ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 

എനിക്ക് മുന്നിലും പിന്നിലും ചുറ്റും ഒക്കെ അവളുണ്ടായിരുന്നുവെന്നല്ല പറയുന്നത്, ഇപ്പോഴുമുണ്ടെന്നെനിക്കറിയാം. അല്ലാത്തോണ്ട് തൊട്ടപ്പനെന്ന് പറയാനായില്ലെങ്കിലെന്താ. അതുക്കും മേലെയാണവള്‍- എന്‍േറച്ചി(ചേച്ചി)'. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്നെക്കാള്‍, ഞാനൊന്നാമതാവണമെന്ന് നിര്‍ബന്ധം വച്ചവള്‍, സ്‌കൂളിലെന്നെ ചേര്‍ക്കുംമുന്നേ എഞ്ചുവടീം, ഹിന്ദി, ഇംഗ്ലീഷ് വാക്കുകളും ഇരുത്തി പഠിപ്പിച്ച ആദ്യ ഗുരു. എപ്പോഴും അവളെ കണ്ടു പഠിക്കെന്ന് വീട്ടുകാര്‍ക്ക് പറയാനിടകൊടുക്കാതെ, അവരുടെ ചൂണ്ടുവിരലിന്റെ പരിധി വീട്ടിനകത്താക്കി വരച്ചിട്ടവള്‍! 

ഓരോ പരീക്ഷക്കും ഇരുത്തി പഠിപ്പിച്ചിരുന്നു. ഒരുപാടാവര്‍ത്തി തെറ്റിച്ചാല്‍ കിട്ടുന്ന നുള്ളുകള്‍ക്കൊക്കെയും റിസള്‍ട്ടെത്തുമ്പോള്‍ നെല്ലിക്കയുടെ പത്തിരട്ടി മധുരം വെക്കും. എല്‍ എസ് എസ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് എന്നു തുടങ്ങി പലതും എനിക്ക് നേടാനായതില്‍ ആള്‍ക്കൊരു പങ്കുണ്ട്. 

അമ്മമ്മയുണ്ടായിരുന്ന കാലത്തൊക്കെ വേനലവധിക്ക് ഞങ്ങള്‍ പക്ഷികളാകും. നാട്ടില്‍ പോയി അമ്മമ്മയുടെ തൂവല്‍ച്ചിറകിനിടയില്‍ അമ്മവീട്ടിലൊത്തു കൂടും. തോടും, കണ്ടോം, ബത്തും, താടിയപ്പപ്പന്റെ താമരക്കുളോം ഒക്കെയവിടത്തെ ഓര്‍മ്മപ്പച്ചകളാണ്. അങ്ങനൊരു ദിവസം ഞങ്ങള്‍ തോട്ടില്‍ പോയി. രണ്ട് മൂന്ന് പേരും ചേച്ചീം ചേര്‍ന്ന് തോര്‍ത്തു വിരിച്ച് മീനെപിടിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. തോര്‍ത്തിന്റെയക്കങ്ങളും ഒഴുക്കുവെള്ളത്തിന്റെ ഓളങ്ങളും നോക്കുന്ന എനിക്കരികില്‍ ഒരു പട്ടിയോടിയെത്തി. ഞാന്‍ പേടിച്ചരണ്ട് ചേച്ചിക്കരികിലേക്കോടി. മനസ്സ് ചേച്ചിയുടെ അടുത്തേക്കും ശരീരം ഒഴുക്കിനൊപ്പവും ഇഴുകിച്ചേരുകയായിരുന്നു. നീന്തലറിയാത്ത അവള്‍ ഒരുള്‍ധൈര്യത്തോടെ എന്നെ രക്ഷിച്ചെന്നു പറയാം.. അപ്പോഴേക്കും സ്‌നേഹത്തിന്റെ ആഴം കൂട്ടി കൊണ്ട് കരുതലിന്റെ തലതൊട്ടപ്പനായി മാറുകയായിരുന്നു അവള്‍! 

