Asianet News MalayalamAsianet News Malayalam

മഹാശക്തി ഇന്ത്യൻ നാട്ടുരാജ്യത്തിന് മുന്നിൽ തോറ്റ് നാണംകെട്ട ചരിത്രം-കൊളച്ചൽ യുദ്ധം|സ്വാതന്ത്ര്യസ്പർശം|India@75

ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും  കാൽ ചുവട്ടിലാക്കിയ ഡച്ച്കാർ അക്കാലത്ത് കേരളത്തിലെ ഇത്തിരിപ്പോന്ന നാട്ടുരാജ്യത്തിന്റെ  മുന്നിൽ തോറ്റമ്പിയത് ചരിത്രത്തിലെ മഹാ അത്ഭുതം.  അതാണ് 1741 ലെ കൊളച്ചൽ യുദ്ധം

First Published Jun 8, 2022, 1:11 PM IST | Last Updated Jun 8, 2022, 1:59 PM IST

പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യം.   അന്നത്തെ ആഗോള വൻ ശക്തിയാണ് ഹോളണ്ട് എന്ന നെതർലാന്റ്സ്.  അന്താരാഷ്ട്രവ്യാപാരത്തിലും നാവികശക്തിയിലും മുന്നിലായിരുന്ന  പോർച്ചുഗീസുകാരെ  മുട്ടുകുത്തിച്ച ഹോളണ്ടുകാരുടെ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയെ വെല്ലാൻ ആരുമില്ല. പോർച്ചുഗീസുകാരുടെ സമ്പത്തിന്റെ മുഖ്യശക്തിയായിരുന്നു ഇന്ത്യയിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ കേരള തീരത്തുനിന്നും അവർ വാരിയെടുത്ത കുരുമുളക് തുടങ്ങിയ  സുഗന്ധദ്രവ്യങ്ങൾ.  അവർ ചെറിയ വിലയ്ക്ക് സമാഹരിച്ച് ആഗോളവിപണികളിൽ കൊള്ളലാഭം നേടികൊടുത്ത  കറുത്ത പൊന്ന്.

ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും  കാൽ ചുവട്ടിലാക്കിയ ഡച്ച്കാർ അക്കാലത്ത് കേരളത്തിലെ ഇത്തിരിപ്പോന്ന നാട്ടുരാജ്യത്തിന്റെ  മുന്നിൽ തോറ്റമ്പിയത് ചരിത്രത്തിലെ മഹാ അത്ഭുതം.  അതാണ് 1741 ലെ കൊളച്ചൽ യുദ്ധം.  അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരിയിലെ ചെറിയൊരു കടൽതീരപ്രദേശമാണ് കൊളച്ചൽ. അവിടെ ഡച്ച് ഭീമന്മാരെ മുട്ടുകുത്തിച്ചത് തിരുവിതാംകൂറിന്റെ ശക്തനായ ശില്പി   സാക്ഷാൽ മാർത്താണ്ഡവർമ്മ മഹാരാജാവ്. മാത്രമല്ല  അഡ്മിറൽ യൂസ്റ്റേഷ്യസ് ഡി ലെനോയ് എന്ന ഡച്ച്  സൈന്യാധിപൻ കൂറുമാറി തിരുവിതാംകൂറിനൊപ്പം ചേർന്ന് മാർത്താണ്ഡവർമ്മയുടെ  സൈന്യാധിപനായിത്തീർന്നു. തിരുവിതാംകൂർ സൈന്യത്തെ യൂറോപ്യൻ  മാതൃകയിൽ ആധുനീകരിച്ച് മാർത്താണ്ഡവർമ്മയെ ആ കാലത്തെ ഏറ്റവും ശക്തനാക്കിയതും  ഡിലനോയ്.  ഇന്ത്യയിലെ ഡച്ച്  ആധിപത്യത്തിൻറെ ന് അന്ത്യത്തിനു ആരംഭം കുറിച്ച കൊളച്ചലിലെ പരാജയത്തിൽ നിന്ന് പിന്നീട് അവർ കര കയറിയേയില്ല.  ആദ്യമായി ആയിരുന്നു ഒരു യൂറോപ്യൻ ശക്തിയ്ക്ക്  ഏഷ്യൻ ഭൂഖണ്ഡത്തിൽ കനത്ത പരാജയം. 

ചെറിയൊരു നാട്ടുരാജ്യമായിരുന്ന വേണാടിനെ അതിശക്തമായ സാമ്രാജ്യമാക്കാനായി മാർത്താണ്ഡവർമ്മ സമീപത്തെ ചെറു ദേശങ്ങളെ ഒന്നൊന്നായി കീഴടക്കി വന്നു. ഇത് ഈ ദേശങ്ങളിൽ കുരുമുളക് കുത്തക അനുഭവിച്ചിരുന്ന ഡച്ച് കമ്പനിയെ ഭയപ്പെടുത്തി.  കീഴടക്കിയ ദേശങ്ങളിലെ ഡച്ച് വ്യാപാര കുത്തക വർമ്മ റദ്ദാക്കുകയും ചെയ്തു.  

