Asianet News MalayalamAsianet News Malayalam

രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

  • സ്ത്രീകള്‍ രാത്രികള്‍
  • സൂര്യ സുരേഷ് എഴുതുന്നു
Nights Women Surya Suresh

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Nights Women Surya Suresh
രാത്രിയില്‍ നടയടയ്ക്കും മുന്‍പ് അമ്പലപ്പുഴ പാര്‍ത്ഥസാരഥിയുടെ നാലു ചുറ്റും നടന്നു കഴകക്കാരന്‍ ഉച്ചത്തില്‍ വിളിക്കും വാസുദേവോ ... 

ഓര്‍മകളില്‍, അച്ഛനോര്‍മകളില്‍ വാസുദേവോ വിളികള്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്, ഒരെട്ടു വയസ്സുകാരിയുടെ കണ്ണുകളില്‍ അത്ഭുതം വിടര്‍ത്തിയ ആദ്യത്തെ രാത്രിക്കാഴ്ച.. കണ്ണുകള്‍ വിടര്‍ന്നു. അന്നവള്‍ പെണ്ണല്ലായിരുന്നു, അച്ഛന്റെ മകളായിരുന്നു. മുത്തച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം ഭഗവാന് മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു ഹാര്‍മോണിയപ്പെട്ടിയുടെ അരികുകളില്‍ അതെങ്ങനെ അടഞ്ഞു തുറക്കുന്നുവെന്നത്ഭുതത്തോടെ നോക്കുമ്പോള്‍ അവള്‍ പെണ്ണല്ലായിരുന്നു  മുത്തച്ഛന്റെ കൊച്ചുമകളായിരുന്നു.

സുരക്ഷിതത്വങ്ങള്‍ക്കുള്ളിലെ രാത്രികള്‍. അച്ഛനോര്‍മകളിലെ പതിനഞ്ചു വയസ് അതിനപ്പുറം 18 വയസ്സില്‍ അവള്‍ക്കു രാത്രികള്‍ ജനലഴികളിലൂടെ കാണുന്ന ക്ഷേത്രമുറ്റത്തെ വിളക്ക് മാത്രമായിരുന്നു. എഞ്ചിനീയറിങ്ങിനായി തമില്‍നാട്ടിലെ ചിന്നസെലത്തു പോകുമ്പോള്‍ രാത്രിയുടെ മുഖങ്ങള്‍ വികൃതമായി.

ഒരൊറ്റ കട പോലുമില്ലാത്ത, ഇടയ്ക്കിടെ വന്നുപോകുന്ന ലോറികള്‍ ഒഴിച്ചു പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഭയപ്പെടുത്തുന്ന ഇടം. 12 മണിക്ക് പോലും ഒരു ഭയവുമില്ലാതെ കയറി വരുന്ന സുസു എന്ന സീനിയര്‍ കുട്ടിയെ കണ്ടു ഭയന്നു പഠനം പാതിയില്‍ ഉപേക്ഷിച്ചു. നാട്ടില്‍ വിമെന്‌സ് എന്‍ജിനീയറിങ് കോളേജില്‍ അഡ്മിഷന്‍ എടുത്തു പഠനം തുടങ്ങി. ഹോസ്റ്റലിനു പുറത്തെ രാത്രികാലങ്ങളിലെ ചൂളമടികള്‍ക്കപ്പുറം, സുരക്ഷിതമായ രാത്രികള്‍.

