Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രവാസി-ശ്യാംജി കൃഷ്ണവർമ്മ|സ്വാതന്ത്ര്യസ്പർശം|India@75

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച പ്രവാസികളിൽ ഏറ്റവും പ്രമുഖമായ പേരാണ് ശ്യാംജി കൃഷ്ണവർമ്മയുടേത്. ആര്യസമാജ് സ്ഥാപകനായ ദയാനന്ദ് സരസ്വതിയുടെ ആരാധകനായി തീവ്ര ദേശീയവാദത്തിലേക്ക് തിരിഞ്ഞ വിപ്ലവകാരിയായിരുന്നു സംസ്കൃതപണ്ഡിതനായിരുന്ന വർമ്മ. 

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച പ്രവാസികളിൽ ഏറ്റവും പ്രമുഖമായ പേരാണ് ശ്യാംജി കൃഷ്ണവർമ്മയുടേത്. ആര്യസമാജ് സ്ഥാപകനായ ദയാനന്ദ് സരസ്വതിയുടെ ആരാധകനായി തീവ്ര ദേശീയവാദത്തിലേക്ക് തിരിഞ്ഞ വിപ്ലവകാരിയായിരുന്നു സംസ്കൃതപണ്ഡിതനായിരുന്ന വർമ്മ. 

ഗുജറാത്തിലെ മാണ്ഡവിയിൽ 1857ലായിരുന്നു ജനനം. കാശി വിദ്യാപീഠത്തിൽ നിന്ന് സംസ്കൃതത്തിൽ പണ്ഡിത ബിരുദം നേടുന്ന ആദ്യത്തെ ബ്രാഹ്മണേതരസമുദായക്കാരൻ. വർമ്മയുടെ പാണ്ഡിത്യം മനസിലാക്കി ഓക്സ്ഫഡിലെ വിഖ്യാത സംസ്കൃത പ്രൊഫസർ മോണിയർ വില്യംസിന്റെ ക്ഷണപ്രകാരം ഓക്സ്ഫോഡിലെ ബാലിയോൾ കോളേജിൽ ഉപരിപഠനം. ബിരുദശേഷം ഇന്ത്യയിൽ മടങ്ങിയെത്തി ജുനാഗഢിൽ രാജാവിന്റെ ദിവാനായി. പക്ഷെ വൈകാതെ ലണ്ടനിലേക്ക് മടങ്ങി. 

ലണ്ടനിലെ ഇന്നർ ടെമ്പിളിൽ നിന്ന് ബാരിസ്റ്റർ ബിരുദം. 1905ൽ  വർമ്മ ലണ്ടനിൽ ഇന്ത്യാ ഹൗസ് എന്ന ഹോസ്റ്റൽ ആരംഭിച്ചു. ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന വർണ്ണ വിവേചനത്തിന് പരിഹാരം ആയിരുന്നു ലക്ഷ്യം. ക്രമേണ ഇന്ത്യാ ഹൗസ് തീവ്ര ഇന്ത്യൻ ദേശീയ വിപ്ലവ പ്രസ്ഥാനത്തിന്റെ കേന്ദ്രമായി. ഇന്ത്യാ ഹൗസിലെ അന്തേവാസികളായിരുന്നു പ്രമുഖ ദേശീയവാദികളായി തീർന്ന വി ഡി സവർക്കർ, ലാലാ ഹാർദയാൽ, ഭിക്കാജി കാമ, എം ഡി ടി ആചാര്യ, വീരേന്ദ്രനാഥ് ചാറ്റർജി തുടങ്ങിയവർ. പിന്നീട് ഇവരിൽ ഒരു വിഭാഗം കമ്യൂണിസത്തിലേക്കും   മറ്റൊരു വിഭാഗം ഹിന്ദുതീവ്രവാദത്തിലേക്കും തിരിഞ്ഞു. 

ഇന്ത്യാ ഹൗസിലെ അന്തേവാസിയായിരുന്ന മദൻലാൽ ധിൻഗ്ര ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞുകൊന്നതോടെ  പോലീസ് നടപടികളാരംഭിച്ചു. വർമ്മയുടെ പത്രാധിപത്യത്തിൽ  ഇറങ്ങിയ 'ഇന്ത്യൻ സോഷ്യോളജിസ്റ്റ്' നിരോധിക്കപ്പെട്ടു. പിടിയിലാകുന്നതിനു മുമ്പ് ലണ്ടൻ വിട്ട് പാരീസിലേക്കും പിന്നീട് ജനീവയിലേക്കും നീങ്ങി. ഹെർബർട്ട് സ്‌പെൻസർ ആയിരുന്നു വർമ്മയുടെ മറ്റൊരു ആരാധനാമൂർത്തി. 

1930ൽ മരിക്കുന്നതിന് മുമ്പ്, തന്റെ ചിതാഭസ്മം ഇന്ത്യ സ്വതന്ത്രമായ ശേഷം മാത്രം തന്റെ നാട്ടിലേക്ക്  അയക്കണമെന്ന്  ജനീവയിലെ സെന്റ് ജോർജ്ജ് സെമിത്തേരി അധികൃതർക്ക് എഴുതിക്കൊടുത്തു. സ്വാതന്ത്ര്യത്തിന് 52 വർഷത്തിനുശേഷം 2003ൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി  വർമ്മയുടെ ചിതാഭസ്മം ഏറ്റുവാങ്ങി. 2010 ൽ വർമ്മയുടെ സ്വദേശമായ മാണ്ഡവിയിൽ ക്രാന്തി തീർഥ് എന്ന സ്മാരകം നിർമ്മിച്ച് ചിതാഭസ്മം അവിടെ സൂക്ഷിക്കപ്പെട്ടു. കോളനിഭരണകാലത്ത് വിപ്ലവപ്രവർത്തനം മൂലം ഇന്നർ ടെമ്പിൾ റദ്ദാക്കിയ വർമ്മയുടെ ബാരിസ്റ്റർ ബിരുദം 2015ൽ പുനഃസ്ഥാപിക്കപ്പെട്ടു.