Asianet News MalayalamAsianet News Malayalam

എങ്ങനെയാണ് കൊറോണവൈറസ് നമ്മുടെ ശരീരത്തിൽ പിടിച്ചു കയറുന്നതെന്നറിയുമോ?

കൊവിഡ് കാലം, പ്രൊഫ. എസ്. ശിവദാസ് എഴുതുന്ന പരമ്പര തുടരുന്നു 

covid days series by prof . shivadas on corona virus
Author
Thiruvananthapuram, First Published Apr 19, 2020, 2:58 PM IST

സാർ ഈ വൈറസുകൾക്ക് ബുദ്ധിയുണ്ടോ? അവയിങ്ങനെ ജനിതക സ്വഭാവം മാറ്റിയിട്ട് ആക്രമിക്കുന്നതു കണ്ടാൽ അങ്ങനെയും തോന്നുകയില്ലേ? ഒരാളുടെ സംശയമാണ്. പഴയരൂപത്തിൽ വന്നാൽ, മനുഷ്യൻ പണ്ട് കണ്ടുപിടിച്ചു വച്ചിരിക്കുന്ന ആയുധങ്ങൾ കൊണ്ട് അവയെ നേരിടാനായേനെ. അതിജീവനശേഷി ഓരോ ജീവരൂപങ്ങളുടെയും സ്വഭാവമാണ്. അതിനാലാണ് പുതിയ വേഷം കെട്ടി വരുന്നത്.

covid days series by prof . shivadas on corona virus

 

എനിക്കൊരു ത്രിവിക്രമൻ സാറിനെ അറിയാം. പഞ്ചപാവം. മണ്ണിനെ നോവിക്കാതെ മാത്രം നടക്കുന്നവൻ. ഒരു കുട്ടിയെപ്പോലും ഒന്നു നുള്ളിനോവിക്കാൻ പോലും തയ്യാറാകാത്തവൻ. 'എടിയേ' എന്നു ഭാര്യയെ വിളിക്കുന്നതു കേട്ടാൽ കല്ലു പോലും അലിയുന്നത്ര സ്നേഹം. ത്രിവിക്രമം പോയിട്ട് ഏകവിക്രമം പോലും നടത്താൻ തയ്യാറാകാത്ത അദ്ദേഹത്തിന് 'മൂന്നു പ്രകാരത്തിലുള്ള പരാക്രമത്തോടു കൂടിയവൻ' എന്ന് ശബ്ദതാരാവലിക്കാരൻ ശ്രീകണ്ഠേശ്വരം അർത്ഥം വ്യക്തമാക്കിയ പേര് ഇട്ടത് ആരാണാവോ എന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. ത്രിവിക്രമൻ സാക്ഷാൽ വിഷ്ണു ആണല്ലോ എന്നാണ് ഞാൻ അവസാനം സമാധാനിക്കാറ്. ശാന്തൻ എന്ന പേരുകാരൻ വലിയ ബഹളക്കാരനായിരിക്കുന്നതും സുശീലയുടെ ശീലം പലപ്പോഴും നന്നായിരിക്കാത്തതും സുന്ദരനും കാന്തിമതിയും സൗന്ദര്യത്തിന്റെ കാര്യത്തിൽ പാസുമാർക്ക് കിട്ടാത്തവരും ഒക്കെയായിരിക്കുന്നതാണ് ലോകത്തിന്റെ രീതി.

ഇങ്ങനെയൊക്കെ എന്തിനാ സാറെ വെറുതെ ചിന്തിച്ചു തലകേടാക്കുന്നതെന്ന് ചിലരെങ്കിലും ചോദിക്കും. ചിന്തിച്ചു പോകാതെന്തു മിച്ചം? നമ്മെ എല്ലാം ജയിലിലടക്കുകയും അനേകരെ കൊല്ലുകയും ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ തകിടം മറിക്കുകയും ചെയ്ത് വൈറസിന് ഇട്ടിരിക്കുന്ന പേരു കണ്ടോ? കൊറോണ! ആ കുടുംബക്കാരിൽ കൊലയാളികൾ പലരുണ്ടു താനും. കൊറോണ എന്നാൽ കിരീടം. മകുടം. ഏറ്റവും ഉയരത്തിലാണല്ലോ മകുടമിരിക്കേണ്ടത്. സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ എന്ന് എത്രയോ കാലമായി എത്രയോ ക്ലാസിൽ പ്രസംഗിച്ചു വരുന്നു ഞാൻ. മകുടം അഥവാ കിരീടം മഹാരാജാക്കന്മാർ തലയിൽ അലങ്കാരമായി വച്ചു കൊണ്ടുനടക്കുന്ന സൂത്രവുമായിരുന്നല്ലോ. ആ പേരു തന്നെ ഈ കൊറോണ കുടുംബക്കാർക്കു നൽകണമായിരുന്നോ? ഗോളാകൃതിയാണു പോലും കൊറോണക്കുടുംബ വൈറസുകൾക്ക്, പുറംഭിത്തിയിലാണ് വെളിയിലേക്കു പൊങ്ങിനിൽക്കുന്ന തൊങ്ങലുകൾ. സ്പൈക്കുകൾ എന്നാണവയുടെ പേര്. അപ്പോൾ കൊറോണവൈറസുകൾക്ക് കിരീടാകൃതിയാണെന്ന് തോന്നും പോലും.

