ഹോം വർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ സ്കൂളിലെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. കുട്ടിയുടെ തുട അടിച്ചു പൊട്ടിച്ചുവെന്ന് മാതാപിതാക്കൾ. കരയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രാകൃത രീതിയിലുള്ള മർദ്ദനമുറ.
കൊല്ലം: ഹോം വർക്ക് ചെയ്തില്ലെന്ന കാരണത്താൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ തുട അടിച്ചു പൊട്ടിച്ച് അധ്യാപകൻ. ചാത്തിനാംകുളം എം എസ് എം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. ഡിസംബർ 11 നായിരുന്നു സംഭവം. കുട്ടിയുടെ കൈകൾ രണ്ടും ഡസ്കിന് പുറത്ത് പിടിച്ചു വെച്ച ശേഷം പിൻഭാഗത്തായി പല തവണ അടിയ്ക്കുകയായിരുന്നു. കരയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രാകൃത രീതിയിലുള്ള മർദ്ദനമുറ.
വീട്ടിലെത്തിയ കുട്ടിയെ രക്ഷിതാവ് കുളിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് തുട പൊട്ടി ചോരയൊലിച്ചതായി കണ്ടത്. ഉടൻ തന്നെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ചൈൽഡ് ലൈനിലും പരാതി നൽകി. എന്നാൽ അഞ്ചു ദിവസം പിന്നിട്ടിട്ടും അന്വേഷണം പോലും കാര്യമായി നടക്കുന്നില്ലെന്നാണ് രക്ഷിതാവിന്റെ ആരോപണം. ഇതിനിടെ പരാതി പിൻവലിക്കാൻ സ്കൂൾ അധികൃതർ സമ്മർദ്ദം ചെലുത്തുകയാണന്നും രക്ഷിതാക്കൾ പറയുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കുട്ടി. മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കുമടക്കം വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. വിഷയം ഏറ്റെടുത്ത് വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


