Asianet News MalayalamAsianet News Malayalam

ക്വിറ്റ് കശ്മീർ പ്രസ്ഥാനത്തിന്റെ ചരിത്രം|സ്വാതന്ത്ര്യസ്പർശം|India@75

ജമ്മു കശ്മീരിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ചുനിന്ന ചരിത്രമുണ്ട് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത്. എന്തൊക്കെയാണ് കശ്മീരിൽ സംഭവിച്ചത്? ആരായിരുന്നു  ഷേഖ് മുഹമ്മദ് അബ്ദുല്ല?

First Published Aug 11, 2022, 10:33 AM IST | Last Updated Aug 11, 2022, 10:45 AM IST

ജമ്മു കശ്മീരിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ചുനിന്ന ചരിത്രമുണ്ട് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത്. എന്തൊക്കെയാണ് കശ്മീരിൽ സംഭവിച്ചത്? ആരായിരുന്നു  ഷേഖ് മുഹമ്മദ് അബ്ദുല്ല?

1846 ൽ ബ്രിട്ടീഷ് അധികാരികളാണ് കശ്മീരിലെ വിവിധ സ്വതന്ത്രപ്രവിശ്യകൾ ഒന്നിച്ച് ചേർത്ത് ജമ്മുകശ്മീർ ഒരു രാജാവിന്റെ കീഴിൽ കൊണ്ടുവന്നത്. അമൃത്സർ ഉടമ്പടി എന്നറിയപ്പെട്ട ആ തീരുമാനപ്രകാരം ബ്രിട്ടീഷ് സർക്കാരിന് കീഴിൽ ഹിന്ദു ദോഗ്ര വംശക്കാരനായ രാജ ഗുലാബ് സിങ് മഹാരാജാവായി  അവരോധിതനായി.  മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് ഹിന്ദു രാജാവിനെ അവരോധിച്ചത് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും അസംതൃപ്തിക്കും വഴിവെച്ചു. 1925 ൽ അനന്തരാവകാശം സംബന്ധിച്ച് ദോഗ്ര രാജകുടുംബത്തിൽ ഭിന്നതകൾ ഉടലെടുത്തു.  ബ്രിട്ടീഷുകാർ ഇടപെട്ട് ഹരി സിംഗിനെ രാജാവായി അവരോധിച്ചു. അമിതാധികാരിയും ഉന്നതവർഗ്ഗ അനുകൂലിയും ഹിന്ദു പക്ഷപാതിയും ആയിരുന്നു ഹരിസിങ്. ഭൂരിപക്ഷമായ മുസ്ലിങ്ങൾക്കെതിരെ കടുത്ത വിവേചനം പുലര്‍ത്തി. ക്രമേണ രാജാവിനെതിരെ സാധാരണക്കാരും കർഷകരും തൊഴിലാളികളുമൊക്കെ അസംതൃപ്തിയും പ്രതിഷേധവും  ഉയര്‍ത്തി.  

1930 കളിൽ ഫത്തേ കടൽ എന്ന വായനശാല കേന്ദ്രമാക്കി വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളുടെ ഒരു സംഘടന രൂപം കൊണ്ടു.  ഇവിടെ നിന്ന് ഒരു പുതിയ നേതാവ് ഉയർന്നുവന്നു. ഷേഖ് മുഹമ്മദ് അബ്ദുല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട  രാഷ്ട്രീയ സംഘടനയാണ്  ആൾ ജമ്മു ആന്റ് കാശ്മീർ മുസ്ലിം കോൺഫറൻസ്.  ആദ്യം മുസ്ലിം മതസ്വഭാവമുണ്ടായിരുന്ന ഈ സംഘടനയെ മതനിരപേക്ഷമാക്കി മാറ്റി അബ്ദുല്ല. അതോടെ നാഷണൽ കോൺഫറൻസ് എന്ന പേരെടുത്ത സംഘടന എല്ലാ വിഭാഗക്കാരുടെയും  അംഗീകാരം പിടിച്ചുപറ്റി. രാജാവിന്റെ അടിച്ചമർത്തലിനെ അതിജീവിച്ച സംഘടനയും അബ്ദുള്ളയും പ്രാദേശിക തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ പിന്തുണയും ഷേഖ് അബ്ദുല്ലയ്ക്കായിരുന്നു. കശ്മീരിതന്നെയായ പണ്ഡിറ്റ് നെഹ്രുവിന്റെ അടുത്ത സുഹൃത്തായി അബ്ദുല്ല.  പ്രേം നാഥ് ബസാസിന്റെ നേതൃത്വത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ ഒരു വിഭാഗം  അബ്ദുള്ളയ്ക്കൊപ്പം ചേർന്നു.  ഉത്തരവാദഭരണത്തിനായി വലിയ പ്രക്ഷോഭമാരംഭിച്ചു. 1946 ൽ കശ്മീരിൽ ഹരി സിങ് രാജാവിനെതിരെ  അബ്ദുല്ല ക്വിറ്റ് കശ്മീർ പ്രക്ഷോഭം ആരംഭിച്ചു. അബ്ദുല്ലയെ അറസ്റ്റ് ചെയ്ത് ഒമ്പത് വർഷത്തെ തടവിനയച്ചു.  അബ്ദുള്ളയുടെ അഭിഭാഷകനായി കശ്മീരിലെത്തിയ ജവഹർലാൽ നെഹ്രുവിനെയും രാജാവ് തടവിലാക്കി.  അതോടെ രാജ്യം  ഇളകിമറിഞ്ഞു. സ്വാതന്ത്ര്യലബ്ധിയുടെ ഘട്ടത്തിൽ  കശ്മീരിനെ ഇന്ത്യയിൽ ചേർക്കാതെ സ്വതന്ത്രരാജ്യമാക്കി നിര്‍ത്താന്‍ ഹരി സിംഗ് ശ്രമിച്ചു . എന്നാൽ കശ്മീർ കയ്യേറാൻ അപ്പോഴേക്കും പാകിസ്ഥാനിൽ നിന്ന് ആക്രമണകാരികളെത്തിയപ്പോൾ രാജാവിന്റെ എല്ലാ വാശിയും അതോടെ അവസാനിച്ചു. ഇന്ത്യൻ സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട രാജാവ് എല്ലാ എതിർപ്പും പിൻവലിച്ച്   ഇന്ത്യയുടെ ഭാഗമായി കീഴടങ്ങി. തന്റെ മുഖ്യശത്രു ഷേക്ക് അബ്ദുല്ലയെ അടിയന്തര സർക്കാരിന്റെ തലവനാക്കി നിയമിക്കാനും ഹരി സിംഗിന് നിയോഗം ലഭിച്ചു.