Asianet News MalayalamAsianet News Malayalam

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

വാക്കുല്‍സവത്തില്‍ സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍ 

Literature festival Eight Poems by Sajeevan Pradeep
Author
Thiruvananthapuram, First Published Sep 3, 2019, 6:13 PM IST

'ഈ ഭൂമിയിലെ ഏതൊക്കെയോ അരികുകളിലുള്ള ആയിരക്കണക്കിന് വിസ്മയിപ്പിക്കുന്ന കവികളെ വായിക്കും പോലെയാണ് സജീവന്‍ പ്രതീപിന്റെ കവിതകള്‍. ഒരാളില്‍ ഇത്രയുമാളുകള്‍ക്ക് പാര്‍ക്കാന്‍ കഴിയുന്നതെങ്ങനെയാണ്?'

സജീവന്‍ പ്രദീപിന്റെ കവിതകളെക്കുറിച്ചുള്ള കവി ഷാജു വിവിയുടെ ഈ നിരീക്ഷണം ആ കവിതകളിലേക്കുള്ള കൃത്യമായ വാതിലാണ്. മുഖ്യധാരാ സമൂഹത്തിന്റെ അടിത്തട്ടുകളില്‍ കഴിയുന്ന അനേകം മനുഷ്യരുടെ ജീവിത സമാഹാരങ്ങളാണ് ആ കവിതകള്‍. ചുറ്റുമുള്ള ജീവിതങ്ങളെ മാത്രമല്ല ആ കവിതകള്‍ അഭിസംബോധന ചെയ്യുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ അരികു ജീവിതം നയിക്കുന്നവരെയും സജീവന്റെ കവിതകള്‍ കൂട്ടുപാര്‍പ്പിക്കുന്നു. ജാതീയവും വംശീയവുമായ വേര്‍തിരിവുകളും ഉള്ളവനും ഇല്ലാത്തവരും തമ്മിലുള്ള അന്തരങ്ങളും സജീവന്റെ കവിത നിസ്സംഗമമായി, വായനക്കാരെ പൊള്ളിക്കുംവിധം പറഞ്ഞുപോവുന്നു. 

അതില്‍ ആര്‍ക്കും വേണ്ടാത്തവരുടെ ആനന്ദങ്ങളുണ്ട്. ആസക്തികളുണ്ട്. ആര്‍ക്കും മനസ്സിലാവാത്ത ദണ്ണങ്ങളുണ്ട്. മുഖ്യധാരാ വായനകള്‍ കാണാതെപോവുന്ന കറുത്ത നര്‍മ്മങ്ങളും രോഷങ്ങളും അതൃപ്തികളും പ്രണയങ്ങളും ഈ കവിതകളില്‍ അന്തിയുറങ്ങുന്നു. അപാരമായ നര്‍മ്മബോധത്തോടെ ജീവിതത്തിന്റെ ഉപരിപ്ലവതകളെ പരിഹാസവിധേയമാക്കുന്ന കവിതകളുടെയും അടിനൂലായി വര്‍ത്തിക്കുന്നത് വൃക്തമായ ഈ രാഷ്ട്രീയബോധമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് വളരുന്ന നിരീക്ഷണങ്ങള്‍, ഒട്ടും ചേര്‍ന്നുനില്‍ക്കാത്ത ബിംബങ്ങളെപ്പോലും ഒന്നിപ്പിച്ചു കൊണ്ടുപോവാനുള്ള രചനാകൗശലം, ആഖ്യാനത്തിന്റെ ബഹുസ്വരത, ഒന്നു കാലെടുത്തുവെച്ചാല്‍ അടിയോളം ഒലിച്ചുപോവുന്ന വാക്കുകളുടെ കുത്തൊഴുക്ക് എന്നിങ്ങനെ ആ കവിതകള്‍ സമകാലിക മലയാള കവിതയുടെ ഏറ്റവും കരുത്തുറ്റ മുഖങ്ങളിലൊന്നാവുന്നു. 

Literature festival Eight Poems by Sajeevan Pradeep
 

1
വെളളമ്മ അഥവാ കൂത്തിച്ചി കുരിപ്പ്

കരിമ്പും
കുന്തിരിക്കവും വിളയുന്ന
കറുത്തമണ്ണില്‍
കൂത്തിച്ചി കുരിപ്പ് 
കുതിരലാടന്‍ തറഞ്ഞ അരക്കെട്ടുമായി
കിഴക്കോട്ട് നടക്കുന്നു

വെള്ളച്ചാട്ടത്തിനരികില്‍
വീട് വെയ്ക്കുന്നു
അറുമുഖനണ്ണാച്ചീന്റെ
കടംവീട്ടനാകാതെ
തൂങ്ങി ചത്ത് രക്ഷപ്പെട്ട
കെട്ട്യോനോടുളള പ്രതികാരം പോലെയവള്‍
ഓരോ രാത്രിയും പിഴയ്ക്കുന്നു

ഒറ്റമോളെ
പാട്ടുപാവാടയും
മുല്ലപ്പുവും ചൂടിച്ച് വളര്‍ത്തുന്നു
അന്തികൂട്ടുക്കാരന്റെ നോട്ടമൊന്നു പിഴച്ചാല്‍
പച്ചത്തെറികൊണ്ടവന്റെ നെറുംതല തല്ലിപ്പൊളിക്കൂന്നു
വെള്ളമ്മ
കൂത്തിച്ചി കുരിപ്പ്
വെളളചാട്ടങ്ങളില്‍
വീണ് മരിച്ചവരെ
വെളളത്തിന്റെയടീന്ന് പൊക്കികൊണ്ടുവരുന്നു
വെളളമ്മ
കൂത്തിച്ചി കുരിപ്പ്
പോലീസിന്റെ
നാട്ടുകാരുടെ
അത്താണിയാവുന്ന ദിവസങ്ങള്‍
വെളളചാട്ടത്തിലാള് മരിക്കുന്ന ദിവസങ്ങളാണ്

