Asianet News MalayalamAsianet News Malayalam

ബീ അമ്മാന്‍ എന്ന അബാദി ബാനോ ബീഗം; പൊതുരംഗത്തേക്ക് വന്ന ആദ്യമുസ്ലീം വനിതകളില്‍ പ്രമുഖ |സ്വാതന്ത്ര്യസ്പര്‍ശം


ബീ അമ്മാന്‍ എന്ന അബാദി ബാനോ ബീഗം; ഇന്ത്യയില്‍ പൊതുരംഗത്തേക്ക് കടന്നുവന്ന ആദ്യമുസ്ലീം വനിതകളില്‍ പ്രമുഖ | സ്വാതന്ത്ര്യസ്പര്‍ശം|
ഇന്ത്യ @75
 

First Published Jun 11, 2022, 10:17 AM IST | Last Updated Jun 11, 2022, 10:17 AM IST

സ്വാതന്ത്ര്യസമര സേനാനികളും ഖിലാഫത്ത് സമരത്തിൽ മഹാത്മാ ഗാന്ധിയുടെ ഉറ്റ സഹപ്രവർത്തകരുമായ ആലി സഹോദരന്മാർ സുപരിചിതനാണ്. മൗലാനാ മുഹമ്മദാലിയും മൗലാനാ ഷൗക്കത് ആലിയും. എന്നാൽ അവരുടെ അമ്മയും വീറുറ്റ പോരാളി ആയിരുന്നുവെന്ന് പുതിയ തലമുറയിൽ അധികം പേർക്കറിയില്ല.  "ബീ അമ്മാൻ" എന്നറിയപ്പെട്ട ആ ധീരമാതാവാണ്  അബാദി ബാനോ ബീഗം.   ഇന്ത്യയിലെ മുസ്ലിം സമുദായത്തിൽ  നിന്ന് പൊതുരംഗത്തേക്ക് വന്ന ആദ്യ വനിതകളിൽ പ്രമുഖയാണ് 1850 ൽ ഉത്തരപ്രദേശിൽ ജനിച്ച അബാദി.  

ചെറുപ്രായത്തിൽ തന്നെ വിധവയായ അബാദിയ്ക്ക് അഞ്ച് മക്കൾ. വിദ്യാഭ്യാസമോ സമ്പത്തോ ഇല്ലാതിരുന്ന അബാദിയ്ക്ക് ഒരു ദൃഡനിശ്ചയമുണ്ടായിരുന്നു. തന്റെ മക്കൾക്ക്  മികച്ച വിദ്യാഭ്യാസാം നൽകണം. മതേതര വിദ്യാഭ്യാസത്തോട്,   മുസ്ലിം സമുദായം മുഖം തിരിച്ചുനിന്ന കാലം.  പ്രത്യേകിച്ച്  ഇംഗ്ലീഷ് വിദ്യാഭ്യാസം സമുദായത്തിന്  ഹറാം. എന്നാൽ  സമുദായത്തിലെയും കുടുംബത്തിലെയും വിലക്കുകളെ അവഗണിച്ച് അബാദി തന്റെ മക്കളെ ഇംഗ്ലീഷ് സ്‌കൂളുകളിൽ തന്നെ അയച്ചു. സ്വന്തം ആഭരണങ്ങൾ വിറ്റാണ് അവർ മക്കളെ സ്‌കൂളിലയച്ചത്. അവരിൽ മുഹമ്മദാലിയുടെ വിദ്യാഭ്യാസമാകട്ടെ  ആകട്ടെ ഓക്സ്ഫോഡ് വരെ എത്തി. 

