Asianet News MalayalamAsianet News Malayalam

ഇരുട്ടിനെന്തൊരു വെളിച്ചം!

  • സ്ത്രീകള്‍ രാത്രികള്‍
  • വീണ എസ് നാഥ് എഴുതുന്നു

 

Nights Women Veena S Nath

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Nights Women Veena S Nath

വായിച്ചും സ്വപ്നം കണ്ടും മാത്രമറിയുന്നൊരാളുടെ രാത്രി അല്ല ഇത്. രാത്രിയുടെ നിലാക്കുളിര്‍ക്കാറ്റില്‍, തെരുവോരത്തെ മഞ്ഞവെളിച്ചത്തിന്റെ ചൂടില്‍, ചീവീടുകളുടെ രാത്രി സല്ലാപങ്ങളില്‍ ചെവി തുളയ്ക്കപ്പെട്ടൊരുവളുടെ രാത്രി. കുഞ്ഞായിരുന്നപ്പോള്‍ അച്ഛന്‍ വഴി തെളിച്ച ഇരുളോരങ്ങളായിരുന്നു രാത്രിയുടെ ലഹരി തന്നത്. ഇന്നും പ്രിയമോഹങ്ങളില്‍ മുന്‍പന്തിയില്‍ തലയെടുപ്പോടെ നില്‍ക്കുന്നത് രാത്രിയാത്ര തന്നെ. 

കൂലിപ്പണിക്കാരനായ അച്ഛന്‍ ഞായറാഴ്ചകളില്‍ ഞങ്ങള്‍ക്ക് മാത്രമായി മാറ്റിവെക്കുന്ന ഇടനേരത്തിന്റെ അവസാനം, രാത്രി യാത്രകളായിരുന്നു. പാതിരാനേരത്ത് ചൂട്ടും കത്തിച്ച് മുന്നില്‍ നടക്കുന്ന വീരനായകന്റെ  തോളത്തിരുന്ന് ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുന്ന ഞാന്‍, നേരം പുലര്‍ന്നിട്ട് ആയിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍, ജുറാസിക്ക് പാര്‍ക്ക്, അനിയത്തി പ്രാവ് തുടങ്ങി ആ സമയത്തെ ഒട്ടുമിക്ക സിനിമകളുടേയും  ക്ലൈമാക്‌സ് അറിഞ്ഞിരുന്നത്... ചുമതലകളുടെ ഭാണ്ഡത്തിനു തൂക്കം കൂടിയപ്പോഴും, ഞങ്ങളുടെ നാളെയുടെ ഓര്‍മ്മയ്ക്ക് അച്ഛന്‍ മാറ്റുകൂട്ടിക്കൊണ്ടേയിരുന്നു. 

വല്ല്യപെണ്ണിലേക്കുള്ള ഓട്ടം തുടങ്ങുന്നതിനു മുമ്പ്, അമ്മയും അച്ഛമ്മയും അരുതായമകളുടെ  അതിര്‍ വരമ്പ് കെട്ടാന്‍ ശ്രമം തുടങ്ങിയ സമയത്തായിരുന്നു ഞാനും അച്ഛനും മധുരയ്ക്ക് പോയത്.

ഇരുട്ടു വീണ വഴിവക്കിലെ മഞ്ഞ വെളിച്ചത്തില്‍ പകലെന്ന പോലെ ഓടിനടക്കുന്ന പെണ്ണുങ്ങള്‍, വേപ്പുമരച്ചോട്ടില്‍ ആരയും കൂസാതെ ഇരിക്കുന്ന അമ്മയ്ക്ക് ചുറ്റും കലപില കൂട്ടുന്ന കുട്ടിക്കുറുമ്പികള്‍, വഴിയോരം മുഴുനീളെ നീണ്ട് നടക്കുന്ന തെരുവ് നായ്ക്കള്‍, ആണ്‍പെണ്‍ ഭേതമന്യേ സജീവമായ തെരുവിന്റെ പളപളപ്പ് മനസ്സിനെ വല്ലാതെ കൊതിപ്പിച്ചു.

വഴിവക്കിലെ പെണ്ണുങ്ങളെ അത്ഭുതത്തോടെ മിഴി ചിമ്മാതെ നോക്കി നിന്നു പോയി ആ രാത്രി... അതൊരു പുതിയ കാഴ്ച തന്നെ ആയിരുന്നു എനിക്ക്. അന്ന് മനസ്സില്‍ നൂറ് കുഞ്ഞു കുഞ്ഞു സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അമ്മ കല്‍പിച്ചു തുടങ്ങിയ അതിര്‍വരമ്പുകളില്‍ നിന്നു സ്വയം ഉത്തരം മനസിലാക്കി.

