തോണിയിൽ പുഴ കടന്നെത്തുന്ന തെയ്യങ്ങൾ, കൈവിടാതെ കാത്തോളാമെന്ന ഉറപ്പും
തോണിയിൽ പുഴ കടന്നെത്തുന്ന തെയ്യങ്ങൾ, കൈവിടാതെ കാത്തോളാമെന്ന ഉറപ്പും
ജീവിതപ്പുഴപോലെ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ജലപ്പാടം. ഇഹപരമെന്നപോലെ ഇരുകരകളിലെ ജനപഥങ്ങള്‍. ആശാത്തുരുത്തുപോലെ അവിടങ്ങളിലെ ചില കടവുകള്‍. ഈ കടവുകളിലൊന്നില്‍ നിന്നും മൂന്നുപേരുമായി ഒരു തോണി വര്‍ഷാവര്‍ഷം മറുകരയിലേക്ക് പുറപ്പെടും. ആ വരവും നോക്കി അക്കരെക്കടവില്‍ ഒരാള്‍ കാത്തുനില്‍പ്പുണ്ടാകും. തോണിയിറങ്ങിയാല്‍ അവര്‍ നാലല്ല, ഒന്നാകും. കാരണം അവര്‍ കേവലം മനുഷ്യരല്ല, ദൈവങ്ങളാണ്! വന്നവനും നിന്നവനും തമ്മില്‍ നാട്ടുവിശേഷങ്ങള്‍ പങ്കിടും. ഗ്രാമം ചുറ്റിക്കാണും. ദേശവും കൃഷിയും കൈവിടാതെ കാത്തോളാം എന്ന വാക്ക് പരസ്‍പരം ഓര്‍മ്മിപ്പിക്കും. പിന്നെ ഉപചാരം ചൊല്ലിപ്പിരിഞ്ഞ് വന്ന മൂവരും മറുകരയിലെ പതിയിലേക്കും നിന്നവൻ കാവിലേക്കും മടങ്ങും.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടെ അരയി ഗ്രാമത്തിലാണ് തെയ്യങ്ങള്‍ മറ്റൊരു തെയ്യത്തെ കാണാൻ കടത്തുതോണിയില്‍ പുഴ കടന്നെത്തുന്ന മനോഹരമായ ഈ കാഴ്‍ച. അരിവിതച്ച് അരയിയെ സമൃദ്ധമാക്കിയ കാര്‍ത്തിക ചാമുണ്ഡിയാണ് കൂട്ടുകാരൊടൊപ്പം അരയിപ്പുഴ കടന്ന് മറ്റൊരു കൂട്ടുകാരനായ കാലിച്ചേകവനെ തേടിയെത്തുന്നത്. കാര്‍ത്തികക്കാവില്‍ നിന്നും അരയി ഗ്രാമത്തിലെ കൃഷിയിടങ്ങള്‍ നോക്കിക്കാണാനാണ് കാര്‍ത്തിക ചാമുണ്ഡിയും കാലിച്ചാന്‍ തെയ്യവും ഒപ്പം ഗുളികനും തോണിയില്‍ പുഴ കടക്കുന്നത്.
അള്ളോൻ വാഴും അള്ളടനാടിന്‍റെ ചരിത്രത്തോളമോ അല്ലെങ്കിൽ കാഞ്ഞങ്ങാട്ടെ നാട്ടുരാജൻ കാഞ്ഞന്‍റെ വേരുകളോളമോ പഴക്കമുണ്ട് അരയിയുടെ നാട്ടുചരിത്രത്തിനെന്ന് നാട്ടുകാര്‍ പറയും. പുത്തില്ലം തറവാട്ടിലെ പുലയസമുദായക്കാരാണ് കാര്‍ത്തിക വയല്‍ പ്രദേശത്തെ ആദിമവാസികള്‍. കിഴക്കുനിന്നൊഴുകി വരുന്ന പുഴ അരയിയുടെ വടക്കും പടിഞ്ഞാറും അതിരിട്ടു ഒഴുകിയിരുന്ന കാലം.
പണ്ടെങ്ങാണ്ടോ ഒരുദിനം പുഴ ഗതിമാറിയൊഴുകി. അങ്ങനെ അരയിയിൽ വയലുണ്ടായി. ഒരുകര അരയി ഗ്രാമവും മറുകര കാര്‍ത്തിക വയലും. അന്നപൂർണേശ്വരി അനുഗ്രഹിച്ചരുളിയ ഭൂമിക്ക് കാവൽ നിൽക്കാൻ അള്ളടത്തു തമ്പുരാൻ രണ്ടു ചേരിക്കല്ലുകള്‍ ഉണ്ടാക്കി. അവിടെ സ്വരൂപത്തിന്‍റെ കാവൽദൈവങ്ങളെ പ്രതിഷ്‍ഠിച്ചു തമ്പുരാൻ. അരയിയിൽ കൊട്ടാരവും കാർത്തികയിൽ പത്തായപ്പുരയുമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.