മലവെളളത്തിന്റെ
ഓരോ അടരുമവളെ കാത്തിരിക്കുന്നു
അവള്‍ക്ക് വേണ്ടി ശവങ്ങളെ
കരിംപാറക്കെട്ടുകളമര്‍ത്തി വെയ്ക്കുന്നു
പത്തുപതിനഞ്ചുമാള്‍ക്ക് വെളേളാളള
ചൂഴികളിലവള്‍
പൊന്‍മയെപ്പോലെയൂളിയിടുന്നു
അടിത്തട്ടിലവളുടെ വിരല്‍ത്തൊട്ടാല്‍
വെളളച്ച് മരവിച്ച ശരീരങ്ങള്‍
പൂക്കുറ്റിപ്പോലെയുര്‍ന്ന്
മേല്‍പരപ്പില്‍ വിരിയുന്നു

നനഞ്ഞൊട്ടിയവള്‍
കരയ്ക്കുകേറി
തീതന്റെ ചാരായം
മോന്തി
മരിച്ച കുട്ട്യോള്‍ക്ക് വേണ്ടിയാരും കാണാതെ
കരയുന്നു
നനവുളള നോട്ടുകളടുപ്പില്‍വെച്ചുണക്കുമ്പോള്‍
മോളെ മടിയില്‍ കിടത്തിയൊരു പാട്ട് പാടുന്നു
*ചത്തോരന്റെ ചോറേ
ചാവ്മണത്തന്റെ ഉടലേ
കാരികാഞ്ഞിരത്തണലേ
കൂരികരിപ്പന്‍മീനേ
മണ്ണ്‌പെറ്റവെള്ളേ
കണ്ണ്‌കൊത്തിയപാമ്പേ*

ആ രാത്രി
അവളുടലിന്റെ
അവധി പ്രഖ്യാപനമാണാ പാട്ട്

വിനോദയാത്ര വണ്ടികള്‍
വന്നുംപോയിരുന്നു
ചിലസീറ്റുകള്‍
തിരിച്ചുപോവുമ്പോള്‍ കാലിയായി കിടന്നു

കരിമ്പും
കുന്തിരിക്കവും
കച്ചോടം ചെയ്യാന്‍
മലകേറി മഴപോലെയാള് വന്നു
വെളളമ്മ
കൂത്തിച്ചി കുരിപ്പ്
വാതിലൂകളടയാത്ത
വീടായി

ഒരു
വെന്തിങ്ങ കണ്ണന്‍
വെളളമ്മ മോള്‌ടെ
കരളിലേക്ക്
മഴവില്ലിന്റെ
കരിമ്പ്പാലംക്കെട്ടി

വെളളമ്മ
അറിയാതിരുന്നൊരു
മലമഴ
ചായ്പിലേക്ക് മാത്രായി പെയ്തു
കന്നിമണ്ണ്
കണ്ണിറുക്കി കിതച്ചു

കരിമ്പും
കുന്തിരിക്കവും നിറഞ്ഞലോറികള്‍
കുന്നിറങ്ങിപോയി

പറ്റിക്കപ്പെട്ട
പട്ടുപാവാടയില്‍
കുന്തിരിക്കം പുകഞ്ഞു
കരിമ്പിന്റെ
വെളുത്ത പൂകണ്ണില്‍
കണ്ണീര് തളംകെട്ടി

വെളളമ്മ
കുത്തിച്ചി കുരിപ്പ്
അന്ന് ചാരായം കുടിച്ചില്ല
താന്നിമരം വലത്തിട്ടില്ല
കാഞ്ഞിരക്കുറ്റി തൊട്ട് നെറേല്‍ വെച്ചില്ല

കരിംപാറപൊത്തില്‍
വെളളത്തിലെഴുതിയക്ഷരം പോലെ,
വെളുത്തകൈകൂപ്പിയിരുന്ന
മോളുടെ
മരിച്ചകാതില്‍
വെളളമ്മയെന്താണ് പറഞ്ഞിട്ടുണ്ടാവുക

വെള്ളത്തിന്റെ മേല്‍പരപ്പിലേക്കുയര്‍ന്ന്
മോളെയും കൊണ്ട്
വന്നിട്ടില്ല
ഇതുവരെയും
ഇനി
വന്നില്ലെന്നും വരാം
വെളളമ്മ എന്ന
കൂത്തിച്ചി കുരിപ്പ്

.................................


2
ചക്കയും ഫുട്‌ബോളും തമ്മിലെന്ത്?
അഥവാ
വിശപ്പെന്ന വന്‍കര വിഭജിക്കപ്പെട്ടിട്ടില്ല.

