Asianet News MalayalamAsianet News Malayalam

നിലാവ് പോലൊരു മാഷ്!

my teacher shaharban cp
Author
Thiruvananthapuram, First Published Dec 5, 2017, 8:29 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

my teacher shaharban cp

'എന്തൊക്കെ ആയിത്തീരാനാണ് ഇഷ്ടം?'

ആ ചോദ്യം ആദ്യമായി കേള്‍ക്കുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു.. ശാന്തിവയല്‍ പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളായി രൂപപ്പെടുന്ന ആദ്യവര്‍ഷം. മൂന്നാം ക്ലാസ്സിലേക്കാണ് അങ്ങോട്ട് വേരുമാറി പോവുന്നതെങ്കിലും പുതിയ ബില്‍ഡിങ്ങിലേക്കും പുതിയ മീഡിയത്തിലേക്കും മാറുന്നതിന്റെ കുറെയേറെ ചിട്ടവശങ്ങള്‍ ചുറ്റും നിറഞ്ഞുകേള്‍ക്കുന്നു. മലയാളം വാക്ക് മിണ്ടിപ്പോയാല്‍ ഫൈന്‍ വാങ്ങിക്കുന്ന, നാട്ടിലെ  ഗള്‍ഫ്കുട്ടികളേറെയും പഠിക്കുന്ന ഇംഗ്ലീഷ് സ്‌കൂളുകളെ കുറിച്ചൊക്കെ പറഞ്ഞുകേട്ട് അമ്പരന്നിരിക്കുന്ന ദിവസങ്ങള്‍. വാ തുറന്നാല്‍ അബദ്ധങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പൊട്ടിച്ചിരികള്‍ പേടിച്ചിരിക്കുകയാണ്. അപ്പോഴാണ് മുന്നില്‍ നിലാവ് പോലെ ചിരിക്കുന്ന, നോക്കുമ്പോള്‍ തന്നെ മനസ്സു പ്രസന്നമാക്കുന്ന വിടര്‍ന്ന മുഖമുള്ള താടിമാഷ് ഞങ്ങളോട് ഞങ്ങള്‍ക്ക് എന്തൊക്കെ കഴിവുകളുണ്ടെന്ന് ചോദിക്കുന്നത്. 'കഴിവ്' എന്ന വാക്കിനു പോലും പണം എന്ന് മാത്രം അര്‍ത്ഥം കണ്ടിരുന്ന മനസും ആ ചെറിയ കാലത്തിനിടെ ഞങ്ങളിലുണ്ടായിരുന്നു. ആ ചിന്തകളെ തിരുത്തി തന്നത് എം മാഷാണ് . M നൗഷാദ് മാഷ്. 

ഇക്കാലത്ത് ഒരു ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കും  അനുഭവിക്കാനാവാത്ത സ്വാതന്ത്ര്യം അറിഞ്ഞുതീര്‍ക്കുവാനുള്ള  അപൂര്‍വ ഭാഗ്യം ലഭിച്ചവരായിരുന്നു ശാന്തിവയലിലെ കുട്ടികള്‍. ഭാഷ കൊണ്ടാരും ഞങ്ങളെ കെട്ടിയിട്ടില്ല .അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അതിമനോഹരമായി മലയാളവും ഇംഗ്ലീഷും പഠിക്കാനായി എന്നതാണ് സത്യം. മാഷിന്റെ ആ ചോദ്യമാണ് ഞങ്ങള്‍ക്കൊക്കെ ദൈവം ഓരോ കഴിവുകള്‍ തന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. നോട്ടുപുസ്തകത്തില്‍ ഞാന്‍ നാല് വരിയെഴുതി ആരെയും കാണാതെ ഒളിപ്പിച്ചപ്പോള്‍, അന്ന് ആ ക്ലാസ്മുറി കേള്‍ക്കെ ഉച്ചത്തില്‍ എന്നെക്കൊണ്ടത് മാഷ്  ചൊല്ലിപ്പിച്ചു. കുഞ്ഞുമനസ്സിലേക്ക് ആഹ്ലാദത്തോടെ വിതറിത്തന്ന കയ്യടികള്‍ക്കൊടുവില്‍ മാഷ് പറഞ്ഞത്, 'നിന്റെയുള്ളില്‍ എഴുത്തുണ്ട' എന്നാണ്. ആ വാക്കാണ് ഇന്നുമെഴുതുന്നതിലെ എന്റെ ആത്മവിശ്വാസം .

