കവിത എഴുതുന്ന ഒരുവളില്‍നിന്ന് വിവര്‍ത്തകയിലേക്ക് എത്ര ദൂരമുണ്ട്? മലയാളത്തിലെ ശ്രദ്ധേയയായ വിവര്‍ത്തക എന്ന നിലയിലേക്ക് മാറും മുമ്പുള്ള നാളുകളില്‍ സ്മിത മീനാക്ഷിയെ അലട്ടിയ ചോദ്യം ഇതായിരുന്നു. വൈയക്തിക ലോകങ്ങളും പെണ്‍മയുടെ അവസ്ഥാന്തരങ്ങളും പകര്‍ത്തിവെച്ചിരുന്ന കവിതയുടെ സ്വകാര്യ ഇടത്തുനിന്നും മറുഭാഷാ എഴുത്തുകളെ സ്വന്തം ഭാഷയിലേക്ക് വലിച്ചുകയറ്റാനുള്ള വടംവലികളുടെ സവിശേഷ ഇടത്തേക്കുള്ള മാറ്റം. അതാവണം, വിവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ശേഷം സ്മിത എഴുതിയ കവിതകളിലെല്ലാം ഭാഷയുടെ സങ്കീര്‍ണ്ണതകളും സമസ്യകളും പ്രമേയപരമായി നിറയുന്നത്. മുമ്പ് എഴുതിയ കവിതകളില്‍നിന്നും പുതിയ കവിതകളിലേക്കുള്ള ദൂരം ഭാഷയോടുള്ള ഈ ആഭിമുഖ്യമാണെന്ന് പല കാലങ്ങളിലെ ആ കവിതകള്‍ സാക്ഷ്യം വഹിക്കും. എഴുതേണ്ട വാക്കുകള്‍, എഴുതേണ്ടതില്ലാത്ത വാക്കുകള്‍, കാണേണ്ടിയിരുന്ന സ്വപ്നം, കണ്ട സ്വപ്‌നം...ഇങ്ങനെ ഭാഷയുടെ മഴക്കാടുകളിലേക്കുള്ള ആന്തരിക യാത്രകളായി മാറുന്നുണ്ട് ആ കവിതകള്‍.  ഒരര്‍ത്ഥത്തില്‍, ഭാഷയുടെ നിലങ്ങളില്‍ അലഞ്ഞുതിരിയുന്ന ജിപ്‌സികള്‍. ഭാഷാപരമായ സന്ദേഹങ്ങളും തീര്‍പ്പുകളും അവ്യക്തതകളും ബോധ്യങ്ങളും ധാരണകളുമെല്ലാം കവിതയുടെ വിഷയങ്ങളായി മാറുന്നത്, വ്യക്തിപരമായി കവി ചെന്നുപെട്ട എഴുത്തുമായി ബന്ധപ്പെട്ട പരിണാമങ്ങളുടെ കൂടി ഫലമായാവണം.


മാറ്റം

അതേ കവിത, അതേ താള്‍,
ഇതേ മുറി, ഇതേ ഇരിപ്പിടം,
അന്നുമിതുപോലെ പ്രഭാതമായിരുന്നു
പാതി തുറന്ന ജാലകത്തിലൂടെ
കാറ്റ്  അലസമായി കടന്നുവന്നിരുന്നു,
വായനയിലോരോവരിയിലും,  
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള പടികള്‍
പൂക്കളാല്‍ മൂടി കിടന്നിരുന്നു,  
ഒടുവിലത്തെ വരിയില്‍
മേഘങ്ങള്‍ വാതില്‍ തുറന്നെന്നപോലെ
ആനന്ദത്താല്‍ നിലവിളിച്ചു പോയിരുന്നു.  
എന്നാലിന്ന് അതേ വരികളെ
ഒരു കവിതയെന്ന് മാത്രമറിഞ്ഞ്
താള്‍ മറിക്കുന്നു,
അന്നു നീയെന്നരികിലുണ്ടായിരുന്നുവെന്നു തഴുകി
കാറ്റൊരു നെടുവീര്‍പ്പോടെ അകലുന്നു.

 


കൊലപാതകത്തിന്റെ അടയാളം

കൈത്തണ്ടയിലെ  ചോരപ്പാട്,
കണ്മുന്‍പില്‍ വച്ച് പൂച്ച കടിച്ചു കൊന്ന
പ്രാവില്‍ നിന്നും തെറിച്ചുവീണതാണ്,
കഴുകിയിട്ടും കഴുകിയിട്ടും പോകാതെ
എനിക്കുകൂടി പങ്കുള്ള കൊലപാതകത്തിന്റെ
അടയാളമായി അതുണങ്ങിപ്പിടിച്ചിരിക്കുന്നു.