വസ്തുത 
കാലം  
സമയം
ഭൂഖണ്ഡങ്ങളോ
ചരിത്രത്തിന്റെ ഭൗതികമാപിനികളല്ലെന്നിരിക്കേ

-ഒന്ന്-
തെക്ക്യേര കുഞ്ഞയ്യപ്പന്‍ രമണന്‍
മഹാനഗരത്തിന്റെ
മുറിവിലിരിക്കുന്നു

അതേ സമയം
ലോകത്തിന്റെ മറ്റൊരുജാലകത്തില്‍
ഡോസിഞ്ഞോ
കറുത്തനഗരമെന്ന ട്രെസ്‌കൊറാക്കോച്ചില്‍
ജനിച്ചവന്‍

രണ്ടുപേര്‍
അകാരണമായി ഒരേസമയം
ബാല്യത്തിലേക്ക്
അതിന്റെ പച്ചക്കണ്ണുളള തടാകങ്ങളിലേക്ക്
ഓര്‍മ്മയുടെ
പായ്ക്കപ്പല്‍ തുഴഞ്ഞുവെന്നിരിക്കെ

-രണ്ട്-
ആറ് മക്കളും
അവരുടെ ആവലാതികളും
കരിന്തിരികത്തുന്ന വീടും
മൂന്നാമനായ
രമണനിലൂടെ
അലുമിനിയ
തീവണ്ടിപോലെ പാഞ്ഞുപോകുന്നു
വിശപ്പേ വിശപ്പേ
എന്ന അക്രമാസ്‌കതമായ ചൂളം വിളികള്‍

-മൂന്ന്-
ചേരികളില്‍
രാത്രിയുടെ മാംസകഷ്ണങ്ങള്‍ പോലത്തെ
കുട്ടികള്‍
അലഞ്ഞുനടക്കുന്നു
ഉടലുകളില്‍
എല്ലുകളുടെ ഗിത്താര്‍കമ്പികള്‍
എഴുന്നേറ്റ് നില്‍ക്കുന്നു
ഡൊസിഞ്ഞോ
വാലുകളഴിഞ്ഞുപോയ പട്ടംപോലെ
ഓര്‍മ്മകളില്‍
പിഞ്ഞി ചുളിഞ്ഞ് കിടന്നു

-നാല്-
തെക്ക്യേര കുഞ്ഞിയ്യപ്പന്‍
വരിക്ക പ്ലാവീന്നൊരു ചക്ക കുത്തുന്നു
മൂത്തോന്‍ വെട്ടുന്നു
മൂന്നാമത്തവന്‍ മൊളഞ്ഞീന്‍ ചുറ്റുന്നു
ആറാളുംവയറ് നിറച്ച്
ഏമ്പക്കംതേട്ടുന്നു

-അഞ്ച്-
ബ്രസീലിലെ
കറുത്ത മണമുള്ള
ചേരിയില്‍ നിന്ന്
ഒരു ഫുട്‌ബോള്‍
മാനത്തേക്ക് പറക്കുന്നു
എഴുപേര്‍ 
കീറക്കുപ്പായങ്ങളൂരി വായുവില്‍
വീശുന്നു

-ആറ്-
ചക്ക
വരമ്പ് കിളയ്ക്കുന്നു
മരം മുറിക്കുന്നു
മണ്ണ്
പുരണ്ട് പുരണ്ട് വിയര്‍ക്കുന്നു

-ഏഴ്-
പന്ത്
കാരിരുമ്പിന്റെ അടികൊളളുന്നു
ഗോളാവുന്നു
മൈനസ് പാസാവുന്നു
ബാറിലിടിച്ച് മുഖം കോടുന്നു

കറുപ്പിന്റെ
ആകാശം വിടര്‍ന്ന് വിടര്‍ന്ന് വരുന്നു
അധ്വാനങ്ങളുടെ ആനന്ദത്താല്‍
ഭൂമി ചുരുളുകളഴിയുന്നു

-എട്ട്-
വിശപ്പ്
ചക്കയോടും
പന്തിനോടും തോല്‍ക്കുന്നു

വയറിലെ 
തീപ്പെരുക്കങ്ങളില്‍
ഓരോ ചേരിയുമൊരോ തുണിപന്ത് തുന്നുന്നു
കാലുകളുടെ
തലച്ചോറുകളിലൂടെ
വിയര്‍ത്തൊലിച്ച ചിന്തകള്‍
വരകളെ 
യുദ്ധത്തിലെന്നവണ്ണം തോല്പിക്കുന്നു

-ഒമ്പത്-
രമണന്‍
ചക്കയുടെ മണത്താല്‍
മഹാനഗരത്തില്‍
നനയുന്നു

ഡൊസിഞ്ഞോ
ഓര്‍മ്മകളുടെ
കീഹോള്‍ തുണി പന്ത് കൊണ്ട്
അടച്ചു പിടിക്കുന്നു

കറുത്തവരുടെ
ചേരിയും
ഗ്രാമവും
ഒരു ചക്കയോളം ചുരുങ്ങി
ഒരു ഫുട്‌ബോള്‍ പോലെ
മാനത്തേക്കുയര്‍ന്ന്  പോകുന്നു

-പത്ത്-
വിശപ്പിന്റെ
ഭൂപടങ്ങള്‍ വരയ്ക്കുമ്പോള്‍
വന്‍കരകളുടെ അരികിലൂടെ
ഉരുണ്ടു പോകുന്ന
കറുത്ത മനുഷ്യരുടെ
ജയങ്ങളുടെ പാട്ട്
മൈതാനങ്ങള്‍ക്കരുകിലെ പ്ലാവുകളില്‍ 
തൂങ്ങി കിടക്കുന്ന
ഫുട്‌ബോളുകളുടെയുള്ളിലെ
പച്ച
മധുരങ്ങളാണ്

.................................

 

3

വിവര്‍ത്തനങ്ങള്‍

 

സൗദാമിനി..

