അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളുടെയും കാലമാണല്ലോ. അപ്പോൾ ഒരു വിപ്ലവ ഗസലായിക്കോട്ടെ. ഇത് പല കാരണങ്ങളാലും ഒരു 'വിപ്ലവ' ഗസലാണ്. എഴുതിയ ആൾ ഒന്നാംനമ്പർ വിപ്ലവകവി, ഫൈസ് അഹമ്മദ് ഫൈസ്. ഈ ഗസൽ എഴുതിയത്  ഫൈസ് ഹൈദരാബാദ് സെൻട്രൽ ജയിലിൽ കിടക്കുന്ന കാലത്ത്. പ്രസിദ്ധീകരിക്കപ്പെട്ടതും അദ്ദേഹത്തിന്റെ ജയിൽവാസത്തിനിടെ. ആ സന്തോഷം അദ്ദേഹം ആഘോഷിച്ചത് സഹതടവുകാർക്കൊപ്പം ഇത് ആലപിച്ചുകൊണ്ട്. അങ്ങനെ പലതുമുണ്ട്, മെഹ്ദി ഹസ്സൻ ആലപിച്ച് അനശ്വരമാക്കിയ ഈ ഗസലിനെ മനസ്സോടു ചേർത്തുനിർത്താനുള്ള കാരണങ്ങൾ.

'ഗുലോം മേം രംഗ് ഭരേ, ബാദ്-എ-നോബഹാർ ചലേ...' എന്നാണ് ഗസൽ തുടങ്ങുന്നത്.  ഇതൊരു ക്ഷണമാണ്. വരൂ... കടന്നു വരൂ.. നീ കൂടി വന്നാലേ, ഇവിടെ കാര്യങ്ങൾ വേണ്ടുംവിധം നടക്കൂ. അതുകൊണ്ട്, സധൈര്യം കടന്നുവരൂ.

I

गुलों मे रंग भरे, बाद-ए-नौबहार चले
चले भी आओ कि गुलशन का कारोबार चले

ഗുലോം മേം രംഗ് ഭരേ, ബാദ്-എ-നോബഹാർ ചലേ,
ചലേ ഭി ആവോ കെ ഗുൽഷൻ കാ കാരോബാർ ചലേ...

പൂക്കളിൽ വർണ്ണങ്ങൾ നിറഞ്ഞു,
വസന്തത്തിലെ ആദ്യത്തെ തെന്നലും വന്നണഞ്ഞു,
നീ കൂടി  വന്നാലേ,
ഈ പൂന്തോട്ടത്തിൽ
കാര്യങ്ങൾക്ക് ഒരുത്സാഹമുള്ളൂ
വരൂ..!

രണ്ടുതരത്തിൽ വായിക്കാം എന്നതാണ് ആദ്യവരിയുടെ സൗന്ദര്യം. ഒന്ന്, കവിയുടെ ആഗ്രഹം എന്ന ടോണിൽ. അതായത് പൂക്കളിൽ വർണ്ണങ്ങൾ നിറയട്ടെ, വസന്തകാലത്തിലെ ആദ്യത്തെ തെന്നലും വീശട്ടെ... എന്ന് കവി ആഗ്രഹിക്കുന്നതായി വായിക്കാം. അല്ല, പൂക്കളിൽ വർണ്ണങ്ങൾ നിറഞ്ഞു, വസന്തത്തിലെ ആദ്യത്തെ തെന്നലും വന്നണഞ്ഞു എന്ന് കവി റിപ്പോർട്ട് ചെയ്യുന്നതായും വായിക്കാം. രണ്ടാമത്തെ വരി കേൾക്കുമ്പോൾ മാത്രമാണ് രണ്ടാമത് പറഞ്ഞ അർത്ഥമാണ് വരിക എന്നത് നമ്മൾ തിരിച്ചറിയുന്നത്.

