നെഗറ്റീവായിട്ട്  ഇരുപത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും  താണ്ഡവമാടി മതിയായില്ല എന്ന പോലെ എന്നെയിന്നും പിന്തുടരുന്നു  കൊവിഡ് ഭൂതം. ഈ  ഭൂമിക്ക് മേല്‍ അത് തീര്‍ത്ത അത്യഗാധമായ ഗര്‍ത്തത്തിന്റെ വക്കില്‍ നിന്ന് താഴേക്ക് ഉറ്റു നോക്കുമ്പോള്‍ കാണുന്ന ശൂന്യതയില്‍ കളിപ്പാവ പോലെ ഞാന്‍ ഇപ്പോള്‍  കാറ്റിലാടുകയാണ്. കൈവിട്ട് പോയാല്‍ പതിച്ചേക്കാവുന്ന ആഴങ്ങള്‍ക്ക് മരണത്തണുപ്പുണ്ട്. പക്ഷേ ഒക്കെയും മറികടന്ന് ഒരു പുതുലോകത്തിലേക്ക് പിച്ച നടക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഹൃദയം ശുഭകരമായ ഒരു സ്പന്ദനം തൊട്ടറിയുന്നുണ്ട്. നാം അതിജീവിക്കുമെന്ന് മനസ്സില്‍ സദാ ഉരുകഴിക്കുന്നുണ്ട്.

 

 

''അമ്മേ കരയരുത്, സമാധാനിക്കൂ''
 
എന്റെ സാന്ത്വന വചനങ്ങളൊന്നും, ആ അമ്മയുടെ നെഞ്ചുകീറിയുള്ള കരച്ചിലിനെ ശമിപ്പിച്ചില്ല.  കൊവിഡ് ബാധിച്ച് മരിച്ച ഇരുപത്തിമൂന്നുകാരനായ മകനെ പേരെടുത്ത് വിളിച്ച് അവര്‍ പിന്നെയും കരഞ്ഞ് കൊണ്ടേയിരുന്നു. ആ തീച്ചൂടേറ്റ് കണ്ടുനിന്നവരുടെയെല്ലാം ഹ്യദയം പൊട്ടി പിളര്‍ന്നു.

മരിച്ചത്, അമ്മയുടെ ഏക മകനാണ്. ജന്‍മനാ രോഗബാധിതനെങ്കിലും അമ്മയുടെ ഏക ആശ്രയം.                             
         
കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മകന്‍. കോവിഡ് പോസിറ്റീവായി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന അമ്മയുടെ  ശാരീരികസ്ഥിതി,  അവന്‍ മരിച്ചതറിഞ്ഞ് മണിക്കൂറുകള്‍ക്കകം വഷളാവുകയായിരുന്നു. അങ്ങനെയാണ് അവര്‍ ഞങ്ങളുടെ വാര്‍ഡിലേക്ക് വന്നത്.     

ഐ വി ഇന്‍ജക്ഷന്‍ കൊടുക്കാനായി  സൂചിമുനകള്‍ പല പ്രാവശ്യം  ഞരമ്പ് പരതി. അന്നേരങ്ങളിലെ കൊടും വേദനകളെ അമ്മ  അറിഞ്ഞില്ലെന്ന് നടിച്ചു. 

''വേണേല് ഈ കയ്യേ കൂടി കുത്തി നോക്ക് മക്കളേ,  ഇനീം എനിക്ക് വേറേ ആശൂത്രിലൊന്നും പോകാന്‍ വയ്യേ'' 

നിസ്സഹായത നിറഞ്ഞ നിലവിളികളെ, അമ്മേ എന്ന ഒറ്റവിളികൊണ്ട് ആലിംഗനം ചെയ്യാന്‍ ശ്രമിച്ച പി.പി.ഐ കിറ്റണിഞ്ഞ രൂപം ഒരു പുരുഷ നഴ്‌സാണന്ന് ശബ്ദത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞു ...

കോവിഡിന്റെ ക്രൂരമായ വിനോദങ്ങള്‍ക്ക് തീര്‍ത്തും അടിപ്പെട്ട്, ഒരടി പോലും ചുവട് വെക്കാന്‍ കഴിയാതെ തടിച്ച ശരീരവുമായി കിതച്ച് കിതച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ. മകനെ വിളിച്ച് കേഴുന്ന ആ അമ്മക്ക് ചുറ്റും ഇപ്പോഴുള്ളത് രോഗം കീഴ്‌പ്പെടുത്തിയ, വാക്കുകള്‍ വറ്റി വരണ്ട  നാലോ അഞ്ചോ മുഖങ്ങള്‍. വേദനകളെ ചേര്‍ത്ത് പിടിച്ചാശ്വസിപ്പിക്കാന്‍ പോലും കഴിയാതെ അകലങ്ങളിലായിരുന്നു അവരുടെ ഉറ്റവര്‍. 