കുടുംബത്തെ പോറ്റേണ്ട അത്യധ്വാനത്തിനിടെ സ്വതന്ത്ര്യസമരത്തിൽ പങ്കെടുക്കാനും ബി അമ്മനു കഴിഞഞവെന്നത് വിസ്മയകരം. നിസ്സഹകരണ-ഖിലാഫത്ത് സമരത്തിൽ മഹാത്മാ ഗാന്ധിക്കൊപ്പം അവരും യോഗങ്ങളിൽ പ്രസംഗിച്ചു. പർദ്ദ ധരിച്ച ആദ്യ പ്രസംഗക. 1917 ൽ ആനി ബസന്റിൻറെയും തന്റെ മക്കളായ മുഹമ്മദാലിയുടെയും ഷൗക്കത്താലിയുടെയും  അറസ്റ്റിൽ  പ്രതിഷേധിച്ച് 67 ആം വയസ്സിൽ  നാടാകെ അവർ സഞ്ചരിച്ച് പ്രസംഗിച്ചു.  സ്ത്രികളെ സംഘടിപ്പിക്കാൻ ഗാന്ധി അവരെ പ്രത്യേകം ചുമതലപ്പെടുത്തി.

കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും യോഗങ്ങളിൽ അവർ നിത്യപ്രസംഗകയായി.  സരോജിനി നായിഡു, സരളാദേവി ചൗധരാണി, ബാസന്തി ദേവി, ബീഗം ഹസ്രത്ത് മൊഹാനി എന്നിനി വനിതയ്ക്കൊപ്പം അവർ നേതൃത്വത്തിലേക്ക് വന്നു. 1921 ൽ കോൺഗ്രസ്സിന്റെ അലഹബാദ് സമ്മേളനത്തിൽ അബാദി ആൾ ഇന്ത്യാ ലേഡീസ് കോൺഫറൻസ് അധ്യക്ഷയായി.  തിലക് സ്വരാജ് ഫണ്ട് സ്ടാമാഹരണത്തിൽ അവർ മുന്നിട്ടുനിന്നു. 1922 ൽ അറസ്റ്റിലായ ഗാന്ധിജി ആലി സഹോദരന്മാർക്ക് സന്ദേശമയച്ചു. "ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥഹിക്കണമെന്ന് ബി അമ്മനോട് പറയുക".  സ്വാന്ത്ര്യത്തിന്റെയും ഖദറിന്റെയും മൂല്യം മനസ്സിലാക്കിയ മാതാവെന്ന അവരെപ്പറ്റി ഗാന്ധി പ്രകീർത്തിച്ചു. വിദേശവസ്ത്രബഹിഷ്കരണത്തിൽ അബാദി മുന്നണിയിലുണ്ടായിരുന്നു.  സമരത്തിനായി നാടാകെ സന്ചാരിച്ച് അവർ സംഭാവനകൾ സമാഹരിച്ചു. ഒരിക്കൽ ദേശ വിരുദ്ധക്കുറ്റം ചുമത്തി ബീ അമ്മനെതിരെ നിയമനടപടി സ്വീകരിക്കാൻ ശ്രമിച്ച ബ്രിട്ടിഷ് സർക്കാർ അവരെ അറസ്റ് ചെയ്യാൻ  ധൈര്യപ്പെട്ടില്ല. 

പഞ്ചാബിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കവെ അവർ ആദ്യമായി തന്റെ പർദ്ദ ഉയർത്തി പറഞ്ഞു; "എനിക്ക് ഇവിടെ പർദ്ദ ആവശ്യമില്ല. കാരണം ഇവിടെ കൂടിയവരിൽ ആരും അന്യരല്ല. എന്റെ മക്കളും സഹോദരന്മാരുമാണ്". 1924 ൽ 74 ആം വയസ്സിൽ നിര്യാതയാകും വരെ അബാദി ബാനോ ദേശീയപ്രസ്ഥാനത്തിൽ അടിയുറച്ചുനിന്നു. പാകിസ്ഥാൻ 1990 ൽ അവരുടെ പേരിൽ സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്. ദിലിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ കോളേജിലെ ഒരു ഹോസ്റ്റൽ അബാദിയുടെ നാമം വഹിക്കുന്നു.  ഇന്ത്യൻ മുസ്ലിം സമുദായത്തെയും  അതിലെ വനിതകളെയും ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്ക് ആകര്ഷിച്ചതിൽ അബാദിയുടെ പങ്ക് സ്തുത്യർഹം