ഇങ്ങനെ നാനാതരം ജീവന്റെ രൂപങ്ങളുമായി, ജീവന്റെ വൈവിധ്യവുമായി, വര്‍ണ്ണസുഗന്ധരൂപവൈവിദ്ധ്യങ്ങളുമായി, സുന്ദരരൂപങ്ങളായി, ഇടപഴകി ഇഴുകിച്ചേര്‍ന്ന് ജീവിച്ചപ്പോഴാണ് ജൈവവൈവിധ്യത്തെപ്പറ്റി അറിഞ്ഞത്. ഞാന്‍ അന്നറിഞ്ഞത് എത്ര കുറവാണ് എന്ന് പക്ഷെ ഇന്നറിയാം."മാഷിന്റെ മൈക്രോബ് പ്രേമം ചെറുപ്പം മുതല്‍ തന്നെ തുടങ്ങിയതാണോ? അല്ല; പല പ്രേമങ്ങളിലും പെടുന്നത് ബാല്യകാലത്തല്ലേ. എന്റെ അനുഭവം വെച്ചുകൊണ്ടു ചോദിക്കുകയാണ്." ബാല്യകാലസഖിയെത്തന്നെ ജീവിതസഖിയാക്കി ചരിത്രമുള്ളൊരു സുഹൃത്തിന്റെ ചോദ്യമാണ് തുടക്കത്തില്‍ കൊടുത്തിരിക്കുന്നത്. ചോദ്യത്തിലെ 'ഉത്തരം' ശരിയാണ്. പല പ്രേമങ്ങളും ബാല്യകാലത്തുതന്നെ പിടിപെടുന്നതാണ്. കാരണം, പ്രേമഭാവം എല്ലാ മനുഷ്യരുടെയും ജീനില്‍ ഉള്ളതു തന്നെ. പ്രായം കൂടുന്നതിനനുസരിച്ച് പ്രേമത്തിന്റെ സ്വഭാവം മാറുന്നതും സ്വാഭാവികം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ച ഒരു നോവലിലെ ബാല്യകാലപ്രേമം ഈ 80-ാം വയസ്സിലും എന്നെ പുളകം കൊള്ളിക്കുന്നുണ്ട്. ഡെന്നിസ് ദ് മെനെ്സ് (Dennis the Menace) എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര് എന്നാണ് ഓര്‍മ്മ. നമ്മുടെ പുസ്തകശാലകളില്‍ റഷ്യന്‍ പുസ്തകങ്ങളുടെ പ്രളയമുണ്ടായിരുന്ന കാലത്ത് കൈയില്‍ കിട്ടിയതായിരുന്നു ആ ഗ്രന്ഥം. അന്നത്തെ റഷ്യന്‍ ഗ്രന്ഥങ്ങളെല്ലാം സൂപ്പര്‍ തന്നെയായിരുന്നു. 'വില തുച്ഛം, ഗുണം മെച്ചം' എന്ന വിശേഷണം 100% അവയ്ക്ക് യോജിച്ചിരുന്നു. സുത്യേവിന്റെ 'കുട്ടിക്കഥകളും ചിത്രങ്ങളും' തന്നെ നല്ല ഉദാഹരണം. ആ ഗണത്തില്‍ പെടുന്ന കൗമാരസാഹിത്യമെന്ന വിഭാഗത്തില്‍ പെടുത്താവുന്ന സാമാന്യം വലിയൊരു ഗ്രന്ഥം. ഭാവനാശാലിയായ ഒരു പിതാവ് തന്റെ മകനെ എങ്ങനെ ശാസ്ത്രീയമായി, മന:ശാസ്ത്രപരമായി, വളര്‍ത്തി കൗമാരം കടത്തിവിടുന്നു എന്ന് മനോഹരമായി വിവരിക്കുന്ന ഒരു ഗ്രന്ഥമായിരുന്നു അത്. മകന്‍ നാലോ അഞ്ചോ വയസ്സില്‍ ഒരു പ്രേമത്തില്‍പ്പെടുന്ന ഒരു ഭാഗമുണ്ട് അതില്‍. അച്ഛന്‍ ആ പ്രേമത്തെ സഹാനുഭൂതിയോടെയാണ് കൈകാര്യം ചെയ്യുന്നത്. അവനെ വഴക്കു പറയുകയല്ല ചെയ്യുന്നത് എന്ന്. മറിച്ച്, പ്രേമത്തിന് കൂട്ടു നില്‍ക്കുകയാണ്! 

