റിയാദിൽ നിന്ന് രണ്ട് മണിക്കൂറ് കൊണ്ട് ദോഹയിലെത്താം. സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിച്ചു കൊണ്ട് അതിവേഗ റെയിൽവേ സ്ഥാപിക്കും. 785 കിലോമീറ്റർ ദൈർഘ്യമുള്ള തീവണ്ടി പാത ഇരു രാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.

റിയാദ്: സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയിൽവേ സ്ഥാപിക്കും. റിയാദിനും ദോഹക്കുമിടയിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് ട്രെയിനുകൾ ഈ പാതയിലോടും. റിയാദിൽ നിന്ന് രണ്ട് മണിക്കൂറ് കൊണ്ട് ദോഹയിലെത്താം. റിയാദിൽ നടന്ന സൗദി-ഖത്തർ കോഓർഡിനേഷൻ കൗൺസിൽ യോഗത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇരു രാജ്യങ്ങളിലേയും ഗതാഗത മന്ത്രിമാർ റെയിൽവേ സ്ഥാപിക്കുന്നതിനുള്ള കരാറൊപ്പിട്ടു.

785 കിലോമീറ്റർ ദൈർഘ്യമുള്ള തീവണ്ടി പാത ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളായ ഖത്തർ, റിയാദ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. റിയാദിലെ നിർദ്ദിഷ്ട കിങ് സൽമാൻ ഇൻറർനാഷനൽ എയർപ്പോർട്ടിനേയും ദോഹയിലെ ഹമദ് ഇൻറർനാഷനൽ എയർപ്പോർട്ടിനെയും കൂടി ബന്ധിപ്പിക്കുന്ന റെയിൽവേയിൽ റിയാദും ദോഹയും കൂടാതെ ദമ്മാം, ഹുഫൂഫ് എന്നീ മേജർ സ്റ്റേഷനുകൾ കൂടിയുണ്ടാവും. റിയാദിൽനിന്ന് രണ്ട് മണിക്കൂർ കൊണ്ട് ദോഹയിൽ എത്താൻ കഴിയുംവിധം അതിവേഗ ട്രെയിനുകളാണ് ഓടുക. വർഷത്തിൽ ഒരു കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ റെയിൽവേ പദ്ധതി 30,000 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പദ്ധതി യാഥാർഥ്യമായി കഴിഞ്ഞാൽ രണ്ട് രാജ്യങ്ങളുടെയും ജി.ഡി.പിയിലേക്ക് വർഷത്തിൽ 115,00 കോടി റിയാൽ സംഭാവന ചെയ്യും.