വർമ്മയെ കടുത്ത  പാഠ൦  പഠിപ്പിക്കാൻ ഡച്ച് കമ്പനി  തിരുവിതാംകൂറിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ആദ്യം കൊല്ലം, വർക്കല, ആറ്റിങ്ങൽ പ്രദേശങ്ങളിൽ ഡച്ച്  സൈന്യം തിരുവിതാംകൂർ സൈന്യത്തിനെതിരെ വിജയം നേടി. പക്ഷെ ക്രമേണ തിരുവിതാംകൂർ തിരിച്ചടി തുടങ്ങി. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ ഡച്ച് കമ്പനി സിലോണിൽ നിന്ന്  കൂടുതൽ സന്നാഹങ്ങൾവരുത്തി. രണ്ട കൂറ്റൻ പടക്കപ്പലുകളിലേറി കമാന്റർ വാൻ ഗോലിനെസിന്റെ നേതൃത്വത്തിൽ എത്തിയ സൈന്യം കൊളച്ചൽ തീരത്ത് കനത്ത പീരങ്കി ആക്രമണം അഴിച്ചുവിട്ടു.  തേങ്ങാപട്ടണം, ഇരണിയൽ കോട്ടാർ എന്നീ യിടങ്ങളിലെ തിരുവിതാംകൂർ സൈനികത്തവളങ്ങൾ ആക്രമിക്കപ്പെട്ടു.   മാർത്താണ്ഡ വർമ്മയുടെ തലസ്ഥാനമായ പത്മനാഭപുരം ആയിരുന്നു അടുത്ത ലക്‌ഷ്യം. ഇതറിഞ്ഞ് മഹാരാജാവ് തന്നെ പടക്കളത്തിലിറങ്ങി. രാമയ്യൻ ദളവയുമായി പതിനയ്യായിരത്തോളം വരുന്ന സമ്പൂര്ണസൈന്യവുമായി രാജാവ് നീങ്ങി. ഈ മഹാസൈന്യം കൊളച്ചലെത്തിയപ്പോൾ  400 ഓളം മാത്രം വന്ന ഡച്ച് പട കൂടാരങ്ങളിൽ അഭയം തേടി. തിരുവിതാംകൂർ സൈന്യം കൂടാരം വളഞ്ഞു. ദിവസങ്ങൾ നീണ്ടു. വെള്ളവും ഭക്ഷണവും ഇല്ലാതെ വലഞ്ഞ ഡച്ച് സൈന്യത്തിന്റെ അവസാനം ആഗസ്ത് 7 നായിരുന്നു. തിരുവിതാംകൂർ സൈന്യം കത്തിച്ചയച്ച ഭീമൻ പീരങ്കി ഉണ്ട ചീറിപ്പാഞ്ഞു പതിച്ചത് കൂടാരത്തിനുള്ളിലെ ഡച്ച് പടക്കോപ്പുകൾ സൂക്ഷിച്ച കലവരയ്ക്ക് മേൽ.  അപാരമായ സ്ഫോടനത്തിൽ സൈനികത്താവളം തരിപ്പണം. കീഴടങ്ങൾ ഉടമ്പടി ഒപ്പുവെച്ച് ഡച്ചുകാർ സ്ഥലം വിടാൻ ഒരുങ്ങി. പക്ഷെ വർമ്മ യൂറോപ്യൻ  പീരങ്കികളും തോക്കുകളുമൊക്കെ പിടിച്ചെടുത്ത് സൈനികരെ  പുളിയൂർകുറിച്ചിയിൽ  ഉദയഗിരിക്കോട്ടയിലെ  തുറുങ്കിലടച്ചു. ക്രമേണ ഡിലനോയുടെ നേതൃത്വത്തിൽ ഇവരേറെപ്പേരും തിരുവിതാംകൂർ സൈന്യത്തിൽ ചേർന്നു. ജീവിതാവസാനം വരെ ഡിലനോയ്  വലിയ കപ്പിത്താനായി  തിരുവിതാംകൂറിൽ കഴിഞ്ഞു. ഡിലനോയ് കെട്ടി ഉയർത്തിയ നെടുങ്കോട്ട പിന്നീട് ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാനും തിരുവിതാംകൂറിനെ സഹായിച്ചു.    ഇന്ന് ഡിലനോയ് കോട്ടയെന്നും അറിയപ്പെടുന്ന ഉദയഗിരിക്കോട്ടയിൽ ഇന്നുമുണ്ട് ഡിലനോയുടെയും കുടുംബത്തിന്റെയും കല്ലറകൾ.