അച്ഛനും മകനും കൂടി ഒരു സര്‍ക്കസ് കണ്ടിരിക്കുമ്പോഴായിരുന്നു കൊച്ചുപയ്യന് പ്രേമപ്പനി പിടിക്കുന്നത്. എങ്ങനെയെന്നു പറയാം.
സര്‍ക്കസിലെ അഭ്യാസങ്ങള്‍ കണ്ടു മകന്‍ രസിച്ചിരിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഒരു കൊച്ചുപെണ്‍കുട്ടി റിങ്ങിലേക്ക് ഒരു മാലാഖയെപ്പോലെ ഒഴുകി വന്നത്. എന്തൊരു ഭംഗി. പൂ പോലുള്ള പുഞ്ചിരി. അവള്‍ ചിരിച്ചപ്പോള്‍ ചുറ്റും പൂനിലാവു പരന്നതായി പയ്യനു തോന്നി. അവളുടെ കണ്ണില്‍ നക്ഷത്രക്കുഞ്ഞുങ്ങള്‍. കവിളിണകള്‍ ചുവന്നു തുടുത്ത ആപ്പിള്‍ പോലെ. നുണക്കുഴികള്‍ക്ക് എന്തൊരു ചന്തം. ഇവള്‍ തന്നെ ഹൂറി. താന്‍ വായിച്ച മുത്തശ്ശിക്കഥയിലെ രാജകുമാരി! ഡെന്നിസ് ആ കുഞ്ഞുസുന്ദരിയുടെ മുഖത്തുനിന്നും കണ്ണുപറിക്കാതെ അച്ഛനടുത്തിരുന്നു. അവനൊന്നും മിണ്ടാനായില്ല. എപ്പോഴും എന്തെങ്കിലും ചലപില ചോദിച്ചു കൊണ്ടിരിക്കുന്ന മകന്‍ വായടച്ചിരിക്കുന്നതു കണ്ട് അച്ഛന്‍ അവന്റെ നേരെ നോക്കി. അതാ അവന്‍ ആ പെങ്കൊച്ചിനെ നോക്കി എല്ലാം മറന്നിരിക്കുന്നു. അവള്‍ ചിരിക്കുമ്പോള്‍ അവന്‍ ചിരിക്കുന്നു. അവള്‍ അപകടകരമായ വേലകള്‍ കാണിക്കുമ്പോള്‍ അവന്റെ മുഖത്ത് ഭയം നിറയുന്നു. അവള്‍ പ്രകടനത്തില്‍ വിജയിച്ചു നിന്നു ചിരിച്ചു കൈകള്‍ ഉയര്‍ത്തിയപ്പോള്‍ അവനും അറിയാതെ എഴുന്നേറ്റു നിന്ന് കൈകള്‍ ഉയര്‍ത്തി. അവള്‍ അവനെ ശ്രദ്ധിച്ചോ ആവോ? അവനായി ഒരു നോട്ടം? ഒരു ചിരി? അച്ഛനതു കണ്ടുപിടിക്കാന്‍ പറ്റിയില്ല. ഏതായാലും പയ്യന്റെ രോഗം അച്ഛനു മനസ്സിലായി. തന്റെ മകനല്ലേ. മോശമാവുകയില്ലല്ലോ. അച്ഛന്‍ മകന്‍ കാണാതെ ചിരിച്ചു. മകന്‍ ഒന്നും കാണുന്നില്ലായിരുന്നു. പിന്നെ വന്ന അഭ്യാസങ്ങളൊന്നും കാണാന്‍ താല്പര്യമില്ലാതെ അവനിരുന്നു. പെണ്ണിനെ കാണാഞ്ഞിട്ട് പയ്യന് നിരാശ. നമുക്കു പോകാം. അവനെഴുന്നേറ്റു.

ഇങ്ങനെയൊക്കെയായിരുന്നു ആ കഥ എന്നാണോര്‍മ്മ. പിന്നീടൊരു പ്രാവശ്യം കൂടി സര്‍ക്കസ് കാണാന്‍ അവര്‍ പോയി. മകന്‍ നിര്‍ബന്ധിച്ചിട്ടായിരുന്നു പോയത്. രംഗത്ത് പെണ്ണിനെ കാണാതായതോടെ പയ്യനു സങ്കടം. നിരാശ. കണ്ണുനീര്. അവസാനം അച്ഛന്‍ മകനുമായി ചെന്ന് സര്‍ക്കസ് ഭാരവാഹികളെ കണ്ടു(?). അവള്‍ വളരെ വളരെ അകലത്തേക്ക്, മറ്റൊരു സ്ഥലത്തേക്ക്, സര്‍ക്കസ് പ്രകടനത്തിനു പോയെന്ന് അവര്‍ പറഞ്ഞു. അവളുടെ പേരു മാത്രം അവര്‍ അറിഞ്ഞു. ആ സ്ഥലം വളരെ അകലെയാണോ എന്ന് മകന്‍ ചോദിക്കുന്നുണ്ട്. വളരെ വളരെ അകലെയാണ് എന്ന് അച്ഛന്‍ പറയുമ്പോള്‍ മകന് ഉള്ളുരുകി നിന്നു നീറുന്ന കാഴ്ച ആരുടേയും കണ്ണുനനയ്ക്കും. അതേ; പ്രേമം ദു:ഖവും സമ്മാനിക്കും. എന്നാലും പ്രേമിക്കണം. പ്രേമിക്കാനും പഠിപ്പിക്കുന്ന ആ അച്ഛനു മുന്നില്‍ നമുക്കു തല കുനിക്കാം.