: ഊം

നിശാവസ്ത്രങ്ങളഴിയുമ്പോള്‍
ജല 'കൊളാഷി'ലേക്ക് നമ്മള്‍
വിവര്‍ത്തനം ചെയ്യപ്പെടുകയാണ്

ധവളാനുഭൂതിയുടെ
അസാധാരണ സമാധാനം

:  ന്റെ മാഷേ വിവര്‍ത്തനമെന്നതു പോലെ മറ്റൊരു
ക്ലീഷേ'യുണ്ടോ വര്‍ത്തമാനകാലത്തില്‍?

എയ്, അങ്ങിനെയല്ല സൗദാമിനി
ഉടലുകളുടെ വിവര്‍ത്തനത്തില്‍
ഭാഷരഹിതരായ ജലകോശങ്ങളുടെ വിശപ്പാകുന്ന
വിനിമയങ്ങളുണ്ട്.

:  ഊം.. തുടങ്ങി പ്രാന്ത്.. 
ജലം വിട്ടൊരു കളിയില്ലാല്ലേ? ജലവും കിലവും...
'തണ്ടലെല്ല് കാളവണ്ടി പോലെയായി' 
എന്ന ഒറ്റ വിവര്‍ത്തനത്തില്‍ ഞാനീക്കളി അവസാനിപ്പിക്കും

സൗദൂ

: എനിക്കുറക്കം വരണൂ മാഷേ... 
നിങ്ങടെ ഒടുക്കത്തെ കവിതകേട്ടാ തലവേദന വരുന്ന്
ഞാന്‍ പറഞ്ഞിട്ടില്ലേ.... ഒലക്കമ്മത്തെ ഭാഷയും...

സൗദാമിനി ഭാഷമേ തൊട്ടുള്ള കളി വേണ്ടാട്ടാ..

: പിന്നെ മാഷ് ടെ വായിലിട്ടാ പല്ല് തെറിച്ച് പോണ ഭാഷയല്ലേ ഇവ്‌ടെ അടുപ്പത്തിടണേ.... 
നൊണകള് കമ്മലിട്ട നൊണകള് തന്നെ

എന്റെ സൗദൂ... ദൈവം വരുന്ന വഴികളുണ്ട്...
അതല്ലേ സയനൈഡിന്റെ രസവും,
ഇതിന്റെ സുഖവും..
വിവര്‍ത്തനം ചെയ്യാന്‍ മൂപ്പര് ആരേം അനുവദിക്കാത്തേ

:  ദേ മാഷേ... റൂട്ട് എങ്ക് ടാ വളയണേന്ന് മനസിലായിട്ടാ.... ഇനി വേണ്ടാ...

ദൈവത്തിന് നാല് കീശയുള്ള കുപ്പായണ്ട് സൗദൂ..
ഒന്നാമത്തതില്‍. രതി
രണ്ടാമത്തതില്‍. മരണം
മൂന്നാമത്തതില്‍.. വെളിച്ചം

:  നാലമത്തതില്‍ 'റം ' ആവും ...
ദേ എന്റെ വായേന്ന് ഒന്ന് കേള്‍ക്കരുത് ട്ടാ.... 
അത് വിവര്‍ത്തനം ചെയ്യാന്‍... 
നിങ്ങള്‍ക്കുള്ളിലെ ആ പണ്ടാറക്കാലന്‍ കവിക്കും ഒക്കത്തില്ല..

സൗദൂ....

:  അല്ല അറിയാണ്ട്  ചോദിക്കാ.... 
നിങ്ങള്‍ക്കിതിലാരെങ്കിലും കൈവിഷം തന്നോ.....തന്നോ...
'ശതാവരി തോട്ടത്തിലൂടെ ജെ.സി. ബി' പോയ പോലായി മനുഷ്യനിവിടെ.... 
ഇങ്ങന് ണ്ടാ ഒരു പ്രാന്ത്.... 
വിയര്‍പ്പാറണേല്‍ മുന്നേ... 
വിവര്‍ത്തനം മാങ്ങാ തൊലി.. എന്നൊക്കെ പറഞ്ഞപ്പോ തന്നെ എനിക്ക് മണത്തു

ഡീ സൗദൂ......
മുസരീസ് തുറമുഖത്തന്ന് 
ഷണ്‍മുഖം കനാലിലൂടെ
സാമാനങ്ങളുമായി
ഇരിങ്ങാലക്കുട ചന്തയിലേക്ക് 
വള്ളം തുഴഞ്ഞ കുഞ്ഞയ്യപ്പേട്ടന്‍
അമരത്തിരുന്ന് വിളക്ക്  പിടിച്ച
നങ്ങേലിയമ്മായിനെ
വട്ടം പിടിച്ച് 
അര മണിക്കൂറ് കഴിഞ്ഞപ്പോഴാണടീ
'കൊറോസീനിനെ' മണ്ണെണ്ണ  എന്ന്  വിവര്‍ത്തനം ചെയ്‌തേ

:  മാഷേ

റാന്തലിന്റെ അടി വെട്ടത്തില്‍ 
കാളവണ്ടീല്
രാത്രി വന്ന് കേറിയ കല്ല്യാണപെണ്ണിനെ 
മണിയറില് മലര്‍ത്തി കിടത്തി
പത്ത് മിനിറ്റ് കഴിഞ്ഞൊരു ബീഡി വലിച്ചിരുന്നപ്പോഴാണ്
മൂരി ഖാദറിക്ക
'പെന്നി വെയ്റ്റിനെ'
'പൊന്‍തൂക്ക'മെന്ന് വിളിച്ചത്

