കുന്നത് എന്തു കൊണ്ടാണ്?

എട്ടാം ഭാഗം: കുട്ടികള്‍ വെയിലു കൊള്ളാമോ?

ഒമ്പതാം ഭാഗം: എന്തുകൊണ്ടാണ് കൂര്‍ക്കംവലിക്കിടെ  ശബ്ദം കൂടുന്നത്?

പത്താം ഭാഗം: തണുക്കുമ്പോള്‍  വിറയ്ക്കുന്നതെന്താ?