കുട്ടിക്കാലത്ത് എന്തിനേയും ഏതിനേയും പ്രേമിക്കാനുള്ള ആഗ്രഹം കൂടുതലായിരിക്കും. മയില്‍പ്പീലിയെയും വളപ്പൊട്ടിനെയും മുതല്‍ പൂച്ചക്കുഞ്ഞിനെ വരെ. തുളസിച്ചെടിയെ മുതല്‍ മുക്കുറ്റിപ്പൂവിനെ വരെ. വെള്ളാരങ്കല്ലിനെ മുതല്‍ നക്ഷത്രത്തെ വരെ. ഒരു കര്‍ഷക കുടുംബാംഗമായിരുന്ന എനിക്ക് ബാല്യകാലം വളരെ തിരക്കുപിടിച്ചതായിരുന്നു. ചുറ്റും നിറയെ മനുഷ്യര്‍. മൃഗങ്ങള്‍. ചെടികള്‍. വലിയ കുടുംബമാകുമ്പോള്‍ കുടുംബാംഗങ്ങളോടെല്ലാം ഇടപഴകും. സ്നേഹവും രോഷവും കരുണയും കരുതലും എല്ലാം നിറഞ്ഞ ബന്ധങ്ങള്‍. വലിയൊരു കുടുംബത്തിലെ കുട്ടിയായി വളരാനും വേണമൊരു ഭാഗ്യം. സ്നേഹിക്കാന്‍ പഠിക്കുന്ന കളരിയാകും അപ്പോള്‍ കുടുംബം. പിന്നെ വീടിനു മുന്നിലെ വെച്ചൂര്‍ പശുക്കള്‍. പശുക്കുട്ടികള്‍. കൃഷിപ്പണിയില്‍ സഹായിക്കുന്ന അനേകം തൊഴിലാളികള്‍. അവരുടെ മക്കള്‍. കൃഷിപ്പണികള്‍, പച്ചപ്പു നിറഞ്ഞ പറമ്പിലും പാടത്തും നടക്കുമ്പോള്‍ ലഭിക്കുന്ന കാഴ്ചകള്‍. വൈകുന്നേരം പൊങ്ങുന്ന ഈയലുകള്‍. രാവിലെ കുടപിടിച്ചു നില്‍ക്കുന്ന അരിങ്കൂണുകള്‍. കപ്പലുമാവുകളില്‍ പഴുത്തു കിടക്കുന്ന പഴങ്ങള്‍ തിന്നാനുള്ള ആവേശം. എത്ര പ്രാവശ്യം മാവില്‍ നിന്നു വീണിട്ടുണ്ട് എന്ന് അമ്മക്കേ അറിയൂ. പക്ഷേ, കൈകാലുകള്‍ ഒടിക്കുന്നതില്‍ വിദഗ്ദ്ധന്‍ എന്റെ ചേട്ടനായിരുന്നു. പിന്നെ വേണ്ടത്ര നീര്‍ക്കോലിക്കടി വാങ്ങലും അത്താഴം മുടങ്ങലും!

അന്ന് പറമ്പിലെ കരിയിലകള്‍ ഒന്നു പൊക്കിയാല്‍ താഴെ തണുപ്പില്‍ താമസിക്കുന്ന നാനാതരം ജന്തുക്കള്‍ ഓടുന്നത് ഒരു കാഴ്ചയായിരുന്നു. എത്രയോതരം കൊച്ചു കൊച്ചു ജന്തുക്കള്‍. പ്രാണികള്‍. ഞാഞ്ഞൂല്‍ മുതല്‍ ചെവിപ്പാമ്പു വരെ. അട്ടകള്‍, ഒച്ചുകള്‍. എതോ ഒരു പുഴുവിനു പുറകെ ഞങ്ങള്‍ ചെന്ന് പതുക്കെ അതിന്റെ പുറത്തുതൊട്ടിരുന്നത് ഓര്‍ത്തു പോകുന്നു. അപ്പോള്‍ കൈയിലൊരു എണ്ണ പറ്റും. അതു നെറ്റിയില്‍ വെക്കും. ദൈവത്തിന് എണ്ണയുമായി പോകുകയാണ് ആ പാവം പുഴു എന്നായിരുന്നു ധാരണ. അന്നും ഇന്നും എനിക്ക് വള്ളം ഊന്നാനെ അറിയൂ. കാറോടിക്കാന്‍ പഠിച്ചതേയില്ല എന്ന്. ഓണക്കാലത്ത് നാടുതെണ്ടി ശേഖരിച്ച പൂക്കളുടെ പേരുകള്‍ പലതും ഇന്നും ഓര്‍മ്മയുണ്ട്. നെല്ലുകള്‍ക്കിടയില്‍ ഒളിച്ചു നില്‍ക്കുന്ന നെല്ലിപ്പൂക്കളേയും കാക്കപ്പൂവിനെയും പറമ്പിലും ആരും ശ്രദ്ധിക്കാതെ വളര്‍ന്നു പൂത്തുനില്‍ക്കുന്ന അരിപ്പൂവിനെയും മുക്കുറ്റിയെയും പാവം തുമ്പയെയും എങ്ങനെയാണ് സ്നേഹിച്ചു പോകാത്തത്!