:  ന്റെ മാഷേ ഒന്ന് പതുക്കെ പറയ്.... 
പിള്ളേര് എണിക്കൂലോ

തീര്‍ന്നില്ല സൗദൂ.......
റെയില്‍പ്പാളത്തിനരുകിലുള്ള
നെയ്യന്‍ ഔസേപ്പിന്റെ പീടികേല്
ബീഡി തെറുപ്പുകാരി 
ഒറോത
നട്ടുച്ചക്ക് ചായ്പില്‍ നിന്ന് കെട്ട്യോന്‍ അന്തുവിനെ
പ്രാകിയത്
'മുട്ടിമ്മേ വെച്ച് വെട്ടിക്കളയേ വേണ്ടേ....
മനുഷ്യന്റെ ആരാശം മുട്ടി
ഏത് നേരവും 'തീവണ്ടി'കളിയെന്ന പ്രാന്ത് ന്നെ'
അന്ന് മുതലാണ് സൗദൂ
'ട്രയിന്‍' തീവണ്ടിയെന്ന മലയാള തനിമ ചൂടീത്

:  മാഷ്‌ക്കിപ്പോ എന്തൂട്ടാ വിവര്‍ത്തനം ചെയ്യേണ്ടേ..
കഥാപ്രസംഗം നിറുത്ത്..... ദേ ഞാന്‍ കിടന്നു

ന്റെ സൗദാമിനി....
തൃശൂര് റേഡിയോ സ്റ്റേഷനില്
രാജ്യം കിടുക്കിയ വന്‍മരം വീണ
വാര്‍ത്ത വായിക്കണേന്റെ ഇടയില്
ഗുണശേഖരന്‍
ഒന്ന് തിരിഞ്ഞ് നോക്കിപ്പോ
ബി ഗ്രേഡ് ആര്‍ട്ടിസ്റ്റ് ബിയാട്രീസിന്റെ
വയറുമ്മത്തേ സാരി മാറികിടക്കണൂ
ആ നിമിഷം
'റീത്ത' എന്നത് പുഷ്പചക്രമായി

:  പണ്ടാറടങ്ങാന്‍
സമോവറിലെ ചെമ്പ് നാണയം തിളക്കണ പോലെ
വായട്ടലക്കാണ്ട്...നിങ്ങ വേഗം 'വിവര്‍ത്തിക്കൂ'
നാളെ എപ്പോ എണീക്കാനാവോ..... പിള്ളേരുടെ സ്‌ക്കുളും പോവും
എപ്പ എണീറ്റ് ചോറാക്കാനാ? ന്റെ മാഷേ വേഗം
എന്തൂട്ടാ ന്ന് ച്ചാ വിവര്‍ത്തിക്കാന്‍

സൗദൂ....നാട്ട് വിവര്‍ത്തകരുടെ
ഭാഷ നിന്നെ കൊതിപ്പിക്കണില്ലേ.
അവരുടെ  ഓരോ വിവര്‍ത്തനവും
പോരാട്ടമായിരുന്നിരിക്കണം.
ഇന്ന് എന്തേ. നമുക്കങ്ങിനെ വിവര്‍ത്തിക്കാനാവാത്തൂ....?

ന്റ മാഷേ.......

സൗദാമിനി............
നിന്നോളം വിവര്‍ത്തിക്കാവുന്നതെന്തുണ്ട് ഭൂമിയില്‍

ന്റെ മാഷേ എനിക്കറിഞ്ഞൂടെ നിങ്ങളെ
കാഞ്ഞബുദ്ധീടെ കാഞ്ഞിരമരമേ.....

ന്റെ സൗദൂ

ന്റെ മാഷേ.

.................................

4
അടിമത്തം പഠിപ്പിക്കപ്പെടുന്നുണ്ട്

അന്ന് ഉച്ചക്ക്
പാടത്തുനിന്ന് ഓടിക്കിതച്ചാണു
സ്‌കൂളിലേക്ക്
അച്ഛന്‍ വന്നത്.

മുണ്ടിന്റെ മൂട്ടില്‍
കട്ടച്ചെളിയുടെ ജ്യാമിതീയ
രൂപങ്ങളുടെ ഒട്ടിപ്പിടുത്തങ്ങളുണ്ടായിരുന്നു.
വിയര്‍പ്പുപ്പിന്റെ തരികള്‍
കരിമ്പാറക്കെട്ടിലെ വെള്ളപ്പൂപ്പലായിരുന്നു.

രണ്ടാം ബെഞ്ചിലെ രേഖാനമ്പൂതിരി
ഒന്നാം ബെഞ്ചിലെ ഗീതാവാര്യരുടെ
ചെവിയിലെന്തോ അടക്കം പറഞ്ഞു.
ഒടുവിലത്തെ കോളനിബെഞ്ചിനെ
ഒഴിച്ചു പിടിച്ച്
ഒരു കൂട്ടച്ചിരി ക്ലാസ്സിലൊഴുകി നടന്നു.

ചന്ദ്രന്‍ മാഷ്
അഛന്റെ പെരുവിരലിന്റെ കഴുത്ത്
ഏതോ മുന്‍കാല ശത്രുതയോടെ
പേപ്പറില്‍ വെച്ചു  ഞെരിച്ചു.
സാവിത്രി ടീച്ചര്‍
മൂന്നു മുഷിഞ്ഞ പത്തിന്റെ നോട്ടുകള്‍
അച്ഛന്റെ കയ്യിലേക്കിട്ടുകൊടുത്തു.

