Exclusive: ഹമാസുമായി ഒത്തുപോകാനാവില്ല, റോക്കറ്റുകളുടെ ഭീതിയില്‍ ഉറക്കമില്ല; ഇന്ത്യന്‍ വംശജന്റെ പ്രതികരണം

ഒക്ടോബര്‍ ഏഴാം തീയ്യതി ഹമാസ് രക്തരൂക്ഷിത ആക്രമണം നടത്താന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നായിരുന്നു ദക്ഷിണ ഇസ്രയേലിലെ കിരിയത് ഗാത്.  എന്നാല്‍ ഭീകരാക്രമണം തടയുന്നതില്‍ ഇസ്രയേല്‍ സേന വിജയിച്ചു. ഗാസ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഈ നഗരത്തിലേക്ക് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എ‍ഡിറ്റര്‍ അജിത് ഹനമക്കനവര്‍ സഞ്ചരിക്കുകയും അവിടെ ഏതാനും ഇന്ത്യന്‍ വംശജരുമായി സംസാരിക്കുകയും ചെയ്തു.

First Published Oct 19, 2023, 9:39 PM IST | Last Updated Oct 19, 2023, 9:39 PM IST

ദക്ഷിണ ഇസ്രയേലിലെ കിരിയത് ഗാതില്‍ ഹമാസ് റോക്കറ്റുകളുണ്ടാക്കിയ നാശനഷ്ടങ്ങളുടെ അടയാളങ്ങള്‍ അവശേഷിക്കുകയാണ്. ഗാസ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലേക്ക് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനവര്‍ സഞ്ചരിച്ചു. ഭയവും ദേഷ്യവും കലര്‍ന്ന വികാരങ്ങളാണ് എവിടെയും, എന്നാല്‍ ഒരു ഹമാസുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്ന ഒറ്റ കാര്യത്തില്‍ അവിടെ വ്യക്തതയുണ്ട്. മുംബൈ സ്വദേശിയായിരുന്ന ഇന്ത്യന്‍ വംശജനായ ജൂത വിഭാഗക്കാരനുമായി അദ്ദേഹം സംസാരിച്ചു.

"ഇത്തവണ ഹമാസ് ചെയ്തത് വളരെയധികം തെറ്റും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തതും ആയിരുന്നു. നിരപരാധികളായ സാധാരണക്കാരായ കൂട്ടക്കൊല ചെയ്തു, നിരവധി സ്ത്രീകളെ പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിച്ച് കൊലപ്പെടുത്തി, കുട്ടികളുടെ തലയറുത്തു. ഞങ്ങള്‍ നിലനില്‍ക്കരുതെന്നാണ് അവരുടെ താത്പര്യം. യാസര്‍ അറഫാത്തിന്റെ സമയത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഹമാസ് എന്താണ് ചെയ്യുന്നത്, ഞങ്ങള്‍ക്ക് അവരോടൊപ്പം തുടര്‍ന്നു പോകാന്‍ സാധിക്കില്ല. ഹമാസ് നിലനില്‍ക്കുകയുമില്ല. ഇത്തവണ കാര്യങ്ങള്‍ വളരെയേറെ കടന്നുപോയി. അമേരിക്ക വരെ രംഗത്തേക്ക് കടന്നുവന്നു. ആയിരക്കണക്കിന് പേരെ അവര്‍ കൊന്നു. മൂവായിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബന്ധിക്കളാക്കി. ഇത്തവണ ഇസ്രയേല്‍ വെറുതെയിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല". 

Read also:  Asianet News Exclusive: "പേടിസ്വപ്നങ്ങളേക്കാള്‍ മോശം അവസ്ഥ" ഇസ്രയേലിലെ ഇന്ത്യന്‍ വംശജര്‍ പറയുന്നു

സൈറണുകള്‍ മുഴങ്ങുന്നതും റോക്കറ്റുകള്‍ പരിസരങ്ങളില്‍ പതിക്കുന്നതും ഇവിടത്തെ താമസക്കാര്‍ക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു.

"ഞങ്ങള്‍ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഒക്ടോബര്‍ ഏഴിന് ശേഷം ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകളുടെ എണ്ണം എല്ലാ പരിധികള്‍ക്കും അപ്പുറമായിരുന്നു. ഞങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. സൈറണുകള്‍ മുഴങ്ങുന്നത് കേട്ട്  ജാഗ്രതയോടെയാണ് കഴിഞ്ഞുകൂടുന്നത്. കാറിന്റെ ഹോണുകള്‍ പോലും ഭീതി പരത്തുന്നു" - താമസക്കാര്‍ പറയുന്നു.

"ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലേക്ക് കടന്നുവന്ന എല്ലാ തീവ്രവാദികളെയും വകവരുത്തിയെന്ന് പറയാറായിട്ടില്ല. അവര്‍ ഒളിച്ചിരിക്കുന്നുണ്ടാവും. ഭീഷണിയുടെ ചുറ്റുപാടിലാണ് ജീവിക്കുന്നത്. ഒരു പരിധിക്കപ്പുറത്തേക്ക് കടന്നുകയറുന്നതില്‍ നിന്ന് തീവ്രവാദികളെ തടയാന്‍ ഇസ്രയേലി പ്രതിരോധ സേനയ്ക്ക് സാധിച്ചത് ഞങ്ങളുടെ ഭാഗ്യം കൂടിയാണ്" - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.