ഇങ്ങനെ നാനാതരം ജീവന്റെ രൂപങ്ങളുമായി, ജീവന്റെ വൈവിധ്യവുമായി, വര്‍ണ്ണസുഗന്ധരൂപവൈവിദ്ധ്യങ്ങളുമായി, സുന്ദരരൂപങ്ങളായി, ഇടപഴകി ഇഴുകിച്ചേര്‍ന്ന് ജീവിച്ചപ്പോഴാണ് ജൈവവൈവിധ്യത്തെപ്പറ്റി അറിഞ്ഞത്. ഞാന്‍ അന്നറിഞ്ഞത് എത്ര കുറവാണ് എന്ന് പക്ഷെ ഇന്നറിയാം. ആകെ പത്ത് (നൂറ് എന്ന് മറ്റു ചിലര്‍!) മില്ല്യണ്‍ (1 മില്ല്യണ്‍ =10 ലക്ഷം) ജീവജാതി (സ്പീഷീസ്) കളുള്ളതില്‍ രണ്ടു മില്ല്യണെപ്പോലും ഇന്നുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നും ഓര്‍ക്കുക.

ഈ ബാല്യകാല അനുഭവങ്ങളാണ് പില്‍ക്കാലത്ത് എന്റെ ശാസ്ത്രകൗതുകം വളര്‍ത്തിയത്. മനുഷ്യന്‍ മുതല്‍ മൈക്രോബുകള്‍ വരെയുള്ള ജീവലോകവൈവിധ്യത്തിന്റെ ഒരു എളിയ ആരാധകനുമാക്കിയത്. അന്നൊന്നും ഈ ജീവലോകത്തിന്റെ ആഴവുംപരപ്പും എനിക്ക് അറിയുകയില്ലായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് കൂടുതല്‍ പഠിച്ചപ്പോഴാണ് ജീവലോകമെന്ന മഹാലോകം ഒരു വലിയ കൂട്ടുകുടുംബമാണെന്ന് ഞാന്‍ മനസ്സിലാക്കിയത്. അതിന്റെ അടിത്തറയായി നമ്മുടെ കുടലില്‍ വരെ ജീവിച്ച് ജീവന്റെ സംഗീതം മനോഹരമായി ചുറ്റും പരത്തുകയല്ലേ മൈക്രോബുകളും! അവയെ പ്രേമിച്ചാല്‍ മനുഷ്യരെ പ്രേമിക്കാനുള്ള ശേഷി ലഭിക്കും. ജീവന്റെ സപ്തസ്വരലയം സ്വയം അനുഭവിക്കാനുമാകും.
 

കൊവിഡ് കാലം:

നിങ്ങളെപ്പോഴെങ്കിലും മൈക്രോബുകൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ?...

ചില 'കൊവിഡുമാർ' വികൃതികളായി നമ്മെ വിഷമിപ്പിക്കുന്നു എന്നു കരുതി നാം നിരാശരാകരുത്

കോടിക്കണക്കിനു മൈക്രോബുകൾക്ക് കൂടിയുള്ളതാണ് നിങ്ങളുടെ ശരീരം, മാൻ - മൈക്രോബ് ലവ് അഫേറിനെ കുറിച്ച്!

ജീവിക്കണോ? ജീവന്‍ വേണോ? എങ്കില്‍ ഒരു പ്രതിജ്ഞയെടുക്കണം, ഇനി പുകവലിക്കില്ലെന്ന്!...

മനുഷ്യമലം മരുന്നായി ഉപയോ​ഗിക്കുമോ? അയ്യേ എന്ന് പറയും മുമ്പ് ഇതുകൂടി......

ഇതാണ് നമ്മുടെ നാടും അമേരിക്കയും തമ്മിലുള്ള വ്യത്യാസം, ഇനിയും നമുക്ക് വളരാനാവട്ടെ...