'കൊറോണ'യ്ക്ക് മറ്റൊരർത്ഥവുമുണ്ട്. പ്രഭാവലയം. സൂര്യൻ(ചന്ദ്രൻ) ചുറ്റിനും കാണുന്ന ആ വെളിച്ച വലയം. അതെത്ര മനോഹരം. കവിയല്ലാത്തവനും(ളും) അതു കണ്ടാൽ കവിതെയെഴുതും. മനോഹരമായ ആ പ്രകാശവലയത്തെ ഓർമ്മിപ്പിക്കും പോലും കൊറോണയുടെ ആകൃതി. അങ്ങനെ ആരോ ഇതിന് പേരു നൽകി. ദൈവമേ! ഇത്ര പ്രകാശപൂർണമായ പേരും കൊണ്ടു നടക്കുന്ന ഈ മൈക്രോബുകൾ ഇത്ര ക്രൂരന്മാരായിപ്പോയല്ലോ എന്നാരും വിലപിച്ചു പോകും.

സാർ ഈ വൈറസുകൾക്ക് ബുദ്ധിയുണ്ടോ? അവയിങ്ങനെ ജനിതക സ്വഭാവം മാറ്റിയിട്ട് ആക്രമിക്കുന്നതു കണ്ടാൽ അങ്ങനെയും തോന്നുകയില്ലേ? ഒരാളുടെ സംശയമാണ്. പഴയരൂപത്തിൽ വന്നാൽ, മനുഷ്യൻ പണ്ട് കണ്ടുപിടിച്ചു വച്ചിരിക്കുന്ന ആയുധങ്ങൾ കൊണ്ട് അവയെ നേരിടാനായേനെ. അതിജീവനശേഷി ഓരോ ജീവരൂപങ്ങളുടെയും സ്വഭാവമാണ്. അതിനാലാണ് പുതിയ വേഷം കെട്ടി വരുന്നത്. ജനിതകഘടനയിൽ അല്പം മാറ്റം വരുത്തും. അപ്പോൾ ആ മാറിയ ഘടനയെ നേരിടണം. അതിനുള്ള 'മരുന്ന്' കണ്ടെത്താൻ കുറെക്കാലമെടുക്കും (കണ്ടെത്തണമെന്നും നിർബന്ധമില്ല!). ആ കാലം മുഴുവൻ പുതിയ വേഷക്കാരൻ നാടുമുഴുവൻ മരണം വിതക്കാം. മനുഷ്യരെ കൊല്ലാക്കൊല ചെയ്യാം. അതാണു വിദ്യ.