ഭൂമിയില്‍ നിന്ന്  പറന്നകലുന്ന നേരം ആ മകന്‍ അമ്മയെ തിരഞ്ഞിട്ടുണ്ടാവില്ലേ?...        
      
ഇത് ഞാന്‍ നേരിട്ട് കണ്ട ഒരു അമ്മ മുഖമാണ്. ഇത് പോലെ വേര്‍പാട് കലര്‍ന്ന വേദനകളെയോര്‍ത്ത് നിസ്സംഗമായി കഴിയുന്ന അനേകായിരം അമ്മമാരുണ്ടാവില്ലേ? കോവിഡ് വില്ലനായി വന്ന് താളക്രമം തെറ്റിച്ചത് എത്രയോ   ജീവിതങ്ങളാണ്.    

 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

  
    
ആധികളുടെ ആധിക്യത്താല്‍ പലപ്പോഴും ചിന്തകള്‍ കാടുകയറുന്നു. കൊറോണയെ ഒരു ത്രാസിലും മനുഷ്യരുടെ യുക്തിയേയും  ചിന്തകളേയും മറുത്രാസിലും അളന്ന് തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ കാലം ഇനിയും നമ്മുക്കായി കരുതി വെച്ചിരിക്കുന്ന ദുരിതങ്ങള്‍ എന്തൊക്കെയാവാം?  

കോവിഡ് മരണ കോളത്തില്‍ സ്വന്തം ചിത്രം തന്നെ പ്രത്യക്ഷപ്പെടുന്നത് കണ്ട് ഉറക്കം നഷ്ടമായി ഡിപ്രഷനുള്ള മരുന്നു കഴിക്കുന്നവരുടെ കുറിപ്പടികള്‍ ഒരു ഫാര്‍മസിസ്റ്റായ ഞാന്‍ ഇതിനോടകം എത്രയോ കണ്ട് കഴിഞ്ഞിരിക്കുന്നു.     

2019 -ല്‍ ചൈനയിലെ വുഹാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍, അത് ചൈനയില്‍ മാത്രം ഒതുങ്ങി പോകുന്ന ഭീതി നിറഞ്ഞ ഒരു സംഭവം എന്ന തോന്നലായിരുന്നു നമുക്കെല്ലാം. പിന്നീട് ലോകത്താകമാനം കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചിന്തിച്ചിരുന്നത് 'ഏയ് ഇത് എനിക്കൊരിക്കലും വരില്ല' എന്നായിരുന്നു. വിരലില്‍ എണ്ണാവുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പെട്ടപ്പോള്‍ ഓരോ കേസ് ഹിസ്റ്ററിയും വിശദമായി പഠിച്ചും റൂട്ട് മാപ്പ് തയ്യാറാക്കിയും കോണ്‍ടാക്ട് ലിസ്റ്റില്‍ പെട്ടവരെ ഒന്നടങ്കം ക്വാറന്റീനിലാക്കിയും കൊറോണയെ വരച്ച വരയില്‍ നിര്‍ത്തിയിരുന്ന കാലമായിരുന്നല്ലോ അത്. വവ്വാക്കാവില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണം നടന്ന വീട്ടില്‍, മരണകാരണം കോവിഡാണന്നറിയാതെ സന്ദര്‍ശനം നടത്തിയ എന്റെ ഭര്‍ത്താവുള്‍പ്പടെ മുപ്പതോളം ആള്‍ക്കാര്‍ക്ക് അന്ന് ഇരുപതിലധികം ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വന്നത്, ലക്കും ലഗാനവുമില്ലാതെ ഒരോരുത്തരും  കൊറോണ വാഹകരാകുന്ന  ഇന്നത്തെ അവസ്ഥയില്‍ പലപ്പോഴും ഓര്‍ക്കാറുണ്ട് ....       

ആദ്യഘട്ടത്തിലെ കോവിഡ് അധികം ഗുരുതരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഘട്ടം തീര്‍ത്ത ദുരന്തങ്ങളില്‍ വേണ്ടപ്പെട്ടവരടക്കം ആയിരങ്ങളെ കോവിഡ് അപഹരിക്കുകയും പലരേയും നിത്യരോഗികള്‍ ആക്കുകയും ചെയ്ത. കോവിഡ് വന്ന് പോയി എന്ന് ആശ്വസിക്കാന്‍ തീരെ കഴിയാത്ത സാഹചര്യമാണ് ഈ രണ്ടാം വരവിലുണ്ടായത്.  കേള്‍ക്കുന്ന മരണങ്ങളില്‍ ഏറെയും പോസ്റ്റ് കൊവിഡ് മരണങ്ങളാണ്. അത് കൊണ്ട് തന്നെയാവാം സര്‍ക്കാര്‍ കോവിഡ് മരണങ്ങളെ കുറിച്ചുള്ള നിബന്ധനകളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയത്.           