പക്ഷേ, വൈകുന്നേരം നിന്നെ കാണുമ്പോള്‍
ഞാനിത് കാണിച്ചു തരില്ല,
ഇടതു കൈത്തണ്ട ഒളിച്ചും മറച്ചും
ഞാന്‍ നിന്നെ ആലിംഗനം ചെയ്യും,
നിന്റെ ചുണ്ടുകളില്‍ ചുണ്ടുകളുരസും,
കവിളില്‍ കവിള്‍ ചേര്‍ത്ത് കണ്ണടയ്ക്കും

എങ്കിലും, മടങ്ങിപ്പോരുമ്പോള്‍
ഇരുളിലും തെളിയുന്ന ആ ചോരപ്പാട്  
എന്നെ ഭയപ്പെടുത്തുമെന്നും
ഇടവേളകളിലെ ജീവിതത്തിനു
ജീവരക്തത്തിന്റെ വില നല്‍കണമെന്നറിഞ്ഞ്  
ഞാന്‍ നടുങ്ങുമെന്നുമെനിക്കറിയാം.

 

ജനിതകം

തിളച്ചുമറിയുന്ന പകലിനെയെടുത്ത്  
ചുരുട്ടിക്കൂട്ടി കിണറ്റിലിട്ട്,  
ഒരു പാള വെള്ളം കോരി
കൈയ്യും മുഖവും കഴുകി
പടിക്കല്ലില്‍ കാല്‍ തട്ടിക്കുടഞ്ഞ്,  
ഉമ്മറത്തുകയറി അരഭിത്തിയിലിരുന്ന്
നാലും കൂട്ടി മുറുക്കി നീട്ടിത്തുപ്പിയിരുന്ന
എന്റെ മുത്തശ്ശീ,
മെഴുതിരിച്ചൂടിലുലുരുകി വീണും
കാറ്റെന്നു കേട്ടു വിറകൊണ്ടും
ഇരുളിലൊരു പേടി വാരിപ്പുതച്ചും
കണ്ണടച്ചിരുട്ടാക്കിയുമിങ്ങനെ ജീവിക്കാനാണു
കോണിച്ചുവട്ടിലെ ചായ്പു മുറിയിലമ്മയെന്നെ  
പെറ്റിട്ടതെന്നന്നേ നിങ്ങളറിഞ്ഞിരുന്നോ?

 


സ്വപ്നമോഷണം

ഒരു തുള്ളിക്കണ്ണീര്‍ പോലുമെടുക്കാനില്ലാത്ത
പൊള്ളിവരണ്ട ദാരിദ്ര്യത്തിലാണ്  
സ്വപ്നങ്ങളില്‍ നിന്നുള്ള മോഷണം ശീലമായത്.
വേണ്ടെന്നു മടിച്ച്, വേണോയെന്നു സംശയിച്ച്
പൊട്ടും പൊടിയുമൊക്കെ തൊട്ടെടുത്തായിരുന്നു തുടക്കം.  

പിന്നെപ്പിന്നെ പട്ടിണി വളരുകയും
സ്വപ്നങ്ങള്‍ പെരുകുകയും ചെയ്തപ്പോള്‍
കൈയില്‍ തടയുന്നതൊക്കെയും
വാരിക്കോരിയെടുക്കാമെന്നായി,
ഉപ്പിട്ട കഞ്ഞിയും തൊട്ടുകൂട്ടാന്‍ മുളകുമെന്നതില്‍ നിന്ന്
ജീവിതം പച്ചപിടിച്ചൊരിത്തിരിക്കാടായപ്പോള്‍  
ഒരു വണ്ടി സ്വപ്നങ്ങളൊറ്റ രാത്രികൊണ്ട്
കൊള്ളയടിച്ചു ധനികയാകണമെന്നതിമോഹമായി,  
മുന്‍പൊരിക്കലൊരൊറ്റക്കുതിപ്പില്‍
ഒരു രാവറുതിസ്വപ്നത്തില്‍ നിന്നു മുങ്ങിയെടുത്ത
വെള്ളിത്തിളക്കമുള്ള കത്തി, മൂര്‍ച്ച കൂട്ടി  
തലയിണക്കീഴിലൊളിപ്പിച്ചു കാത്തിരുന്നതുമാണ്.
 
ഇരുള്‍ പതഞ്ഞുറക്കം കെട്ടൊരു രാത്രിയില്‍
അതേ കത്തി നെഞ്ചിലാഴ്ന്നിറങ്ങുമ്പോള്‍,
കുറ്റം മോഷണമാണ്, ശിക്ഷ മരണവുമെന്ന്
ചോരച്ചുവപ്പുള്ള മുഖം മൂടി പൊട്ടിച്ചിരിച്ചത്
സ്വപ്നമോ യാഥാര്‍ത്ഥ്യമോയെന്ന്
പറഞ്ഞുതരുന്നതാരാണ്?  