ലോകത്തെ ജൈവവൈവിധ്യത്തെപ്പറ്റി ചിന്തിക്കുന്ന ആരുടെയും തല മരയ്ക്കും. അനേക മില്ല്യൺ ജീവജാതികൾ (സ്പീഷിസുകൾ). പത്തു മില്ല്യണിലേറെ എന്നു കരുതുന്നവരാണ് ഭൂരിപക്ഷം. (നൂറെന്നു വേറൊരു പക്ഷം). അവയിൽ ഏകദേശം 1.6 അഥവാ 1.8 സ്പീഷിസുകളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. വൈറസുകളുടെ കാര്യത്തിലും ഇതാണല്ലോ സ്ഥിതി. മനുഷ്യർ കുറെ സ്പീഷിസുകളെ തിരിച്ചറിഞ്ഞു. പക്ഷേ, തിരിച്ചറിയാത്തവ അനേകമുണ്ട്. 1960 വരെ കൊറോണവൈറസ് കുടുംബത്തെപ്പറ്റി നമുക്കൊന്നും അറിയുകയില്ലായിരുന്നു.1960 കളിൽ ആ കുടുംബത്തെപ്പറ്റി ഗവേഷകർ മനസ്സിലാക്കി. അവ പാവങ്ങളാണെന്നാണ് അക്കാലത്തു കരുതിയത്. ജലദോഷം പോലുള്ള നിസ്സാരകാര്യങ്ങളായ രോഗമുണ്ടാക്കുന്നവ. മാത്രമെന്നായിരുന്നു ധാരണ. നാല്പതിലേറെ തരം കൊറോണവൈറസുകൾ ഉണ്ട് എന്ന് ശാസ്ത്രജ്ഞമാരും മനസ്സിലാക്കിയിരുന്നു.

എലിയെപ്പോലെ വരുന്നവർ ചിലപ്പോൾ പുലിയേപ്പോലെ പെരുമാറും. 2002 -ൽ ചൈനയിൽ സാർസ് (SARS) പടർന്നു. ഒരിനം കൊറോണ വൈറസാണതിനു കാരണമെന്നു മനസ്സിലായി. എളുപ്പം പടർന്നു പിടിക്കുന്ന ആ രോഗം മരണത്തിലേക്കും നയിച്ചേക്കാം. രോഗിയുടെ തുമ്മലും കഫവും വഴി പുറത്തു വന്ന് വായുവിലൂടെയും ആ രോഗം പകരും. സാർസിന്റെ പൂർണരൂപം സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (Severe Acute Respiratory Syndrome) എന്നാണല്ലോ. അതായത് വളരെ കടുത്ത ശ്വസന രോഗം എന്ന്. തെക്കു കിഴക്കൻ ഏഷ്യയിൽ മരണം വിതച്ച് സാർസ് കുപ്രസിദ്ധി നേടി. ഏകദേശം ഏഴുമാസം സാർസ് നിലനിന്നു. പിന്നെയത് പിൻവലിഞ്ഞത് നമ്മുടെ ഭാഗ്യം.

എങ്ങനെയാണ് കോവിഡ് -19 -ന് കാരണമായ പുതിയ കൊറൊണവൈറസ് നമ്മുടെ ശരീരത്തിൽ പിടിച്ചു കയറുന്നതെന്നറിമ്പോഴാണ് ഈ വൈറസിന്റെ മിടുക്ക് നാം മനസ്സിലാക്കുന്നത്. ഈ വൈറസിനു പുറത്തുള്ള സ്പൈക്കുകളെപ്പറ്റി പറഞ്ഞല്ലോ. അതിന്മേൽ ഒരു പ്രത്യേകതരം പ്രോട്ടീനുണ്ട്. സ്പൈക് പ്രോട്ടീനുകൾ എന്നു പൊതുവേ പറയാം. മനുഷ്യകോശങ്ങളുടെ ഭിത്തിയിലുമുണ്ട് ചില പ്രത്യേക കോശങ്ങൾ. ACE -2 എന്നാണവയ്ക്ക് നല്കിയിരിക്കുന്ന പേര്. ACE -2 സ്വീകരണി (ACE -2 Receptor) എന്ന് മുഴുവൻ പേര്. ഇങ്ങനെ സ്വീകരിക്കാനിരിക്കുന്ന പ്രോട്ടീനുകളുടെ അടുത്താണ് വൈറസ് എത്തുന്നത്. ആ വൈറസിനു പുറത്തെ സ്പൈക്കുകളിലെ പ്രത്യേക പ്രോട്ടീൻ മനുഷ്യകോശത്തിനു പുറത്തെ സ്വീകരിണിയുമായി കൃത്യമായി ചേരും. താഴിൽ താക്കോ‍ൽ ചേരില്ലേ? കൈയുറയിൽ കൈ ചേരില്ലേ? അതുപോലെ കൃത്യമായി ചേരുന്ന വിധമാണ് വൈറസിന്റെ സ്പൈക്കുകളിലെ പ്രോട്ടീനുകൾ. അങ്ങനെ മനുഷ്യകോശത്തിലൊന്നു കൊളുത്തിക്കിട്ടിയാ‍ൽ, പിടിച്ചു കിട്ടിയാൽ, പിന്നെ കോശത്തിനുള്ളിൽ കയറാൻ വൈറസിനു വലിയ വിരുതാണ്. കോശത്തിന്റെയുള്ളിൽ കയറിയാലോ? പിന്നെ അതിനകത്തെ ഭരണക്കാരനാകും വൈറസ്. വൈറസിലെ ജീവകണം (RNA) കോശത്തെ നിയന്ത്രിച്ചു തന്റെ പതിപ്പുകൾ ഉണ്ടാക്കിക്കും. അങ്ങനെ അതിവേഗം വൈറസ് പെരുകും. തനിക്കൊള്ളക്കാരുടെ സ്വഭാവം. മറ്റുള്ളവരുടെ വീട്ടില് കയറി ഭരിക്കുന്ന കൊളോണിയൽ കള്ച്ചർ!