കന്ന് ക്ടാങ്ങളു പാടത്ത് തനിച്ചെണ്ടാ
ചെക്കാ, ചെളികെട്ടിയ വിരലുകളവന്റെ
തലയില്‍ തലോടി.

എന്താണെന്നറിഞ്ഞില്ല
നാലു ബിയിലെ ജയരാമന്‍
വെടിയുണ്ട പോലെ
തെക്കേക്കര മെഡിക്കല്‍സിലേക്ക്
പാഞ്ഞു പോയി.

മാഷും ടീച്ചറും
ടാപ്പിനടുത്തു നിന്നെന്തോ പറഞ്ഞ്
ചിരിച്ചു ചിരിച്ച് കൈകള്‍ കഴുകിക്കൊണ്ടിരുന്നു.

പിന്നീട് ടീച്ചര്‍ ക്ലാസ്സില്‍ വന്നപ്പോളുണ്ടായ മണം
ഡെറ്റോളിന്റെയാണെന്ന് ഞാനറിഞ്ഞത്
എത്രകാലം കഴിഞ്ഞിട്ടാണു.

.................................


5

തവള ഒരു പെണ്‍ജീവിയാണ്

യശോധരന്‍
ലാബ് അസിസ്റ്റന്റ് 
മോഡല്‍ ബോയ്‌സ് സ്‌ക്കൂള്‍ മുരിയാട്
പാറ്റ എന്ന തവള ഗണേശന്‍
ഗാന്ധി കോളനി ആനന്ദപുരം

ഒരേ വിശപ്പിന്റെ
രണ്ടു വിലാസങ്ങള്‍
രണ്ട് വീടിന്റെ
ആണത്താണികള്‍
തവള
ചാക്കിലിരുന്നു ചോദ്യമെറിയുന്നു
നിനക്കൂല്ല്യേ
പെണ്ണും പെടക്കോഴീം
അവറ്റകളെ
ഇങ്ങനെ കെട്ടിമുറുക്കി കൊണ്ടോവോ

ലാബില്‍
ഒരു ടെസ്റ്റ്ട്യൂബിന്റെ
കണ്ണുകള്‍ പൊട്ടിപോകുന്നു
യശോധരന്‍
മോള് സ്‌ക്കൂള് വിട്ട് വന്നോയെന്ന്
മൊബൈലില്‍ വിളിച്ച് ചോദിക്കുന്നു
വാതിലടച്ചിരിക്കണേയെന്ന് പ്രാര്‍ത്ഥന പോലെ പറയുന്നു

കട്ടി കണ്ണടക്കാരന്‍ കുട്ടി
ടേബിളില്‍ മലര്‍ത്തി കിടത്തി
മീശ കനത്തവന്‍
കൈകളിലാണി തറച്ചു
പൂച്ചകണ്ണന്‍
കാല്‍ത്തുടകളകത്തി പിടിച്ചു
പുലിമുഖമുള്ളവന്‍
ആകെയൊന്നുഴിഞ്ഞതിന് ശേഷം
ഒറ്റ കുത്തിക്കീറല്‍

തവള
കരഞ്ഞില്ല
യശോധരനേയും ഗണേശനേയും
ഒന്ന് നോക്കി
നാളെ
മറ്റൊരു ലാബില്‍
ഒരു പക്ഷേ
പൂര്‍ത്തികരിക്കപ്പെടാത്ത തവള പ്രവചനങ്ങളാണ്
മണ്ണിലെ മഴ

ആണ്‍കുട്ടികളുന്മത്തരാവുന്നു
ഇത് ഹൃദയം
കരള്‍
ആമാശയം
വന്‍ കുടല്‍
ചുണ്ടുകളൊരു കൂര്‍മ്പന്‍ കൊക്കുപോലെ വളഞ്ഞു
തവളലിംഗം പറയുമ്പോള്‍
യശോധരന്റെ
മകള്‍ സ്‌ക്കുള് വിട്ട് വന്നാവോ
പകലും െവള്ള കടുവകള്‍
പെട്രോമാക്‌സും കത്തിച്ച്
കറുത്ത പെണ്‍ത്തവളകളെത്തേടി
പ്ലാസ്റ്റിക് ചാക്കുമായി
സ്‌ക്കൂളിന്റെ
റോഡിന്റെ
ബസ് സ്റ്റോപ്പിന്റെ പുറകിലൂടെ നടക്കുന്നു

ഗണേശനും
കുട്ട്യോളും
ചാടി ചാടി
വിശന്ന് വിശന്ന്
ലാബിലെത്തും മുന്നേ മരിക്കുന്നു

തവള
പെണ്‍ജീവിതങ്ങളുടെ
പാടവരമ്പുകളില്‍ നിന്ന്
ഞണ്ടിന്റെ പൊത്തുകളിലഭയം തേടി
കരഞ്ഞലറിക്കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
ഒച്ചയടഞ്ഞടഞ്ഞടഞ്ഞ്

.................................


6
വീട്

പണ്ട്,
ഏതെങ്കിലും, സ്‌ക്കൂളിന്റെ
ഏതെങ്കിലും ക്ലാസ് മുറിക്കുള്ളില്‍
ഉണ്ണിമായ, സരസ്വതി, ഭദ്ര ഇതിലേതെങ്കിലും
പേരുള്ള, ഒരു പെണ്‍കുട്ടി ഉണ്ടായിരിക്കും,
വിജയന്‍, ചന്ദ്രന്‍, പുഷ്പാകരന്‍
ഇതിലേതെങ്കിലും പേരുള്ള ഒരാണ്‍കുട്ടിയും

പെണ്‍കുട്ടി, 'വീട്' എന്നു പറയുമ്പോഴെക്കും
ആണ്‍കുട്ടി, ഓലമെടയാനും, 
വെള്ളത്തിലിട്ട കൊതുമ്പ് കീറി വള്ളിയുണ്ടാക്കാനും തുടങ്ങും,
അവള്‍, അയ്യേ, എന്നു പറഞ്ഞ് ഓട് മേഞ്ഞ
എട്ടു മുറികളുള്ള 
അവളുടെ വീട്ടിലേക്ക് ഓടിക്കയറും.

അവന്‍, പാള മുറി, ചെറു തകിട്, 
എന്നിവ ഓലയ്ക്കുള്ളില്‍ തിരുകി,
അവന്റെ വീടിന്റെ ചോര്‍ച്ച തടയാന്‍ വൃഥാ ശ്രമിച്ചുക്കൊണ്ടേയിരിക്കും

അവിയല്‍, സമ്പാര്‍, രസം, തോരന്‍
അവളുടെ, വീടിന്റെ
അടുക്കള, എണ്ണമൂക്കുന്ന മണത്താല്‍ മുഖരിതമാവും

അവന്‍, ഒരു കിഴക്കന്‍ മുളകും, രണ്ട് കല്ലുപ്പും
ഇളം വാളന്‍പുളിയും, പച്ചക്ക് കടിച്ചിത്തിരി
കഞ്ഞിക്കുടിക്കും,

മഴക്കാലത്ത്
പെണ്‍കുട്ടി, അവളുടെ വീടിനെ, മുന്‍ ബെഞ്ചിലിരുത്തും
ആണ്‍കുട്ടി, അവന്റെ വീടിനെ ക്ലാസ്സ് മുറിക്ക് പുറത്ത്, 
നിറുത്തും,

അവളുടെ, വീടിന് നീലം മുക്കിയ കുപ്പായം, കഞ്ഞിപ്പശയുടെ മണം,
അവന്റെ, വീട്, നനഞ്ഞ മുണ്ട് ചുറ്റിയതിന്റെ,
വയറുവേദനയാല്‍, ഞെരിപിരിക്കൊള്ളും,

പണ്ട്
ഏതെങ്കിലും, സ്‌ക്കൂളിന്റെ,
ഏതെങ്കിലും, ക്ലാസ്സുമുറിക്കുള്ളിലെ
ഒരാണ്‍കുട്ടിയുടെ വീട്
പെണ്‍കുട്ടിയുടെ വീടിനെ നോക്കി ചിരിച്ചിരിക്കാം,
അന്ന്, 
പെണ്‍കുട്ടിയുടെ അച്ഛന്‍, മുന്‍കാല ദേഷ്യത്തോടെ,
'തറ'
'ചെറ്റ'
'ചാള'
 
എന്നിങ്ങനെ ആണ്‍കുട്ടിടെ വീടിനെ നോക്കി അലറിയിരുന്നിരിക്കണം
അന്തരീക്ഷത്തില്‍
ഭാഷയുടെ ഉച്ചിഷ്ടം പോലെ, അവന്റെ വീട്
ചിതറി പോയിട്ടുണ്ടാവണം

പിന്നീട്
ആ പെണ്‍കുട്ടി വലുതാവുകയും,
കവിത, എഴുതുകയും, ചെയ്തപ്പോള്‍
വസതി,
ഭവനം,
നാലുകെട്ട്, 
എന്നിങ്ങനെ അവളുടെ വീടിനെ, 
മാറ്റി, മാറ്റി മാറ്റിയെഴുതിയിരുന്നിരിക്കണം

ആണ്‍കുട്ടിയും മുതിര്‍ന്നിരിക്കാം
കവിത, എഴുതിയിരുന്നിരിക്കാം
അവന്റെ, വീട്
'ഇന്ദിര ആവാസ് യോജന'
ജനകീയാസൂത്രണ പദ്ധതി,
ബ്ലോക്ക് / പഞ്ചായത്ത് ധനസഹായം
ഇ, എം എസ് ഭവന നിര്‍മ്മാണം
എന്നിങ്ങനെ, മങ്ങിയും., മാഞ്ഞും മഞ്ഞയില്‍
തന്നെ എഴുതപ്പെട്ടുക്കൊണ്ടേയിരിക്കുന്നു

.................................

7
വര്‍ക്ക്‌ഷോപ്പുകാരന്‍

പുകയും കരിയും,
റൈസിംഗ് ശബ്ദങ്ങളും,
ഗ്രീസിന്റെ മണവും,
സ്പാനര്‍ 
മുറുക്കമഴിക്കലുകളു കൊണ്ട് മാത്രം
വൃത്തികേടായ കൈകളും മുഖവുമായി
ഒരു വെഹിക്കിള്‍ വര്‍ക്ക്‌ഷോപ്പുകാരന്‍
ജീവിതത്തെ
ഓടിക്കുന്നു

ചിലപ്പോള്‍
തകരാറിലായ ഗിയര്‍ബോക്‌സ്
മറ്റ് ചിലപ്പോള്‍
പണിമുടക്കിയ എഞ്ചിന്‍
നിരന്തരം ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ കെടുന്ന
ഹെഡ് ലൈറ്റ്
ശബ്ദം മറന്ന ഹോണ്‍
വീട്
ടയറൂരി പോവുന്ന
ഒരു വാഹനമാണയാള്‍ക്ക്