     
സത്യവാങ്മൂലം

സത്യമായും ഇതു ഞാനെഴുതിയതല്ല,
എന്റെ എഴുത്തുരീതി ഇങ്ങനെയേയല്ല,
(ഇടത്തു നിന്നു വലത്തോട്ട്
നേരെനേരെയാണെന്റെ എഴുത്ത്)  

ഇതു നോക്കൂ, ഈ വരികള്‍,
ചെങ്കുത്തായ പാറയിലൂടെ
പടവുകള്‍ വെട്ടിക്കയറിപ്പോകുന്നതുപോലെയില്ലേ?
ഒന്നുതെറ്റിയാല്‍ ആഴത്തിലേയ്ക്ക് വീണ്
ചിതറിത്തെറിഞ്ഞ്
ഒരു വാക്കുപോലുമെടുക്കാനില്ലാത്ത പാകത്തിലാകും,
ഇല്ല, എന്റെ വാക്കുകളെ ഇങ്ങനെയൊരപകടത്തിലേയ്ക്ക്
ഞാനൊരിക്കലും കൊണ്ടുപോകില്ല.

ഈ ഭാഗം നോക്കൂ,
സിംഹത്തിന്റെ വായില്‍ നിന്നു വലിച്ചെടുത്ത
പാതിജീവനുള്ള മാന്‍കുട്ടിയെപ്പോലെ പിടയുന്നതു കണ്ടോ?
ചോരയിറ്റുന്നുണ്ട്, ..... ഹാ അതിന്റെ ചൂട്...
ഇല്ലില്ല, ഇത്രയധികം വേദനിക്കുന്ന  
ഒരു വാക്കുപോലും എനിക്കറിയില്ല.

അതുമല്ലെങ്കില്‍ ഇതാ ഇവിടെ  നോക്കൂ,
മറുജന്മത്തിലേയ്ക്കുള്ള ഗുഹാമുഖത്തു നിന്ന്
അപ്പുറം വരെ കേള്‍ക്കുന്നത്ര ഉച്ചത്തില്‍ നിലവിളിക്കുന്ന '
കുമ്പസാരം പോലെയില്ലേയിത്?
അത്ര ധൈര്യമൊന്നും എനിക്കില്ല, അതുറപ്പാണ്.

ഒന്നും വേണ്ടാ, ഈ ഒടുക്കമുണ്ടല്ലോ,  ഇതൊന്നു കാണൂ
ജീവവൃക്ഷത്തില്‍ നിന്നു പിടി വിട്ടു വീഴുന്ന വെപ്രാളത്തില്‍
ഒരു തളിരിലത്തുമ്പിലെത്തിപ്പിടിച്ചു തൂങ്ങുന്ന ഈ വാക്കുകള്‍,
ഹാ, വായിക്കുന്ന ആരുടെ മേലാകും ഇവ അടര്‍ന്നുവീഴുക?

സത്യമായും ഇതെന്റെ കവിതയല്ല.
ആരോ, ഏതോ ഭാഷയിലെഴുതിയത്  
ഞാനതു മൊഴിമാറ്റിയതാകാം.  

 

ഉറപ്പ്

അതയാളായിരുന്നില്ല,
അയാളെപ്പോലെയുള്ള മറ്റൊരാള്‍.

അന്തിവെളിച്ചത്തില്‍ മലഞ്ചെരിവിലൂടെ
നടന്നുവരുമ്പോഴാണതു കണ്ടത്,
നായക്കുട്ടിയെയുമെടുത്തുകൊണ്ടൊരാള്‍
മുകളിലേയ്ക്ക് നടക്കുന്നു,
ഉമ്മവച്ചോമനിച്ച്, ഇഷ്ടം കുറുകുന്ന
വാക്കുകളിടയ്ക്കിടെ പറഞ്ഞു പറഞ്ഞ്.

കടന്നു പോകുമ്പോള്‍ മുഖാമുഖം കണ്ട  
ഒന്നാമത്തെയും രണ്ടാമത്തെയും നോട്ടത്തില്‍
അതയാളാണെന്നു തോന്നിയെങ്കിലും
അതയാളായിരുന്നില്ല.
അയാളാണോയെന്ന ശങ്കയിലിടയ്ക്കിടെ
തിരിഞ്ഞു നോക്കിയിരുന്നില്ലെങ്കില്‍
അതു കാണേണ്ടിവരുമായിരുന്നില്ല.  
മുകളിലെത്താറായപ്പോഴായിരുന്നു,  
കൈയിലിരുന്ന നായക്കുട്ടിയെ ഒറ്റയേറിനു
അങ്ങേച്ചെരിവിലെ പാറക്കെട്ടിലേയ്ക്ക്...
ശബ്ദമില്ലാത്ത ഒരു നിലവിളിയോടെ  
നിലത്തിരുന്നുപോയതാണ് .  

അതയാളായിരുന്നില്ല,
അയാള്‍ക്കതു ചെയ്യാനാവില്ല,
അയാളെപ്പോലെയുള്ള ഏഴുപേരില്‍
ഏഴാമത്തവന്‍, അതെ ഏഴാമത്തവന്‍,
ഒന്നാമത്തെയും രണ്ടാമത്തെയും നോട്ടത്തില്‍
അയാളാണെന്നു തോന്നിയെങ്കിലും
അതാ ഏഴാമത്തവന്‍ തന്നെയാകും.
അല്ല, അതയാളായിരുന്നില്ല.  

 

വാക്കുത്സവത്തില്‍: 

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല