Asianet News MalayalamAsianet News Malayalam

അതിമനോഹരമായ ഒരു രാത്രി!

  • സ്ത്രീകള്‍ രാത്രികള്‍
  • ഷബ്‌ന ഷഫീഖ് എഴുതുന്നു
Nights women Shabna Shafeek

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Nights women Shabna Shafeek

നിലാവിന്റെ നീല നിറത്തിലലിഞ്ഞ് മിനുങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങളോട് കണ്ണിറുക്കി രാത്രിയുടെ സൗന്ദര്യത്തിലലിഞ്ഞ് ചേര്‍ന്ന് മനസ്സിനെ കെട്ടഴിച്ച് വിട്ട് ഒരപ്പൂപ്പന്‍ താടി പോലെ പാറിപ്പറക്കാന്‍ മോഹമില്ലാത്തവരുണ്ടോ?

ഇലഞ്ഞി പൂക്കുന്ന നറുമണവും ചെമ്പകമൊട്ടുകള്‍ കണ്ണ് തുറക്കുന്ന ഉന്മാദ ഗന്ധവും മുല്ലമൊട്ടുകള്‍ ഒളിച്ച് നോക്കുന്ന നീലനിലാവും രാത്രിയുടെ മാത്രം സൗന്ദര്യങ്ങളാണ്!

ഗൃഹാതുരത്വം വിങ്ങുന്ന ബാല്യത്തിന്റെ പടവുകളില്‍ രാത്രിയുടെ നിലക്കീറില്‍ അലിഞ്ഞ് ചേര്‍ന്ന ആ മാസ്മരികതയും ഉള്ളില്‍ പുനര്‍ജനിക്കുന്നു.

ചെമ്പകമൊട്ടുകള്‍ കണ്ണു തുറക്കുന്നത് നിലാവിന്റെ ആദ്യ പകുതിയിലാണ്! ഉമ്മറപ്പടിയില്‍ ഓരോ ചെമ്പകമൊട്ടുകളേയും ഇമവെട്ടാതെ കണ്ടിരിക്കാന്‍ എത്ര രസമായിരുന്നു!

ഇലഞ്ഞിമരത്തില്‍ പടര്‍ന്ന് പന്തലിച്ച മുല്ലവള്ളിയില്‍ നിന്നും  മാമനെ കൊണ്ട് രാത്രിയില്‍ തന്നെ മുല്ലമൊട്ടുകള്‍ ഇറുപ്പിച്ചിരുന്നതും രാത്രിയിലലിഞ്ഞ് മുറ്റത്തൊന്നിറങ്ങി നില്‍ക്കാനുള്ള കൊതി കൊണ്ടായിരുന്നു.

ഇന്നും രാത്രികള്‍ക്ക് തന്നെയാണ് സൗന്ദര്യം ! 

നേര്‍ച്ചപ്പറമ്പുകള്‍ക്കും പൂരപ്പറമ്പുകള്‍ക്കുമെല്ലാം രാത്രിയിലാണ് സൗന്ദര്യം കൂടുക. കുപ്പി വളകളുടെ കൂട്ടക്കിലുക്കവും ശബ്ദമുഖരിതമായ അന്തരീക്ഷവും രാത്രിയുടെ നിശ്ശബ്ദതയെ കീറി മുറിച്ച് സ്വപ്നങ്ങളുടെ വെള്ളിത്തേരില്‍ സ്വാതന്ത്യത്തിന്റെ  പ്രഭാവലയം ഉള്ളില്‍ തീര്‍ക്കും !

കൗമാരത്തിന്റെ ചുഴികളില്‍ ആ സ്വാതന്ത്ര്യം പക്ഷേ പതിയെ അകന്ന് പോവുകയായിരുന്നു. രാത്രി പുറത്തിറങ്ങാനും ഉമ്മറപ്പടിയില്‍ ഇരിക്കാനും പാടില്ലെന്ന് പഠിപ്പിച്ച് തുടങ്ങിയത് അന്ന് തൊട്ടായിരുന്നു!