രാത്രികളില്‍
മുഷിഞ്ഞ മണവുമായി
അയാള്‍ പകലില്‍ ഓടി കിതച്ച
വണ്ടിയെന്ന പോലെ
ഭാര്യയെ സമീപിക്കുന്നു
ഒരിക്കലുമൂരിയെടുക്കാനാവാത്ത
നട്ടുകള്‍ പോലെ
അവളുടെ
മുലക്കണ്ണുകളെ ഞെരടുന്നു
അവള്‍
സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ പിന്‍വലിക്കപ്പെട്ട
വാഹനം പോലെ
പാതിയില്‍ ഉപേക്ഷിക്കപ്പെടുന്നു

അയാള്‍
ഇരുളിനെ വകഞ്ഞ് മാറ്റി
പകലിനെ
തള്ളി സ്റ്റാാര്‍ട്ട് ചെയ്യുന്നു

ജീവിതത്തിന്റെ
ഇന്ധനമില്ലായ്മകളില്‍
അയാള്‍
ഒരു ടിന്ന് മണ്ണെണ്ണ
വീടിനുള്ളിലേക്ക് നിറച്ചു വെയ്ക്കുന്നു

ഒരു പക്ഷേ എപ്പോഴെങ്കിലും
ഭൂമിയിലെ
രണ്ട് യാത്രക്കാരും
അവരുടെ
വീടെന്ന വാഹനവും
എതെങ്കിലും ദേശീയ പാതയില്‍ വെച്ച്
തീ പിടിച്ചു
എന്ന വാര്‍ത്ത കേട്ട്, ഞെട്ടി പോകരുത്.

.................................


8
ആണ്‍ധിഷണ

'ആണ്‍ധിഷണയാല്‍ സ്പര്‍ശിക്കപ്പെട്ട
ഒരു ഞാവല്‍മരം
ഒരു  പെണ്‍ ഭഗത് സിംഗ് ആവുന്നതു പോലെ'
പ്രഥമ ദര്‍ശനങ്ങളുടെ
സഹജപ്രേരണകളാല്‍, ലഘൂകരിക്കപ്പെട്ട
വൈകാരിക വിപ്ലവങ്ങള്‍,
നീലനാവുള്ള പൂവ്,
സ്ഫടിക ചുംബനം,
വിരലുകളുടെ, അഞ്ചുപദ്ധതികള്‍,
നോക്കൂ,
യുദ്ധത്തിനിടവേളയില്‍, ആരോ ഒരാള്‍
നട്ട വിത്തില്‍ നിന്നാണ്,
നാം, ജനിക്കാന്‍ തുടങ്ങിയത്,
നിമിഷങ്ങളെ
സംബന്ധിച്ചതെല്ലാം, സ്‌നേഹത്തെ ചുറ്റിപറ്റി നില്‍ക്കുന്നതിനാല്‍,
മധ്യവയസ്‌കരുടെ പ്രണയത്തിലെപ്പോഴും
ഒരു സ്വാതന്ത്ര്യ സമരത്തിന്റെ
ചരിത്രാഖ്യായികയുണ്ടാവും,
നിറുത്താന്‍ കഴിയാത്ത ചുമ,
മടുപ്പിക്കുന്ന സിഗററ്റിന്റെ മണം,
ഉറക്കം തൂങ്ങിക്കിടക്കുന്ന ഉടല്‍,

ആണ്‍ധിഷണയാല്‍ സ്പര്‍ശിക്കപ്പെട്ട ഒരു തൂക്കുമരം
ഒരു വീടാകുന്നത് പോലെ '

തലവേദനയുടെ മരുന്ന്,
പത്രം വായിക്കാനൊരു കണ്ണട,
സ്വയംരക്ഷയ്‌ക്കൊരു തോക്ക്,

വൃദ്ധജനങ്ങളുടെ പാര്‍ക്കിലെപ്പോഴും
കെട്ടുപിണഞ്ഞ നരച്ച മുടികളുണ്ടാവും,
കിതപ്പിന്റെ, ചോര പൊടിയുന്ന 
ചെടികള്‍,
പൂക്കള്‍ 'പറിക്കരുത്, തൊടരുത്' ആജ്ഞകളെ.
നീ എത്ര വേഗം ധിക്കരിക്കുമ്പോഴും,
ഞാന്‍
നിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി, തോക്കില്‍
തൊടുന്നേയില്ല,

പെണ്‍ധിഷണയാല്‍ സ്പര്‍ശിക്കപ്പെട്ട ഒരു മധ്യവയസ്‌കന്‍
ഒരു തടാകമായി മാറുന്ന പോലെ,
തണുപ്പിലേക്ക് നടക്കുന്നു.

ആണ്‍ധിഷണയാല്‍ സ്പര്‍ശിക്കപ്പെട്ട
ഒരു ഞാവല്‍ മരം
ഒരു പെണ്‍ഭഗത് സിംഗായി മാറുന്ന പോലെ

തോക്കിനുളളിലേക്ക് ഒരു തടാകത്തെ
കോരി നിറച്ച ഒരു പെണ്ണ്
ആകാശത്തേക്ക് തോക്കുയര്‍ത്തുകയും,
അതിനു ശേഷം
ജീവിതത്തിലേക്ക് കീഴടങ്ങുകയും ചെയ്യുന്നു.

 

വാക്കുത്സവത്തില്‍: 

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

Follow Us:
Download App:
  • android
  • ios