എത്ര കൃത്യമാണ് ഈ ആക്രമണ രീതി! കംപ്യൂട്ടർ കൃത്യത തന്നെ! ഈ വിശദാംശങ്ങൾ മനസ്സിലാക്കുമ്പോൾ ഈ വൈറസിനു ബുദ്ധിയുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതു സ്വാഭാവികം. ഇതിന് 'ബുദ്ധി' എന്നു പറയേണ്ട; വിരുത് എന്നോ സൂത്രമെന്നോ പറയാം. സൂത്രം ഇവിടെ തീരുന്നുമില്ല. 'സാർസ്' വൈറസും ഇതേ വിദ്യയിലൂടെയാണ് മനുഷ്യകോശത്തിൽ കയറുന്നത്. അതിന്റെ സ്പൈക്സിലെ പ്രത്യേകമായ പ്രോട്ടീനെ മനുഷ്യകോശത്തിലെ സ്വീകരിണിയുമായി കൊളുത്തി. സാർസ് വൈറസിന്റെ ഈ വിദ്യ പഠിച്ച് ആ വൈറസിനെതിരെ പ്രയോഗിക്കാന് പറ്റിയ മൂന്നു ആന്റിബോഡി വാക്സിനുകള് നമ്മുടെ ശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചിരുന്നു. ആ വിവരം പുതിയ വൈറസ് അറിഞ്ഞോ എന്നു നാം സംശയിച്ചു പോകും! എന്താ കാരണമെന്നോ? സാർസ് വൈറസിന്റെ പുറത്തെ സ്പൈക്സിലുള്ള ഈ പ്രോട്ടീനുമായല്ല കോവിഡ് -19 രോഗമുണ്ടാക്കുന്ന പുത്തൻ വൈറസ് അവതാരത്തിന്റെ വരവ്. പകരം പുതിയൊരു സ്പൈക് പ്രോട്ടീന് ധരിച്ചുകൊണ്ട് കക്ഷി എത്തിയിരിക്കുന്നു! അതിനാൽ സാര്സിനെതിര പ്രയോഗിക്കാവുന്ന വാക്സിനുകൾ കോവിഡ് -19 ന്റെ വൈറസിനുമേൽ പ്രയോഗിക്കാനാകില്ല. ഇതിനെ അതിബുദ്ധി എന്നു വിശേഷിപ്പിക്കണം. വേഷം മാറി വരുന്ന കൊള്ളക്കാരനെപ്പോലുണ്ടല്ലേ?

ഇതാണ് ഈ വൈറസുകളുടെ സ്വഭാവം. അവ അവയുടെ ഘടനയിൽ അല്പം വ്യത്യാസം വരുത്തും. ഘടനയെന്നു വിളിക്കാൻ മാത്രമൊന്നും ‘സ്വത്ത്’ ഈ വൈറസുകൾക്കില്ല. ഒരു ചെറിയ ജീവകണം അഥവാ ജീവപ്രവർത്തനത്തിനുതകുന്ന വസ്തു മാത്രമാണ് ‘കൈയിൽ’. കൊറോണകള്ക്ക് അതൊരു ആർഎന്‍എ ഘടകമാണ്. (ഡിഎന്എ) കക്ഷികൾക്കില്ല. അതിനു പുറമേയൊരു പുറംചട്ട. അതൊരു ലിപ്പിഡ് പ്രോട്ടീനാണ്. ഒരു തരം മാംസ്യ ആവരണം എന്നു കൂട്ടിയാല് മതി, സോപ്പില് ഈ ആവരണം തകരും. പിന്നെയതിൽ നിരാലംബയായ ആർഎന്‍എ മാത്രമാകും. അതോടെ വൈറസ് നിർജ്ജീവവുമാകും. അതാണ് സോപ്പ് കൊണ്ടു കൈകഴുകി വൈറസ് വ്യാപനത്തെ തടുക്കാൻ പറയുന്നത്.