ഇനിയുമൊരു മൂന്നാം തരംഗം വരാം എന്ന മുന്നറിയിപ്പും ഇതിനോടകം ലഭിച്ച് കഴിഞ്ഞു. ഇപ്പോള്‍ കാണുന്ന എല്ലാ മുഖങ്ങളിലും തെളിഞ്ഞ് കാണുന്നത് ഇനി എന്ത് എന്ന  ആശങ്കയാണ്. 

കൊവിഡ് മുക്ത ലോകത്തിലേക്ക് അധിക ദൂരം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന മിക്ക ദിവസങ്ങളിലേയും   ആദ്യ കാഴ്ച  പത്രതാളുകളില്‍ കൊടുത്തിട്ടുള്ള  രോഗാതുരമായ  ലോകത്തിന്റെ  ഉള്ളുലക്കുന്ന വാര്‍ത്തകളാണ്.  വിലക്കുകള്‍, അകല്‍ച്ചകള്‍, ഭയം, നിസ്സഹായത, ചുറ്റിനും മനുഷ്യനിസ്സാരതകളെ  നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ദുരനുഭവങ്ങള്‍...  സ്വാസ്ഥ്യം കെടുത്തുന്ന ഈ ദിനങ്ങള്‍ പേക്കിനാവായിരുന്നെങ്കില്‍ എന്നത് ഇപ്പോള്‍ എന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ നിശ്ശബ്ദമായ പ്രാര്‍ത്ഥനയാണ്. 
     
'കൊവിഡിന് ശേഷമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.' നിത്യവും കേള്‍ക്കുന്ന ഈ വാക്കുകളെ ശരി വെക്കുന്നത് പോലെയാണ് എന്റെ കോവിഡാനന്തര കാലവും. 

നെഗറ്റീവായിട്ട്  ഇരുപത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും  താണ്ഡവമാടി മതിയായില്ല എന്ന പോലെ എന്നെയിന്നും പിന്തുടരുന്നു  കൊവിഡ് ഭൂതം. ഈ  ഭൂമിക്ക് മേല്‍ അത് തീര്‍ത്ത അത്യഗാധമായ ഗര്‍ത്തത്തിന്റെ വക്കില്‍ നിന്ന് താഴേക്ക് ഉറ്റു നോക്കുമ്പോള്‍ കാണുന്ന ശൂന്യതയില്‍ കളിപ്പാവ പോലെ ഞാന്‍ ഇപ്പോള്‍  കാറ്റിലാടുകയാണ്. കൈവിട്ട് പോയാല്‍ പതിച്ചേക്കാവുന്ന ആഴങ്ങള്‍ക്ക് മരണത്തണുപ്പുണ്ട്. പക്ഷേ ഒക്കെയും മറികടന്ന് ഒരു പുതുലോകത്തിലേക്ക് പിച്ച നടക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഹൃദയം ശുഭകരമായ ഒരു സ്പന്ദനം തൊട്ടറിയുന്നുണ്ട്. നാം അതിജീവിക്കുമെന്ന് മനസ്സില്‍ സദാ ഉരുകഴിക്കുന്നുണ്ട്.

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം:  സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

അഞ്ചാം ഭാഗം: അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു! 

ആറാം ഭാഗം: അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

ഏഴാം ഭാഗം: ബെന്യാമിനറിയുമോ ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു കൊവിഡ് രോഗിയോട് ചെയ്തത് എന്തെന്ന്!

എട്ടാം ഭാഗം:കൊവിഡിനേക്കാള്‍ ഭയക്കണം, ഇത്തരം മനുഷ്യരെ, അവരുടെ വാക്കുകളെ! 

ഒമ്പതാം ഭാഗം: പൂച്ചപോലുമറിഞ്ഞു, ശരീരത്തിലെ മാരകവൈറസിന്റെ സാന്നിധ്യം!

പത്താം ഭാഗം: കൊവിഡ് രോഗി പുറത്തിറങ്ങി നടന്നാല്‍

പതിനൊന്നാം ഭാഗം: കൊവിഡിനു ശേഷം, ചെറുതായി അധ്വാനിക്കുമ്പോള്‍ കിതച്ചുകിതച്ചു ഫ്യൂസാവുന്നുണ്ടോ? 

പന്ത്രണ്ടാം ഭാഗം:  എനിമ ട്യൂബും കൊവിഡ് രോഗവും തമ്മില്‍ എന്താണ് ബന്ധം?

പതിമൂന്നാം ഭാഗം: തിരികെവരുന്ന മണങ്ങള്‍

പതിനാലാം ഭാഗം: അധികമായാല്‍ ഏകാന്തതയും