എസ് എസ് എല്‍ സി പരീക്ഷാ ദിവസം സോഷ്യല്‍ സയന്‍സിനെ പേടിച്ച് കരഞ്ഞ എന്നെ ആശ്വസിപ്പിച്ച് പഠിക്കേണ്ടതേതാണെന്ന് കാട്ടിത്തന്നു. പരീക്ഷാ ഹാളില്‍ ആ കരുതലിന്റെ മാജിക്കല്‍ റിയാലിറ്റി ഞാന്‍ അനുഭവിച്ചറിഞ്ഞു. വല്ലപ്പോഴും എഴുതിയതിനെ പറ്റി ചോദിച്ചാല്‍ നല്ലതെന്ന് പറയും. വായിച്ചിട്ടില്ലാത്ത ഒന്നിനെ പറ്റിയാണ് ഇങ്ങനൊരഭിപ്രായമെന്നറിയാമെങ്കിലും ആ പറച്ചിലെനിക്കിഷ്ടാണ് ട്ടൊ! 

കൊള്ളലും കൊടുക്കലും മിക്കപ്പോഴുമുള്ളതാണ്. അവസാനം രണ്ടാളും പൊട്ടിക്കരയും. ചേച്ചി മിണ്ടാന്‍ ഞാനും ഞാന്‍ മിണ്ടാന്‍ ചേച്ചിയും വല്ലാണ്ട് ശ്രമിക്കും. അപ്പോഴും മിണ്ടിക്കാനല്ല എന്ന് വൈറ്റ് വാഷടിച്ച് കാണിക്കും. രാത്രി കൂടെയുണ്ടെന്ന ധൈര്യത്തിന് കൈ കയ്യില്‍ മുട്ടിച്ചങ്ങനെ കിടക്കും. കല്യാണം കഴിഞ്ഞ് ചേച്ചി പോയതോടെ എന്നും കാണാന്‍ പറ്റാത്ത വിഷമാരുന്നു. എവിടെയൊക്കെയോ നികത്തപ്പെടാനാകാത്ത ഒഴിവുകള്‍ വെളുക്കേ ചിരിക്കും. 

എന്നും എപ്പോഴും കൂടെയുണ്ടെന്നെനിക്കറിയാം...തലതൊട്ടപ്പനും മീതെയായി. എന്റെ സങ്കടങ്ങളില്‍ ഞാനറിയാതെ എനിക്കൊപ്പം കരഞ്ഞോണ്ട്, സന്തോഷങ്ങളില്‍ പുറമേ കളിയാക്കി, ഉള്ളുനിറയെ ചിരിച്ചു കൊണ്ട്. 

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ 

സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്

ഫര്‍സാന അലി: അതിലും വലിയ സമ്മാനമൊന്നും  പിന്നീടെനിക്ക് ലഭിച്ചിട്ടില്ല

കവിത ജയരാജന്‍: ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട്...

ജഹാംഗീര്‍ ആമിന റസാഖ്: ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...

 ശ്രീജിത്ത് എസ് മേനോന്‍: എംടി യാണെന്റെ തൊട്ടപ്പന്‍!

റഫീസ് മാറഞ്ചേരി: പ്രവാസിയുടെ തൊട്ടപ്പന്‍!

ജുനൈദ് ടി പി തെന്നല: ഒരു ഒന്നൊന്നര മാമന്‍!

സുമാ രാജീവ്: പുരുഷോത്തം തോഷ്‌നിവാള്‍ എന്ന മാര്‍വാഡി

ജുനൈസ് അബ്ദുല്ല: 'ഇന്റെ ആരാ അബുക്ക?'

രസ്‌ന എം പി: ഇങ്ങനെയുമുണ്ട് അധ്യാപകര്‍!

സഞ്ജന ബിജി: ഇതുപോലെ ഒരേട്ടന്‍; അതാണ് ഭാഗ്യം!