ആലോചിക്കും തോറും നാം അത്ഭുതം കൊണ്ടു വീർപ്പുമുട്ടും. ഒരു അമീബയ്ക്കു പോലും സ്വന്തമെന്നു പറയാൻ ഒരു കോശമെങ്കിലുമുണ്ട്. ഈ വൈറസ്‍ വികൃതികൾക്ക് സ്വന്തമായി ഒരൊറ്റ കോശം പോലുമില്ല. വല്ലജീവികളുടെയും ശരീരത്തിൽ കയറിപ്പറ്റി അവയുടെ കോശത്തിൽ കടന്ന് ആ കോശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സ്വന്തം പതിപ്പുകളുണ്ടാക്കി പെരുകി അവ വിലസുന്നു!

എന്തിനാണ് ഇവ ഇങ്ങനെ പെരുകി നമ്മെ കഷ്ടപ്പെടുത്തുന്നത്? അങ്ങനെ നാം ചോദിച്ചു പോകും. പക്ഷേ വൈറസിന്റെ 'കണ്ണിൽ' (അതിനു കണ്ണില്ല കേട്ടോ അങ്ങനെ ഭാഷ പ്രയോഗിച്ചു എന്നു മാത്രം). തന്റെ പെരുകൽ മാത്രമേ ലക്ഷ്യമുള്ളു. അതിനുള്ള ഒരിടം മാത്രമാണ് മനുഷ്യ ശരീരം. സ്വന്തം കാര്യം സിന്ദാബാദ് എന്നു മാത്രം.

ശാസ്ത്രം വളരെ പുരോഗമിച്ച കാലമാണിത്. കോവിഡ്-19 ലോകരാഷ്ട്രങ്ങളെ മുഴുവൻ ആക്രമിച്ചിരിക്കുകയുമാണ്. സ്വാഭാവികമായും ആ രോഗത്തിനെതിരെ വാക്സിൻ (മരുന്ന്) കണ്ടെത്താനുള്ള ശ്രമം ലോകവ്യാപകമായി നടക്കുന്നുണ്ട്. ഔഷധപ്പരീക്ഷണങ്ങൾ ചൈനയിലും മറ്റും ആരംഭിച്ചതായി റിപ്പോര്ട്ടുണ്ട്. കുറേക്കൂടി പരസ്പരസഹകരണത്തോടെ ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് ഈ ദൃശഗവേഷണങ്ങൾ നടത്തേണ്ട കാലം കഴിഞ്ഞു. ലോകാരോഗ്യ സംഘടന അതിനുള്ള നേതൃത്വം നൽകിയേ തീരൂ. രാജ്യങ്ങളെല്ലാം ആരോഗ്യമേഖലക്കു കൂടുതൽ പണം നീക്കി വെച്ചാലെ ഗവേഷണവും നടക്കൂ.

കോവിഡ് -19 ന്റെ ഭീകരമായ താണ്ഡവം കണ്ട് ലോകത്തെ മനുഷ്യർ മുഴുവന് ഭയപ്പെട്ടു നിൽക്കുന്ന ഈ വേളയിൽത്തന്നെ നാം പ്രകൃതിയെപ്പറ്റി കൂടുതൽ ഉള്ക്കാഴ്ചയോടെ ചിന്തിക്കേണ്ടേ? പ്രകൃതിയുടെ പരീക്ഷണം വലിയ തോതിലാണ്. ഒരു മഴ പെയ്യിക്കാൻ തന്നെ എത്ര വലിയ പ്രദേശത്ത് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കണം. മനുഷ്യൻ ഇങ്ങനെ വലിയ തോതിൽ പെരുകിയതും പ്രകൃതിയറിഞ്ഞു കൊണ്ടാകാം. അതും പരീക്ഷണമാകാമെന്ന്. വേണമെങ്കിൽ പ്രകൃതിക്ക് അത് തടയാൻ കഴിഞ്ഞേനെ. ഇങ്ങനെ ഭീകരമായ തോതിൽ ഒരു ജന്തുജാതി പെരുകി പ്രകൃതിയുടെ സർവ പരിസ്ഥിതിവ്യൂഹങ്ങളേയും സ്വാധീനിക്കുന്ന ഒരു കാലമുണ്ടായിട്ടില്ല. അപ്പോൾ പ്രകൃതി തന്നെ നടത്തുന്ന ഒരു 'ഓപ്പറേഷൻ' ആണോ ഈ ഭീകരരോഗങ്ങളുടെ വ്യാപനം? പ്രകൃതി വലിയ മേഖലയിൽ വലിയതോതിൽ നടത്തും ഇടപെടൽ. മെഗാ പ്രോജക്ട് ആയി നടത്താൻ പ്രകൃതിക്ക് അനായാസം കഴിയും. അത്തരമൊരു ഷോക്ക് ട്രീറ്റ്മെന്റാകാം ഈ കോവിഡ്-19 . അങ്ങനെയും തത്ത്വശാസ്ത്രജ്ഞർ ചിന്തിച്ചേക്കാം.