പിന്നീടിങ്ങോട്ട് ലോകം അവളുടേതായി. രാത്രികളെ ഭയക്കേണ്ടതല്ലെന്നു പഠിച്ചു.ഒറ്റ ദിവസത്തെ ലീവിന് തിരികെ വീട്ടില്‍ എത്തണമെങ്കില്‍ രാത്രി യാത്രകള്‍ അനിവാര്യമായിരുന്നു. മലപ്പുറത്തു നിന്ന് ആലപ്പുഴയ്ക്ക് ഒരു 22 കാരിയുടെ യാത്രകള്‍ ഭയം നിറഞ്ഞതും പേടിപ്പെടുത്തുന്നതുമായിരുന്നു. തലയിലൂടെ ഒരു ഷാള്‍ പുതച്ചു ഭയം നുരച്ചു പൊങ്ങുമ്പോഴും കണ്ണു തുറിപ്പിച്ചു നോക്കി ഭയപ്പെടുത്തി. സ്വയം സുരക്ഷിതയായപ്പോള്‍ അച്ഛന്റെ വേര്‍പാട് സമ്മാനിച്ച മുറിപ്പെടലുകളില്‍ നിന്നും ഒറ്റപ്പെടലുകളില്‍ നിന്നും അരക്ഷിതത്വത്തില്‍ നിന്നും എന്നില്‍ ഞാന്‍ സുരക്ഷിതയാണെന്നു പഠിച്ചു.മുഖത്തു ധൈര്യം കൂടുകൂട്ടിയെങ്കിലും നെഞ്ചിനുള്ളില്‍ ഭയത്തിന്റെ പൊട്ടിത്തെറികള്‍ ടക് ടക് ശബ്ദത്തോടെ വന്നുകൊണ്ടേയിരുന്നു...

ആസ്വദിക്കാത്ത രാത്രികള്‍... ഭയത്തില്‍, മൂടുപടത്തിലൊളിച്ച രാത്രികള്‍.....

ഡല്‍ഹി എന്ന മഹാനഗരത്തിലേക്കു കാല്‍കുത്തുമ്പോള്‍ ഭയം കണ്ണുകളില്‍ നിന്നും വിട്ടകന്ന് ആകാംക്ഷ ആയിരുന്നു. ചേട്ടത്തിയോടൊപ്പം തിലക് നഗറില്‍ ആദ്യമായി റിക്ഷയില്‍ യാത്ര നടത്തുമ്പോള്‍ ഞാനറിഞ്ഞിരുന്നു എന്നിലെ ഭയം ഇല്ലാതായത്. എതിര്‍ വശത്തിരുന്ന, മെലിഞ്ഞ ചുണ്ടില്‍ വയലറ്റ് നിറത്തില്‍ ചായം പൂശിയ പെണ്ണിനെ, സ്വന്തം ഫോണില്‍ നമ്പര്‍ എഴുതിക്കാണിച്ചു താത്പര്യം രേഖപ്പെടുത്തിയ കുട്ടപ്പനായ ഹിന്ദിക്കാരനെ, റിക്ഷ നിര്‍ത്തിച്ചു നടു റോട്ടില്‍ ഇറക്കി വിട്ട ആ വയലറ്റ് ചുണ്ടുകാരി പിറുപിറുത്തുകൊണ്ടേയിരുന്നു. അവള്‍ കണ്ണിലെ ഭയത്തെ മാറ്റി. ഡല്‍ഹി നഗരം ഭയത്തെ മാറ്റി. തനിച്ചു പെണ്ണിനിറങ്ങി നടന്നുകൂടാ എന്നു നിര്‍ഭയമാര്‍ ഓരോ തവണയും ഇന്ത്യ ഗേറ്റിനു മുന്നില്‍ നിന്നു പറയും പോലെ.

തിരികെ വടക്കുംനാഥന്റെ മണ്ണില്‍ തനിച്ചായി. അവള്‍ വീണ്ടും പെണ്ണായി. അതിജീവനത്തിന്റെ പെണ്ണ്. ലോകത്തെ ഭയക്കാത്തവള്‍.

എന്താടീ എന്നു ചോദിച്ചാല്‍ ഏതാടാ എന്നു ചോദിക്കാന്‍ ചങ്കുറപ്പുള്ളവള്‍.

