തിരുവനന്തപുരം ആര്യനാട് ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞ യുവാവിനെ രണ്ടുപേർ ചേർന്ന് മർദിച്ചു. കരിങ്കല്ല് കൊണ്ട് തലയ്ക്കടിയേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അരുൺ, ജിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: വീടിന് മുന്നിൽ വച്ചിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ. ഇന്നലെ ആര്യനാട് കാഞ്ഞിരംമൂടിനു സമീപം തൂമ്പുംകോണത്തായിരുന്നു സംഭവം. പ്രദേശവാസിയായ അഖിലിന്‍റെ വീടിനു മുന്നിൽ വച്ചിരുന്ന ബൈക്കിന് സമീപം രണ്ടുപേർ സംശയാസ്പദമായി നിൽക്കുന്നത് കണ്ടതാണ് സംഭവങ്ങൾക്ക് തുടക്കം. സമീപവാസിയായ അരുൺ രമേശും ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാറും ചേർന്നായിരുന്നു പെട്രോൾ മോഷ്ടിക്കാൻ ശ്രമിച്ചത്.

ഇത് കണ്ട ബൈക്ക് ഉടമയായ അഖിൽ ഇടപെടുകയും പെട്രോൾ എടുത്തത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ ഇരുവരും ചേർന്ന് അഖിലിനെ ആക്രമിക്കുകയായിരുന്നു. മർദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതോടെ അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പൊലീസിൽ പരാതി നൽകിയതോടെ അരുൺ, ജിഷ്ണു എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇരുവരും നേരത്തെ കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.