എന്തായാലും മനുഷ്യചരിത്രത്തെ ഈ കോവിഡ് കാലത്തിനു മുമ്പും പിമ്പും എന്ന് നമുക്ക് തരംതിരിക്കാനാകും. നമുക്ക് വലിയ തിരിച്ചറിവുകൾ സമ്മാനിച്ചിരിക്കുന്നു ഈ രോഗം. ഇന്നല്ലെങ്കിൽ നാളെ നാം ഈ ഭീകരരോഗത്തിൽ നിന്നും മോചനം നേടും. ചിലപ്പോൾ ഈ വൈറസ് തന്നെ തന്റെ താണ്ഡവം അവസാനിപ്പിച്ചു പിന്വാങ്ങിയെന്നും വരാം. എന്തായാലും ഭാവിയിൽ മനുഷ്യർ പുതിയ കാഴ്ചപ്പാടുള്ളവരായി മാറുമെന്ന് തീർച്ച. നാം നമ്മുടേതെന്നു കരുതി കെട്ടിപ്പിടിച്ചു വച്ചിരുന്നതൊന്നും നമ്മുടെ കൈയ്പ്പിടിയിലല്ല എന്ന ഒറ്റതിരിച്ചറിവു തന്നെ നമ്മെ മാറ്റുകയില്ലേ? ലോകത്തെ മാറ്റുകയില്ലേ? നമുക്ക് നല്ല പ്രതീക്ഷ തന്നെ വെച്ചു പുലർത്താം. നാം നല്ല വശത്തേക്കു മാറുമെന്ന നല്ല പ്രതീക്ഷ.

കൊവിഡ് കാലം:

നിങ്ങളെപ്പോഴെങ്കിലും മൈക്രോബുകൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ?...

ചില 'കൊവിഡുമാർ' വികൃതികളായി നമ്മെ വിഷമിപ്പിക്കുന്നു എന്നു കരുതി നാം നിരാശരാകരുത്

കോടിക്കണക്കിനു മൈക്രോബുകൾക്ക് കൂടിയുള്ളതാണ് നിങ്ങളുടെ ശരീരം, മാൻ - മൈക്രോബ് ലവ് അഫേറിനെ കുറിച്ച്!

ജീവിക്കണോ? ജീവന്‍ വേണോ? എങ്കില്‍ ഒരു പ്രതിജ്ഞയെടുക്കണം, ഇനി പുകവലിക്കില്ലെന്ന്!...

മനുഷ്യമലം മരുന്നായി ഉപയോ​ഗിക്കുമോ? അയ്യേ എന്ന് പറയും മുമ്പ് ഇതുകൂടി......

ഇതാണ് നമ്മുടെ നാടും അമേരിക്കയും തമ്മിലുള്ള വ്യത്യാസം, ഇനിയും നമുക്ക് വളരാനാവട്ടെ...

എന്തിനേയും ഏതിനേയും പ്രേമിക്കാനാഗ്രഹിക്കുന്ന കാലമാണത്!...

പ്രേമത്തെ ദയവായി ഒരു 'ഠ' വട്ടത്തില് തളച്ചിടരുതേ; പ്രേമത്തിന്റെ ഫിലോസഫിക്കൽ മാനം..

വെറും കയ്യോടെ ഈ ലോകത്തേക്കു വരുന്നവരാണ് നാം, അവസാനം പോവുന്നതും വെറുംകയ്യോടെയാണ്..


 

Follow Us:
Download App:
  • android
  • ios