ആ മഴ ഇനിയും തോര്‍ന്നിട്ടില്ല ഫൈസല്‍ സറീനാസ് എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

ഇന്ന് നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ഇളയ മകള്‍ ഫാത്തിമയാണ് ഫോണ്‍ എടുത്തത്. അവിടെ നിന്ന് 'ഹലോ' എന്ന് മകള്‍ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസിലായി, അവള്‍ ഓടി വന്നാണ് ഫോണ്‍ എടുത്തതെന്ന്.

ഞാന്‍ ചോദിച്ചു: എന്തിനാ മോള്‍ ഓടി വന്നു ഫോണ്‍ അടുത്തത്. അത് കൊണ്ടല്ലേ കിതക്കുന്നത്? ഉപ്പ പറഞ്ഞിട്ടില്ലേ ഓടി വന്നു ഫോണ്‍ എടുക്കരുതെന്ന്. മുമ്പ് ഇതുപോലെ ഫോണ്‍ എടുക്കാന്‍ ഓടിയിട്ടല്ലേ വീണത്..അത് മറന്നോ മോളൂ..'

മകള്‍ പറഞ്ഞു: 'ഇല്ല ഉപ്പ ഞാന്‍ വാതുക്കല്‍ കളിക്കുകയായിരുന്നു. മഴ വന്നപ്പോള്‍ പിന്നെ അത് നോക്കി നിന്നു. നല്ല രസം. ഫോണ്‍ റിംഗ് കേട്ടപ്പോള്‍ അത് ഉപ്പയായിരുക്കും എന്ന് കരുതിയാ ഓടി വന്നതാണ്.'

മകള്‍ മഴ നോക്കി നില്‍ക്കുകയായിരുന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി. കാരണം പുതിയ കുട്ടികള്‍ക്ക് പ്രകൃതി എന്താണെന്ന് പോലും അറിയാത്ത കാലമാണ്. അറിഞ്ഞോ അറിയാതെയോ അവള്‍ മഴയെ ശ്രദ്ധിച്ചല്ലോ..

ഞാന്‍ ചോദിച്ചു : മോളെ, ഉമ്മ എവിടെ ?

മകള്‍ : ഉമ്മ അടുക്കളയില്‍ പണിയിലാണ്..

മകളുടെ കുഞ്ഞു മനസ്സില്‍ മഴയെക്കുറിച്ച് വലതും ഉണ്ടോ എന്നറിയാന്‍ എനിക്ക് വല്ലാത്ത മോഹം. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാല്‍ അവള്‍ക്കു കഴിയുമോ എന്നറിയില്ല. എന്നാലും ഞാന്‍ ചോദിച്ചു: എന്തെല്ലാമാണ് മഴയില്‍ മോള്‍ കണ്ടത്? മഴ വരുന്നത് ശ്രദ്ധിച്ചോ? എങ്ങനെയാ മഴ വന്നത്?

എന്റെ ചോദ്യങ്ങള്‍ക്ക് അവള്‍ തെല്ലും ചിന്തിക്കാതെ വളരെ ലളിതമായി നിഷ്‌കളങ്കമായ ഉത്തരം നല്‍കി: ഉപ്പ മഴ തുള്ളി തുള്ളിയായി ആണ് പെയ്യുന്നത്. എനിക്ക് മഴയത്ത് ഓടി കളിക്കണം. ഉമ്മ കണ്ടാല്‍ അടി തരും അതാ വാതുക്കല്‍ തന്നെ നില്‍ക്കുന്നത്

ഇതു കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു: മോളെ, മഴയത്ത് കളിച്ചാല്‍ അസുഖം വരും. മോള്‍ വാതില്‍ക്കല്‍ തന്നെ നിന്നാല്‍ മതി കേട്ടോ.

ആ ഉപ്പ, ഞാന്‍ ഉമ്മാനെ വിളിക്കാം എന്ന് പറഞ്ഞു അവള്‍ റിസീവര്‍ വച്ച് അടുക്കളയിലേക്ക് ഓടി..