ആദ്യം പറഞ്ഞതല്ല കവിയുടെ ആഗ്രഹം. അത് രണ്ടും നിത്യം നടക്കുന്നതാണ്. ആ പൂന്തോട്ടത്തിലെ പൂക്കളിൽ നിത്യം വർണ്ണങ്ങളുടെ മേളമാണ്. വസന്തകാലത്തിലെ തെന്നലിനും അവിടെ യാതൊരു പഞ്ഞവുമില്ല. പൂന്തോട്ടത്തെ അപൂർണ്ണമാക്കുന്ന അസാന്നിദ്ധ്യം അവളുടേതുമാത്രം, കവിയുടെ പ്രിയപ്രണയിനിയുടേത്. അത് കവി കാമിനിക്ക് നേരെ വെച്ചുനീട്ടുന്നൊരു പ്രശംസകൂടിയാകുന്നു. പൂക്കളിൽ നിറയുന്ന വർണ്ണഭംഗിയും, വസന്തകാലത്തെന്നലും പോലെ തന്നെ ആനന്ദദായകമാണ് നിന്റെ സാന്നിധ്യം പ്രിയേ, 'നീയില്ലായ്മ' മാത്രമാണ് ഇവിടെ ഇപ്പോൾ എന്നെ ശ്വാസം മുട്ടിക്കുന്നത്. പൂന്തോട്ടം പൂന്തോട്ടമല്ല എന്ന് തോന്നിക്കുന്നത് നീ ഇവിടെ ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതുകൊണ്ട്, നീ കടന്നുവരൂ, എന്റെ വസന്തോദ്യാനത്തെ പൂർണമാക്കൂ... എന്ന് കവി തന്റെ കാമുകിയെ അരികിലേക്ക് വിളിക്കുകയാണ്.

കഠിനപദങ്ങൾ

ഗുൽ - പൂവ്, ബാദ്-എ-നോബഹാർ - വസന്തകാലത്തിലെ ആദ്യത്തെ തെന്നൽ. ബാദ്- തെന്നൽ, നോബഹാർ - പുതുവസന്തം, ഗുൽഷൻ : പൂന്തോട്ടം, കാരോബാർ - ബിസിനസ്

II

कफ़स उदास है यारों सबा से कुछ तो कहो
कहीं तो बह्र-ए-खुदा आज ज़िक्र-ए-यार चले

കഫസ് ഉദാസ് ഹേ യാരോം സബാ സെ കുഛ് തോ കഹോ,
കഹി തോ ബെഹ്ർ-എ-ഖുദാ ആജ് സിക്ർ-എ-യാർ ചലേ...

ഈ തുറുങ്ക് ശോകമൂകമാണിന്ന്,
മന്ദമാരുതനോട് ഒന്ന് പറയൂ,
എവിടെയെങ്കിലും, ദൈവകൃപയാൽ
എന്റെ പ്രേയസിയെപ്പറ്റി
ആരെങ്കിലും ഒന്ന് പറയുന്നത് കേൾക്കട്ടെ..!

കിളി - കൂട് - പൂന്തോട്ടം ഒക്കെ പരിചിത ബിംബങ്ങൾ തന്നെ. കവിയാണ് കിളി എന്നത് സുവ്യക്തമാണല്ലോ. ജയിൽ ഒരു കൂടാണ്. ജന്മനാട് എന്ന പൂന്തോട്ടത്തിൽ സ്വതന്ത്രനായി പാട്ടുംപാടി വിരാജിച്ചിരുന്ന കവിയെ പിടിച്ചുകൊണ്ടുവന്ന് ജയിലിൽ അടച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമല്ല, ഇഷ്ടപ്രേയസിയെയും കവിയിൽ നിന്ന് അകറ്റിയിരിക്കുന്നു ഈ കാരാഗാരവാസം. കൂട്, ഈ കൽത്തുറുങ്ക് ആകെ ശോകമൂകമാണ് എന്ന് പറഞ്ഞാൽ, അതിനുള്ളിൽ കിടക്കാൻ നിർബന്ധിതനായ കവി ആകെ അസ്വസ്ഥനാണ്. വിഷാദിയാണ് എന്നർത്ഥം. ആ സങ്കടത്തിനുള്ള പ്രതിവിധി, ശമനൗഷധം ഒന്നുമാത്രമാണ്. അങ്ങ് ദൂരെ എവിടെയെങ്കിലും കവിയുടെ പ്രേയസിയെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പരാമർശങ്ങൾ നടത്തുന്നുണ്ടാകും. അത് ഒളിഞ്ഞു നിന്ന് കേട്ട്, അതേപ്പറ്റിയുള്ള വിശേഷങ്ങളും കൊണ്ടുവന്ന്‌ കവിയെ തഴുകാൻ മന്ദമാരുതനോട് ഒന്ന് പറയണം.