ചാലക്കൂടി ചന്തയിലെ തട്ടുകട ഭക്ഷണം ആശ്രയമായ കാലം. വിശപ്പിന്റെ വിളിക്കു മുന്നില്‍ രാത്രിയാത്ര ഒറ്റയ്ക്കാണോ എന്നു നോക്കിയില്ല. അനിവാര്യതകളില്‍ ധൈര്യം പെണ്ണിന് അഹങ്കാരമല്ല അലങ്കാരമാണ്.

കൂട്ടുകാരികള്‍ക്കൊപ്പവും ഒറ്റയ്ക്കും ഭക്ഷണം വാങ്ങുവാനും ഷോപ്പിംഗിനും രാത്രികള്‍ മാത്രം. അവിടെ സദാചാരക്കാര്‍ ഉണ്ടായിരുന്നില്ല. കാരണം അവര്‍ പൊരുത്തപ്പെട്ടിരുന്നു. ആ നാടിന്റെ വറുതിയില്‍ ആദ്യമൊക്കെ നെറ്റിചുളിച്ചു നോക്കിയിരുന്നവര്‍ പിന്നീട് അനുകമ്പയോടെ സ്‌നേഹത്തോടെ പുഞ്ചിരിയായ്.. മൂടുപടത്തിലൊളിപ്പിച്ചു. അവസാന ഭയത്തിന്റെ നൂല്‍ചരടും പൊട്ടിച്ചു രാത്രികള്‍  പെണ്ണിനും കൂടിയെന്നു മനസ്സില്‍ ചേര്‍ത്തു വച്ചു. പോറ്റമ്മയായ നാടിനോട് യാത്ര പറഞ്ഞു പോരുമ്പോള്‍ എന്റെ നാടുകാത്തിരിക്കുന്നുണ്ടായിരുന്നു, കണ്ണില്‍ സദാചാരവും ആഭാസവും നിറച്ച്.

സ്വയം അച്ഛനായും സഹോദരനായും വേഷപ്പകര്‍ച്ച നടത്തുമ്പോള്‍ ഞാന്‍ പെണ്ണ് തന്നെയാണ്. എനിക്കും ജീവിക്കണം അന്തസ്സായി. രാത്രികള്‍ എനിക്കുമുള്ളതാണ്. എനിക്ക് ഞാന്‍ മാത്രമാകുമ്പോള്‍ എനിക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു.

നെഞ്ചില്‍ തെറ്റിക്കാത്ത അലിഖിത നിയമങ്ങളും പതറാത്ത കണ്ണുകളും തെറ്റിനെ തെറ്റായും ശരികളെ ശരികളായും വേര്‍തിരിച്ചെടുക്കുന്ന കണ്ണുകളുമുണ്ടെങ്കില്‍ ഒറ്റ നോട്ടത്തില്‍ എന്തിനെയും നിലയ്ക്ക് നിര്‍ത്താനുള്ള ചങ്കുറ്റവുമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് മാത്രം പുത്തന്‍ രാത്രികളുണ്ടാകില്ല. പകലും രാത്രിയും പകലും രാത്രിയുമായിത്തന്നെ നിലനില്‍ക്കും.

രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്. വേര്‍തിരിവോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഭയമില്ലാതെ നോക്കി കാണാനും പെണ്ണിന് കഴിഞ്ഞാല്‍  രാത്രികള്‍ എനിക്ക് കൂടി എന്നു മുറവിളികൂട്ടേണ്ട.

പകലും രാത്രിയും നമുക്കെല്ലാവര്‍ക്കുമൊന്നാണ്. കാഴ്ചപ്പാട്, അലിഖിത നിയമങ്ങള്‍ അവയാണ് മാറ്റേണ്ടത്.

രാത്രികള്‍, നിറങ്ങള്‍, നറുനിലാവും ചാറ്റല്‍ മഴയും, മഴനനഞ്ഞ രാത്രി റൈഡുകള്‍ നമുക്ക് നമുക്ക് മാത്രം.

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!
 

Follow Us:
Download App:
  • android
  • ios