ഞാന്‍ ഫോണിലൂടെ മോള്‍ ഓടുന്ന ശബ്ദം കേട്ട് കുറച്ചു ഉച്ചത്തില്‍ പറഞ്ഞു മോളെ ഓടല്ലേ..വീഴും...

താഴെ വച്ച റിസീവറിലൂടെ എന്റെ കാതില്‍ പതുക്കെ വന്നെത്തി മഴയുടെ താളം. മനസിന്റെ ഓര്‍മ ചെപ്പില്‍ നിന്ന് നാടിന്റെയും കുട്ടികാലത്തിന്റെയും ഒരായിരം ഓര്‍മ്മകള്‍.

കറുത്ത് ഇരുണ്ട് നില്‍ക്കുന്ന മേഘങ്ങള്‍, നിലത്തു പതിക്കാനായി വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍, അവയെ മാറോടണക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന ഭൂമി, ആ സന്തോഷത്തില്‍ പങ്കാളികള്‍ ആകാനായി എല്ലാ ജീവജാലങ്ങളും, മഴയുടെ ആഗമനം അറിയിക്കാനായി ഓടി നടക്കുന്ന കാറ്റ്, ആ ആഹ്ലാദത്തില്‍ മതിമറന്നു ആടി ഉലയുന്ന മരങ്ങള്‍....എന്ത് രസം കാണാന്‍!

വീടിന്റെ പുറത്ത് പ്രകൃതിയുടെ കൗതുകങ്ങള്‍ നോക്കിക്കൊണ്ട് ഒരു കുട്ടിയായി. എല്ലാം ഇപ്പോഴും ഈ മരുഭൂവില്‍ മനസ്സില്‍ മായാത്ത മഴവില്ലായയുണ്ട്. പുതുമഴയുടെ നനുത്ത ഗന്ധവും കുളിരും.

ആ ഓര്‍മകളുടെ ചെപ്പിലേക്ക് അപ്പുറത്ത് നിന്ന് എന്റെ ഭാര്യയുടെ ശബ്ദം ഹലോ..ഹലോ..എന്താ ഒന്നും മിണ്ടാത്തത്...ഭാര്യയോടു വീട്ടുവിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ മഴയെ കുറിച്ചും തിരക്കി

ഭാര്യ പറഞ്ഞു: നല്ല മഴയാ. ഈ മഴ കാരണം, ഒന്നും പറയണ്ട.. പുറത്തേക്കു ഇറങ്ങാന്‍ പോലും കഴിയുന്നില്ല. ഡ്രസ് പോലും മഴ കാരണം പുറത്തു ഉണക്കാന്‍ ഇടുവാന്‍ കഴിയുന്നില്ല. വീടിന്റെ ഉള്ളില്‍ തന്നെ അയയില്‍ ഇടുകയാണ്. 

അപ്പോഴേക്കും ഭയങ്കരമായ ഒരു ശബ്ദം ഭാര്യയുടെ സംസാരത്തോടൊപ്പം എന്റെ കാതുകളില്‍ എത്തി

ഞാന്‍ തിരക്കി: അതെന്താ ഒരു ശബ്ദം!

ഭാര്യ: ഇടി വെട്ടിയതാ..ദാ..ഇപ്പോള്‍ പോകും കരണ്ട്...

പിന്നാലെ ഒരു നേരിയ കരച്ചിലും എന്റെ ചെവിയില്‍ വന്നെത്തി...

ഭാര്യ തുടര്‍ന്നു : ഇക്കാ , ഞാന്‍ ഫോണ്‍ വച്ചോട്ടെ.. ഇടിയുടെ ശബ്ദം കേട്ടു മോള്‍ കരയുന്നുണ്ട്. ഞാന്‍ പോയി എടുക്കട്ടെ അവളെ..

ഭാര്യയുടെ തോളില്‍ തല ചായ്ച്ചാല്‍ മോളുടെ കരച്ചില്‍ മാറുമെന്ന പൂര്‍ണ്ണവിശ്വാസം ഉളളളതുകൊണ്ട് പിന്നീട് വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​