കഠിനപദങ്ങൾ

കഫസ് : തുറുങ്ക് , ഉദാസ്: സങ്കടപ്പെട്ട്, സബാ - മന്ദമാരുതൻ, ബെഹ്ർ-എ-ഖുദാ - ദൈവത്തെയോർത്ത്,  സിക്ർ-എ-യാർ - പ്രേയസിയെപ്പറ്റിയുള്ള പരാമർശം

III

बड़ा है दर्द का रिश्ता, ये दिल गरीब सही
तुम्हारे नाम पे आएंगे गमगुसार चले

ബഡാ ഹേ ദർദ് കാ രിശ്താ, യെ ദിൽ ഗരീബ് സഹി
തുമാരെ നാം പേ, ആയേംഗേ ഗംഗുസാർ ചലേ...

വേദനയുടെ ബന്ധങ്ങൾ എത്ര വലുതാണ്..!
എനിക്ക് തിരിച്ചൊന്നും വാഗ്ദാനം ചെയ്യാനില്ലെങ്കിലും
നിന്റെ പേരും പറഞ്ഞിനി എന്നെത്തേടി  
ഈ വേദനയ്ക്ക് ശമനമേകാൻ
വരുമല്ലോ പലരും..!

കവി തന്റെ എഴുത്തിന്റെ സകല സൗന്ദര്യവും പുറത്തെടുത്തിരിക്കുന്നു ഈ ഒരൊറ്റ ശേറിൽ..! കവി പറയാൻ ആഗ്രഹിക്കുന്നത് വേദനയുടെ പേരിലുള്ള അടുപ്പങ്ങളെപ്പറ്റിയാണ്. അതായത്, ഒരേ വേദന അനുഭവിച്ചവർ തമ്മിൽ അറിയാതെ സംഭവിച്ചുപോകുന്ന സ്നേഹത്തെപ്പറ്റി. അതിന്റെ ഇഴയടുപ്പത്തെപ്പറ്റി. ഇത് വളരെ പരിഹാസാത്മകമായ ഒരു ഈരടിയാണ്. പ്രേയസിയുടെ സ്നേഹരാഹിത്യത്തിനുള്ള കൊട്ടാണ് ഇത്. അതായത്, കവി ഒരു പെൺകുട്ടിയെ പ്രേമിച്ച് അതിന്റെ പേരിൽ പിന്നീട് കടുത്ത മാനസികവ്യഥയും ഹൃദയവേദനയും അനുഭവിച്ചു കൊണ്ടിരിക്കുന്നവനാണ്.

അയാൾക്കറിയാം, തന്നെപ്പോലെ നിരവധി പേരുണ്ടെന്ന്. അതായത്, അവളെ സ്നേഹിച്ചതിന്റെ പേരിൽ മാത്രം തീ തിന്നേണ്ടി വന്നത് താനിത് ആദ്യത്തെ ആളൊന്നുമല്ല എന്ന്. തനിക്ക് അവളെ സ്നേഹിച്ചു എന്നതിന്റെ പേരിൽ മാത്രം ഇങ്ങനെ സങ്കടം അനുഭവിക്കേണ്ടി വരുന്നു എന്നറിഞ്ഞാൽ, അതേ സങ്കടം നേരത്തെ അനുഭവിച്ചവർക്ക് പിന്നെ കയ്യും കെട്ടിയിരിക്കാൻ ആവില്ല. അവർ കവിയെത്തേടി വരും. തിരിച്ച് അവർക്ക് ആശ്വാസം പകർന്നു നല്കാൻ വേണ്ടതൊന്നും കവിയുടെ പക്കൽ ഇല്ല എങ്കിലും, അവർ തന്റെ വേദനയ്ക്ക് ശമനം പകരാൻ വന്നെത്തും എന്ന് കവിക്കുറപ്പുണ്ട്. 'ആയേംഗേ ഗം ഗുസാർ ചലേ' എന്നതിന്റെ കവി ഉദ്ദേശിച്ച അർഥം കിട്ടണമെങ്കിൽ ഉള്ളിലേക്കെടുക്കേണ്ടത്, 'ഗം ഗുസാർ ചലേ ആയേംഗേ' എന്നാണ്. അതായത്, 'നിന്റെ വേദനയ്ക്ക് ശമനമേകാൻ കഴിയുന്നവർ വന്നുകൊള്ളും' എന്ന്.


