മഞ്ഞ നിറത്തിലുള്ള സ്ക്രബ്ബർ ഉപയോ​ഗിക്കുന്നത് പ്ലാസ്റ്റിക് അംശങ്ങൾ പാത്രങ്ങളിലേക്ക് അടർന്നു വീഴാൻ സാധ്യതയുണ്ട്. ഇതിനു പകരം നാരുപയോഗിച്ചുള്ള സ്ക്രബ്ബർ ഉപയോഗിക്കാൻ ചൗധരി നിർദേശിക്കുന്നു.

ദൈനംദിന ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഇടമാണ് അടുക്കള. എങ്കിലും, അവിടെ സ്ഥിരമായി ഉപയോഗിക്കുന്ന ചില വസ്തുക്കൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. പാത്രങ്ങളും ചോപ്പിംഗ് ബോർഡുകളും മുതൽ ശുചീകരണ ഉൽപ്പന്നങ്ങൾ വരെ അടുക്കളയിൽ ഉപയോ​ഗിക്കുന്ന പല സാധനങ്ങളും ഇയ്ക്കിടെ മാറ്റേണ്ടത് വളരെെ പ്ര​ധാനമാണ്. സാധാരണയായി ഉപയോഗിക്കുന്ന അഞ്ച് അടുക്കള ഉൽപ്പന്നങ്ങൾ ആരോഗ്യത്തിന് വെല്ലുവിളിയായേക്കാമെന്ന് പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി പറയുന്നു. പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബ്ബർ മുതൽ ചൂടുള്ള ഭക്ഷണം സൂക്ഷിക്കുന്ന പാത്രങ്ങൾ വരെ, അടുക്കളയിൽ വർഷങ്ങളോളം മാറ്റം വരുത്താതെ ഉപയോഗിക്കുന്ന വസ്തുക്കളെ കുറിച്ച് ചൗധരി വ്യക്തമാക്കുന്നു.

ഒന്ന്

മഞ്ഞ നിറത്തിലുള്ള സ്ക്രബ്ബർ ഉപയോ​ഗിക്കുന്നത് പ്ലാസ്റ്റിക് അംശങ്ങൾ പാത്രങ്ങളിലേക്ക് അടർന്നു വീഴാൻ സാധ്യതയുണ്ട്. ഇതിനു പകരം നാരുപയോഗിച്ചുള്ള സ്ക്രബ്ബർ ഉപയോഗിക്കാൻ ചൗധരി നിർദേശിക്കുന്നു.

രണ്ട്

മരത്തടികൊണ്ടുള്ള ചോപ്പിംഗ് ബോർഡുകൾക്ക് പകരം സ്റ്റീൽ ബോർഡുകൾ ഉപയോഗിക്കാനും ചൗധരി നിർദ്ദേശിക്കുന്നു. തുടർച്ചയായി മുറിക്കുന്നത് മൂലം മര ബോർഡുകളിൽ ഉണ്ടാകുന്ന വിള്ളലുകളിൽ ബാക്ടീരിയകൾ തങ്ങിനിൽക്കാൻ സാധ്യതയുണ്ടെന്നും, അവ പൂർണ്ണമായി കഴുകിക്കളയുക പ്രയാസകരമായിരിക്കുമെന്നും അവർ പറയുന്നു.

മൂന്ന്

നോൺ-സ്റ്റിക്ക് പാനുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. കേടുപാടുകൾ സംഭവിച്ച കോട്ടിംഗ് ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിൽ എത്താൻ സാധ്യതയുള്ളതിനാൽ, പോറലേറ്റ നോൺ-സ്റ്റിക്ക് പാനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും അവർ നിർദ്ദേശിക്കുന്നു. ഇതിന് പകരമായി ഇരുമ്പ് കൊണ്ടുള്ള പാത്രങ്ങൾ ഉപയോ​ഗിക്കുക.

നാല്

ചൂടുള്ള ഭക്ഷണം നേരിട്ട് പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. പകരം, ചൂടുള്ള ഭക്ഷണം സൂക്ഷിക്കാൻ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറെ നല്ലത്.

അഞ്ച്

അടുക്കളയിലെ അഴുക്ക് നീക്കം ചെയ്യാൻ നീല നിറത്തിലുള്ള ബാത്ത്റൂം ക്ലീനറുകൾ ഉപയോഗിക്കരുത്. ഇത്തരം ക്ലീനറുകളിലെ രാസവസ്തുക്കൾ ശ്വസിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കാം. പകരം ചെയ്യേണ്ടത് അടുക്കളയിലെ സ്ലാബുകളുടെ മുകൾഭാ​ഗത്ത് രാത്രി മുഴുവൻ വെള്ളത്തിൽ വിനാഗിരി ചേർത്ത് പുരട്ടി വച്ച ശേഷം രാവിലെ തുടച്ച് വൃത്തിയാക്കുക.