Asianet News MalayalamAsianet News Malayalam

അയോധ്യക്ക് ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ഒരു ചരിത്ര കഥ പറയാനുണ്ട്

ഹിന്ദുക്കളും മുസ്ലിങ്ങളും കൈകോര്‍ത്ത് നിന്ന് വിദേശ ശക്തികള്‍ക്ക് നേരെ പോരാടിയ ചരിത്രം അയോധ്യക്ക് ഉണ്ട്


അയോധ്യയുടെ  വര്‍ത്തമാനകാലം ഹിന്ദു-മുസ്ലിം വൈരത്തിന്റേതാണ്. ഈ  തിരി ആളിക്കത്തിച്ചത് 1992 ലെ ബാബ്റി മസ്ജിദിന്റെ ധ്വംസനം. എന്നാല്‍ ഹിന്ദുക്കളും മുസ്ലിങ്ങളും കൈകോര്‍ത്തുനിന്ന് വിദേശ ആക്രമണകാരികള്‍ക്കെതിരെ പോരാടിയ ആവേശകരമായ ചരിത്രം അയോധ്യയ്ക്കുണ്ട്. ഇരുപക്ഷത്തെയും തീവ്രവാദികള്‍ ഒളിച്ചുവെക്കാനാഗ്രഹിക്കുന്ന ഒരു ചരിത്രം. 


1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ കരുത്തായത്  ഹിന്ദു-മുസ്ലിം ഐക്യം. അയോധ്യയില്‍ ആ  സായുധസമരത്തിന്റെ മുന്നില്‍ നിന്നവരാണ്  മൗലാനാ അമീര്‍ അലി, ബാബാ രാം ചരന്‍ ദാസ്  എന്ന ഹിന്ദു, മുസ്ലിം പുരോഹിതര്‍. അമീര്‍ അലി അയോധ്യയുടെ മൗലവിയും രാം ചരണ്‍ ദാസ് പ്രശസ്തമായ ഹനുമാന്‍ ഗഡി ക്ഷേത്രത്തില്‍ പുരോഹിതനും. ഒന്നിച്ചുനിന് കലാപം നയിച്ച ഇരുവരെയും ബ്രിട്ടിഷ് പട്ടാളം പിടികൂടി. ഇന്ന് അയോധ്യയിലെ ഫൈസാബാദ് ജയിലിനുള്ളില്‍ ആയ കുബേര്‍ ടീലയില്‍ ഒരു പുളിമരത്തില്‍ ഇരുവരെയും തൂക്കിക്കൊന്നു. 


അയോധ്യപ്രദേശത്ത് ഇംഗ്ലീഷ് കാരുടെ ഉറക്കം കെടുത്തിയ മറ്റ് രണ്ട് ചങ്ങാതിമാരായിരുന്നു ഫൈസാബാദ് രാജാവ് ദേവി ബക്ഷ് സിങ്ങിന്റെ  സൈന്യാധിപന്മാരായിരുന്ന അഖാന്‍ ഖാനും ശംഭു പ്രസാദ് ശുക്ലയും. ഇംഗ്ലീഷുകാര്‍ക്കെതിരെ പല യുദ്ധങ്ങളിലും വിറപ്പിച്ച  ഫൈസാബാദ് രാജാവിന്റെ ഈ രണ്ടു സൈന്യാധിപന്മാരെയും അവസാനം അവര്‍ പിടിച്ച് പരസ്യമായി തല വെട്ടിമാറ്റുകയായിരുന്നു. 


ഒന്നാം സ്വാത്ര്യസമരത്തിന്റെ സവിശേഷതയായിരുന്നു ഹിന്ദു മുസ്ലിം ഐക്യം.  നാനാ സാഹേബ്, ബഹാദൂര്‍ ഷാ സഫര്, റാണി ലക്ഷ്മി ബായ്, അഹമ്മദ് ഷാ മൗലവി, താന്തിയ തോപ്പി, ഖാന്‍ ബഹാദൂര്‍ ഖാന്‍, ഹസ്രത് മഹല്‍, അസിമുള്ള ഖാന്‍ എന്നീ  നാമങ്ങളെല്ലാം ഈ ഐക്യത്തിന്റെ നേര്‍ സാക്ഷ്യങ്ങള്‍.