ദില്ലിയിലെ ആർകെ പുരത്ത് കാറിടിച്ച് ബൈക്ക് മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായി. അപകടത്തിൽ ബൈക്ക് യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ 73 -കാരനായ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലിയിലെ ആർകെ പുരത്ത് കാറിടിച്ച് ബൈക്ക് മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവത്തിൽ 73 -കാരനായ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 17 വ്യാഴാഴ്ച രാത്രി 10.22 ഓടെയാണ് സംഭവം നടന്നതെന്ന് ദില്ലി പൊലീസ് പറയുന്നു.
ബൈക്കിനെ വലിച്ചിഴച്ച് കാർ
വസന്ത് കുഞ്ച് സ്വദേശിയായ വേണു ഗോപാൽ എന്നയാളാണ് അറസ്റ്റിലായത്. അദ്ദേഹം ഓടിച്ചിരുന്ന നീല നിറത്തിലുള്ള ഹോണ്ട അമേസ് റോഡരികിൽ നിർത്തിയിട്ടിരുന്ന തനിഷ് ടോകാസിന്‍റെ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തനിഷ് ബൈക്കിൽ നിന്ന് തെറിച്ച് വീണെങ്കിലും കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എന്നാൽ, അപകടത്തിന് പിന്നാലെ കാർ നിർത്താതെ മുന്നോട്ട് നീങ്ങുകയും ബൈക്ക് കാറിനടിയിൽ കുടുങ്ങി ഏതാനും മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നാലെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ട് കാർ തടഞ്ഞ് നിർത്തി. ഇതിനിടെ ആരോ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. വീഡിയോയിൽ ബൈക്ക് കാറിൽ കുടുങ്ങിയ നിലയിൽ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നത് വ്യക്തമായി കാണാം.
അറസ്റ്റ്
സംഭവത്തിന് പിന്നാലെ പൊലീസ് വേണു ഗോപാലിനെ അറസ്റ്റ് ചെയ്യുകയും ഹോണ്ട അമേസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാൾ മദ്യപിച്ചതിന്‍റെ തെളിവ് ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. അതേസമയം മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോയെന്ന് വ്യക്തമല്ല. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


