Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി- ബാജി റൗത്ത്| സ്വാതന്ത്ര്യസ്പർശം|India@75

ആരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി? വെറും പന്ത്രണ്ട് വയസ്സുകാരനായിരുന്ന ഒഡിഷാസ്വദേശി ബാജി റൗത്ത് ആണത്. 

First Published Jun 8, 2022, 10:10 AM IST | Last Updated Jun 9, 2022, 11:10 AM IST

ആരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി? വെറും പന്ത്രണ്ട് വയസ്സുകാരനായിരുന്ന ഒഡിഷാസ്വദേശി ബാജി റൗത്ത് ആണത്. 

ഒഡിഷയിലെ ധെങ്കനാൽ ജില്ലകാരനായിരുന്നു ബാജി.  തോണിക്കാരൻ ഹരി റൗട്ടിന്റെ ഏറ്റവും ഇളയ മകൻ. സ്വാതന്ത്ര്യസമരം സജീവമായിരുന്ന ധെങ്കനാലിൽ പ്രജാമണ്ഡൽ പ്രസ്ഥാനത്തിലെ കുട്ടികളുടെ സംഘമായിരുന്നു  വാനരസേന. ബാജി റൗട്ടും കൂട്ടുകാരും വാനരസേനയിൽ സജീവം. ക്രുരനായ ധെങ്കനാൽ രാജാവ് ശങ്കർപ്രസാദ്‌ സിംഗ്‌ദേവിനെതിരെ പോരാടാൻ ബൈഷ്ണവ്  ചരൻ പട്ടനായക് എന്ന വീര വൈഷ്ണവ് രൂപം നല്കിയതായിരുന്നു  പ്രജാമണ്ഡൽ. 

1938 ലെ ഒക്ടോബർ 11.  ധെങ്കനാലിലെ ഭുബൻ ഗ്രാമത്തിൽ  ബ്രിട്ടീഷ് പോലീസിന്റെ വ്യാപകമായ അക്രമം, അറസ്റ്റ്. പോലീസ് സ്റ്റേഷനിൽ ചോദിയ്ക്കാൻ ചെന്ന നാട്ടുകാരുടെ നേർക്ക് അവർ വെടിവെച്ചു.  രണ്ട പേര് കൊല്ലപ്പെട്ടു. ഗ്രാമീണർ രാത്രി തിരിച്ചടിച്ചെക്കുമെന്ന് ഭയന്ന് പോലീസുകാർ പുഴ കടന്ന് രക്ഷപ്പെടാൻ തീരുമാനിച്ചു. ഇതറിഞ്ഞ സ്വാതന്ത്ര്യസമരപ്രവർത്തകർ പൊലീസുകാരെ ആരെയും കടത്തിവിടരുതെന്ന് ഉറപ്പിച്ചു. ആവേശത്തോടെ നിയോഗം ഏറ്റെടുത്തത് ബാജിയും കൂട്ടുകാരായ ലക്ഷ്മൺ മാലിക്കും ഫാഗൂ സാഹുവും.  

നീലകാന്താപൂർ ഘട്ട്  ആയിരുന്നു അവരുടെ കടവ്.  കര നിറഞ്ഞു ഒഴുകുകയാണ് ബ്രാഹ്മണിപുഴ. പിഞ്ചുകുഞ്ഞായിരിക്കുമ്പോൾ തന്നെ ഉറ്റബന്ധുവിനെപ്പോലെ ബാജിക്കും കൂട്ടുകാർക്കും പരിചിതമാണ് ബ്രാഹ്മണി. അതിനാൽ വലിയ വെള്ളപ്പൊക്കം പോലും അവൻ പേടിച്ചിരുന്നില്ല. അക്കരെയിക്കരെ നീന്താനും തോണി ഊന്നാനും ഒക്കെ അവനും കൂട്ടുകാരും സമർത്ഥർ.

പെട്ടെന്നായിരുന്നു ഒരു സംഘം ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥർ അവിടെ കടന്നുവന്നത്. അക്കരയ്ക്ക് പോകാനാണ്.  അവരെ കണ്ടമാത്രയിൽ തന്നെ ബാജിയും കൂട്ടുകാരും പരസ്പരം നോക്കി.  അവർ കാണാത്ത മട്ടിൽ ഇരുന്നു.  എടുക്കെടാ തോണി, ഒരു ഉദ്യോഗസ്ഥൻ അലറി. മനസ്സില്ല, ബാജിയുടെ മറുപടി. സ്തബ്ധരായിപ്പോയി ബ്രിട്ടീഷുകാർ.

നിമിഷങ്ങൾ കൊണ്ട് അമ്പരപ്പ് അതീവ രോഷത്തിനു വഴിമാറി.  ലാത്തി ഉയർത്തി അത്യുച്ചത്തിൽ  അലറി. പക്ഷെ ബാജിയും കൂട്ടുകാരും കൂസിയില്ല. പൊടുന്നനെയാണ് കോപം കൊണ്ട് സ്വയം മറന്നുപോയ ഒരു ഉദ്യോഗസ്ഥൻ തന്റെ അരയിൽ നിന്ന് കൈതോക്ക് വലിച്ച് ഊരി. മറ്റാർക്കും തടയാനാവും മുമ്പ് അയാൾ കുട്ടികളുടെ നേരെ നിറയൊഴിച്ചു.  ബാജിയും രണ്ട് കൂട്ടുകാരും  അപ്പോൾ തന്നെ രക്തസാക്ഷികളായി.  

ജ്ഞാനപീഠ ജേതാവായ ഒഡിയ കവിയാണ്  സച്ചിദാനന്ദ റൗത്രെ. അദ്ദേഹത്തിന്റെ സുപ്രസിദ്ധ്‌രചനയാണ് ദിർഘകവിതയായ "തോണിക്കാരൻ". ബാജി റൗത്ത് എന്ന 12  കാരനായ രക്തസാക്ഷിയുടെ അനാശാവറകഥയാണ് ആ കവിത.  ചിതയല്ല ചങ്ങാതിമാരെ, അതൊരു ചിതയല്ല ചങ്ങാതിമാരെ; ഇരുളുന്ന ദുഖത്തിലുഴറുന്ന നാടിന്റെ സ്വാതന്ത്ര്യ ദീപനാളം, വിമോചനത്വര  തന്റെ പടരുന്നൊരഗ്നിനാളം..."