കഠിനപദങ്ങൾ

ദർദ്-കാ-രിശ്താ - വേദനയുടെ ബന്ധം, ഗരീബ് - പാവം, ദിൽ - ഹൃദയം, ഗംഗുസാർ - സങ്കടം ഇല്ലാതാക്കുന്നവർ


IV

जो हम पे गुज़री सो गुज़री मगर शब्-ए-हिजरां
हमारे अश्क तेरी आक़िबत संवार चले

ജോ ഹം പേ ഗുസ്റീ സൊ ഗുസ്റീ മഗർ ശബ്-എ-ഹിജ്റാ
ഹമാരെ അശ്ക് തേരി ആഖിബത് സവാർ ചലേ...

എനിക്ക് സഹിക്കേണ്ടി വന്നതൊക്കെ പോട്ടെ, സാരമില്ല
പക്ഷേ, ഈ വേർപാടിന്റെ രാത്രിയിൽ
ഞാൻ പൊഴിച്ച കണ്ണീർതുള്ളികൾ
നിന്റെ ഭാവിക്ക് ശുഭോദർക്കമായല്ലോ, അത് മതി..!

ഈ വരികൾ രണ്ടു തരത്തിൽ വായിച്ചെടുക്കാം. ഒന്ന് കവി തന്റെ പ്രേയസിയോട് പറയുന്നതായി. എനിക്ക് ഒറ്റയ്ക്ക് സഹിക്കാൻ വിധിക്കപ്പെട്ടിരുന്നതൊക്കെ ഞാൻ സഹിച്ചു. സാരമില്ല. അത് എന്റെ വിധിയായിരുന്നു. ഈ ജയിൽവാസവും, ഇതിനകത്തെ ഏകാന്തതയും, അപമാനവും, പീഡനവും ഒക്കെ ഞാൻ ഒറ്റയ്ക്ക് സഹിച്ചു. അതിന്റെ പേരിൽ ആരോടും എനിക്ക് പരാതിയുമില്ല. വേർപാടിന്റെ രാത്രികളിൽ ഞാൻ പൊഴിച്ച കണ്ണുനീർ നിന്റെ ഭാവിക്ക് ഗുണം ചെയ്തല്ലോ. അതായത്, ഞാൻ ജയിലിൽ കിടന്നു നരകിച്ചപ്പോൾ, അത് പുറത്ത് നിന്റെ ജീവിതത്തിന് നല്ലതായി വന്നു ഭവിച്ചല്ലോ എന്ന്.

രണ്ടാമത്തെ അർഥം, കവി തന്റെ രാഷ്ട്രത്തെ പ്രേയസിയായി കണ്ട് അതിനോട് പറയുന്നതായി. ഞാനീ ജയിലിൽ വന്നു കിടക്കുന്നത് രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും ഒക്കെ പുലർന്നു കാണാനാണ്. ഇവിടെ ഞാൻ നരകയാതനകൾ അനുഭവിച്ച് എത്രയോ ഏകാന്ത രാത്രികളിൽ കരഞ്ഞിരിക്കുന്നു. അതൊന്നും സാരമില്ല. എന്റെ ഈ സങ്കടങ്ങൾ നാളെ നമ്മുടെ നാടിനു നല്ലൊരു ഭാവിയുണ്ടാവുന്നതിന് കാരണമാകും എന്നോർക്കുമ്പോൾ സന്തോഷിക്കുന്നു. അതിനു മുന്നിൽ എന്റെ സങ്കടങ്ങൾ അലിഞ്ഞില്ലാതാകുന്നു.

കഠിനപദങ്ങൾ

മുഝ്‌പെ ഗുസർനാ- ഞാൻ അനുഭവിക്കുക, ശബ്-എ-ഹിജ്റാ - വേർപാടിന്റെ രാത്രി, അശ്ക് - കണ്ണുനീർ, ആഖിബത് - ഭാവി, സവാർനാ -അലങ്കരിക്കുക

V

मकाम 'फैज़' कोई राह मे जचा ही नही
जो कू-ए-यार से निकले तो सू-ए-दार चले

വഴിയിൽ പിന്നെ മറ്റൊരിടവും
എനിക്ക് ബോധിച്ചില്ല, ഫൈസ്...
പ്രിയമുള്ളവളുടെ വീട്ടിൽ നിന്ന്
ഇറങ്ങിപ്പോരേണ്ടി വന്ന ഞാൻ
നേരെ നടന്നു കയറിയത്
കഴുമരത്തിലേക്കായിരുന്നു..!

ഇത് ഈ ഗസലിന്റെ മഖ്താ ആണ്. ഗസലിന്റെ അവസാനത്തെ ഈരടിയിലാണ് കവി തന്റെ തഖല്ലുസ് ചേർക്കുക. വളരെ പൊളിറ്റിക്കൽ ആയിട്ടുള്ള രണ്ടു വരികളാണിത്. പല അർത്ഥങ്ങളും വ്യാഖ്യാനിച്ചെടുക്കാൻ പറ്റും. ലളിതമായി വായിച്ചാൽ, സ്നേഹിതയുടെ വീടിരിക്കുന്ന ഗലി, അതാണ് കവിക്ക് ഏറ്റവും ഇഷ്ടമുള്ളിടം. അവിടെ നിന്ന് ഇറങ്ങിപ്പോന്നപ്പോൾ, അഥവാ പോരേണ്ടി വന്നപ്പോൾ, അല്ലെങ്കിൽ അവിടം നിഷിദ്ധമായപ്പോൾ, പിന്നെ മറ്റൊരിടത്തിനും കവിയുടെ മനസ്സിനെ സ്വാധീനിക്കാനായില്ല. അവിടെ നിന്ന് നേരെ ചെന്ന് കഴുമരത്തിലേറുകയായിരുന്നു കവി. അതായത്, പ്രേയസി വേണ്ടെന്നു പറഞ്ഞപ്പോൾ, അവളുടെ ജീവിതത്തിൽ നിന്ന് ആട്ടിയിറക്കപെട്ടപ്പോൾ, കവി ആത്മാഹുതി ചെയ്തു കളഞ്ഞു എന്ന്.

അത് ഏറെക്കുറെ ഉപരിപ്ലവമായ വായന. ഇനി ഒന്നുകൂടി ആഴത്തിൽ വ്യാഖ്യാനിച്ചാലോ? കവിക്ക് ഏറ്റവും പ്രിയമുള്ളത് പിറന്ന നാടാണ്. അവിടെ യഥേഷ്ടം ജീവിക്കാനുള്ള അവകാശം ഇല്ലെന്നു വന്നാൽ പിന്നെ നല്ലത് കഴുമരത്തിൽ ഏറുന്നതാണ് എന്നാണ് കവി പറയുന്നത്. അക്കാലത്ത് പാകിസ്ഥാനിൽ പൊതുവേ പ്രചാരത്തിലുണ്ടായിരുന്ന ഒരു പരിപാടിയെ പരിഹസിച്ചതാണ് കവി. പാകിസ്ഥാനിൽ നിൽക്കക്കള്ളി ഇല്ലാതാകുമ്പോൾ സജീവരാഷ്ട്രീയത്തിൽ കത്തി നിന്നിരുന്ന പലരും ഗൾഫിലേക്കോ, അമേരിക്കയിലേക്കോ കടന്ന് അവിടെ സ്ഥിരതാമസമാക്കും. പിന്നീട് ഒരിക്കലും തിരിച്ചു ജന്മനാട്ടിലേക്ക് എത്താൻ സാധിക്കില്ല, ആ മണ്ണിനെ ചുംബിക്കാനാകില്ല എങ്കിലും അവർ അതിൽ സംതൃപ്തി കണ്ടെത്തി കാലം കഴിക്കും. കവി പറഞ്ഞത്, സ്വന്തം നാടിന് തന്നെ വേണ്ട എന്ന് പറഞ്ഞാൽ, അല്ലെങ്കിൽ സ്വന്തം നാട്ടിൽ സ്വൈര്യമായി ജീവിക്കാൻ വിടാതെ അവർ വേട്ടയാടിയാൽ, അതിന്റെ പേരും പറഞ്ഞ് മറ്റേതെങ്കിലും പറുദീസയിൽ പോയി ശിഷ്ടകാലം കഴിക്കാൻ കവിക്കാകില്ല എന്നാണ്. അതിലും ഭേദം ഈ സ്വേച്ഛാധിപതികൾ നൽകുന്ന മരണശിക്ഷ ഏറ്റുവാങ്ങി ഇതേ മണ്ണിലടിയുന്നതാണ് എന്നാണ്. അങ്ങനെയാണ് കവി ചെയ്തത് എന്നാണ് ശേർ പറയുന്നത്.

കവി പരിചയം

ഒരു കവിക്ക് എന്തുമാത്രം രാഷ്ട്രീയപ്രസക്തി ഉണ്ടാകാമോ അത്രയും നേടിയ ആളാണ് ഫൈസ്. 1911 ഫെബ്രുവരി 13 പാകിസ്താനിലെ പഞ്ചാബിൽ ജനനം. ഗവണ്മെന്റ് കോളേജിലും ഓറിയന്റൽ കോളേജിലുമായി പഠനം. അത് പൂർത്തിയാക്കിയ ഉടൻ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഹ്രസ്വകാല സേവനം.  

1930 -ൽ അറബി ഭാഷയിൽ ബിരുദം. പിന്നീട് ഇംഗ്ലീഷ്, അറബി എന്നിവയിൽ ബിരുദാനന്തര ബിരുദം. പഠനത്തിനിടെ എം എൻ റോയ്, മുസഫർ അഹമ്മദ് എന്നിവരുടെ ആശയങ്ങളിൽ അനുരക്തനായി കമ്യൂണിസ്റ്റായി മാറുന്നു. വിവാഹം കഴിച്ചത് ബ്രിട്ടീഷുകാരിയായ ആലീസ് ഫൈസിനെ. ഫൈസ് ഉർദു പഠിപ്പിച്ചിരുന്ന യൂണിവേഴ്സിറ്റി കോളേജിൽ അദ്ദേഹത്തിന്റെ വിദ്യാർഥിനിയായിരുന്ന ആലീസ് അദ്ദേഹത്തിന്റെ കവിതയുടെ ആരാധിക എന്നതിനൊപ്പം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി അംഗവും കൂടി ആയിരുന്നു.

 

ഫൈസ് ആദ്യമായി അറസ്റ്റുചെയ്ത് തുറുങ്കിൽ അടക്കപ്പെടുന്നത് 1951 -ൽ ആണ്. ലിയാഖത്ത് അലി ഖാന്റെ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതായിരുന്നു അന്ന് ചുമത്തപ്പെട്ട കുറ്റം. നാലുവർഷത്തെ കാരാഗൃഹവാസത്തിനു ശേഷം ഫൈസിനെ അവർ വിട്ടയച്ചു. അതിനു ശേഷം പാകിസ്താനിലെ പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു ഏറെക്കാലം ഫൈസ്. സുൾഫിക്കർ അലി ഭൂട്ടോയുമായി കാത്തുസൂക്ഷിച്ചിരുന്ന അടുപ്പത്തിന്റെ പേരിൽ ജനറൽ സിയാ ഉൽ ഹഖും ഏറെക്കാലം ഫൈസിനെ തടങ്കലിൽ ഇട്ടു പീഡിപ്പിച്ചു. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെയായപ്പോൾ, നാടുവിട്ട് ബെയ്‌റൂട്ടിൽ ചെന്ന് പലായനജീവിതം നയിച്ചു ഫൈസ്.

