Asianet News MalayalamAsianet News Malayalam

എറണാകുളം റവന്യു ജില്ലാ കായിക മേള; മാർ ബേസിലിനെ പിന്‍തള്ളി കിരീടം കോതമംഗലം സെന്റ് ജോർജ്ജിന്

ജില്ലാ കായിക കിരീടം ഇത്തവണയും കോതമംഗലം സബ് ജില്ലയിൽ തുടരുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. 462 പോയിന്റ് നേടി, എറണാകുളം സബ്ജിബ് ജില്ലയെ ഏറെ പിന്നിലാക്കി കിരീടം കോതമംഗലം സ്വന്തമാക്കി. 

കൊച്ചി: എറണാകുളം റവന്യു ജില്ലാ കായിക മേളയിൽ  കോതമംഗലം സബ്‍ജില്ല ജേതാക്കളായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മാർ ബേസിലിനെ പിന്‍തള്ളി കോതമംഗലം സെന്റ് ജോർജ്ജ് ചാമ്പ്യൻ സ്കൂളിനുള്ള കിരീടം ഇത്തവണ  തിരിച്ചുപിടിച്ചത്. 

ജില്ലാ കായിക കിരീടം ഇത്തവണയും കോതമംഗലം സബ് ജില്ലയിൽ തുടരുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. പ്രതീക്ഷ തെറ്റിയില്ല. 462 പോയിന്റ് നേടി, എറണാകുളം സബ്ജിബ് ജില്ലയെ ഏറെ പിന്നിലാക്കി കിരീടം കോതമംഗലം സ്വന്തമാക്കി. 115 പോയിന്റായിരുന്നു എറണാകുളം സബ് ജില്ലയുടെ സമ്പാദ്യം. പക്ഷെ ഏവരും ഉറ്റുനോക്കിയത് സ്കൂൾ കിരീടം ആര് നേടുമെന്നതായിരുന്നു. മേള സമാപിക്കാൻ ഒരു ദിനം ബാക്കിനിൽക്കെ മാർ ബേസിലിനായിരുന്നു മുൻതൂക്കം. പക്ഷെ പ്രവചനം തെറ്റിച്ച് രാജു പോളിന്റെ കുട്ടികൾ രണ്ട് വർഷത്തിന് ശേഷം കിരീടം സെന്റ് ജോ‍ർജ്ജിലേക്ക് കൊണ്ടുപോയി. 

197 പോയിന്റ് നേടിയാണ് കോതമംഗലം സെന്റ് ജോർ‍ജ്ജ്, ചാമ്പ്യൻ സ്കൂളായത്. രണ്ടാമതെത്തിയ മാർ ബേസിലിന് 185 പോയിന്റിൽ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. ഒന്‍പത് തവണ സംസ്ഥാന തലത്തിലും എട്ട് തവണ ദേശീയ തലത്തിലും സെന്റ് ജോ‍ർജ്ജ് സ്കൂളിനെ മുന്നിലെത്തിച്ച രാജുപോൾ ഈ വർഷം വിരമിക്കുകയാണ്. സ്കൂളിന് വീണ്ടും കീരീടം നൽകി വിരമിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജു പോൾ പറഞ്ഞു. സംസ്ഥാന സ്കൂൾ കായിക മേളയിയിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടും തിരിച്ചുപിടിക്കാനുള്ള ഒരുക്കമാണ് ഇനി രാജുപോളിന്റെ കുട്ടികൾക്ക്.