ട്രെയിന്‍ ഇടിച്ച് രാജ്യത്ത് ഓരോ വര്‍ഷവും നൂറുകണക്കിന് വന്യമൃഗങ്ങളാണ് കൊല്ലപ്പെടുന്നത്. ഇതിനൊരു അറുതി വരുത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു റെയില്‍വേയും വനം വകുപ്പും. ഒടുവില്‍ എഐയുടെ സഹായത്തോടെ ചില നീക്കങ്ങള്‍ വിജയം കണ്ടിരിക്കുന്നു.
എഐ സാങ്കേതിക വിദ്യയുടെ കാലം കൂടിയാണ് ഇത്. ഏതൊരു വിഷയവുമായി ബന്ധപ്പെടുന്ന നിരവധി ഡാറ്റകളെ നിമിഷ നേരം കൊണ്ട് പഠിച്ച് അതിൽ നിന്നും ലഭ്യമായതില്‍ വച്ച് ഏറ്റവും കൃത്യമായ ഒരു ഉത്തരത്തിലേക്ക് എത്താന്‍ എഐ സാങ്കേതിക വിദ്യ മനുഷ്യനെ സഹായിക്കുന്നു. പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ എഐ നമ്മുടെ ജീവിതത്തിലെ ചില നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. നിരീക്ഷണ ക്യാമറകള്‍ ഇവയിലൊന്നാണ്. റോഡിലൂടെ ഹെല്‍മറ്റില്ലാതെയും അമിത വേഗതയിലും പോകുന്നവരെ മാത്രമല്ല. രാത്രിയില്‍ റെയില്‍വേ പാളം മുറിച്ച് കടക്കുന്നത് വഴി അപകടത്തില്‍പ്പെടുന്ന വന്യമൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാനും എഐ ക്യാമറകള്‍ക്ക് കഴിയുമെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ റിട്ടേർഡ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ച വീഡിയോ തെളിയിക്കുന്നു.
രാത്രിയില്‍ റെയില്‍വേ ലൈന്‍ മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ആനകളെ എഐ ക്യാമറ കണ്ടെത്തിയെന്നും പിന്നാലെ റെയില്‍വേ കണ്ട്രോള്‍ റൂമിലേക്ക് ട്രെയിന്‍ നിര്‍ത്താന്‍ സന്ദേശം നല്‍കിയെന്നും എഴുതിക്കൊണ്ടാണ് സുശാന്ത് നന്ദ വീഡിയോ പങ്കുവച്ചത്. ഒപ്പം, തങ്ങള്‍ക്ക് പരിഹാര മാർഗ്ഗങ്ങള്‍ ഉണ്ടായിരുന്നെന്നും അത് ഇപ്പോള്‍ ഫലം കാണുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാക്കില്‍ സ്ഥാപിച്ച നാല് എഐ ക്യാമറകള്‍ ഇത്തരം അപകടങ്ങൾ കുറയ്ക്കാന്‍ വേണ്ടി സ്ഥാപിക്കപ്പെട്ടവയാണെന്നും അദ്ദേഹം എഴുതി. മറ്റൊരു കുറിപ്പില്‍ റൂർക്കെല്ല ഫോറസ്റ്റ് ഡിവിഷനിൽ പൈലറ്റ് അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അവയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വീഡിയോ ഇതിനകം മൂന്നേകാല്‍ ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി മൃഗസ്നേഹികൾ അദ്ദേഹത്തെയും വനം വകുപ്പിനെയും അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിബിഡവനങ്ങളെ കീറിമുറിച്ച് കൊണ്ട് നിരവധി റെയില്‍വേ ട്രാക്കുകള്‍ കടന്നുപോകുന്നുണ്ട്. ഇത് മൂലം ഓരോ വര്‍ഷവും കാട്ടാനകൾ ഉള്‍പ്പെടെ നിരവധി വന്യമൃഗങ്ങളാണ് ട്രെയിന്‍ ഇടിച്ച് കൊല്ലപ്പെടുന്നത്. 1987 മുതല്‍ 2001 വരെ 72 ആനകളാണ് ട്രെയിന്‍ ഇടിച്ച് കൊല്ലപ്പെട്ടതെന്ന് വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സൈറ്റില്‍ വ്യക്തമാക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ഈ കണക്കുകള്‍ക്ക് വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് ഇത്തരം അപകടങ്ങളില്‍പ്പെട്ടുള്ള വന്യമൃഗങ്ങളുടെ മരണം ഒഴിവാക്കാന്‍ വിവിധ പദ്ധതികള്‍ക്ക് വനം വകുപ്പും റെയില്‍വേ വകുപ്പും ശ്രമം തുടങ്ങിയത്.
കരച്ചിലും പിഴിച്ചിലും പണ്ട്; വിവാഹ വേദിയിലേക്ക് ആടിപ്പാടി വരുന്ന വധുവിന്‍റെ വീഡിയോ വൈറല്‍
