കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു. ചക്കാലമുക്ക് സ്വദേശിനി രമ്യയുടെ സ്കൂട്ടറാണ് മോഷണം പോയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ സ്കൂട്ടർ മോഷണം. ചക്കാലമുക്ക് സ്വദേശിനി രമ്യയുടെ വീടിനു മുന്നിലിരുന്ന സ്കൂട്ടറാണ് മോഷ്ടിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തൊപ്പിയും മാസ്കും ധരിച്ചാണ് പട്ടാപ്പകൽ മോഷ്ടാവ് എത്തിയത്. മോഷണ ദൃശ്യം വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു. രമ്യയും കുടുംബവും കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

View post on Instagram

മാവേലിക്കരയിലെ മോഷണം

മാവേലിക്കര കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സതിയമ്മയുടെ (73) രണ്ടരപ്പവന്റെ മാല കവർന്ന കേസിൽ സഹോദരങ്ങളായ സിജുമോൻ എംആർ (28), രഞ്ജുമോൾ ആർ (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബർ 28ന് ഉച്ചയോടെയാണ് സംഭവം. ഹെൽമറ്റ് വെച്ച് എത്തിയ സിജുമോൻ സതിയമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സതിയമ്മയുടെ കയ്യിലെ വള ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എംപി മോഹനചന്ദ്രൻ നായർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനുകുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്.

വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്ന പ്രാഥമിക നിഗമനത്തിൽ സമീപവാസികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സിജുമോനാണ് മാല പൊട്ടിച്ചത് എന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന കിംവദന്തി പരന്നതിനെ തുടർന്ന് ഒളിവിൽ പോയ സിജുമോനെ ഓച്ചിറ ആലുംപീടിക ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തു നിന്നാണ് പിടികൂടിയത്.സഹോദരി രഞ്ജുമോളുടെ നിർദ്ദേശപ്രകാരമാണ് മോഷണം നടത്തിയതെന്ന് സിജുമോൻ പൊലീസിനോട് സമ്മതിച്ചു. രഞ്ജുമോളുടെ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് ഈ കുറ്റകൃത്യം ചെയ്തത്. രഞ്ജുമോളും മോഷണത്തിന് ഇരയായ സതിയമ്മയും കണ്ടിയൂർ പള്ളിയിൽ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.