ഫൈസിന്റെ 'ഹം ദേഖേംഗെ' എന്ന് തുടങ്ങുന്ന നസം പാകിസ്താന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഏറെ പ്രസിദ്ധമാണ്. ഈയിടെ ഇന്ത്യയിലെ സിഎഎ വിരുദ്ധ സമരങ്ങളിലും ആ ഗാനം നിരന്തരം ആലപിക്കപ്പെട്ടിട്ടിരുന്നു. 1990 -ൽ  പാകിസ്‌താനിലെ പരമോന്നത പുരസ്‌കാരമായ നിഷാൻ-എ-ഇംതിയാസ് നേടിയിട്ടുണ്ട്. നോബൽ സമ്മാനത്തിന് പേര് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഫൈസ് പാകിസ്താനിലെ ഏറ്റവും മികച്ച ഉർദു കവികളിൽ ഒരാളാണ്.  

രാഗവിസ്താരം

ഈ ഗസലിന്റെ മെഹ്ദി ഹസൻ വേർഷനാണ് ഏറ്റവും പ്രസിദ്ധം. ഝിംഝോടി ( Jhinjhoti- झिंझोटी) എന്ന രാഗത്തെ അടിസ്ഥാനമാക്കിയിട്ടാണ് മെഹ്ദി ഈ ഗസൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഏറെ ചഞ്ചലപ്രകൃതിയായ ഒരു രാഗമാണിത്. ശൃംഗാര രസപ്രധാനമായ ഈ രാഗത്തിൽ നിരവധി തുമ്രികളും, ഭജനുകളും, ഹിന്ദുസ്ഥാനി പദങ്ങളും ഉണ്ട്. ഖമജ്‌ ഥാട്ടില്‍ ഉള്ള ഈ രാഗത്തിലാണ്  മേരെ മെഹ്ബൂബ് തുഝേ, തും മുഝേ യൂം ഭുലാ ന പാവോഗേ, ഖുംഘ് രൂ കി തരാ, കോയി ഹംദം നാ രഹാ, തേരി ആംഖോം കെ സിവാ എന്നിങ്ങനെയുള്ള നിരവധി ഹിന്ദി സിനിമാഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ആലാപനങ്ങൾ 

1. മെഹ്ദി ഹസൻ 

2. ഹരിഹരൻ 

3. ശില്പ റാവു 

4. അലി സേഥി - കോക്ക് സ്റ്റുഡിയോ 

5. അരിജിത് സിംഗ് - ഹൈദർ സിനിമയിലെ റിപ്രൈസ് വേർഷൻ  

 

6. ഗായത്രി അശോകൻ 

 

 

7. ഫത്തേ അലി ഖാൻ സിതാറിൽ 

8. അക്മൽ കാദ്രി - ബാംസുരി 

9. റയീസ് ഖാൻ - വയലിൻ 

 

 

ഗസലറിവ് പരമ്പരയില്‍ ഇതുവരെ :

1. ചുപ്‌കേ ചുപ്‌കേ രാത് ദിൻ... 

2. 'ഏക് ബസ് തൂ ഹി നഹി' 

3. വോ ജോ ഹം മേം തും മേം കരാർ ഥാ

4. യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ

5. രഞ്ജിഷ് ഹി സഹി

6.  ഹസാറോം ഖ്വാഹിഷേം ഐസീ

7.  ഹംഗാമാ ഹേ ക്യൂം ബര്‍പാ

8. മുഹബ്ബത്ത് കര്‍നേ വാലേ

9. ശോലാ ഥാ, ജൽ ബുഝാ ഹൂം

10. കോംപ്‌ലേ ഫിർ ഫൂട്ട്‌ ആയീ

11.മേം ഖയാൽ ഹൂം കിസീ ഓർ കാ

12. 'ഗോ സറാ സീ ബാത് പെ..'

13'ദില്‍ മേം ഏക് ലെഹര്‍ സി'

14.മേരെ ഹം നഫസ്‌ മേരെ ഹംനവാ