പിന്നീട് അങ്ങോട്ട് അമ്മയുടെ അരുതായ്മകളുടെ പെരുപ്പം കൂടുന്നതിനിടെ, എന്റെ ഒതുക്കം ശ്രദ്ധിച്ച അച്ഛന്‍ ഒന്നേ പറഞ്ഞുള്ളു: 'ചിന്നൂ, ഇഞ്ഞ് ഇനിക്ക് ശെരിയാന്നു തോന്നുന്നത് ചെയ്‌തോ, ഇനിക്ക് നാളെ നഷ്ടത്തിന്റെ കഥ പറയാനാവരുത്'. ഒപ്പം അവിടുന്നങ്ങോട്ട്, എനിക്ക് നേരെ ഉയര്‍ന്ന അരുതായ്മകളെ അച്ഛന്‍ തുറിച്ചു നോട്ടത്തിലൂടെ ഭസ്മമാക്കി. 

അങ്ങിനെ അതിരുകളില്ലാത്ത കലാലയത്തിന്റെ മടിത്തട്ടിലിരുന്ന് ഞാന്‍ എന്റെ രാത്രി യാത്രയോടുള്ള പ്രണയം വെളിപ്പെടുത്തി. ഒരേമനസ്സുള്ള ഒരുപാട് പെണ്ണുടലുകള്‍ രാത്രിയോടുള്ള പ്രണയത്തിന്റെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ടു.  തട്ടുകടയിലെ നെയ്‌ച്ചോറിന് ഇരുട്ടിന്റെ രുചി ആയിരുന്നു. കാറ്റിനെ വകഞ്ഞു മാറ്റിയുള്ള സൊറപറച്ചിലുകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ കുളിരായിരുന്നു. അമ്പിളിക്കല തൊട്ടു മുന്നേറിയ പൊട്ടിച്ചിരികള്‍ക്ക് കിട്ടാക്കനിയുടെ മധുരമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിന്റെ നടവഴിയില്‍, ഞങ്ങള്‍ ഒരുപറ്റം പെണ്ണുടലുകളുടെ, സൗഹൃദത്തിന്റെ മാസ്മരിക ലോകത്തിനു സാക്ഷ്യം വഹിച്ച ഇരുട്ടിന്റെ വെളിച്ചമുണ്ട് ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു. 

സ്വപ്നങ്ങളില്‍ ഭ്രാന്ത് കേറുമ്പോള്‍, കലാലയജീവിതം കൊണ്ട് മാത്രം ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങാന്‍ ഭാഗ്യം ലഭിച്ച ഒരുകൂട്ടം പെണ്‍പടകള്‍ ഉണ്ടായിരുന്നു അവിടെ. അവരില്‍ പലരും ഇന്ന് നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നുണ്ട്. പകലിനോടുള്ള പ്രണയം പറഞ്ഞിട്ടും തിരിച്ചറിയാത്തവരോട്, രാത്രിയോടുള്ള പ്രണയം ആര് പറയാന്‍...

ഞാന്‍ രാത്രി സ്വപ്നങ്ങള്‍ കൂട്ടി വയ്ക്കുന്നുണ്ടിപ്പോഴും... ഇനിയും രാത്രി യാത്ര പോവണം, ചൂട് മസാലദോശയും ബട്ടൂരയും കൊതി മൂപ്പിക്കുമ്പോള്‍ ഇരുട്ട് നോക്കാതെ ഇറങ്ങണം. സൊറപറഞ്ഞ് കടല കൊറിച്ച് ഇരുട്ടില്‍ ചൂളമടിച്ച് നടക്കണം. ഏകാന്തത ലഹരിയാവുമ്പോള്‍  ആനവണ്ടിയില്‍ ഒറ്റയ്ക്ക് ഒരു യാത്ര പോവണം നക്ഷത്രങ്ങളെ നോക്കി കണ്ണിറുക്കി കൊണ്ട്. പ്രണയം തുടിക്കുമ്പോള്‍ ദേവപ്രയാഗിലെ ഓളപരപ്പില്‍   പൗര്‍ണമിയില്‍ ഒന്നു മുഖം നോക്കണം. ഓരോ യാത്രയിലും, ഇരുട്ടില്‍ ചൂഴ്ന്ന് നോക്കുന്നവനെ കൂസാതെ കണ്ണിറുക്കി കാണിച്ച് പെപ്പര്‍ സ്‌പ്രേ ഒന്നു രുചിക്കാന്‍ കൊടുക്കണം. ഇരുള്‍ അരുതെന്നു അരുളുന്നവര്‍ക്ക്, പെണ്ണിന്റെ കൈ  മുല്ലപ്പൂ ചൂടാനും അടുക്കളക്കുള്ളില്‍ ഒതുങ്ങാനും മാത്രമല്ലെന്നു കാണിച്ചു കൊടുക്കണം. 

 

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!
 

Follow Us:
Download App:
  • android
  • ios