Asianet News MalayalamAsianet News Malayalam

സജാദിനെ കൂടാതെ വീട്ടിൽ മറ്റാരോ വന്നുവെന്ന് ഷഹാനയുടെ സഹോദരൻ

സജാദിനെ കൂടാതെ വീട്ടിൽ മറ്റാരോ വന്നു, ഷഹാനയുടെ മരണം ആത്മഹത്യയല്ലെന്ന് സഹോദരൻ ബിലാൽ

കോഴിക്കോട്: മോഡല്‍ ഷഹാനയുടെ മരണം (Model Shahana Death) ആത്മഹത്യയല്ലെന്ന് (Suicide) സഹോദരൻ ബിലാൽ (Brother Bilal). ചായ കുടിക്കാത്ത  ഷഹാന രണ്ട് കപ്പ് ചായ ഉണ്ടാക്കി വച്ചത് സംശയം ഉണ്ടാക്കുന്നുവെന്ന് ബിലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭർത്താവ് സജാദിനെ കൂടാതെ മറ്റാരോ പറമ്പിൽ ബസാറിലെ വീട്ടിൽ എത്തിയിരുന്നെന്ന് സംശയിക്കുന്നു. ഫോറൻസിക് ഫലം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ബിലാൽ പറഞ്ഞു.

അതേസമയം, മോഡൽ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. മോഡൽ ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ടും വരാനുണ്ട്.

ഇനി സുഹൃത്തുകളുടേയും മൊഴി എടുക്കാനുണ്ടെന്നും എ സി പി കെ.സുദർശൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഫോറൻസിക് ഫലം പ്രതീക്ഷിക്കുന്നുണ്ട്. ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്.

കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ ഇന്ന് ഫോറൻസിക് വിദഗ്ധരെത്തി തെളിവെടുപ്പും പരിശോധനയും നടത്തി. കയറുപയോഗിച്ചുതന്നെയാണ് തൂങ്ങിമരിച്ചതെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്. 

മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് സജാദ് റിമാന്‍റില്‍

നേരത്തെ സജാദിനെ അന്വേഷണ സംഘം വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വിശദമായ ചോദ്യംചെയ്യലിനായി ഭർത്താവ് സജാദിനെ കസ്റ്റഡിയിൽ വാങ്ങും.ലഹരിമാഫിയ കണ്ണിയായ സജാദ് ഓൺലൈൻ ഭക്ഷണവിതരണത്തിനിടെയാണ് ലഹരി വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന സജാദ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നതിന്റെ തെളിവായി ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വെയിങ് മെഷീനും വാടക വീട്ടിൽ നിന്ന് കിട്ടി. ഇയാളുടെ കൂടുതൽ ബന്ധങ്ങളും ഇനി കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ആത്മഹത്യാപ്രേരണ, സ്ത്രീപീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തിൽ സജാദിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.