നൗഷാദ് മാഷ് അന്ന് ടോട്ടോച്ചാന്റെ കഥയും പുസ്തകവും സ്വപ്നങ്ങളും ഞങ്ങള്‍ക്ക് തന്നു. ജനാലയ്ക്കരികിലെ വികൃതിക്കുട്ടിയിലൂടെ  ഞങ്ങളും ക്ലാസ്സ്മുറിക്കപ്പുറത്തെ കാണാപ്പുറങ്ങള്‍ മോഹിച്ചു .അന്ന് പലരും ക്ലാസ്സ്മുറിയില്‍ നിന്നിറങ്ങി മരച്ചുവട്ടില്‍ പോയിരുന്ന് ക്ലാസെടുത്തു തുടങ്ങി. സ്‌കൂളിനു പിറകിലും വശങ്ങളിലുമായി അനേകം പാറകളും മരത്തണലുകളും പരന്നിരുന്നു. ഒരിക്കല്‍ മരച്ചുവട്ടിലേക്ക് ക്ലാസെടുക്കാനാണെന്ന വണ്ണം പുറത്തിറങ്ങിയ മാഷിന്റെ പിന്നാലെ ഞങ്ങളും  ഇറങ്ങി നടന്നു. കെട്ടിടം വിട്ട് ഗേറ്റ് വരെ നടന്നപ്പോള്‍ ഞങ്ങള്‍ക്ക് അതിശയം മൂത്തു. മുന്നിലുണ്ടായിരുന്ന  സഹപാഠിയോട് മാഷ് പുറത്തേക്ക് ഓടാന്‍ പറഞ്ഞതും ഞങ്ങളാകെ അങ്കലാപ്പിലായി. ഇതിപ്പോ എന്താണെന്ന തെല്ലു ഭയം ഞങ്ങളെ അലട്ടാതിരുന്നില്ല. പിറകെ ഞങ്ങളോടും ദൂരേക്ക്  ഓടാനാവശ്യപ്പെട്ടപ്പോള്‍ ആധിയായി . ഒടുക്കം മാഷ്   ഞങ്ങളെയും കൂട്ടി ഗേറ്റ് വിട്ടു നടന്നു. മണ്ണിനോടും മനുഷ്യനോടും സഹവര്‍ത്തികളാക്കുന്ന വിദ്യാഭ്യാസമാണ് യഥാര്‍ത്ഥത്തില്‍ നമുക്കാവശ്യമെന്ന്  അദ്ദേഹം ഞങ്ങള്‍ക്ക് അനുഭവിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. 

സ്‌കൂളിനു ചുറ്റുമായി  കാടുമൂടിയ മരങ്ങള്‍ മറച്ച  വയലുകളിലൂടെ ഞങ്ങള്‍ നിരന്നു നടന്നു.

my teacher shaharban cp നൗഷാദ് മാഷ്

ഉയര്‍ന്ന നിരപ്പിലായിരുന്നു സ്‌കൂളുണ്ടായിരുന്നത്. പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍.   സ്‌കൂളിനു ചുറ്റുമായി  കാടുമൂടിയ മരങ്ങള്‍ മറച്ച  വയലുകളിലൂടെ ഞങ്ങള്‍ നിരന്നു നടന്നു. പോഷ് കാണിക്കാത്ത യൂണിഫോമിലോക്കെ ചേറിന്റെ അദ്ധ്വാനിക്കാത്ത മണവും രസവും പടര്‍ന്നു. വഴിയിടങ്ങളിലെ പച്ച മനുഷ്യരോട് അദ്ദേഹം വര്‍ത്താനം പറഞ്ഞു. ഇലകളുടെ പാട്ടും, കിളികളുടെ കഥകളുമൊക്കെയുള്ള ലോകം നമുക്ക് ചുറ്റുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആ വലിയ മാഷ് ഞങ്ങളെ പിന്നെയെപ്പൊഴും അത്ഭുതപ്പെടുത്തി.

ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒരു പാഠം ഒരു സ്‌കൂള്‍ ദിവസം ഞങ്ങളിലേക്ക് പകര്‍ത്താനായിരുന്നു അന്ന് മാഷ് ഞങ്ങളോടാവശ്യപ്പെട്ടത്. കാഴ്ചകള്‍ നഷ്ടപ്പെട്ടവരുടെയും ഭിന്നശേഷിയുള്ളവരുടെയും ജീവിതം ഞങ്ങളോട് ജീവിക്കാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും   കണ്ണും കാതും വായും ചെവിയുമൊക്കെ മൂടിക്കെട്ടി.ചിലര്‍ കൈകള്‍ കെട്ടിവെച്ചു, മറ്റുള്ളവര്‍ കാലുകള്‍ കയറ്റിക്കെട്ടി നടന്നു. യഥാര്‍ത്ഥത്തില്‍ അത്തരം മനുഷ്യരുടെ ജീവിതത്തില്‍ അവരനുഭവിക്കുന്ന , അവരുടെ മാനസികവും ശാരീരികവുമായ അവസ്ഥ ഞങ്ങളിലേക്കെത്തിക്കുക എന്നതിനോടൊപ്പം, സ്‌നേഹത്തിന്റെ കരസ്പര്‍ശങ്ങളായി ഞങ്ങളൊക്കെ മാറണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. അക്കാലത്ത് ഡോ. വിപി ഗംഗാധരന്‍ എഴുതിയ 'ജീവിതമെന്ന മഹാത്ഭുതം '' വായിപ്പിച്ച് നമ്മള്‍ എത്രമാത്രം അനുഗൃഹീതരാണെന്ന് ഞങ്ങളില്‍ ഉണര്‍ത്തി തന്നു.  നാടകവും എഴുത്തും വരയും നല്ല സൗഹൃദവും നല്ല മനുഷ്യരേയുമൊക്കെ നൗഷാദ് മാഷ് ഞങ്ങള്‍ക്ക് സമ്മാനിച്ചു. 

ഒരിക്കല്‍ ഞാനും ആമിയും ഹുദയും സഫയും ഷിഫയും കൂടെ നിര്‍ത്താത്ത വര്‍ത്തമാന കൂട്ടുമായി സ്‌കൂള്‍ വിട്ടു പോണ വഴിയാണ്. മാഷ് ഞങ്ങളെ പിറകീന്ന് വിളിച്ചു. അഞ്ചാള്‍ക്കും കൂടെ ഒരു മിഠായി തന്നു. നിറഞ്ഞു ചിരിക്കുന്ന ഞങ്ങളോട്  മാഷ് പറഞ്ഞു, 'ഇത് വഴിയിലാദ്യം കാണുന്ന ആള്‍ക്ക് കൊടുക്കണം'.  മിഠായി കൊതിച്ചികളായ ഞങ്ങളുടെ ഉള്ളില്‍ അന്ന് ആരെയായിരിക്കും ആദ്യം കാണുക എന്ന ആകാംക്ഷാപ്പൂത്തിരിയായിരുന്നു. അന്ന്  വഴിമദ്ധ്യേ ഒരു വല്ല്യുമ്മ പാതി വിയര്‍ത്ത് ഞങ്ങള്‍ക്കെതിരെ വന്നു. മാഷിന്റെ സ്‌നേഹസമ്മാനം ആ ഉമ്മമ്മാക്ക് കൊടുത്തപ്പോഴാണ് ഞങ്ങള്‍ക്ക് മിഠായിയേക്കാള്‍ മധുരമുള്ള പലതും ഈ ലോകത്തുണ്ടെന്ന് മനസ്സിലായത് .

'ന്റെ മക്കളേ. കുടുംബത്തിലൊരു മരിച്ച വീട്ടില്‍ പോയി വരാണ് ഞാന്‍. ന്റെ കൊല്ലി ആകെ വറ്റീക്കേയ്‌നു. അപ്പളാ ന്റെ കുട്ട്യാള്‍...'

സന്തോഷം കൊണ്ട് ഉമ്മമ്മാക്ക്  വാക്ക് മുഴുമിക്കാനായില്ല.. പേരുപോലുമറിയാത്ത വളരെ സാധാരണക്കാരായ  പലരിലേക്കും കുട്ടികളിലൂടെ മാഷ് സമ്മാനങ്ങളയച്ചു സ്‌നേഹപ്പുഞ്ചിരികള്‍ വിടരുന്നത് കാണിച്ചുതന്നു. ചെറിയ ജീവിതത്തില്‍ നമ്മുടെ സ്‌നേഹത്തിന് മറ്റുള്ളവരുടെ സന്തോഷങ്ങള്‍ക്കുള്ള ഹേതുവാകുവാനാവുമെന്നുള്ള വലിയ പാഠങ്ങള്‍ പിന്നെയും ഞങ്ങള്‍ക്ക് പകുത്തു തന്നു.

പത്താം ക്ലാസ്സിന്റെ റെഡിമേഡ് ജാഗ്രതയിലേക്ക് മാറിയ A+ പ്രതീക്ഷയിലാണ്  ആ കൊല്ലം തുടങ്ങുന്നത്. അന്നൊന്നും സ്‌കൂളിലെങ്ങും മാഷിനെ കണ്ടില്ല. പെട്ടൊന്നൊരു ദിവസം മാഷ് ക്ലാസ്സില്‍ വന്നു. നല്ല നനുത്ത കാറ്റും മഴ പെയ്യാതെ ബാക്കിനിര്‍ത്തിയ തണുപ്പുമുള്ള ദിവസമായിരുന്നു അത് . ക്ലാസ്സ്മുറിയിലിരുത്തി ഞങ്ങള്‍ക്ക് മെഡിറ്റേഷന്‍ ക്ലാസ് തന്നു. അതിനൊടുവില്‍, അദ്ദേഹം ഞങ്ങള്‍ക്ക് വീരാന്‍കുട്ടി സാറിന്‍െ  പൂമരം കവിത ചൊല്ലിത്തന്നു. അന്നായിരുന്നു ശാന്തിതീരത്തെ മാഷായി  അവസാനമായി വരുന്നത്. 

എല്ലായിടത്തും മാഷിന്റെ സാന്നിധ്യമറിയിക്കുന്ന അനേകം ഓര്‍മകളുണ്ടായി. നന്മ കൊണ്ടല്ലാതെ ആര്‍ക്കും ആ മുഖം ഓര്‍ക്കാനാവില്ല. ഓരോ ഇടങ്ങളിലേക്ക് പറിച്ചു നട്ടപ്പോഴും നൗഷാദ് മാഷ് ഉള്ളിലുണ്ടായിരുന്നു. പഠിപ്പിച്ച ഇടങ്ങളിലെല്ലാം മാഷ് പ്രിയപ്പെട്ട  മാഷായി. ഗുരുശിഷ്യ ചട്ടങ്ങളില്ലാതെ ചിലര്‍ക്ക് 'നൗഷാദ് ഭായ്' എന്ന് സ്‌നേഹത്തോടെ വിളിക്കുവാനുള്ള സ്വതന്ത്ര്യം പോലും അദ്ദേഹം തുറന്നു വെച്ചു. മീഡിയ സ്‌കൂളിലെ അധ്യാപകനായി ഇന്ന് മാഷ് അനേകം പേര്‍ക്ക് പ്രചോദനം ആവുമ്പോഴും , സര്‍ഗാത്മകതയുടെ പുതിയ ഇടങ്ങളിലേക്ക് മാഷ് കുട്ടികളെ കൊണ്ടുപോവുന്നു. സ്‌നേഹസ്പര്‍ശം കൊണ്ട് ജീവിതത്തെ വ്യഹരിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ വലിയ പാഠങ്ങള്‍  ഇന്നും ഞങ്ങളോടൊപ്പം സഞ്ചരിക്കുന്നു.. മാഷ് എനിക്കവസാനമായി അയച്ച എഴുത്തിന്റെ ഒടുക്കം പോലും ആ ഓര്‍മപ്പെടുത്തലുണ്ടായിരുന്നു.

'love is not a disease 
It's a medicine for every disease'

 

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!

ഷീബാ വിലാസിനി: ഈശ്വരാ, ഗ്രാമര്‍!

അജീഷ് മാത്യു കറുകയില്‍: ഞാന്‍ കാരണമാണ് എന്റെ ഗുരു ജയിലിലായത്!

ജോയ് ഡാനിയേല്‍: ക്ലാസ് റൂമിന് പുറത്ത്  ഞാന്‍ ഒരു കള്ളനെപ്പോലെ നിന്നു...

അനില്‍ കിഴക്കടുത്ത്: സംഗീതം പോലൊരു ടീച്ചര്‍!

ജസ്‌ന ഹാരിസ്: ഇന്നും സാറിനെ എനിക്ക് പേടിയാണ്!

ജസീന കരീം: മാഷിന്റെ ക്ലാസ് ശ്രദ്ധിക്കാതിരുന്നതിന്റെ രഹസ്യം!
 

Follow Us:
Download App:
  • android
  • ios