മൂന്നാല് ദിവസം നീണ്ട് നില്‍ക്കുന്ന വിനോദയാത്രകള്‍ക്കൊന്നും തന്നെ സ്‌കൂളില്‍ നിന്നും പോവാന്‍ അനുവാദമില്ലായിരുന്നു. 'പെണ്ണാണ്.. വിവാഹം കഴിഞ്ഞിട്ട് പോവാലോ'...

എന്നിട്ടും എന്റെ ക്ലാസ് ടീച്ചറുടെ നിര്‍ബന്ധം കൊണ്ടും ഉറപ്പ് കൊണ്ടും കന്യാകുമാരിക്കുള്ള മൂന്ന് ദിവസത്തെ യാത്രക്ക് എനിക്കും അനുവാദം ലഭിച്ചു..!

ഇന്നോളം ഞാന്‍ കണ്ട രാത്രികളില്‍ ഏറ്റവും മനോഹരമായത്! പാറക്കെട്ടില്‍ ആഞ്ഞടിക്കുന്ന തിരകളെ നോക്കി, കടലില്‍ സ്വര്‍ണ്ണ വര്‍ണ്ണം തീര്‍ത്ത സൂര്യനെ നോക്കി ആ തീരത്ത് വെറുതെ നടക്കാന്‍ എന്ത് രസമായിരുന്നു!

കടലിനോട് കഥ പറഞ്ഞ് നക്ഷത്രങ്ങളോട് കണ്ണിറുക്കി കടല്‍ കാറ്റിലലിഞ്ഞ് കുറേ സമയം ഞാന്‍ മറ്റൊരു ലോകത്തായിരുന്നു.... !

ഇന്നും രാത്രികള്‍ക്ക് തന്നെയാണ് സൗന്ദര്യം !  കൈകള്‍ കൊരുത്ത് രാത്രിയില്‍ ഇക്കാനോടൊപ്പം നടക്കുമ്പോഴും രാത്രികളിലെ വഴിയോരക്കാഴ്ച്ചകള്‍ കാണുമ്പോഴും വല്ലാത്തൊരിഷ്ടമാണീ രാത്രികളെ!

ഇന്ന് പക്ഷേ ഒറ്റക്ക് രാത്രിയില്‍ പുറത്തിറങ്ങാന്‍ വല്ലാത്തൊരു ഭയം നെഞ്ചില്‍ കൂട് കൂട്ടിയിരിക്കുന്നു...! പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താന്‍ ഒരിത്തിരി വൈകി ബസ്സിറങ്ങിയാല്‍ തുറിച്ച് നോക്കുന്ന കണ്ണുകളും, ഒരിക്കല്‍ ആറ് മണിക്ക് ശേഷം ഉമ്മച്ചിയോടൊപ്പം കോഴിക്കോട് നിന്നും തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്ത അനുഭവവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു...! ഒന്ന് വീടെത്തിയാല്‍ മതിയായിരുന്നെന്ന് പ്രാര്‍ത്ഥിച്ച നിമിഷങ്ങള്‍! തുറിച്ച് നോട്ടങ്ങള്‍ ഞാനൊരു പെണ്‍കുട്ടിയാണെന്ന് വല്ലാതെ ഓര്‍മ്മപ്പെടുത്തുന്നു! ജിഷയും സൗമ്യയുമെല്ലാം കണ്‍മുന്നില്‍ തെളിയുന്നു.

പകല്‍ വെളിച്ചത്തില്‍ പോലും സ്വന്തം വീട്ടില്‍ തന്നെയും  പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്തൊരു നാട്ടില്‍ രാത്രികളെ സ്വപ്നം കാണുന്നത് പോലും വിഡ്ഡിത്തമാണെന്ന് സ്വയം ചിന്തിച്ച് പോവുന്നു!

തെരുവോരങ്ങളില്‍ രാത്രിയുടെ മറവില്‍ പിച്ചിച്ചീന്തപ്പെടുന്ന കുരുന്നുകളുള്ള നാട്ടില്‍, കണ്ണുമൂടിക്കെട്ടിയ നീതിപീഠമുള്ള നാട്ടില്‍ ഇനിയും എങ്ങനെ ഞങ്ങള്‍ രാത്രികളെ സ്വപ്നം കാണും?   

 

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!
 

Follow Us:
Download App:
  • android
  • ios